Home / കുടുംബം / പ്രിയതമന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കാന്‍

പ്രിയതമന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കാന്‍

priy

Haleh Banani (MA Clinical Psychology)
ഭര്‍ത്താവുമായി ഉറപ്പുള്ള ഒരു വൈകാരിക ബന്ധം ആഗ്രഹിക്കുന്നവരാണ് നാം സ്ത്രീകള്‍. ഭര്‍ത്താവിനാല്‍ ആദരിക്കപ്പെടാനും പ്രണയിക്കപ്പെടാനും സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട്.
വെറുതെ ആഗ്രഹിച്ചത്കൊണ്ട് മാത്രം അത് സംഭവ്യമാവുകയില്ല. പ്രണയവും ഒപ്പം പിന്തുണയും പരസ്പരം മനസ്സിലാക്കലും ഉണ്ടായാല്‍ മാത്രമേ ദാമ്പത്യം അതിന്റെ ശരിയായ രീതിയില്‍ പോഷണം നേടുകയുള്ളൂ….

ഒരു സൈക്കോളജിസ്റ്റ് എന്ന നിലയില്‍ വിവാഹ ബന്ധത്തില്‍ സന്തുഷ്ടരല്ലാത്ത ഒരുപാട് പുരുഷന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്.

ഒരു ഭര്‍ത്താവ് തന്റെ ഭാര്യയില്‍ നിന്നും ഏറ്റവും അധികം ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

 

  • സുഹൃത്തായിരിക്കുക
  • ബഹുമാനം കാണിക്കുക
  • ശാരീരിക ആവശ്യം കണ്ടറിഞ്ഞു നിറവേറ്റുക
  • മനസ്സില്‍ ആഗ്രഹം ഉണ്ടാക്കുക
  • അഭിനന്ദിക്കുക
  • വ്യത്യസ്തതകള്‍ കണ്ടെത്തുക

 

  • സുഹൃത്തായിരിക്കുക.

വിവാഹത്തിന്റെ പ്രധാന ഘടഘം എന്ന് പറയുന്നത് സുഹൃദ് ബന്ധം.അതുണ്ടെങ്കില്‍ പിന്നെ എന്ത് പ്രശ്നവും നമുക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റും. ദാമ്പത്യത്തിന്റെ അടിസ്ഥാന ഘടകം എന്ന് വേണമെങ്കില്‍ സൌഹൃദത്തെ വിശേഷിപ്പിക്കാം. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഉപാധികള്‍ ഇല്ലാത്ത സൗഹൃദം എല്ലാ തരത്തിലും ദാമ്പത്യ ബന്ധത്തിനു പോഷകമാകുന്ന ഒന്നാണ്.

ഖദീജ (റ)ന്റെയും ആഇഷ(റ)ന്റെയും ജീവിതം നിങ്ങള്‍ ഉദാഹരണമായെടുക്കു.നബി(സ്വ)യോട് അവര്‍ കാണിച്ച ബഹുമാനം,അവര്‍ക്കിടയിലുണ്ടായിരുന്ന സ്നേഹം,കൂട്ടായ്മ ഇതെല്ലാം നാം നമ്മുടെ ജീവിതത്തില്‍ പകര്ത്തേണ്ട കാര്യങ്ങളാണ്.നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളെ കുറിച്ച് നിങ്ങളൊന്നു ഓര്‍ത്ത് നോക്കു.എങ്ങനെയാണവര്‍ നിങ്ങളുടെ ജീവിതത്തില്‍ അവന്‍ ഇത്ര പ്രിയപ്പെട്ടവനായി മാറിയത്.വളരെയേറെ സമയം കൊണ്ടും പ്രയത്നം കൊണ്ടും നിങ്ങളെ അറിഞ്ഞ ശേഷമാണ് അവന്‍ നിങ്ങളുടെ ജീവിതത്തില്‍ ഇത്ര പ്രിയപ്പെട്ടവരായി മാറിയത്.അവസാനമായി നിങ്ങള്‍ എപ്പോഴാണ് നിങ്ങളുടെ ഇണയുമായി ഒരുമിച്ചു ചേര്‍ന്നിരുന്നു പരസ്പരം കാര്യങ്ങള്‍ പങ്കുവെക്കുകയും രസകരമായി ചിലവഴിക്കുകയും  ചെയ്തത്?ഒന്നാലോചിച്ചു നോക്കൂ…

അതിനുള്ള വഴിയാണ്: പരസ്പരം അറിയാനും കേള്‍ക്കുവാനും പങ്കുവെക്കുവാനുമായി ചില സന്ദര്‍ഭങ്ങള്‍ മാറ്റി വക്കുക. അതിനായി സമയം നിശ്ചയിക്കുക. ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍ പ്രതീക്ഷകള്‍ എല്ലാം പരസ്പരം തുറന്നു പറയുക.

