By Bint Mohamoud
പലരും വിവാഹം കഴിക്കേണ്ട ആളെപ്പറ്റി ആവശ്യത്തിലധികം സ്വപ്‌നങ്ങള്‍ വച്ചു പുലര്‍ത്തുന്നവരാണ്. കുറെ പേരെങ്കിലും ദീനിനും ആദര്‍ശങ്ങള്‍ക്കും ഒക്കെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഇണയെ തിരഞ്ഞെടുക്കുക.
പലരും ഈ പറയുന്ന ഈമാന്‍ അളക്കുന്നത് അയാളുടെ/ അവളുടെ പുറമേക്ക് കാണുന്ന പലതും കണ്ടിട്ടാണ്. എന്നാല്‍ ആത്മീയതയും പെരുമാറ്റ മര്യാദയും കുടികൊള്ളുന്നതു മനുഷ്യന്റെ മനസ്സിലാണ്.
നീണ്ട താടിയും നിസ്കാരത്തഴമ്പും ഉണ്ടായതുകൊണ്ടോ പള്ളിയില്‍ സ്ഥിരമായി പോകുന്നതു കൊണ്ടോ ഒരാളെ നല്ല ഈമാന്‍ ഉള്ള ആളായി വിശ്വസിക്കാന്‍ പറ്റില്ല. അതുപോലെ തിരിച്ചും, തല മറക്കുന്നത് കൊണ്ടോ ഔറത്ത് മറച്ചു നടക്കുന്നത് കൊണ്ടോ ഒരു പെണ്‍കുട്ടി നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലത്തെ വിശ്വാസം ഉള്ളവളായിരിക്കില്ല. പലപ്പോഴും ആളുകള്‍ ഒരു മുഖം മൂടിയും അണിഞ്ഞാണ് നടക്കുന്നത്. അവര്‍ ഉള്ളില്‍ എന്താണോ അതിന്റെ നേര്‍ വിപരീതമായി പുറം ലോകത്തിനു മുന്‍പില്‍ സ്വയം ചിത്രീകരിക്കും. ഇണയെ തേടുമ്പോള്‍ ആ ആളെപ്പറ്റി കഴിയുന്നത്ര അന്വേഷിക്കണം. ഒപ്പം ഇസ്തിഖാറ ചെയ്യുകയും വേണം. അല്ലാഹുവിന്റെ സഹായം തീര്‍ച്ചയായും അതില്‍ ഉണ്ടാകും.
മറ്റൊരു പ്രധാന കാര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടതെന്തെന്നാല്‍. എല്ലാം തികഞ്ഞ ഒരു ഇണയെ വേണമെന്ന് ശാട്യം പിടിക്കുന്നത് മണ്ടത്തരമാണ്. കാരണം എല്ലാവരും അപൂര്‍ണ്ണര്‍ തന്നെയാണ്. നിങ്ങള്ക്ക് കുറവുകള്‍ ഉള്ളത് പോലെ നിങ്ങള്‍ തേടുന്ന ഇണയിലും കുറവുകള്‍ ഉണ്ടാകും. എന്നാല്‍ നല്ലൊരു ദാമ്പത്യത്തിലൂടെ പരസ്പരം വികാസം പ്രാപിക്കുവാന്‍ കഴിയും. യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ടു കൊണ്ട് ജീവിക്കുക. നിങ്ങള്‍ കുലീനമായ ഒരു കുടുംബ പാശ്ചാത്തലത്തില്‍ പിറന്ന ആളാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അന്വേഷിക്കുന്നതും അത്തരത്തിലൊരു ഇണയെത്തന്നെയായിരിക്കും. ക്ഷമയും സഹനവും ജീവിത വിജയത്തിന് ആവശ്യം വേണ്ട ഘടകങ്ങളാണ്. കാണാനുള്ള ഭംഗിയും സമ്പത്തും ഒക്കെ നോക്കി വിവാഹം കഴിക്കുന്നതിനേക്കാള്‍ ഇത്തരം നല്ല ഗുണങ്ങള്‍ മനസ്സിലാക്കി വിവാഹം കഴിക്കുന്നതാണ്.
