Home / ആരോഗ്യം / വിവാഹപ്പിറ്റേന്ന് വിഷാദം വിരുന്നെത്തുമ്പോള്‍

വിവാഹപ്പിറ്റേന്ന് വിഷാദം വിരുന്നെത്തുമ്പോള്‍

Byline : RadhaKrishnan, Tirur,  Source : Madhyamam.com  http://goo.gl/5zBN1F

depressed_women‘നവവധു ഭര്‍ത്തൃവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ അല്ലെങ്കില്‍ തൂങ്ങിമരിച്ച നിലയില്‍ ‘.

ഇത്തരം വാര്‍ത്തകള്‍ ഇന്ന് പത്രങ്ങളില്‍ പതിവായിരിക്കുന്നു.മണവാട്ടിയുടെ വേഷത്തിലുള്ള യുവതിയുടെ ഫോട്ടോയും വാര്‍ത്തയും കാണുമ്പോള്‍ കല്യാണം കഴിഞ്ഞ് ഒരാഴ്ചയാവും മുമ്പുതന്നെ സ്ത്രീധന പീഡനമോ എന്നെല്ലാവരും മൂക്കത്ത് വിരല്‍ വെക്കുന്നു. അല്ലെങ്കില്‍ പ്രണയനൈരാശ്യം എന്ന പതിവ് കുറ്റം ചാര്‍ത്തി വിധിയെഴുതുന്നു. എന്നാല്‍, യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്…?

ചില കേസുകളില്‍ സ്ത്രീധന പീഡനവും പ്രണയ നൈരാശ്യവുമൊക്കെ കടന്നു വരാറുണ്ടെങ്കിലും ഭൂരിപക്ഷം ആത്മഹത്യകള്‍ക്ക് പിറകിലും ചിന്താശേഷി നഷ്ടമായ ഒരു മനസ്സിന്റെ സാന്നിധ്യമാണെന്നാണ് മനോരോഗ വിദഗ്ധര്‍ കരുതുന്നത്. പലപ്പോഴും അത് ‘അഡ്ജസ്റ്റ്മെന്റ് ഡിസ് ഓഡര്‍ ‘ എന്ന് ഡോക്ടര്‍മാര്‍ വിളിക്കുന്ന പരിതസ്ഥിതിയുമായി യോജിച്ചുപോകാനാവാത്ത മാനസികാവസ്ഥയും വിഷാദവും ചേര്‍ന്നുള്ള രോഗം കാരണമാവാം.ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുന്നവരേക്കാള്‍ എത്രയോ കൂടുതല്‍ പേര്‍ ആത്മഹത്യാശ്രമങ്ങളുടെ പേരില്‍ ആശുപത്രികളിലും സൈക്യാട്രിസ്റ്റുകളുടെയടുത്തും എത്തുന്നുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഭൂരിപക്ഷം കേസുകളിലും ഈ അഡ്ജസ്റ്റ്മെന്റ് ഡിസ് ഓഡറും വിഷാദരോഗവും വില്ലനായി കാണാറുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

വിവാഹത്തിന്റെ തൊട്ടടുത്ത നാള്‍ വധുവോ വരനോ ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ ഇഷ്ടമില്ലാത്ത വിവാഹത്തിന്റെ പരിണിതഫലം എന്നേ ആരും കരുതു. എന്നാല്‍ , പ്രണയിച്ച് വിവാഹം കഴിച്ചവരിലും ഇഷ്ടത്തോടെ വിവാഹം കഴിച്ചവരിലും ഇത്തരം പ്രവണത കാണുമ്പോള്‍ അതിന്റെ യഥാര്‍ഥ കാരണമറിയാതെ എല്ലാവരും കുഴങ്ങുന്നു.പ്രത്യേക കാരണങ്ങള്‍ കൂടാതെത്തന്നെ ഒരാളില്‍ വിഷാദരോഗം തലപൊക്കാമെന്നുള്ളതും ഒരു വസ്തുതയാണ്.