സുഹൃത്ത് എന്നാല്‍ നിങ്ങളെ നിങ്ങളായിത്തന്നെ അംഗീകരിക്കുകയും നിങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന വ്യക്തി. ചിന്തിച്ചു നോക്കൂ. നിങ്ങളുടെ ഇണ നിങ്ങള്‍ക്ക് എത്രത്തോളം സുഹൃത്താണ്? നിങ്ങള്‍ നിങ്ങളുടെ  ഇണയോട് എത്രകണ്ട് ഒരു സുഹൃത്തിനെപ്പോലെ പ്രവൃത്തിക്കാറുണ്ട്? വളരെ കുറച്ചു മാത്രം. അല്ലെ? പരസ്പരം അംഗീകരിക്കുന്നതിനു പകരം പരസ്പരം മാറ്റിയെടുക്കാനുള്ള ശ്രമത്തിലല്ലേ യഥാര്‍ഥത്തില്‍ നമ്മില്‍ പലരും ഉള്ളത്?അന്യോന്യം അടുപ്പം ഉണ്ടാക്കുന്നതിനു പകരം അകല്‍ച്ച ഉണ്ടാക്കുവാനെ ഇത് ഉപകരിക്കുകയുള്ളൂ.

വൈവാഹിക ബന്ധത്തില്‍ കരുത്തുറ്റ ഒരു സൌഹൃദം ഉണ്ടാക്കിയെടുക്കുന്നതിനായി ചിലത് പരീക്ഷിക്കാവുന്നതാണ്.
1. അവനെ ശ്രദ്ധിച്ചു കേള്‍ക്കുക… മുന്‍വിധികള്‍ ഇല്ലാതെ ഭര്‍ത്താവിനു പറയാനുള്ളത് ശ്രദ്ധയോടെ കേള്‍ക്കുക. അയാള്‍ സംസാരിക്കുമ്പോള്‍ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാതെ അയാള്‍ പറയുന്ന വിഷയം എന്ത് തന്നെ ആയാലും മടുപ്പ് കാണിക്കാതെ ശ്രവിക്കുക.
2. അന്നന്നത്തെ കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കുക.അവന്റെ കൂടെ എപ്പോഴും ഒരു താങ്ങായി നില്‍ക്കുകയും അയാളെ മനസ്സിലാക്കുകയും വേണം.
3. അവന്റെ താല്പര്യമുള്ള മേഖലകള്‍, ഇഷ്ടമുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുകയും അവ കൂടുതല്‍ എടുത്തിടാന്‍ ശ്രമിക്കുകയും ചെയ്യുക.
4. അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് നന്ദി പറയാന്‍ ശ്രമിക്കുക. കഴിവതും പ്ലീസ് എന്ന പദം ഉപയോഗിക്കുക. അത് നിങ്ങളെ താഴ്ത്തിക്കെട്ടുകയല്ല , മറിച്ച് അയാളുടെ സ്നേഹം നേടിയെടുക്കാന്‍ സഹായിക്കുകയാണ് ചെയ്യുക.
5. ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.
6. അവനില്‍ നിന്ന് വീഴ്ചകള്‍ സംഭവിച്ചാല്‍ പൊറുത്തു കൊടുക്കാന്‍ സന്നദ്ധയാവുക. തെറ്റുകള്‍ കണ്ടെത്താന്‍ കുത്തിയിരുന്നു ശ്രമിക്കുന്നതിനു പകരം അയാളിലുള്ള പോസിറ്റീവ് ആയവയെ കണ്ടെത്താന്‍ ശ്രമിക്കുക.
7. ചെയ്യേണ്ട കാര്യങ്ങള്‍ ഒരുമിച്ചു പരസ്പരം അഭിപ്രായങ്ങള്‍ ആരാഞ്ഞു മാത്രം പ്ലാന്‍ ചെയ്യുക.
8. എപ്പോഴും സീരിയസ് ആകുന്നതിനു പകരം എല്ലാ ടെന്‍ഷനും ഒതുക്കി കളിതമാശകളില്‍ ഏര്‍പ്പെടുക.
9. സ്നേഹ വര്‍ത്തമാനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും എത്രെ മെനക്കെട്ടും സമയം ഉണ്ടാക്കിയെടുക്കുക.
10. സൌമ്യമായി മാത്രം സംസാരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളോട് നിങ്ങള്‍ എങ്ങനെയാണ് പെരുമാറുക. ഏറ്റവും നല്ല രീതിയില്‍ . അല്ലെ? അപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തിനോട് എങ്ങനെയാകും പെരുമാറേണ്ടത്? ആലോചിക്കൂ..
11. ഒരുമിച്ചു കിടക്കുക. അങ്ങിനെ ഉറങ്ങാന്‍ ശ്രമിക്കുക. രണ്ടുപേരും രണ്ടു ജീവിതം നയിക്കാതിരിക്കുക.

