Home / ആരോഗ്യം / പ്രസവാനന്തര വൈകാരിക പ്രശ്‌നങ്ങള്‍ : ഭര്‍ത്താവ് അറിയേണ്ടത്

പ്രസവാനന്തര വൈകാരിക പ്രശ്‌നങ്ങള്‍ : ഭര്‍ത്താവ് അറിയേണ്ടത്

ആദ്യ പ്രസവത്തിന്‌ ശേഷം 10%-25% വരെ സ്‌ത്രീകളില്‍ പ്രസവാനന്തര വൈകാരിക പ്രശ്‌നങ്ങള്‍ കാണപ്പെടുന്നു . ഉത്‌കണ്‌ഠ, കുറ്റബോധം , പരിഭ്രമം, സ്ഥായിയായ ദുഃഖം എന്നിവ  ഉണ്ടായേക്കാം. കുഞ്ഞ്‌ ജനിച്ച്‌ ഒരു വര്‍ഷം വരെ ഇത്‌ കാണപ്പെടുന്നുണ്ട്‌. മുമ്പ്‌ വിഷാദരോഗം, വിവിധ ജീവിത സമ്മര്‍ദ്ദങ്ങള്‍ എന്നിവ ഉണ്ടായിട്ടുള്ളവര്‍ക്കും കുടംബ പരമായി വിഷാദ രോഗം ഉള്ളവര്‍ക്കും പ്രസവാനന്തര വിഷാദ രോഗത്തിന്‌ സാധ്യത കൂടുതലാണ്‌.

കുഞ്ഞു ജനിച്ചതിനു ശേഷം തുടര്‍ച്ചയായി കുഞ്ഞിനു വളരാനുള്ള അന്തരീക്ഷം സൃഷ്ടിച്ചു കൊടുത്ത, ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെട്ടു കൊണ്ടിരുന്ന പ്ലസന്റയും പുറത്തു പോകുന്നു. അമ്മയുടെ ശരീരത്തിലെ പെട്ടെന്നുണ്ടാകുന്ന ഹോര്‍മോണുകളുടെ ഈ ഒഴിഞ്ഞു പോക്ക് മാനസികമായ ചില വേലിയേറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഇത് ‘കാരണമില്ലാതെ കരയുന്ന’ ഒരു അവസ്ഥ സൃഷ്ടിക്കുന്നു.

??????????

എന്നിരുന്നാലും, ഒരു ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം ഒരു കുഞ്ഞു ജനിച്ചതിന്റെ സന്തോഷ വേളയില്‍ ഭാര്യയില്‍ കാണുന്ന ഈ വൈകാരിക മാറ്റങ്ങള്‍ തികച്ചും ചിന്താ കുഴപ്പത്തിലാക്കും. ഒരുപക്ഷേ എന്തിന്റെ പേരിലാണ് ഭാര്യ വിഷണ്ണയാകുന്നത് എന്ന് മനസ്സിലാക്കാനും കഴിഞ്ഞെന്നു വരില്ല. അമ്മയ്ക്കും ഇത് വ്യക്തമാക്കാന്‍ കഴിഞ്ഞെന്നു വരില്ല.

പ്രസവ ശേഷം അമ്മ അനുഭവിച്ചേക്കാവുന്ന ചില പ്രയാസങ്ങള്‍ ഇവയാണ്

  • സ്വാതന്ത്ര്യം നഷ്ടപ്പെട്ടതു പോലുള്ള അവസ്ഥ, എല്ലായ്പോഴും എല്ലാ കാര്യത്തിലും കുഞ്ഞിനെ ശ്രദ്ധിക്കേണ്ടി വരിക.
  • നവജാത ശിശുവിന് വേണ്ടി അമ്മയുടെ സാമൂഹിക ജീവിതം നഷ്ടപ്പെടുത്തേണ്ടി വരിക. സൌഹൃദങ്ങളോ മറ്റോ വേണ്ടെന്നു വക്കുന്നത് മൂലമുള്ള വിഷമം
  • ഊര്‍ജ്ജവും ഉറക്കവും കുഞ്ഞിനു വേണ്ടി നഷ്ടപ്പെടുത്തേണ്ടി വരുന്നു.
  • ശരീരത്തിന്റെ വടിവുകള്‍ നഷ്ടപ്പെടുന്നതിലുള്ള വിഷമം.
  • സ്വകാര്യത നഷ്ടപ്പെടുന്നു, കുഞ്ഞിന്റെ സാന്നിധ്യത്തില്‍
  • സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി സമയമില്ലാതെ വരുന്ന അവസ്ഥ
  • ജോലി, വരുമാനം ഇവയെപ്പറ്റി ഉള്ള ചിന്തകള്‍, വിഷമങ്ങള്‍
  • കാര്യങ്ങളില്‍ ഉള്ള നിയന്ത്രണം ഇല്ലാതെ വരിക. (നിയന്ത്രിതാവ് എല്ലായ്പോഴും സര്‍വ്വേശ്വരന്‍ തന്നെ)