എത്ര നല്ല ഗുണങ്ങള്‍ ഉണ്ടെങ്കിലും മുന്‍കോപം എന്നൊരു ദുശീലം ഉണ്ടെങ്കിലോ ജീവിതം തന്നെ ഒരു ദുരന്തമായി മാറും. കാണാന്‍ ഭംഗി ഉണ്ടെങ്കിലും ചിലപ്പോള്‍ നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത ഒരാളായിരിക്കില്ല പങ്കാളി. അതുകൊണ്ട് തന്നെ ഏറ്റവും അധികം മുന്ഗണന കൊടുക്കേണ്ടത് ഒരാളുടെ ആത്മീയ പരമായ പ്രത്യേകതകള്‍ക്കു തന്നെയാണ്. മാതൃകാ പരമായ ഒരു ദാമ്പത്യം പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും അന്യോന്യം ഉള്‍ക്കൊള്ളാന്‍ ഉള്ള കഴിവിലും ഊന്നിയതാണ്. അല്ലാഹുവിനെ സൂക്ഷിക്കുന്നവരായ രണ്ടു ഇണകള്‍ പരസ്പരം ഏറ്റവും നല്ല രീതിയില്‍ പെരുമാറുന്നത്തിലും സൂക്ഷ്മത ഉള്ളവരായിരിക്കും. അത് കൊണ്ട് തന്നെ അല്ലാഹുവിനെ സ്മരിക്കുവാന്‍ നമ്മളെ ഇപ്പോഴും ഉണര്‍ത്തുന്ന ഒരു ഇണയെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.
അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: “തിരുനബി(സ) പഠിപ്പിക്കുന്നു: `ഒരാളെ അല്ലാഹു അനുഗ്രഹിക്കട്ടെ. അയാള്‍ രാത്രി എഴുന്നേറ്റ് നമസ്‌കരിച്ചു. ശേഷം ഭാര്യയെ വിളിച്ചുണര്‍ത്തി. അങ്ങനെ അവളും എഴുന്നേറ്റ് നമസ്‌കരിച്ചു. അവള്‍ ഉണരാന്‍ മടിച്ചാല്‍ അയാള്‍ അവളുടെ മുഖത്ത് സ്‌നേഹത്തോടെ വെള്ളം കുടയും. ഒരു സ്‌ത്രീയെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവള്‍ രാത്രി എഴുന്നേറ്റ് നമസ്‌കരിച്ചു. പിന്നീട് ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി. അയാളും എഴുന്നേറ്റ് നമസ്‌കരിച്ചു. അയാള്‍ ഉണരാന്‍ മടിക്കുമ്പോള്‍, അവള്‍ അയാളുടെ മുഖത്ത് വെള്ളം കുടയുന്നു.” (ഇമാം അഹ്‌മദ് 7410)
ദീനും വിശ്വാസവും ആത്മീയതയും ഒക്കെ നോക്കിയതിനു ശേഷം നാം നോക്കേണ്ടത് നമ്മുടെതായ ചിന്തകളോടും ആശയങ്ങളോടും സാമ്യം പുലര്‍ത്തുന്നുണ്ടോ എന്നാണു. ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുപോലെ ചിന്തിക്കുന്ന രണ്ടു പേര്‍ക്ക് കഴിയും. ഒരാള്‍ ഒരു പ്രത്യേക വിഷയത്തെപ്പറ്റി സംസാരിക്കുമ്പോള്‍ മറ്റേ ആള്‍ തീരെ താല്‍പര്യമില്ലാതെ ശ്രദ്ധിക്കാതെ ഇരുന്നാല്‍ മുഷിപ്പും വിരസതയും ഉണ്ടാകും പങ്കാളികള്‍ക്കിടയില്‍. ഭര്‍ത്താവിനു പുസ്തകങ്ങളും യാത്രകളും ഒക്കെ ഒരുപാട് ഇഷ്ടമുള്ള കാര്യങ്ങളാവുകയും ഭാര്യക്ക് ഇതിലൊന്നും തീരെ ഇഷ്ടം ഇല്ലാതെ വരികയും ചെയ്താലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്കൂ.. ഇത് കേട്ടിരിക്കുന്ന ഭാര്യക്ക് ഭര്‍ത്താവ് പറയുന്നതൊന്നും മനസ്സിലാവില്ല.