  • ബഹുമാനം കാണിക്കുക.

വെള്ളമൊഴിക്കുമ്പോള്‍ ഉണര്‍വ്വോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ചെടികളെ കണ്ടിട്ടില്ലേ അതുപോലെയാണ് പുരുഷന്മാര്‍ക്ക് ബഹുമാനം. ഭാര്യയുടെ അടുത്തുന്നു ഒരല്പം ബഹുമാനം കിട്ടിയാല്‍ മതി അതയാളെ വല്ലാതെ ഉന്മേഷവാനാക്കും. ഇനി ഭാര്യയില്‍ നിന്നും അത് കിട്ടുന്നില്ല എന്നാ തോന്നലുണ്ടാകുമ്പോള്‍ ദുഃഖം ഉണ്ടാവുകയും വാടിയുണങ്ങുകയും ചിലപ്പോള്‍ കോപം ജ്വലിക്കുകയും ചെയ്യും.

വീട്ടു ജോലികളും കുട്ടികളുടെ കാര്യങ്ങളും അങ്ങനെ ഒരുപാട് കടമകള്‍ നിറവേറ്റുന്ന തിരക്കിലാവാം ഭാര്യ. പക്ഷെ ഭര്‍ത്താവിനെ ആദരിക്കുന്നതില്‍ അവള്‍ക്കു വീഴ്ച പറ്റിയാല്‍ അത് ആ ബന്ധത്തെ സാരമായി ബാധിക്കും. തന്നെ ബഹുമാനിക്കാത്ത ഭാര്യയുടെ എത്ര വലിയ കഠിനാധ്വാനമായാലും അത് കണ്ടതായി ഭാവിക്കാനോ അതിന്റെ പേരില്‍ അവളെ അഭിനന്ദിക്കാനോ ഭര്‍ത്താവ് തയ്യാറായെന്നു വരില്ല. അയാളുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേല്‍ക്കുക. പുരുഷനെ സംബന്ധിച്ചു അത് അയാള്‍ എത്ര പുറമേക്ക് പ്രകടിപ്പിക്കാതിരുന്നാലും വലിയ വിഷമം ആണ് ഉണ്ടാക്കുക. അതില്‍ നിന്ന് മുക്തി നേടുക എന്നത് പ്രയാസകരവും ആയിത്തീരും. അത് ദാമ്പത്യത്തെ മോശമായി ബാധിക്കുകയും ചെയ്യും.

