Home / ആരോഗ്യം / സംശയമെന്ന രോഗം

സംശയമെന്ന രോഗം

Byline : Dr. P. N. SureshKumar, Source : Madhyamam.com http://goo.gl/DDavr0

erotomania-21234148

ഗൗരവമേറിയ മനോ രോഗങ്ങളില്‍ ഉള്‍പ്പെട്ടതാണ് സംശയരോഗം. സംശയരോഗത്തിന്‍റെ ലക്ഷണങ്ങള്‍ മറ്റുപല മനോരോഗങ്ങളിലും കാണാറുണ്ട്. എന്നാലും സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന രോഗാവസ്ഥയാണ് സംശയരോഗം അഥവാ ഡെലൂഷനല്‍ ഡിസോഡര്‍ . മറ്റു മനോരോഗങ്ങളെ അപേക്ഷിച്ച് സംശയരോഗം താരതമ്യേന കുറവാണ് കണ്ടുവരുന്നത്. നിത്യ ജീവിതത്തില്‍ സംഭവ്യമായ കാര്യങ്ങളോടനുബന്ധിച്ചുള്ള മിഥ്യാധാരണയാണ് ഈ രോഗത്തിന്റെ കാതല്‍ . ഉദാഹരണം: ഭാര്യക്ക് പര പുരുഷ ബന്ധമുണ്ട്, അയല്‍വാസി തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുന്നു എന്നൊക്കെയാകാം ഇത്തരം മിഥ്യാധാരണകള്‍ . ഇവ ഒന്നോ അതിലധികമോ ഉണ്ടാകാം. ഇത്തരം മിഥ്യാ ധാരണകളൊഴികെ മറ്റെല്ലാ കാര്യങ്ങളിലും അതായത്, ഭക്ഷണം, കുളി, ജോലി, ജനങ്ങളുമായുള്ള ഇടപഴകല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും രോഗി തികച്ചും സാധാരണ സ്വഭാവമാണ് കാണിക്കുക. അതുകൊണ്ടുതന്നെ രോഗനിര്‍ണയം ഏറെ ശ്രമകരമാണ്.

സമൂഹത്തില്‍ 10,000ത്തില്‍ മൂന്നുപേര്‍ക്കെങ്കിലും ഈ അസുഖം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 25 വയസ്സുമുതല്‍ 90 വയസ്സ് വരെയുള്ള കാലഘട്ടത്തില്‍ എപ്പോള്‍ വേണമെങ്കിലും ഈ അസുഖം ആരംഭിക്കാമെങ്കിലും ഏകദേശം 40കളിലാണ് സാധാരണ ആരംഭം. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഈ രോഗം പിടിപെടാനുള്ള സാധ്യത അല്‍പം കൂടുതലാണ്. വിവാഹിതര്‍ , ജോലിക്കാര്‍ , കുടിയേറ്റക്കാര്‍ , താഴ്ന്ന വരുമാനക്കാര്‍ , മറ്റുള്ളവരുമായി ബന്ധമില്ലാതെ ഒറ്റക്ക് താമസിക്കുന്നവര്‍ എന്നിവരിലും ഈ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.

കാരണങ്ങള്‍
ഈ അസുഖത്തിനുള്ള ശരിയായ കാരണം എന്താണെന്നത് അജ്ഞാതമാണ്. മിക്കവാറും ഒന്നിലധികം കാരണം ഒരേസമയം ഒരു വ്യക്തിയില്‍ സമ്മേളിക്കുമ്പോഴാണ് അസുഖം പ്രത്യക്ഷപ്പെടുക.

മനുഷ്യന്‍റെ വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറില്‍ സ്ഥിതിചെയ്യുന്ന ലിംബിക് വ്യൂഹം, ശരീര ചലനങ്ങളെ നിയന്ത്രിക്കുന്ന ബേസല്‍ ഗാംഗ്ളിയ എന്നീ ഗ്രന്ഥികളെ ബാധിക്കുന്ന പല രോഗങ്ങളിലും വിവിധതരത്തിലുള്ള സംശയങ്ങള്‍ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലിംബിക് വ്യൂഹവും ബേസല്‍ ഗാംഗ്ളിയയുമായുള്ള പരസ്പര ബന്ധമാണ് മനുഷ്യന്റെ വികാരങ്ങളെയും ചിന്തകളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലുള്ള ഘടനാപരവും പ്രവര്‍ത്തനപരവുമായിട്ടുള്ള വൈകല്യങ്ങളാവാം ഒരുപക്ഷേ സംശയരോഗത്തിനുള്ള കാരണം. തലച്ചോറിലെ നാഡീകോശങ്ങള്‍ തമ്മില്‍ ആശയവിനിമയങ്ങള്‍ കൈമാറാന്‍ വേണ്ട ഡോപ്പമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ കൂടുതലായുള്ള പ്രവര്‍ത്തനമാണ് ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ക്ക് കാരണമെന്ന് അനുമാനിക്കുന്നു.