രണ്ടു പേര്‍ക്കും ഒരേ താല്പര്യങ്ങള്‍ ആണെങ്കിലോ രണ്ടു പേരും ആ വിഷയത്തില്‍ ഒരുപാട് സംസാരിക്കും. ആശയങ്ങള്‍ പങ്കു വെക്കും. കാഴ്ച്ചപ്പാടുകള്‍ പരസ്പരം അറിയിക്കും. അങ്ങനെ ഓരോ ചര്‍ച്ചയും രസകരമായി മാറും. വിരസത തീരെ ഉണ്ടാവുകയുമില്ല.
അല്ലാഹുവിങ്കല്‍ നിന്ന് ഇറക്കപ്പെട്ട അനുഗ്രഹമാണ് വിവാഹം. രണ്ടു പേര്‍ തമ്മിലുള്ള കരാറാണ് വിവാഹം. അല്ലാഹുവിനോട് മനസ്സ് തട്ടി തേടുക, പ്രാര്‍ഥക്കുക, അവന്റെ അനുഗ്രഹങ്ങള്‍ക്കും സഹായങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥനകള്‍ ഏറ്റവും അധികം സ്വീകരിക്കപ്പെടുന്ന സമയത്ത് അവനോടു ഇരക്കുക. രാത്രിയുടെ അന്ത്യ യാമങ്ങളില്‍, സുജൂദില്‍, വെള്ളിയാഴ്ച ദിവസങ്ങളില്‍ അസ്രിനും മഗ്രിബിനും ഇടയില്‍ ഒക്കെ അവനോടു പ്രാര്‍ഥിക്കുക. അല്ലാഹ്, എനിക്ക് ഒരു ഭാര്യയെ / ഭര്‍ത്താവിനെ തരണേ എന്നല്ല… അല്ലാഹുവിന്റെ അനുഗ്രഹവും തൃപ്തിയും ഉള്ള കണ്ണിനു കുളിര്മ്മയാകുന്ന ഒരു ഇണയെ നല്‍കി അനുഗ്രഹിക്കണേ എന്ന് വ്യക്തമായി അവനോടു തേടുക. നമ്മുടെ ഇണയെന്ന നിലയില്‍ ആരാണ് നല്ലതെന്ന് നമുക്കറിയില്ല. അത് പടച്ചവനു മാത്രമേ അറിയാന്‍ കഴിയൂ.
ഇരുപതുകളിലും മുപ്പതുകളിലും എന്തിനു നാല്‍പ്പതു വയസ്സില്‍ പോലും നിങ്ങള്ക്ക് വിവാഹം നടന്നെന് വരില്ല. അത് പക്ഷെ നിങ്ങള്‍ക്കൊരു നല്ല ഇണയെ കണ്ടെത്തിത്തരാന്‍ അല്ലാഹുവിനു കഴിവില്ലാഞ്ഞിട്ടല്ല, അത് നിങ്ങള്‍ക്കുള്ള ശിക്ഷയും അല്ല. മറിച്ച്, അല്ലാഹു നിങ്ങളുടെ നന്മയെ ഉദ്ദേശിച്ചു മാത്രം വൈകിക്കുന്നതാവാം. നിങ്ങള്‍ അര്‍ഹിക്കുന്ന, നിങ്ങളെ അര്‍ഹിക്കുന്ന ഒരു ഉത്തമ പങ്കാളിയെ നിങ്ങള്‍ക്കായി കൊണ്ടെത്തിച്ചു തരും അല്ലാഹു. ഒരു പക്ഷെ വിവാഹത്തിലേക്കുള്ള ഇത്ര വലിയ കാത്തിരിപ്പ് അല്ലാഹുവിന്റെ പരീക്ഷണമാകാം. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ ഏറെ പരീക്ഷിക്കും. പക്ഷെ ഈ പരീക്ഷണങ്ങളെ തരണം ചെയ്തു അല്ലാഹുവിന്റെ തൃപ്തി സമ്പാധിക്കുന്നവര്‍ക്ക് അവന്റെ അടുത്തു പ്രതിഫലവും ഉണ്ട്.