ഭര്‍ത്താവ് ആഗ്രഹിക്കുന്ന രീതിയില്‍ അയാളോട് ആദരവ് പ്രകടിപ്പിക്കാന്‍ ചില വഴികളിതാ..
1. വളരെ സൗമ്യമായി കനിവിന്റെ സ്വരത്തില്‍ വിനയത്തോടെ മാത്രം സംസാരിക്കുക. വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ നാം കാണിക്കുന്ന ഒരു മര്യാദയുണ്ടല്ലോ അതിലും ഒരുപാടിരട്ടി മര്യാദയോടെ എന്നും ഭര്‍ത്താവിനോട് പെരുമാറുക.
2. അയാളുടെ പേര് വിളിക്കുകയോ ഉച്ചത്തില്‍ അരിശത്തില്‍ സംസാരിക്കുകയോ ചെയ്യാതിരിക്കുക.
3. ലോലമായ കാര്യങ്ങളില്‍ പരിഹാസപൂര്‍വ്വം അയാളോട് പ്രതികരിക്കാതിരിക്കുക. എന്തെങ്കിലും ദൌര്‍ബല്യങ്ങള്‍ അയാള്‍ക്കുണ്ടെങ്കില്‍ അതിന്റെ പേരില്‍ കളിയാക്കാതിരിക്കുക. പുറത്തു കാണിച്ചില്ലെങ്കിലും വളരെ കാര്യമായി അതയാളെ വേദനിപ്പിച്ചേക്കാം.
4. അയാളുടെ അഭിപ്രായ നിര്‍ദേശങ്ങളെ ഗൌരവപൂര്‍വ്വം പരിഗണിക്കുക. അപേക്ഷകളെ ബഹുമാനിക്കുക.
5. അധികാര-അവകാശങ്ങള്‍ക്ക് വേണ്ടി തര്‍ക്കം ഉണ്ടാക്കാതിരിക്കുക. ഭാര്യ ദേഷ്യക്കാരി ആകുമ്പോള്‍ ഭര്‍ത്താവ് അങ്ങേയറ്റം കണിശക്കാരന്‍ ആയി മാറും. അല്ലാഹു രണ്ടു പേര്‍ക്കും നല്‍കിയ റോളുകള്‍ ഭംഗിയായി നിറവേറ്റാന്‍ മാത്രം ശ്രമിക്കുക.
6. ഭര്‍ത്താവിന്റെ കുടുംബത്തോട് സ്നേഹത്തോടെയും പരിഗണനയോടും ബഹുമാനത്തോടും മാത്രം പെരുമാറുക.
7. അയാള്‍ ഒറ്റക്കിരിക്കുന്ന സമയത്ത് ശല്യം ചെയ്യരുത്.അയാള്‍ക്കപ്പോള്‍ ആവശ്യം കുറച്ച് വിശ്രമമാണ്.
8. അയാളുടെ അഭിപ്രായങ്ങള്‍ ചോദിച്ചറിയുകയും അതിനെ ബഹുമാനപൂര്‍വ്വം സ്വീകരിക്കുകയും വേണം

  • ശാരീരിക ആവശ്യം കണ്ടറിഞ്ഞു നിറവേറ്റുക

 

സ്നേഹബന്ധം എന്നത് ഒന്നിലധികം വികാരങ്ങളുടെ മിശ്രണമാണ്. ശാരീരിക ബന്ധവും അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെ. ചില സഹോദരിമാര്‍ക്ക് ശാരീരിക ബന്ധം എന്നത് തീരെ താല്പര്യമുള്ള വിഷയമേ അല്ല, ചിലര്‍ക്ക് സമയം കിട്ടാറില്ല, ചിലരാവട്ടെ, ഭര്‍ത്താവിനെ സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള മാര്‍ഗ്ഗമായി അതിനെ ഉപയോഗപ്പെടുത്തുന്നു. പങ്കാളിയോടൊപ്പം മറയില്ലാത്ത ഒരു ചര്‍ച്ച ഇക്കാര്യത്തില്‍ ഉണ്ടാവണം. ഭര്‍ത്താവിന്റെ ആഗ്രഹങ്ങളെ കണ്ടെത്തി അതിനനുസരിച്ച് പ്രവൃത്തിക്കാന്‍ കഴിവതും ശ്രമിക്കണം. പലപ്പോഴും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ക്ക്‌ കാരണമാകുന്നത് സെക്സ് ആണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഇനി ഭര്‍ത്താവിനെ അനുസരണയുള്ള ഒരു ഉപകരണമായി, വരുതിയില്‍ നിര്‍ത്താനുള്ള തന്ത്രമായാണ് നിങ്ങളുടെ ശാരീരിക ബന്ധം ഉപയോഗിക്കുന്നതും തടഞ്ഞുവക്കുന്നതും എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നത് വലിയ തെറ്റ് തന്നെയാണ്.

  • അഭിനന്ദിക്കുക.