മറ്റു മനോരോഗങ്ങളെ അപേക്ഷിച്ച് താരതമ്യേന സമൂഹത്തില്‍ കുറവാണ് കാണപ്പെടുന്നതെങ്കിലും സംശയ രോഗിയുടെ സ്വഭാവവും പെരുമാറ്റവുംമൂലം വ്യക്തി ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ രോഗം പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.
ആത്മഹത്യ, കൊലപാതകം, ദാമ്പത്യ കലഹം, വിവാഹമോചനം എന്നിവയെല്ലാം പലപ്പോഴും സംശയരോഗത്തിന്റെ പ്രത്യാഘാതങ്ങളാണ്. സാവധാനമാണ് രോഗലക്ഷണങ്ങള്‍ കാണുക. ഭര്‍ത്താവിന്‍െറ സംശയം ഒരു രോഗമാണെന്നറിയാതെ ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിക്കുന്ന ഭാര്യ, ഭാര്യയുടെ സംശയംമൂലം കുടുംബത്തിലും സമൂഹത്തിലും അവഹേളനം സഹിക്കേണ്ടിവരുന്ന ഭര്‍ത്താവ്, മറ്റൊരാള്‍ തന്നെ വധിച്ചേക്കാമെന്ന ഭയത്താല്‍ ഏത് സമയവും ജാഗരൂകനായിരിക്കുന്ന ഒരാള്‍ എന്നിങ്ങനെ നിരവധിപേര്‍ സംശയരോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവരാണ്.

പീഡന സംശയം
താന്‍ ചതിക്കപ്പെടുന്നു, തന്നെ ആരോ പിന്തുടരുന്നു, ഭക്ഷണ പാനീയങ്ങളില്‍ വിഷവസ്തുക്കള്‍ ചേര്‍ത്ത് കൊല്ലാന്‍ ശ്രമിക്കുന്നു, തനിക്കെതിരെ ദുര്‍മന്ത്രവാദികളെ പ്രയോഗിക്കുന്നു എന്നൊക്കെയാകാം ഇത്തരം സംശയങ്ങള്‍ .

ചാരിത്ര്യ സംശയരോഗം
പങ്കാളിയുടെ ചാരിത്ര്യത്തിലുള്ള സംശയമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. കൂടുതലും പുരുഷന്മാരിലാണ് ഈ രോഗം കണ്ടുവരുന്നത്. സംശയാലുവായ ഭര്‍ത്താവ് ഭാര്യയുടെ ഓരോ ചലനവും സുസൂക്ഷ്മം നിരീക്ഷിക്കുന്നു. ഒരു വാക്ക് അല്ലെങ്കില്‍ ഒരു നോട്ടം പോലും സൂക്ഷ്മമായി വിശകലനം ചെയ്ത് തന്റെ സംശയത്തിന് അനുകൂലമായ തെളിവുകള്‍ ഭാര്യയുടെ മുന്നില്‍ അവതരിപ്പിക്കുന്നു. സംശയത്തിനാസ്പദമായ തെളിവുകള്‍ ഇവര്‍ പങ്കാളിയുടെ കിടക്കവിരിയില്‍നിന്നോ അടിവസ്ത്രങ്ങളില്‍നിന്നോ മറ്റു സ്വകാര്യ വസ്തുക്കളില്‍നിന്നോ ശേഖരിക്കുന്നു.