ഒരുപാട് പ്രായം ആയിട്ടും വിവാഹം നടക്കുന്നില്ല എന്നതിന്റെ പേരില്‍ നിങ്ങള്‍ ഒരിക്കലും വിഷമിക്കുകയോ അതില്‍ നാണക്കേട് തോന്നുകയോ വേണ്ട. ഇമാം അഹ്മദ് വിവാഹിതനായത് അദ്ദേഹത്തിന്‍റെ 40 വയസ്സിലായിരുന്നു. അദ്ദേഹത്തിന്‍റെ ഉമ്മയുടെ പ്രയാസങ്ങള്‍ കണ്ടു അവര്‍ക്ക് കൂടി ഒരു സഹായമാകുവാന്‍ വേണ്ടിയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അവസാനം അദ്ദേഹം വിവാഹിതനായി. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും കൂടെ അവര്‍ ജീവിച്ചു. അവസാനം ഭാര്യ മരണമടഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: മുപ്പതു വര്‍ഷക്കാലം അവള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഈ കാലത്തിനിടയില്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ക്കിടയില്‍ ഒരു കാര്യത്തിലും വിയോജിപ്പുണ്ടായില്ല.
സുബ്ഹാനല്ലാഹ്, എത്ര പേര്‍ക്ക് പറയാനാകും ഇത്തരത്തില്‍? ഇത്ര മനോഹരമായ ഒരു ദാമ്പത്യം കിട്ടുന്നത് അല്ലാഹു ഏറ്റവും കൂടുതല്‍ തൃപ്തനായ മനുഷ്യര്‍ക്ക് അനുഗ്രഹമായി വര്ഷിക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ വളരെ വൈകിയാണെങ്കിലും നിങ്ങളുടെ ആഗ്രഹത്തിനൊത്ത നിങ്ങള്‍ അര്‍ഹിക്കുന്ന തരത്തിലൊരു ഇണയെ നിങ്ങള്ക്ക് അല്ലാഹു നല്‍കുന്നതായിരിക്കും.
അല്ലാഹു ഖുര്‍ആനില്‍ പറയുന്നു, :” നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്ത് കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ?”( 55:60)
ചിലപ്പോള്‍ അല്ലാഹു നിങ്ങള്ക്ക് വൈവാഹിക ജീവിതം ഈ ജീവിതത്തില്‍, ഇഹലോകത്ത് വിധിച്ചിട്ടുണ്ടാവില്ല. (എല്ലാം അറിയുന്നവന്‍ അല്ലാഹു മാത്രം. എന്നാലും) അങ്ങനെ നിങ്ങളില്‍ ഒരു തോന്നല്‍ ഉടലെടുക്കുകയാണെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്.
1) അല്ലാഹു വിവാഹം കൊണ്ട് അനുഗ്രഹിക്കാത്തവരുടെ കൂട്ടത്തില്‍ പെടേണ്ടതില്ല എന്നാണു നിങ്ങളുടെ ആഗ്രഹമെങ്കില്‍ അല്ലാഹുവിനോട് കരഞ്ഞു പ്രാര്‍ഥിക്കുക. ചെയ്തു പോയ പാപങ്ങളെ പറ്റി അല്ലാഹുവിനോട് പശ്ചാത്തപിക്കുക. പ്രായശ്ചിത്തങ്ങള്‍ ചെയ്യുക. ആത്മാര്‍ഥമായി അവനോടു തേടുക. ഒരുപക്ഷെ തുടര്‍ച്ചയായ നമ്മളുടെ പ്രാര്‍ഥനയും ഇസ്തിഗ്ഫാറും അല്ലാഹുവിന്റെ തീരുമാനം നമ്മള്‍ക്ക് അനുകൂലമാക്കാന്‍ സഹായിച്ചേക്കാം. അവന്റെ കഴിവിലും കാരുണ്യത്തിലും ഉറച്ച വിശ്വാസം വച്ചു പുലര്‍ത്തുക.
