Home / ചോദ്യോത്തരങ്ങൾ / ചടങ്ങ് നിൽക്കൽ / ചടങ്ങ് നില്‍ക്കുക എന്ന് പറഞ്ഞാല്‍ എന്താണ്?

ചടങ്ങ് നില്‍ക്കുക എന്ന് പറഞ്ഞാല്‍ എന്താണ്?

ഭാര്യയെ മൂന്നു ത്വലാഖും ചൊല്ലി പിരിച്ചയച്ച ഏതൊരാള്‍ക്കും അവളെ വീണ്ടും വിവാഹം ചെയ്യണമെന്നുണ്ടെങ്കില്‍ ത്വലാഖിന്റെ ഇദ്ദ: (മൂന്ന് ശുദ്ധികാലം) കഴിഞ്ഞ് മറ്റൊരാള്‍ വിവാഹം ചെയ്ത് സ്വഭാവികമായി ത്വലാഖ് നടന്ന് അതിന്റെ ഇദ്ദ കഴിഞ്ഞാല്‍ അവള്‍ തൃപ്തയാണെങ്കില്‍ ആദ്യ ഭര്‍ത്താവിന് അവളെ തിരിച്ചെടുക്കാന്‍ ഇസ്ലാം അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ , മേല്‍ പറഞ്ഞ നടപടി ക്രമങ്ങള്‍ മറികടക്കുന്നതിന് വേണ്ടി മറ്റൊരാളെക്കൊണ്ട് അവളെ വിവാഹം ചെയ്യിപ്പിക്കുകയും പേരിന് മാത്രം വീട്കൂടി ഉടനെ മൂന്ന് ത്വലാഖ് ഒന്നിച്ച് വാങ്ങുകയും ചെയ്യുന്ന ഏര്‍പ്പാടിനാണ് ചടങ്ങ് നില്‍ക്കല്‍ എന്ന് പറയുന്നത്.

ഇബ്‌നു മസ് ഊദില്‍ നിന്ന്: ചടങ്ങ് നില്‍ക്കുന്നവനെയും ആര്‍ക്ക് വേണ്ടി ചടങ്ങ് നില്‍ക്കുന്നുവോ അവനെയും നബി(സ) ശപിച്ചിരിക്കുന്നു (അഹ്മദ്, നസാഈ, തുര്‍മുദി 1119 അബുദാവുദ്-2076, ഇബ്‌നുമാജ 1934-35-36). ഉഖ്ബത്തുബ്‌നു ആമിറില്‍ നിന്ന്, നബി(സ) ചോദിച്ചു. വാടകക്കെടുക്കുന്ന കൊറ്റനാടിനെകുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരട്ടെയോ? അതെ, ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും. അവനാണ് ചടങ്ങ് നില്‍ക്കുന്നവന്‍, അവനെയും ആര്‍ക്കു വേണ്ടിയാണോ അത് ചെയ്യുന്നത് അവനെയും അല്ലാഹു (ത) ശപിച്ചിരിക്കുന്നു (ഇബ്‌നുമാജ, നൈലുല്‍ അൗതാര്‍ 6:275).

ചടങ്ങിന് വേണ്ടി വിവാഹം ചെയ്തവന്‍ അവളെ വിട്ട് കൊടുത്തില്ലെങ്കിലോ?
മേല്‍ പറഞ്ഞതും അല്ലാത്തതുമായ തെളിവുകള്‍ ചര്‍ച്ച ചെയ്ത് കൊണ്ട് ഹാഫിള് ഇബ്‌നുഹജര്‍ തല്‍ഖീസ് എന്ന ഗ്രന്ഥത്തില്‍ പറഞ്ഞത് ഈ രീതിയില്‍ നടന്ന നികാഹ് നില നില്‍ക്കത്തക്കതല്ല. കാരണം വിവാഹം ചെയ്താല്‍ ത്വലാഖ് ചൊല്ലുമെന്നും അവളില്‍ നിന്ന് വേറിട്ട് പോകുമെന്നും മുന്‍കൂട്ടി നിബന്ധനവെച്ചുകൊണ്ടുള്ള വിവാഹമാണത്. (നൈലുല്‍ അൗതാര്‍ 6:272). അപ്പോള്‍ അവളെ അയാള്‍ വിവാഹം ചെയ്തിട്ടില്ലാത്ത പോലെ ആയല്ലോ. അത് കൊണ്ട് തന്നെ അവള്‍ രണ്ടാമത്തെ ആള്‍ക്കും നിഷിദ്ധമായിത്തീരുമെന്ന് പറയേണ്ടതില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച വി:ഖുര്‍ആനിന്റെ ഒട്ടേറെ നിയമങ്ങളേയും ചട്ടങ്ങളേയും കാറ്റില്‍ പറത്തുന്ന ഇത്തരം തന്ത്രങ്ങള്‍ മെനയുന്നത് നാം വളരെ ഗൗരവമായി കാണേണ്ടിയിരിക്കുന്നു.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …