Home / നീതിന്യായം / ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് മേല്‍ക്കൈ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ ഗുജറാത്ത് ഹൈക്കോടതി. ഛത്തീസ്ഗഢിലെ രായ്‍പൂരിലെ വ്യാപാരിയായ സഫര്‍ അബ്ബാസ് ഫയല്‍ ചെയ്ത ഹരജിയില്‍ വാദം കേള്‍ക്കവെയാണ് ഗുജറാത്ത് ഹൈക്കോടതി ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.

കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് സഫര്‍ അബ്ബാസിന്റെ ആദ്യഭാര്യയായ സജെദ്ബാനു 2001 ല്‍ സ്വവസതിയിലേക്ക് തിരിച്ചുപോയിരുന്നു. 2003 ല്‍ സജെദ്ബാനുവിനെ അറിയിക്കാതെ സഫര്‍ അബ്ബാസ് രണ്ടാമതും വിവാഹിതനായി. തുടര്‍ന്ന് ബഹുഭാര്യത്വം ആരോപിച്ച് ആദ്യഭാര്യ സഫര്‍ അബ്ബാസിനെതിരെ പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു. ആദ്യഭാര്യയുടെ പരാതിയെ തുടര്‍ന്ന് ബഹുഭാര്യത്വത്തിനും സ്ത്രീധനനിരോധനനിയമപ്രകാരവും പൊലീസ് സഫര്‍ അബ്ബാസിനെ കസ്റ്റഡിയിലെടുത്തു. നിയമപരമായി വിവാഹം കഴിച്ച പങ്കാളി ജീവിച്ചിരിക്കെ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 494 വകുപ്പ്  അനുസരിച്ച് കുറ്റകൃത്യമാണ്. ഇതുപ്രകാരമായിരുന്നു പൊലീസ് കേസ്.

എന്നാല്‍ സഫര്‍ അബ്ബാസ് 2010 ല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുസ്‍ലിം വ്യക്തിനിയമം അനുസരിച്ച് പുരുഷന് നാല് വിവാഹം വരെ കഴിക്കാന്‍ അനുവാദമുണ്ടെന്നും അതുകൊണ്ട് തന്റെ രണ്ടാംവിവാഹം ബഹുഭാര്യത്വപരിധിയില്‍പ്പെടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ആദ്യഭാര്യയുടെ സമ്മതം വേണമെന്നും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതിവേണമെന്നും വ്യക്തിനിയമത്തില്‍ പറയുന്നുണ്ടെന്നും തന്റെ കക്ഷിക്ക് അത് ലംഘിക്കപ്പെട്ടെന്നും സജെദ് ബാനുവിന്റെ അഭിഭാഷകന്‍ വാദിച്ചു.

തുടര്‍ന്ന് അമിക്കസ് ക്യൂറിയുടെ സഹായത്തോടെ കോടതി മുസ്‍ലിം വ്യക്തിനിയമത്തെകുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുയായിരുന്നു. ഇസ്‍ലാം പുരുഷന് നാല് വിവാഹം വരെ ചെയ്യാന്‍ അനുമതി നല്‍കുന്നുണ്ടെന്നും പക്ഷേ അവരോട് തുല്യനീതി കാണിക്കണമെന്ന് മതം പറയുന്നുണ്ടെന്നും അമിക്കസ് ക്യൂറിയും വിശദീകരിച്ചു.

”നിയമം ഉണ്ടാക്കുന്ന ദൈവം ഒന്നേയുള്ളൂ.. പക്ഷേ, പിന്നെ എങ്ങനെയാണ് വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നിയമമായതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നായിരുന്നു ജഡ്ജിയുടെ മറുപടി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ജെ ബി പര്‍ദിവാലയാണ് സംശയം ഉയര്‍ത്തിയത്.