തീര്ച്ചയായും അല്ലാഹു അവനില്‍ വിശ്വാസം അര്പ്പിക്കുന്നവരെ അളവറ്റു സ്നേഹിക്കുന്നു.} വിശുദ്ധ ഖുര്‍ആന്‍: 3 :159
2) വിവാഹം എന്നത് നിങ്ങള്ക്ക് ഈ ജീവിതത്തില്‍ വിധിച്ചിട്ടില്ലെന്ന സത്യത്തെ മനസ്സ് കൊണ്ട് അംഗീകരിക്കുക. അതില്‍ നിങ്ങളുടെ നന്മ അല്ലാഹു കണ്ടിട്ടുണ്ടെന്നും അവന്‍ നമ്മുടെ നല്ലതിന് വേണ്ടിയാണ് ഇങ്ങനെ പരീക്ഷിക്കുന്നതെന്നുമുള്ള തിരിച്ചറിവ് മനസ്സിന് ഉണ്ടാക്കികൊടുക്കുക. ഒരു പക്ഷെ നിങ്ങളുടെ വിവാഹമെങ്ങാന്‍ നടന്നു പോയിരുന്നെങ്കില്‍ ഒരു മോശം ഭര്‍ത്താവോ ഭാര്യയോ ആയിപ്പോയേനെ നിങ്ങള്‍, അതില്‍ നിന്നും അല്ലാഹു നിങ്ങളെ കാത്തു എന്ന് വിശ്വസിക്കുക. ഒരുപക്ഷെ ഇത്തരം തിരച്ചറിവും അല്ലാഹുവിന്റെ വിധിയെ അംഗീകരിക്കലും, അവനില്‍ വിശ്വാസം അര്‍പ്പിക്കലും വഴി നിങ്ങളുടെ സ്ഥാനം സ്വര്‍ഗ്ഗത്തില്‍ ഉയര്‍ന്ന തട്ടില്‍ ആയിരിക്കാം. വിവാഹിതരായി എന്നാ കാരണം കൊണ്ട് മാത്രം ഖബറിന്റെ ഇടുക്കത്തില്‍ നിന്നോ വിചാരണ നാളില്‍ അല്ലാഹുവിന്റെ അടുക്കലോ ഒരു ഇളവും കിട്ടുകയില്ല. അല്ലാഹുവിന്റെ നല്ല അടിമയായി ജീവിക്കലും അവന്റെ ദീനിന് വേണ്ടി പ്രവൃത്തിക്കലും നന്മയുള്ള ഹൃദയവുമായി ജീവിക്കലുമാണ് ഏറ്റവും അത്യാവശ്യം.
അതുകൊണ്ട് തന്നെ വിവാഹത്തിനു മുന്‍പുള്ള സമയം പാഴാക്കി കളയാന്‍ പാടുള്ളതല്ല. വിവേകത്തോടെയും വളരെ അധികം പ്ലാനിങ്ങോടെയും കൂടെ ആ കാലം ഉപയോഗിക്കണം. ദീനിന്റെ പകുതിയേ വിവാഹത്തിലൂടെ പൂര്‍ണ്ണമാകുന്നുള്ളൂ. അതുകൊണ്ട് മറ്റേ പകുതിയെ ഭംഗിയായി ഒരുക്കുന്നതില്‍ വ്യാപൃതരാവുക. ഓരോ നിമിഷവും അറിവ് നേടാന്‍ ഉപയോഗിക്കുക. ഒരു ദിവസം ഒരു ആയത്തായിട്ടാണെങ്കിലും ഖുറാന്‍ പഠിക്കാന്‍ ശ്രമിക്കുക. ഇസ്ലാമിക ചരിത്രവും ചരിത്രത്തിലെ പ്രഗല്‍ഭരായ ആളുകളെപ്പറ്റിയും പഠിക്കുവാനും ജീവിതത്തില്‍ പകര്‍ത്തുവാനും ശ്രമിക്കുക. നല്ല നല്ല പുസ്തകങ്ങള്‍ വായിക്കുക. യാത്രകള്‍ ചെയ്യുക. പ്രബോധന പ്രവൃത്തനങ്ങളിലും ജീവകാരുണ്യ പ്രവൃത്തനങ്ങളിലും ഭാഗമാകുക. പുതിയ ഭാഷകള്‍ പഠിക്കുക.