വിവാഹം കഴിയുമ്പോള്‍ താന്‍ തന്റെ പെണ്ണിന്റെ ജീവിതത്തിന്റെ അച്ചുതണ്ടായി മാറി എന്ന തിരിച്ചറിവാണ് ഒരു പുരുഷന് ഏറ്റവും സന്തോഷം നല്‍കുന്നത്.അതയാള്‍ ആസ്വദിക്കുകയും ചെയ്യുന്നു. അവളുടെ ശ്രദ്ധ, അവള്‍ അവനു പ്രത്യേകമായി ചെയ്യുന്നതെല്ലാം അവനു ആനന്ദം പകരുന്നു.

അവഗണന മൂലം പ്രയാസപ്പെടുന്ന ഒത്തിരി പുരുഷന്മാര്‍ നമുക്കിടയിലുണ്ട്.ഒരു പക്ഷെ അത് ചിലപ്പോള്‍ നവജാത ശിശുമൂലമാകാം.അല്ലെങ്കില്‍ ഭാര്യയുടെ ജോലിത്തിരക്കു കാരണമാകാം.എല്ലാ പുരുഷന്മാരും അവരുടെ ഭാര്യമാരുടെ ശ്രദ്ധയും ബഹുമാനവും ആഗ്രഹിക്കുന്നവരാണ്.

ഇതാ ഇവിടെ നിങ്ങള്‍ക്കുപകരിച്ചെക്കാവുന്ന ചില നിര്‍ദേശങ്ങള്‍.
1. അയാള്‍ വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ ഒരു ആലിംഗനമോ ചുംബനമോ കൊണ്ട് അയാളെ സ്വീകരിക്കുക.
2. അയാള്‍ വീട്ടിലുണ്ടാവുമ്പോള്‍ താന്‍ എത്ര സന്തുഷ്ടയാണെന്നയാളെ ബോധ്യപ്പെടുത്തണം.അത് അയാളെ കൂടുതല്‍ നേരം വീട്ടില്‍ നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ പ്രോത്സാഹിപ്പിക്കും.
3.അയാള്‍ വരുന്നതിനു മുന്പായി എല്ലാ ജോലികളും ചെയ്തു തീര്‍ക്കുക.
4. വീട് വൃത്തിയാക്കി തയ്യാറാക്കുക.
5. അദേഹത്തിന് വേണ്ടി നല്ല ഭക്ഷണം ഒരുക്കുക.
6. അയാളുടെ ജോലിയിലുള്ള കഠിനാധ്വാനത്തേയും കഴിയുമ്പോഴൊക്കെ പ്രശംസിക്കുക. അയാളെ എത്രകണ്ട് സ്നേഹിക്കുന്നു എന്ന് ബോധ്യപ്പെടുത്തുക.
7. പ്രസന്നത ഉണ്ടാവണം എപ്പോഴും. അത് അയാളെ തൃപ്തനാക്കും.
8. വൈകിയെത്തുംപോള്‍, യാത്രയിലായിരിക്കുംപോള്‍ അയാളുടെ പ്രയാസത്തെ കണക്കിലെടുത്ത് വഴക്കിടാതിരിക്കുക.
9. ഒരുപാട് ജോലികള്‍ ഉണ്ടാകും, എന്നിരുന്നാലും അയാള്‍ സംസാരിക്കുമ്പോള്‍ മറ്റു പണികളില്‍ ഏര്‍പ്പെടാതെ അയാളെ കേള്‍ക്കുക.
10. ഭംഗിയായി അണിഞ്ഞൊരുങ്ങി അയാളുടെ കണ്ണിനു കുളിര്‍മ്മയാകുക.

  • വ്യത്യസ്തതകള്‍  കണ്ടെത്തുക.

എല്ലാത്തിലും പുതുമയും വ്യത്യസ്തതയും ആഗ്രഹിക്കുന്നവരാണ് നാം മനുഷ്യര്‍, ഭക്ഷണത്തിലാവട്ടെ, വസ്ത്രത്തിലാവട്ടെ, വിനോദത്തിലാവട്ടെ… അതുപോലെത്തന്നെയാണ് ദാമ്പത്യവും. ദാമ്പത്യത്തില്‍, പുതുമകള്‍ , വ്യത്യസ്തതകള്‍ എപ്പോഴും പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. പലതരം വ്യത്യസ്തവും രസകരവുമായ കാര്യങ്ങള്‍ ദാമ്പത്യത്തില്‍ പരീക്ഷിക്കുന്നത് നന്നായിരിക്കും.

