ചെറുപ്പക്കാരായ ഒരാണും പെണ്ണും വിവാഹിതരായി. വലിയ ആഘോഷമായിത്തന്നെ. അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ആ ചടങ്ങിനു സാക്ഷിയാവാനും അവരെ ആശംസകള്‍ അറിയിക്കാന്‍ എത്തുകയും ചെയ്തു. വിവാഹം മംഗളകരമായി കഴിഞ്ഞു.
മാസങ്ങള്‍ കടന്നു പോയി. അവള്‍ ഭര്‍ത്താവിന്റെ അടുക്കല്‍ ഒരു ആവശ്യവുമായി എത്തി : “കുറച്ചു നാള്‍ മുന്പ് ഞാനൊരു മാഗസിന്‍ വായിച്ചു, അതില്‍ വിവാഹ ബന്ധത്തെ സുദൃഡമാക്കാനുള്ള ചില വഴികളെപ്പറ്റി ഉണ്ടായിരുന്നു. നമുക്കും അതൊന്നു ചെയ്തു നോക്കാം?”
അവള്‍ തുടര്‍ന്നു. “നമ്മള്‍ക്ക് രണ്ടു പേര്‍ക്കും പരസ്പരം പ്രയാസകരമായി തോന്നുന്ന പ്രവൃത്തികള്‍ ഒരു ലിസ്റ്റ് ആക്കാം. എന്നില്‍ നിന്നും നിങ്ങള്ക്ക് പ്രയാസം ഉണ്ടാക്കുന്ന കാര്യങ്ങള്‍, നിങ്ങളില്‍ നിന്നും എനിക്ക് പ്രയാസമായി തോന്നുന്ന കാര്യങ്ങള്‍… എന്നിട്ട് നമുക്ക് ഒരുമിച്ചിരുന്നു വായിച്ചിട്ട് അതിനെ വിശകലനം ചെയ്യാം. എന്നിട്ട് ആവശ്യമുള്ള തിരുത്താം. അങ്ങിഇനെ നമ്മുടെ ജീവിതം പഴയതിനേക്കാള്‍ നല്ലതാക്കി മാറ്റാം.”
ആ ഭര്‍ത്താവ് സമ്മതിച്ചു. രണ്ടു പേരും രണ്ടിടങ്ങളിലായിരുന്നു , എഴുതാന്‍ തുടങ്ങി. അങ്ങനെ ആലോചിച്ചു ആലോചിച്ചു രണ്ടു ദിവസമെടുത്തു. രണ്ടു ദിവസത്തിനു ശേഷമാണ് അവര്‍ എഴുതിക്കഴിഞ്ഞത്.
പിറ്റേന്ന് പ്രഭാതത്തില്‍ അവര്‍ രണ്ടു പേരും തങ്ങളുടെ ലിസ്റ്റുമായി ഹാജറായി. വായിക്കാന്‍ ധാരണയായി.
“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു.
എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.
സമയമെടുത്ത് അവളാ മൂന്നു പേജും വായിച്ചു നിര്‍ത്തി, വൃത്തിയായി മടക്കി മേശമേല്‍ വച്ചു.
ഇനി നിങ്ങള് വായിക്കു, എന്നിട്ട് നമ്മള്‍ക്കത് മുഴുവന്‍ ചര്‍ച്ച ചെയ്യാം.
ശാന്തനായി ഭര്‍ത്താവ് പറഞ്ഞു. എന്റെ പേപ്പറില്‍ ഒന്നുമില്ല. നിന്നില്‍ ഒരു കുറവും ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ തികഞ്ഞവള്‍ മാത്രമാണ് നീ. എനിക്ക് വേണ്ടി നീ എന്തെങ്കിലും തരത്തില്‍ മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്നേഹമയിയാണ് നീ, എന്നെ സംബന്ധിച്ചു എന്റെ എല്ലാം. നിന്നില്‍ എനിക്കൊരു ദൂഷ്യവും കാണാന്‍ കഴിഞ്ഞില്ല…
ഭര്‍ത്താവിനെ ഹൃദയം തൊട്ടുള്ള വാക്കുകള്‍ അവളെ തളര്‍ത്തി, സത്യ സന്ധമായ അയാളുടെ പറച്ചില്‍ കേട്ട് അവള്‍ മുഖം പൊത്തി കരയാന്‍ തുടങ്ങി……….
***
ചിലര്‍ അങ്ങിനെയാണ്. സ്നേഹം കൊണ്ട് പോതിഞ്ഞാലും കുറവുകള്‍ മാത്രം കണ്ടെത്തും. എത്ര മാത്രം ശ്രദ്ധ കാണിച്ചാലും ഇണയിലെ ദൂഷ്യങ്ങള്‍ മാത്രമേ കണ്ടെത്താന്‍ ശ്രമിക്കൂ. എന്നാല്‍ ഗുരുതരമായ ദൂശ്യങ്ങളെ കണ്ടില്ലെന്നു നടിക്കണം എന്നല്ല പറഞ്ഞതിന് അര്‍ത്ഥം. മദ്യപാനം, മറ്റു ലഹരികള്‍, ആരാധനാ കാര്യങ്ങളിലെ വീഴ്ചകള്‍ , ദുര്നടത്തം, ഇതൊക്കെ കണ്ടില്ലെന്നു നടിക്കാന്‍ പാടില്ല. ഇവ മാറ്റപ്പെടേണ്ടതുമാണ്.
എന്നാല്‍ വളരെ ചെറിയ പോരായ്മകളുടെ കാര്യം എടുക്കുകയാണെങ്കില്‍ പലപ്പോഴും മൌനം പാലിക്കുന്നതാവാം ദാമ്പത്യത്തിനു നല്ലത്.
നമ്മളാരും പരിപൂര്‍ണ്ണരല്ല, എല്ലാം തികഞ്ഞവര്‍ അല്ല എന്ന തിരിച്ചറിവാണ് എപ്പോഴും ഉണ്ടാകേണ്ടത്. അല്ലാഹുവിനെ ഏറ്റവും നന്നായി ആരാധിക്കാനും അവനു വഴിപ്പെട്ടു ജീവിക്കാനും കഷ്ടപ്പെടുന്ന , സ്വപ്‌നങ്ങള്‍ തേടിപ്പിടിക്കാന്‍ പണിയെടുക്കുന്ന, കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്ന, സാധാരണക്കാരായ അടിമകളാണ് നമ്മള്‍. പിഴവുകള്‍ സംഭവിക്കുന്ന, വീഴ്ചകള്‍ വരുത്തുന്ന, സാധാരണ മനുഷ്യര്‍. അതുകൊണ്ട് തന്നെ തങ്ങളുടെ ഇണയും അതുപോലെ ആണെന്നും അവരും മനുഷ്യരാണെന്നും തെറ്റുകള്‍ സ്വാഭാവികം ആണെന്നുമുള്ള തിരിച്ചറിവ് വേണം.
ഇനി ഭാര്യയിലെ/ഭര്‍ത്താവിലെ തെറ്റുകള്‍ കണ്ടു പിടിക്കാന്‍ നിയ്യത്ത് വച്ചു ഇറങ്ങിത്തിരിച്ചാല്‍ ഒരുപാട് ന്യൂനതകള്‍ കണ്ടെത്താന്‍ കഴിയും നിങ്ങള്‍ക്ക്. ആ കണ്ണുകളോടെ മാത്രം സ്വന്തം ഇണയെ അളക്കാന്‍ തുടങ്ങിയാല്‍ ജീവിതം നരകതുല്യം ആയിത്തീരും എന്നതില്‍ സംശയമില്ല.
എന്നാല്‍ ആത്മാര്‍ഥമായി ആത്മ വിശകലനമെന്ന കണ്ണാടിയില്‍ നോക്കുകയാണെങ്കില്‍ നിങ്ങള്ക്ക് മനസ്സിലാകും…
നിങ്ങള്‍ നിങ്ങളുടെ പങ്കാളിയില്‍ കണ്ടെത്തിയ അതെ കുറവുകള്‍, ഒരുപക്ഷെ അതിലേറെ അപാകതകള്‍ നിങ്ങളെന്ന വ്യക്തിയില്‍ ഉണ്ടാകും.
സന്തോഷകരമായ ഒരു ജീവിതമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പങ്കാളിയുടെ നിസാരമായ തെറ്റുകളില്‍ നിങ്ങള്‍ ശ്രദ്ധ കൊടുക്കാതിരിക്കണം. സംതൃപ്തി എന്നത് നിങ്ങള്‍ക്കൊരിക്കലും പ്രാപ്തമാക്കാന്‍ കഴിയുകയില്ല. ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരുപാട് നിരാശകള്‍ സംഭവിക്കും, അവസാനം വലിയ മാനസിക പിരിമുറുക്കത്തില്‍ എത്തിപ്പെടുകയും ചെയ്യും. നിങ്ങള്‍ നിങ്ങളുടെ അവസ്ഥ മാത്രമല്ല മോശമാക്കുക, അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്യാത്ത തന്റെ പങ്കാളിയുടെ ജീവിതവും ദുസ്സഹമാക്കി മാറ്റും. വിവാഹ ജീവിതം നരകമായി മാറും.
പകരം, പങ്കാളിയില്‍ നല്ലതായി എന്തുണ്ടെന്ന് നോക്കുക. ഒന്നും ഇല്ലെന്നു പറയാന്‍ ആര്‍ക്കും കഴിയില്ല. അവരിലുള്ള നന്മയെ കണ്ടെത്തുക, നല്ല ഗുണങ്ങളെ കണ്ടെത്തുക, അവയെ തേച്ചു മിനുക്കി എടുക്കാന്‍ നിങ്ങളും കൂടെ ശ്രമിക്കുക. പങ്കാളിയുടെ സൌന്ദര്യത്തെ നല്ല പെരുമാറ്റങ്ങളെ, ആരാധനാ നടപടികളെ, മറഞ്ഞു കിടക്കുന്ന കഴിവുകളെ, സ്വപ്നങ്ങളെ, പ്രതീക്ഷകളെ, ഒക്കെ തിരഞ്ഞു കണ്ടു പിടിക്കുക. അവയ്ക്ക് വെള്ളവും വളവും നല്‍കി അവരെ ഉയര്‍ത്തിക്കൊണ്ടു വരിക. സൌന്ദര്യാസ്വാദനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പങ്കാളിയുടെ ബാഹ്യ സൌന്ദര്യത്തെ ആസ്വദിക്കളും കണ്ടെത്തലും അല്ല, മറിച്ച് ഹൃദയത്തിന്റെ ഉള്ളറകളില്‍ ഒളിഞ്ഞു കിടക്കുന്നു നൈര്‍മ്മല്യത്തെ ഉണര്‍ത്തി എടുക്കലാണ്, അവരെ ഉപാധികളില്ലാതെ സ്നേഹിക്കലാണ്. അങ്ങനെ ആ സ്നേഹം ഒരു വന്മരം കണക്കെ വളരും, ഹൃദയത്തിലേക്ക് ആഴത്തില്‍ വേരോടിക്കും.. അങ്ങനെ ആഴ്ന്നിറങ്ങി വളര്‍ന്നു പന്തലിച്ചു കഴിയുമ്പോള്‍ മുന്‍പേ നിങ്ങള്‍ കണ്ടെത്തിയ കുറ്റവും കുറവുകളും എന്തായിരുന്നു എന്ന് പോലും നിങ്ങള്ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയില്ല.. ദാമ്പത്യം അത്രമേല്‍ സുഖകരമായി മാറും…