മുസ്‌ലിം കുടുംബങ്ങളില്‍ ‘നിശ്ചയം’ എന്ന പേരില്‍ ഈ ചടങ്ങ് ഇപ്പോഴും നടക്കുന്നു. ചിലര്‍ക്ക് പറഞ്ഞുറപ്പിച്ച സ്ത്രീധനം മുന്‍കൂട്ടി വാങ്ങാനുള്ളൊരു ഏര്‍പ്പാടു കൂടിയാണിത്. നിക്കാഹ് തന്നെയാണ് ഇസ്‌ലാമിലെ വിവാഹമെങ്കിലും നിക്കാഹ് വേറെയും വധുവിനെ വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് മറ്റൊരു ദിവസവും എന്ന രീതിയും ഇപ്പോള്‍ വ്യാപകമാണ്. നിക്കാഹ് ചെയ്തു കഴിഞ്ഞ് വധുവിന്റെ പഠനം പൂര്‍ത്തിയാക്കിയ ശേഷമോ ഗള്‍ഫുകാരനായ വരന്‍ അടുത്ത വര്‍ഷം അവധിക്കു വന്ന ശേഷമോ ഒക്കെ മതി കൂട്ടിക്കൊണ്ടു പോകല്‍ എന്ന വിധത്തിലുള്ള സൗകര്യാനുസൃതമുള്ള അവിഹിത ഏര്‍പ്പാടും ഇപ്പോള്‍ സജീവമാണ്.
തെക്കൻ ജില്ലകളിൽ വിവാഹ നിശ്ചയത്തിനു വളരെ വലിയ സാമ്പത്തിക – സാമുഹിക പ്രാധാന്യം കൈവന്നിട്ടുണ്ട്. പലപ്പോഴും അനിസ്ലാമികമായ സ്ത്രീധനത്തിനു പുറമേ “പോക്കറ്റ്-മണി” എന്ന പേരിൽ മറ്റൊരു വലിയ തുകയും ഒപ്പം ഒരു സമ്മാനവും (കമ്പനി വാച്ചോ അല്ലെങ്കിൽ ഗോൾഡ് കോയിൻ) പൊതു ജന ശ്രദ്ധയിൽ ചെറുക്കന് കൈമാറുന്ന ചടങ്ങും നടക്കുന്നതും നിശ്ചയത്തിനു തന്നെ. ഈ കൈമാറ്റ ചടങ്ങിന് ആമുഖമായി ചെറുക്കന്റെ അമ്മാവന്മാർ പറയുന്ന വാക്കുകൾ തന്നെ വലിയ തമാശയാണ് . ഈയിടെ കേട്ടത് ഇങ്ങനെ ‘എല്ലാവരുടെയും സമ്മതത്തോടെ പെണ്‍ വീട്ടുകാർ ചെറുക്കന് ഒരു സംഭാവന നൽകുവാൻ വന്നതാണ് എല്ലാവരുടെയും സമ്മതത്തോടെ അത് ചെറുക്കൻ സ്വീകരിക്കുകയാണ് ‘….! തികച്ചും ഇസ്ലാമിക വിരുദ്ധമായ, സാമുഹിക വിരുദ്ധമായ ഈ ചടങ്ങിന് ശേഷം വിശുദ്ധ ഖുറാനിൽ നിന്ന് ഫാത്തിഹയും പിന്നീട് ദുആയും ചെയ്യുന്നതിലാണ് ഏറെ വൈരുദ്ധ്യം. നാട് ഓടുമ്പോൾ നടുവേ ഓടണമെന്ന മുടന്തൻ ന്യായത്തിൽ ചുമ്മാ ഇരുന്നുകൊടുത്തു ഈ ‘സംഭാവന’ വാങ്ങുന്നവന്റെ അഭിമാന ബോധംവും അതിൽ കൂട്ട് നില്ക്കുന്നവരുടെ ഇസ്ലാമിക ബോധംവുമൊക്കെ ഗവേഷണം ചെയ്ത് പഠിക്കേണ്ടതാണ്.
നേരത്തെ പറഞ്ഞുറപ്പിച്ച സ്ത്രീധന കാര്യങ്ങൾ പൊതു സദസിൽ അവതരിപ്പിക്കുന്ന കാഴ്ചയും ചിലയിടങ്ങളിൽ കാണാം. ഇത്തരം കാര്യങ്ങൾ സദസിൽ പറയാത്തതിന്റെ പേരിൽ പിണങ്ങി പിന്നീടുള്ള കല്യാണത്തിൽ പോലും കുടാതെ പോകുന്ന ചില കാരണവൻമാർ പലയിടത്തും സുലഭമാണ്!
നിക്കാഹിന് ചില പ്രദേശങ്ങളിലെ പള്ളികളില്‍ പോകുമ്പോള്‍ രസകരമായ ചില ചടങ്ങുകള്‍ കാണാം. എല്ലാം ഇരു കുടുംബങ്ങളു പറഞ്ഞുറപ്പിച്ച് ധാരണയിലെത്തിയ ശേഷമാണ് നിക്കാഹിന് പോകുന്നതെങ്കിലും അവിടെ ചെല്ലുമ്പോള്‍ കൂട്ടത്തില്‍ കാരണവര്‍ ചോദിക്കും, ‘അല്ലാ, ങ്ങള് പ്പൊ എന്താ പോന്നത്? ‘ അപ്പോള്‍ വരന്റെ വീട്ടുകാരുടെ കൂട്ടത്തിലുള്ള കാരണവരുടെ മറുപടി, ‘ഇവിടെ ഇന്ന ആളുടെ മകളെ വിവാഹം അന്വേഷിച്ച് വന്നതാണ്.’ ആയിക്കോട്ടെ, ന്നാ നമ്മക്ക് അതങ്ങോട്ട് നടത്തുകയല്ലേ… പിന്നെ നേരത്തെ ധാരണയെത്തിയ വിവാഹത്തിയ്യതി സഭയില്‍ പ്രഖ്യാപിക്കും. ചിലപ്പോള്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ വരുന്നെങ്കില്‍ അതും ചര്‍ച്ച ചെയ്ത ശേഷം തിയ്യതി പ്രഖ്യാപിക്കും. പെണ്‍കുട്ടിയുടെ സമ്മതം വേണമെന്ന നിബന്ധന പാലിക്കുന്നതിന്റെ പേരില്‍ ചിലയിടങ്ങളില്‍ മാത്രം ഇതിനു മുമ്പായി മൗലവി പെണ്‍കുട്ടിയുടെ സമ്മതം ആരായും. നിശ്ചയമായാലും നിക്കാഹായാലും അതു കഴിഞ്ഞാല്‍ ചെറുതോ വലുതോ ആയ സദ്യയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് മലയാളി കുടുംബങ്ങള്‍ തയ്യാറല്ല. ചിലപ്പോള്‍ നിശ്ചയത്തിനൊന്ന്, നിക്കാഹിനൊന്ന്, കൂട്ടിക്കൊണ്ടുവരലിന് വേറൊന്ന് എന്ന നിലയില്‍ ത്രിതല സദ്യാഘോഷങ്ങളും നടക്കാറുണ്ട്.