നികാഹ്, വലീമത് എന്നിവക്കുള്ളതുപോലെ മഹ്‌റ് ഏല്‍പ്പിക്കേണ്ടത് ഇന്നിന്ന രൂപത്തിലായിരിക്കണം എന്നൊരു നിര്‍ദ്ദേശം ശരീഅത്തില്‍ കാണപ്പെടുന്നില്ല. കൈയില്‍ കൊടുക്കേണ്ടത് (പണം) കെട്ടി കൊടുക്കേണ്ടത് (ആഭരണം) ധരിപ്പിച്ചു കൊടുക്കേണ്ടത് (വസ്ത്രം, ചെരിപ്പ്), പഠിപ്പിച്ചു കൊടുക്കേണ്ടത് (ഖുര്‍ആന്‍), വേല ചെയ്ത് കൊടുക്കേണ്ടത് നിശ്ചിതകാലം, ഇങ്ങിനെ വിവിധങ്ങളായിട്ടാണല്ലോ മഹ്‌റ് . വരന് ഇഷ്ടപ്പെട്ട രൂപത്തില്‍ വധുവിന് അത് ഏല്‍പ്പിക്കാവുന്നതും അവളെ അത് അനുഭവിപ്പിക്കാവുന്നതുമാണ്. ”മഹ്‌റ് ഭാര്യക്കാണ് കൊടുക്കേണ്ടത്. ഖുര്‍ആന്‍ മഹ്‌റിനെ അവളിലേക്ക് ചേര്‍ത്തിപ്പറഞ്ഞതിനാല്‍ അതവള്‍ക്ക് അവകാശപ്പെട്ടതുമാണ്”. (തഫ്‌സീറു കരീമിര്‍റഹ്മാന്‍ പേജ് 164).
വരന്‍ മഹ്‌റ് കെട്ടിക്കൊടുക്കുന്നത് താലികെട്ടുന്നതിന് തുല്യമാകുമെന്ന് ഭയപ്പെടുന്നവര്‍ മഹ്‌റ് തന്നെ താലിയോട് സാദൃശ്യമാകുന്നതിനെയും ഭയപ്പെടേണ്ടിവരും. ഫലത്തില്‍ മഹ്‌റ് വേണ്ടെന്ന് വാദിക്കുന്നേടത്തെത്തും. ഏതെങ്കിലും മതസ്ഥര്‍ താടിവളര്‍ത്തുന്നതിനോട് സാദൃശ്യമാകുമെന്ന് കരുതി മുസ്ലിങ്ങള്‍ക്ക് താടി വളര്‍ത്താതിരിക്കാന്‍ പറ്റില്ലല്ലോ. വിവാഹ വേദിയില്‍ വധുവിനെ പ്രദര്‍ശിപ്പിക്കുന്നത് മഹ്‌റ് ധരിപ്പിക്കുന്നതിനു വേണ്ടിയായാലും അല്ലെങ്കിലും മറ്റു മതാചാരങ്ങളോട് സാദൃശ്യമായാലും ഇല്ലെങ്കിലും അത് ഇസ്ലാമിന്റെ സംസ്‌കാരമല്ല. ”നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയിരിക്കുകയും ചെയ്യുക. ആദ്യത്തെ ജാഹിലിയ്യത്തിന്റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യരുത്” (ഖുര്‍ആന്‍ – അഹ്‌സാബ് 33).