അങ്ങനെയങ്ങനെ ഒരുപാട് ഫലപ്രദമായ കാര്യങ്ങള്‍ക്കായി ഈ കാലഘട്ടം ഉപയോഗപ്പെടുത്താം. വിവാഹത്തിനു മുന്‍പേ സന്തുഷ്ടകരമായ ഒരു ജീവിതം നയിക്കുക. ‘എന്താ വിവാഹത്തിനു ശേഷം സന്തോഷിക്കാനുള്ള വക ഉണ്ടാകില്ലേ’ എന്ന് ചിന്തിക്കാന്‍ വേണ്ടി പറഞ്ഞതല്ല. മറിച്ച്, നമ്മുടെ സന്തുഷ്ടകരമായ അവിവാഹിത ജീവിതമാണ് വിവാഹത്തിനു ശേഷമുള്ള ജീവിതത്തെയും സന്തുഷ്ടകരമാക്കുന്നത്. നേരെ തിരിച്ചു നിങ്ങള്‍ വളരെ പ്രയാസകരവും മോശവുമായ രീതിയിലാണ് വിവാഹത്തിനു മുന്‍പുള്ള സമയം ചിലവഴിച്ഛതെങ്കിലോ, വൈവാഹിക ജീവിതവും അങ്ങനെത്തന്നെ ആയിരിക്കും. നമ്മുടെ പ്രവൃത്തികളും മനോഭാവവുമാണ് ജീവിതത്തെ ഏറെ കണ്ടു സ്വാധീനിക്കുന്ന ഘടകങ്ങള്‍. ദാമ്പത്യം എന്നത് എന്തെങ്കിലും മന്ത്ര വടി കൊണ്ടോ മായാജാലം കൊണ്ടോ വരുതിയിലാക്കാവുന്ന ഒന്നല്ല.
അസ്മ ബിന്‍ത് അബൂബക്കര്‍ ഒരിക്കല്‍ പറയുകയുണ്ടായി. “നിശ്ചയമായും എന്റെ സന്തോഷം എന്റെ വിശ്വാസം തന്നെയാണ്, എന്റെ വിശ്വാസം എന്റെ ഹൃദയത്തിലാണുള്ളത്, എന്റെ ഹൃദയമാകട്ടെ അല്ലാഹുവല്ലാത്ത ആരുടേയും അധീനതയില്‍ അല്ല.
വിവാഹം മനോഹരമായ ഒരു സുന്നത്താണെന്ന കാര്യം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുക. എല്ലാ മുസ്ലീംകളും അത് ആസ്വധിക്കേണ്ടതുമാണ്. ഒരാള്‍ക്ക് ചേരുന്ന തരത്തില്‍ ഒരു ഇണയെ കിട്ടാതെ പോകുന്നതുകൊണ്ടോ മറ്റു കാരണങ്ങള്‍ കൊണ്ട് വിവാഹം വൈകിപ്പോകുന്നത് ഒരു തെറ്റല്ല. എന്നാല്‍ വിവാഹം കഴിക്കാനുള്ള ആരോഗ്യവും കഴിവും മനസ്സും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിന്റെ തൃപ്തിക്കായി വിവാഹം കഴിക്കണം.
വിചാരണ നാളില്‍ എല്ലാ മനുഷ്യനോടും ചോദിക്കപ്പെടുന്ന കാര്യങ്ങളുണ്ട്. മനുഷ്യന്റെ ജീവിതം എങ്ങനെ ചിലവഴിച്ചു എന്ന്. അവന്റെ യൌവ്വനം എങ്ങനെ ശ്രദ്ധിച്ചു കൊണ്ട് നടന്നു, അവന്റെ സമ്പത്ത്, അത് എങ്ങിനെ സംബാധിച്ചു, എവിടെ ചിലവഴിച്ചു, അവന്‍ നേടിയ അറിവിനെപ്പറ്റി… അവിടെ കൃത്യമായ ഉത്തരം നമുക്ക് നല്‍കാന്‍ കഴിയണം.
ഞങ്ങളുടെ കണ്ണുകള്‍ക്ക് കുളിര്മ്മയാകുന്ന ഇണയെ നല്കി നീ അനുഗ്രഹിക്കണേ നാഥാ…