വധുവാണ് ജീവനൊടുക്കിയതെങ്കില്‍ വരനും കുടുംബവും പ്രതിക്കൂട്ടിലാവുന്നു. മറിച്ച്, വരനാണ് മരിച്ചതെങ്കില്‍ ഹിന്ദു സമുദായത്തില്‍ പെണ്ണിന് ‘ചൊവ്വാ ദോഷ’മുണ്ടോ എന്ന് സംശയിക്കുന്നു. മറ്റ് സമുദായങ്ങളും വിധവയായ പെണ്ണിനെ ആശങ്കയോടെ അല്ലെങ്കില്‍ ഭയത്തോടെ നോക്കുന്നു. എന്നാല്‍, ഇവിടെയെല്ലാം നമ്മുടെ സമൂഹം കഥയറിയാതെ ആട്ടം കാണുകയാണെന്നതാണ് വാസ്തവം.

വിഷാദ രോഗം അഥവാ ഡിപ്രഷന്‍ ബാധിക്കുകയും കൃത്യമായ ചികിത്സയോ സഹായ ഹസ്തമോ ലഭിക്കാതെവരുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തി പലപ്പോഴും ആത്മഹത്യയില്‍ അഭയം തേടുന്നത്. ആത്മഹത്യ ചെയ്യാന്‍ മാത്രം എന്ത് പ്രശ്നമാണ് ഇത്തരം വ്യക്തികള്‍ക്കുള്ളതെന്ന് കുടുംബാംഗങ്ങളും അടുത്തറിയുന്നവരും അത്ഭുതപ്പെടുമ്പോള്‍ ഈ വ്യക്തികള്‍ അനുഭവിച്ച യഥാര്‍ഥ പ്രശ്നം ആരും കാണാതെ പോകുന്നു. യഥാസമയത്ത് കൃത്യമായ വിദഗ്ധ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന ഒരു ജീവനാണ് പൊലിഞ്ഞു പോയതെന്ന് ആരും ഓര്‍ക്കുന്നില്ല.

വിവാഹത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വധുവിന്റെ മുഖത്തുള്ള സങ്കട ഭാവത്തെ മാതാപിതാക്കളെയും സഹോദരങ്ങളെയും പിരിഞ്ഞതിലുള്ള സങ്കടമായി തെറ്റിദ്ധരിക്കുന്നതാണ് ദുരന്തത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്. വിഷാദരോഗത്തിന്റെ ഈ തിരനോട്ടത്തെ ‘രണ്ട് ദിവസം കഴിഞ്ഞാല്‍ ഇതൊക്കെ മാറിക്കൊള്ളും’ എന്ന പതിവു രീതിയില്‍ എല്ലാവരും എഴുതിത്തള്ളുന്നു. വിഷാദം ബാധിച്ച വധുവിന്റെ മൗനത്തെയും നിഷ്ക്രിയാവസ്ഥയെയും അവളുടെ പ്രത്യേക സ്വഭാവമായോ പുതിയ വീടുമായി പൊരുത്തപ്പെടാനുള്ള വിമുഖതയായോ വിലയിരുത്തപ്പെടുന്നു.

കരച്ചിലിനെ വീട് വിട്ടുപോന്ന ദുഃഖമായി അവഗണിക്കുന്നു. എന്നാല്‍ , ഈ സമയത്തൊക്കെ രോഗിയായ വ്യക്തി അത്യാവശ്യമായ ചികിത്സയോ സാന്ത്വനമോ ലഭിക്കാതെ വിഷാദത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയായിരിക്കും.ഇനി വ്യക്തിയുടെ ഈ അവസ്ഥ തിരിച്ചറിഞ്ഞാലോ..? മനോരോഗിയായ ഒരാളെ ഞങ്ങളുടെ തലയില്‍ കെട്ടി വെച്ചുവെന്നും ഈ ബന്ധവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുമുള്ള രീതിയില്‍ കുടുംബാംഗങ്ങള്‍ തീരുമാനമെടുക്കുന്നു. ഫലമോ.. വിഷാദത്തിന്റെ പിടിയിലകപ്പെട്ട് നിസ്സഹായാവസ്ഥയിലായ രോഗി കൂടുതല്‍ വിഷാദത്തിലേക്ക് പതിക്കുന്നു. ഭര്‍ത്താവില്‍നിന്നും ഭര്‍തൃ വീട്ടില്‍നിന്നും സഹായവും സമാശ്വസിപ്പിക്കലും ലഭിക്കുന്നതിന് പകരം രോഗം മറച്ചുവെച്ച് വിവാഹം കഴിപ്പിച്ചുവെന്ന കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും രോഗത്തിന്റെ കാഠിന്യാവസ്ഥയെ വര്‍ധിപ്പിക്കുന്നു. ഇതോടെ രോഗി മരണത്തിന്റെ വഴിയിലേക്ക് നീങ്ങുന്നു.