മാതൃത്വത്തിന്‍റെ കൂടെ ഉള്ള ഈ വൈകാരിക പ്രശ്നങ്ങള്‍ തീര്‍ത്തും താല്‍ക്കാലികം മാത്രമാണ്. ഭര്‍ത്താവിന്റെ കാഴ്ചയില്‍ കുഞ്ഞിന്റെ ആഗമനം നല്കുന്ന സന്തോഷത്തെക്കാള്‍ വലുതല്ല ഒരു നഷ്ടവും. ഒരു ഭര്‍ത്താവെന്ന നിലയില്‍ നിങ്ങള്‍ ശരിയായിരിക്കാം. പക്ഷെ ഒരിക്കലും പ്രശ്നങ്ങള്‍ ഒറ്റയടിക്ക് പരിഹരിച്ചു കളയാം എന്ന ചിന്തയോടെ കരയാതിരിക്കാനുള്ള കാരണങ്ങള്‍ നിരത്തരുത് ഭാര്യയുടെ മുന്‍പില്‍. ഇത് അവരെ കൂടുതല്‍ മാനസിക പിരിമുറുക്കങ്ങളിലേക്ക് തള്ളി വിടുകയും ഒറ്റപ്പെട്ടത് പോലെ തോന്നിപ്പിക്കുകയും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയുമാണ്‌ ചെയ്യുക.

അവരുടെ മാറുന്ന മാനസീകാന്തരീക്ഷത്തെ മനസ്സിലാക്കി അവരുടെ കൂടെ സ്നേഹഭാഷണത്തോടെ താങ്ങായി നില്‍ക്കുകയാണ് വേണ്ടത്. സംസാരിക്കുമ്പോള്‍ അവളെ ശ്രവിക്കുക, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുക.

അവളെ അംഗീകരിക്കുകയും പിന്താങ്ങുകയും ചെയ്യുന്ന ഒരു കൂട്ടാണ് അവള്‍ക്കു വേണ്ടതും. മനസ്സിലാക്കാനുള്ള ഒരു മനസ്സാണ് അവള്‍ക്കു ആവശ്യം. അവള്‍ക്കു സ്വന്തം പ്രശ്നങ്ങളിലൂടെ സഞ്ചരിക്കുവാനും സ്വയം അവയെ ഒഴിവാക്കുവാനും ഉള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കണം. നിങ്ങളുടെ സ്നേഹത്തോടെയുള്ള സമീപനം ആണ് ഒരു കൂട്ടം അധ്യാപനങ്ങളെക്കാള്‍  അവരെ സന്തോഷവതിയാക്കുവാന്‍ സഹായിക്കുക.

തീര്‍ച്ചയായും നിങ്ങളുടെ ഭാഗത്ത്‌ നിന്നുള്ള ഇത്തരമൊരു സമീപനം ദാമ്പത്യത്തിന്റെ എല്ലാ മേഖലകളിലും പിരിമുരുക്കങ്ങളെ ലഘൂകരിക്കുവാന്‍ ഉതകും. അവള്‍ എങ്ങിനെയാണോ അത് പോലെ തന്നെ അവളെ സ്നേഹിക്കുക, ദുര്‍ബലരാണവര്‍ , ഒറ്റയടിക്ക് നേരെയാക്കുവാന്‍ തുനിയരുത് എന്ന നബി വചനം ഓര്‍ക്കുക,.

നബി(സ്വ) പറഞ്ഞതായി അബു ഹുറൈറയില്‍ നിന്ന് നിവേദനം, “അറിയുക സ്ത്രീകളോട് നല്ലത് ഉപദേശിക്കുക.  അവര്‍ നിങ്ങളുടെ കീഴില്‍ സംരക്ഷണമേല്‍പിക്കപ്പെട്ടവരാണ്. വളഞ്ഞ വാരിയെല്ലില്‍ നിന്നാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത്.  അവളെ ഉപദേശിക്കാതെ വിട്ടാല്‍ അത് വളഞ്ഞ് തന്നെ കിടക്കും.  ഒറ്റയടിക്ക് ശരിപ്പെടുത്താന്‍ തുനിഞ്ഞാല്‍ അത് പൊട്ടിപ്പോകും.”

അതെ സമയം, വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളെപ്പറ്റിയും നിങ്ങള്‍ ബോധവാനായിരിക്കണം. ബേബി ബ്ലൂസ് പ്രസവത്തിന്റെ ഏതാണ്ട് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ആരംഭിക്കുകയും രണ്ടാഴ്ചയോടെ പൂര്‍ണ്ണമായും മാറുകയും ചെയ്യുന്നു. ഈ കാലയളവിലധികം ഭാര്യയില്‍ സങ്കടാവസ്ഥയോ മറ്റോ കാണുകയാണെങ്കില്‍ വൈദ്യ സഹായം തേടണം.

Check Also

വിവാഹത്തിനു മുൻപ് ആരോഗ്യ പരിശോധനകൾ…

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. …