എന്നാല്‍ ഇതിനെയും അമിക്കസ് ക്യൂറി ഖണ്ഡിച്ചു. എല്ലാ മതങ്ങളിലും ബഹുഭാര്യത്വം നിലനിന്നിരുന്നുവെന്നും അതിന് നിരവധി ഉദാഹരണങ്ങള്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലും കാണാമെന്നും അമിക്കസ് ക്യൂറി വിശദീകരിച്ചു. എന്നാല്‍ പിന്നീട് മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ അതിനെ നിയന്ത്രിക്കുകയായിരുന്നു… 1955 ലെ ഹിന്ദു മാര്യേജ് ആക്ട് ഇല്ലായിരുന്നുവെങ്കില്‍ ഹിന്ദുക്കളിലും ബഹുഭാര്യത്വം ഉണ്ടാകുമായിരുന്നുവെന്നും അമിക്കസ് ക്യൂറി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷമാദ്യം വ്യക്തിനിയമങ്ങള്‍ പരിഗണിക്കാതെ ബഹുഭാര്യത്വത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം തുല്യനടപടി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മുസ്‍ലിംകളുടെ കാര്യത്തില്‍ വിവേചനം നിലനില്‍ക്കുന്നില്ലെന്നായിരുന്നു അന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചത്.

വാടാനപ്പള്ളിയില്‍ അബ്ദുല്‍ കരീം എന്നയാള്‍ ഒരു വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം നടത്തിയതിനെതിരെ ഭാര്യ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിട്ടില്ലെന്നതാണ് കേരള ഹൈക്കോടതിയിലെ ഹരജിക്ക് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇത്തരം സംഭവങ്ങള്‍ വ്യാപകമാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം എല്ലാ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാക്കണമെന്നുമായിരുന്നു തൃശൂര്‍ ഇരവ് സ്വദേശി വേണുഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലെ ആവശ്യം.

നിയമപരമായി വിവാഹം കഴിച്ച പങ്കാളി ജീവിച്ചിരിക്കെ വിവാഹ മോചനം നേടാതെ വീണ്ടും വിവാഹം ചെയ്യുന്നത് ഏഴ് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കിലും വ്യക്തി നിയമത്തിന്റെ പേരില്‍ ഒന്നിലേറെ വിവാഹം കഴിക്കുന്ന മുസ്ലിം മതവിഭാഗക്കാര്‍ക്ക് നിയമത്തില്‍ ഇളവ് നല്‍കുന്നത് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വേണുഗോപാലിന്റെ ഹരജി. ഇന്ത്യന്‍ ശിക്ഷാനിയമം എല്ലാവര്‍ക്കും ബാധകമാകുന്ന തരത്തിലാണ് നടപ്പാക്കിയിരിക്കുന്നതെങ്കിലും ബഹുഭാര്യത്വം സംബന്ധിച്ച് ഹിന്ദു, മുസ്ലിം വ്യക്തി നിയമങ്ങള്‍ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് വ്യക്തമാക്കുന്നതെന്നും കേരള ഹൈകോടതി ചൂണ്ടിക്കാട്ടി. മുസ്ലിം സമുദായാംഗത്തിന്റെ കാര്യത്തില്‍ അഞ്ചാം വിവാഹത്തോടെ മാത്രമേ ശിക്ഷാ നടപടിക്ക് സാധ്യതയുണ്ടാകൂവെന്ന വിലയിരുത്തലാണ് സുപ്രീം കോടതി നടത്തിയിട്ടുള്ളതെന്നും ഹൈകോടതി വ്യക്തമാക്കി.

Check Also

തലാഖ് പോലെ, വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടോ?

ഇസ്ലാം വ്യക്തി നിയമത്തിൽ, ഭർത്താവിന് കോടതിക്കു പുറത്തുള്ള / ബാഹ്യമായ (Extra Judicial) വിവാഹ മോചനം സാധ്യമാണ്. തലാഖ് എന്നറിയപ്പെടുന്ന …