ഇത്തരം അവസ്ഥകള്‍ ഏത് കുടുംബത്തെയും ഏത് സമയത്തും ബാധിച്ചേക്കാവുന്നതായതിനാല്‍ വിഷാദ രോഗത്തെക്കുറിച്ചുള്ള പ്രാഥമിക അറിവുകളെങ്കിലും എല്ലാവര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്.
എന്താണ് വിഷാദ രോഗം? എങ്ങനെ അത് തിരിച്ചറിയാം? രോഗം തിരിച്ചറിഞ്ഞാല്‍ പിന്നീട് എന്ത് ചെയ്യണം? എന്നീ കാര്യങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് മാത്രമല്ല തികച്ചും വിദ്യാസമ്പന്നരായ വ്യക്തികള്‍ക്ക് പോലും ഒട്ടും അറിവില്ലെന്നതാണ് വാസ്തവം.
അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുമായി ജനറല്‍ ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ പോലും രോഗം മനസ്സിനാണെന്നും ആ നിലക്കുള്ള ചികിത്സയാണ് വേണ്ടതെന്നും തിരിച്ചറിയാന്‍ വൈകുന്നു.
ലോകത്തില്‍ നൂറില്‍ പതിനഞ്ചോളം പേര്‍ക്ക് വിഷാദരോഗം ചെറിയ തോതിലെങ്കിലും ഉണ്ടാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇത്തരത്തില്‍ വിഷാദരോഗം പിടിപെടുന്ന 15 ശതമാനം പേരും ആത്മഹത്യയില്‍ അഭയം തേടുന്നുവെന്നും ഈ കണക്ക് സൂചിപ്പിക്കുന്നു.
സങ്കടവും വിഷാദവും രണ്ട് വ്യത്യസ്ത കാരണങ്ങള്‍ മൂലമുണ്ടാകുന്ന മാനസികാവസ്ഥയാണ്. ഇവയെ ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നതോ വേര്‍തിരിച്ച് കാണാന്‍ കഴിയാതിരിക്കുന്നതോ ആണ് പലപ്പോഴും രോഗം അവഗണിക്കപ്പെടാനുള്ള പ്രധാന കാരണം.
നിത്യ ജീവിതത്തിലെ പല ഘട്ടങ്ങളിലും നമുക്ക് സങ്കടം വന്നേക്കാം. ഈ സങ്കടം വിഷാദത്തിന്റെ ഒരു ഭാഗം മാത്രമാണ്. സാധാരണ സങ്കടം അതുണ്ടാവാനുണ്ടായ കാരണം ഇല്ലാതാവുമ്പോള്‍ പതുക്കെ കുറയുന്നു. അല്ലെങ്കില്‍ ആ അവസ്ഥയുമായി പൊരുത്തപ്പെടുമ്പോള്‍ ഇല്ലാതാകുന്നു. എന്നാല്‍ , വിഷാദ രോഗം മൂലമുണ്ടാകുന്ന സങ്കടം കൂറെക്കൂടി തിവ്രമായതും സ്ഥിരമായി നില്‍ക്കുന്നതുമായിരിക്കും. നിസ്സാര കാരണങ്ങള്‍ക്കുപോലും അമിതമായി സങ്കടപ്പെടുകയോ അത് നീണ്ടുനില്‍ക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ചിലരില്‍ പ്രത്യേക കാരണങ്ങളില്ലാതെത്തന്നെ ദുഃഖവും സങ്കടവും കണ്ടേക്കാം. അതിരാവിലെ ഉറക്കമുണരുക, പിന്നീട് ഉറക്കം വരാതിരിക്കുക, മനസ്സില്‍ നെഗറ്റീവ് ചിന്തകള്‍ മാത്രം സ്ഥാനം പിടിക്കുക, ജോലികള്‍ ചെയ്യാനും മറ്റുള്ളവരോട് ഇടപഴകാനും ബുദ്ധിമുട്ട് തോന്നുക, നേരത്തേ താല്‍പര്യമുണ്ടായിരുന്ന കാര്യങ്ങളില്‍ താല്‍പര്യം ഇല്ലാതാവുക, ഭക്ഷണത്തോടും ലൈംഗിക കാര്യങ്ങളിലും താല്‍പര്യം കുറയുക, സ്വയം കുറ്റപ്പെടുത്തുക, സ്വന്തം കഴിവുകളെ കാണാതിരിക്കുക, തന്നെ ആര്‍ക്കും സഹായിക്കാന്‍ കഴിയില്ലെന്നും താന്‍ ഈ ഭൂമിക്ക് ഒരു ഭാരമാണെന്നും തോന്നുക, ഇനി മരണം മാത്രമാണ് പ്രതിവിധി എന്ന് തീരുമാനിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവെ വിഷാദരോഗം ബാധിച്ചവരില്‍ കാണുന്നത്. അപൂര്‍വം ചിലരില്‍ ഉറക്കക്കൂടുതലും എപ്പോഴും ഉറക്കം തൂങ്ങുന്ന അവസ്ഥയും ഭക്ഷണത്തോട് ആര്‍ത്തിയും കണ്ടേക്കാം.
ഒരാളില്‍ ഇത്തരം അവസ്ഥ സ്വയം തിരിച്ചറിയുകയോ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്.
വിവാഹത്തോടനുബന്ധിച്ചുള്ള വിഷാദരോഗം യഥാര്‍ഥത്തില്‍ ആ വ്യക്തിയുടെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന രോഗാവസ്ഥ പുറത്തേക്ക് പ്രത്യക്ഷപ്പെടുന്നതാണ്. അല്ലെങ്കില്‍ ഒരു വ്യക്തിയില്‍ ചെറിയതോതില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന രോഗാവസ്ഥ ഗുരുതരാവസ്ഥയിലെത്തുന്നതാണ്.