1. ഹെയര്‍ സ്റ്റൈല്‍ കുറച്ചൊക്കെ വ്യത്യാസം വരുത്തുക. പലതരം രീതിയില്‍ ഭംഗിയില്‍ മുടി അലങ്കരിക്കാന്‍ തയ്യാറാവുക.
2. വീട്ടിലണിയാന്‍ കുറച്ചു നല്ല വസ്ത്രങ്ങള്‍ മാറ്റി വക്കുക. ഭര്‍ത്താവ് ഉള്ളപ്പോഴൊക്കെ നല്ല വസ്ത്രങ്ങള്‍ അണിഞ്ഞു വൃത്തിയായി നടക്കുക.
3. ഭംഗിയുള്ള അടിവസ്ത്രങ്ങള്‍ പരീക്ഷിക്കുക. മധുവിധു കാലത്തേക്ക് മാത്രം ഉള്ളവയല്ല ഇത്തരം വസ്ത്രങ്ങള്‍.. ഒരുപാട് കാലം നീണ്ടു നില്‍ക്കുന്ന ദാമ്പത്യത്തിലുടനീളം ആവശ്യം വരുന്ന ഒന്നാണ്.

.പുരുഷന്മാര്‍ പ്രായം കൂടുന്തോറും സ്വന്തം ഭാര്യ തന്നില്‍ കൂടുതല്‍ ആകര്‍ഷക ആകണം എന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ആള്‍ ആണെന്നും വിവാഹത്തിനു തൊട്ടു ശേഷമുള്ള നാളുകളില്‍ അയാള്‍ നിങ്ങളെ എത്ര മാത്രം മോഹിപ്പിച്ചിരുന്നോ അതെ പുതുമ ഇപ്പോഴും അയാളില്‍ ഉണ്ടെന്നും ഉള്ള ഫീല്‍ അയാള്‍ക്ക്‌ നിങ്ങള്‍ ഉണ്ടാക്കികൊടുക്കണം. അയാളെ അയാളുടെ കഴിവുകളില്‍ അയാളുടെ രൂപത്തില്‍ ഒക്കെ മേന്മകള്‍ കണ്ടെത്തി അവയില്‍ അയാളെ അഭിനന്ദനം അറിയിക്കുക. അയാളെ കഴിവതും സന്തോഷിപ്പിക്കുക.

ഭര്‍ത്താവിനു തന്റെ ശ്രദ്ധ മുഴുവനും ലഭിക്കുന്നു എന്നാ ബോധ്യം ഉണ്ടാക്കിക്കൊടുകാന്‍ ചിലത് ചെയ്യാം.
1. നിങ്ങള്‍ രണ്ടുപേരും ഒറ്റയ്ക്കാവുമ്പോള്‍ അയാളുടെ കണ്ണുകളില്‍ ഏറെ നേരം നോക്കിയിരിക്കുക. പ്രണയപൂര്‍വ്വം, അതയാളെ ഒരുപാട് സന്തോഷിപ്പിക്കും.
2. എപ്പോഴും നിറഞ്ഞ സ്നേഹത്തോടെ അയാളോട് പുഞ്ചിരിക്കുക.
3. അയാളെ പ്രശംസിക്കുന്നതില്‍ ഒരു കുറവും വരുത്താതിരിക്കുക.
4. കളികളില്‍ ഏര്‍പ്പെടുകയും അയാലോടോത്തു ശൃംഗരിക്കുകയും ചെയ്യുക.

 

 

ഭര്‍ത്താവിനു ഒരു നല്ല സുഹൃത്തായി നിന്ന് കൊണ്ട് കൂടുതല്‍ സ്നേഹിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്കിടയിലെ സ്നേഹബന്ധം നന്നായി വളരുകയും ചെയ്യും.

ക്ഷമയോടെ ഏറെ സമയവും പരിശ്രമവും അതിന്നായി ഉഴിഞ്ഞു വച്ചാല്‍ സ്നേഹ നിധിയായ ഒരു ഭര്‍ത്താവിനെ നിങ്ങള്ക്ക് സ്വന്തമാക്കാന്‍ കഴിയും. ഇന്ഷാ അല്ലാഹ്

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം