മുസ്ലീമിന്റെ ഓരോ പ്രവൃത്തിക്കും പിന്നില്‍ കൃത്യമായ ഒരു ലക്‌ഷ്യം ഉണ്ടാകും.നിയ്യത്ത് എന്നാണതിനെ പറയുക. നാം ഓരോ പ്രവൃത്തി ചെയ്യുമ്പോളും അല്ലാഹു ആ പ്രവൃത്തിയിലെക്കല്ല, മറിച്ച്, അത് ചെയ്യുമ്പോളുള്ള നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയിലേക്കാണ് നോക്കുക. ഹൃദയത്തിനകത്തുള്ളവ എന്തെന്ന് ആരെക്കാളും നന്നായി അറിയുന്നവനാണല്ലോ നമ്മുടെ നാഥന്‍. അതുകൊണ്ട് തന്നെ നാം നമ്മുടെ നിയ്യത്ത് ന്യായവും പരിശുദ്ധവും ആക്കണം. ആ നിയ്യത്തനുസരിച്ച് മാത്രമേ അല്ലാഹു നമ്മളെ പ്രതിഫലാര്‍ഹാരാക്കുകയുള്ളൂ..
പ്രവാചകന്‍ പറഞ്ഞു : അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ ശരീരങ്ങളിലേക്കോ അല്ല, ഹൃദയങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ് നോക്കുന്നത് (മുസ്ലിം)
ആരെങ്കിലും ഒരു നന്മചെയ്യാന്‍ ഉറപ്പിച്ചാല്‍ അവന് അത് ചെയ്ത പ്രതിഫലമുണ്ട്. അതു ചെയ്താല്‍ 70 മുതല്‍ 700 വരെ മടങ്ങുണ്ടാവുന്നു (ബുഖാരി, മുസ്ലിം)
ഉമറുബ്നു ഖതാബ്(റ)നിന്ന് നിവേദനം : നബി(സ) പറഞ്ഞു : നിയ്യത്തുകള്‍ക്കൊണ്ട് മാത്രമേ കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുകയുള്ളൂ. ഓരോ മനുഷ്യനും ലഭിക്കുക അവനുദ്ദേശിച്ചത് മാത്രമായിരിക്കും. ഒരാള്‍ ഹിജ്’റ(പാലായനം) ചെയ്യുന്നത് അള്ളാഹുവിങ്കലേക്കും അവന്റെ റസൂല്‍(സ)ലിങ്കലേക്കും ആണെങ്കില്‍ അയാളുടെ ഹിജ്’റ അള്ളാഹുവിലേക്കും റസൂലി(സ)ലേക്കും തന്നെ. ഒരാളുടെ ഹിജ്’റ ഐഹികനേട്ടങ്ങള്‍ കരസ്ഥമാക്കാനോ അഥവാ താന്‍ (കാമിക്കുന്ന) സ്ത്രീയെ വിവാഹം കഴിക്കാനോ ആണെങ്കില്‍ അവന്റെ ഹിജ്’റ അവര്‍ ഉദ്ദേശിച്ചതിലേക്കാകുന്നു.(ബുഖാരി,മുസ്ലിം)
നാം നല്ല പ്രവൃത്തികളില്‍ ഏര്‍പെടുന്നതിന് മുന്പ് നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്..
എന്തെങ്കിലും നല്ല പ്രവൃത്തി ചെയ്യാന്‍ ഒരുങ്ങുന്നതിനു മുന്പ് സ്വയം ചോദിക്കുക, എന്തിനു വേണ്ടിയാണ് താന്‍ അത് ചെയ്യുന്നതെന്നും എന്ത് നേടാന്‍ വേണ്ടി ആണെന്നും സ്വയം അറിയുക. സ്വന്തത്തോട് സത്യ സന്ധത പുലര്‍ത്തുക.
നിങ്ങള്‍ നിങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി, നിങ്ങള്ക്ക് എന്തെങ്കിലും നേടുവാനായാണ് നിങ്ങള്‍ ഒരു നല്ല പ്രവൃത്തി ചെയ്യുന്നതെങ്കില്‍ അരുത്! അല്ലാഹുവിനോട് പശ്ചാത്തപിച്ച് മടങ്ങുകയും നിങ്ങളുടെ നിയ്യത്തിനെ ശുദ്ധീകരിക്കുവാന്‍ അവന്റെ സഹായം തേടുകയും ചെയ്യുക.
നിയ്യത്തിനെ അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കും വിധം തിരുത്തുക.
ഹജ്ജോ ഉമ്രയോ അല്ലാത്തപ്പോള്‍ സ്വന്തം ഉദ്ദേശ്യം നാവു കൊണ്ട് ഉച്ചരിക്കാതിരിക്കുക. എല്ലാം മനസ്സില്‍ മാത്രം ഉണ്ടാകെണ്ടാവയാണ്. അവ പറഞ്ഞു നടക്കാന്‍ ഉള്ളതല്ല.
നിങ്ങള്‍ ചെയ്ത നല്ല കാര്യത്തെ നിങ്ങള്‍ക്കും അല്ലാഹുവിനും ഇടയില്‍ ഒരു രഹസ്യമായി സൂക്ഷിക്കുക. ചെയ്ത കാര്യം പറഞ്ഞു നടക്കുന്നത് നല്ല ശീലമേ അല്ല. അല്ലാഹുവിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് , ജനങ്ങളെ തൃപ്തരാക്കാന്‍ വേണ്ടി അല്ല നാം നല്ല പ്രവൃത്തികള്‍ ചെയ്യുന്നത്.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നാം ഇതിന്റെ പ്രാധാന്യത്തെപ്പറ്റി ചിന്തിക്കണം. ഇതു ബന്ധത്തിലും വിശുദ്ധി ഉണ്ടാകണം. ഉദ്ദേശ്യ ശുദ്ധിയും. മാതാപിതാക്കളും ആയുള്ള ബന്ധമാകട്ടെ, ഇണയുമായി ഉള്ള ബന്ധമാകട്ടെ, ആ ബന്ധത്തില്‍ നമ്മുടെ ഓരോ പ്രവൃത്തിയിലും അല്ലാഹുവിന്റെ പ്രീതിക്കായുള്ള തേട്ടം ഉണ്ടാകണം. അപ്പോള്‍ അവിടെ സംഭവിക്കുന്നത് നിസ്വാര്‍ഥമായ അര്‍പ്പണം ആയിരിക്കും. നിങ്ങള്‍ക്കോ നിങ്ങളുടെ മാതാവിനോ പിതാവിനോ ഭാര്യക്കോ ഭര്‍ത്താവിനോ മക്കള്‍ക്കോ വേണ്ടി അല്ല, അവരെക്കാള്‍ ഏറെ പ്രിയപ്പെട്ട അല്ലാഹുവിനു വേണ്ടി ആകും നമ്മുടെ ഓരോ പ്രവൃത്തിയും..
അല്ലാഹു നമ്മുടെ ഓരോ നല്ല പ്രവൃത്തിയും നമ്മുടെ നല്ല നിയ്യത്ത് കണ്ടറിഞ്ഞു പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ… ആമീന്‍…