ഒരു വ്യക്തിയുടെ മനസ്സിനകത്തെ സംഘര്‍ഷങ്ങളും ആശങ്കകളും പരിധി കടക്കുമ്പോഴാണ് ഇത്തരം രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. വിവാഹം ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സംഭവമാണ്. ഭാവി ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവില്ലായ്മയും ഭയവും ചേര്‍ന്ന് പൊതുവെ മാനസികാരോഗ്യം കുറഞ്ഞ വ്യക്തിയെ കീഴ്പ്പെടുത്തുമ്പോഴാണ് വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങള്‍ തലപൊക്കുന്നത്.

മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഒരു വ്യക്തിയില്‍ കണ്ടാല്‍ , പ്രത്യേകിച്ച് വിവാഹത്തിന് തൊട്ടുപിറകെ അനുഭവപ്പെട്ടാല്‍ ഉടന്‍ വിദഗ്ധചികിത്സ തേടേണ്ടതാണ്. പാരമ്പര്യമായി വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങളുള്ള വ്യക്തികള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദീര്‍ഘകാലത്തെ ക്ഷമയോടെയുള്ള ചികിത്സകൊണ്ടും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹ പൂര്‍ണമായ പിന്തുണയുമുണ്ടെങ്കില്‍ പൂര്‍ണ്ണമായും മാറ്റിയെടുക്കാവുന്ന രോഗമാണിത്.

Check Also

വിവാഹത്തിനു മുൻപ് ആരോഗ്യ പരിശോധനകൾ…

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. …