പ്രേമമെന്ന സംശയരോഗം (Erotomania)
കൂടുതലും സ്ത്രീകളിലാണ് ഈ രോഗം കണ്ടുവരുന്നത്. ഇറോട്ടോ മാനിയയുള്ള സ്ത്രീ പലപ്പോഴും ഒരു ഏകാന്ത പഥികയായിരിക്കും. വളരെ രസകരമായ ഒരു രോഗമാണിത്. തന്നേക്കാള്‍ സാമ്പത്തികമായും സാമൂഹിക പരമായും ഉന്നതിയിലുള്ള ഒരു വ്യക്തി മറ്റുള്ളവര്‍ കാണാതെ രഹസ്യമായി തന്നെ പ്രേമിക്കുന്നു എന്നതാണ് ഇത്തരത്തിലുള്ള സംശയരോഗത്തിന്‍െറ മുഖ്യ ലക്ഷണം. ടെലിഫോണ്‍, ഇ-മെയില്‍ , കത്ത് എന്നിവ മുഖേനയോ സമ്മാനങ്ങള്‍ നല്‍കിയോ അല്ലെങ്കില്‍ പ്രത്യേക സന്ദര്‍ഭങ്ങള്‍ മനഃപൂര്‍വം ഉണ്ടാക്കിയോ ഈ വ്യക്തിതന്നെ കാണാനും സംസാരിക്കാനും ശ്രമിക്കുന്നു എന്ന് ഇവര്‍ വിശ്വസിക്കുന്നു.

ശാരീരിക രോഗസംശയം (Somatic Delusional disorder)
ശാരീരിക രോഗ സംശയം പലതരത്തിലാകാം. വായയില്‍നിന്നോ മൂക്കില്‍നിന്നോ വിയര്‍പ്പില്‍നിന്നോ ദുര്‍ഗന്ധം വമിക്കുന്നു, മുടിയിലോ ചെവിയിലോ അല്ലെങ്കില്‍ ശരീരത്തിന്റെ ഉള്‍ഭാഗത്തോ പ്രാണികള്‍ അരിച്ചുനടക്കുന്നു, ശരീരഭാഗങ്ങളായ മൂക്ക്, ചുണ്ട്, ചെവി മുതലായവ വൃത്തികെട്ട ആകൃതിയിലാണ്, ശരീരാവയവങ്ങളായ കുടല്‍ , തലച്ചോറ് എന്നിവ പ്രവര്‍ത്തിക്കുന്നില്ല എന്നിങ്ങനെ നിരവധി തരത്തിലും രൂപത്തിലും ഇത്തരം സംശയങ്ങള്‍ ഉണ്ടാകാറുണ്ട്.

താന്‍ വലിയ ആളാണെന്ന സംശയം (Grandiose Delusion)
ഇത്തരം സംശയരോഗത്തില്‍ രോഗിക്ക് അമാനുഷിക കഴിവുള്ളതായോ ദൈവത്തിന്റെ പ്രതി രൂപമായോ ധാരാളം സമ്പത്തുള്ളതായോ അതിപ്രശസ്തനായ വ്യക്തിയായോ പ്രധാനപ്പെട്ട വ്യക്തികളുമായി നേരിട്ട് ബന്ധമുള്ള ആളായോ മറ്റും തോന്നുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

സംശയ രോഗികള്‍ക്ക് ശരിയായ ചികില്‍സ ലഭിക്കുകയാണെങ്കില്‍ ഏതാണ്ട് പകുതിപേര്‍ പൂര്‍ണ സുഖം പ്രാപിക്കുകയും 10 ശതമാനം പേര്‍ ഭാഗികമായി സുഖംപ്രാപിക്കുന്നതായും കണ്ടിട്ടുണ്ട്. 30 ശതമാനം പേര്‍ക്ക് ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ മാത്രം കാണുമ്പോള്‍ 10 ശതമാനം പേര്‍ പൂര്‍ണമായും രോഗത്തിന്റെ പിടിയില്‍ അമരുന്നു.
ഇതൊക്കെയാണെങ്കിലും സംശയരോഗത്തില്‍ രോഗിയുടെയും ഡോക്ടറുടെയും അടുത്ത ബന്ധുക്കളുടെയും ആത്മാര്‍ഥമായ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുത്താല്‍ , താരതമ്യേന ചികില്‍സിച്ച് ഭേദമാക്കിയെടുക്കാന്‍ പ്രയാസമുള്ള ഈ രോഗവും ഒരു പരിധിവരെ വിജയകരമായി നിയന്ത്രിക്കാന്‍ സാധിക്കും.

Check Also

വിവാഹത്തിനു മുൻപ് ആരോഗ്യ പരിശോധനകൾ…

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. …