ഇണകളോട്…(ഹൃദയ ചിന്തകള്‍ സീരീസ് -2)

 120.00

പ്രിയ ഇണകളേ….. ജീവിതം ഒരു മഹാ സൗഭാഗ്യമാണ്. പ്രത്യേകിച്ച് വൈവാഹിക ജീവിതം. പക്ഷേ, ആ സൗഭാഗ്യം നിങ്ങള്‍ക്ക് തിരിച്ചറിയണമെങ്കില്‍ നിങ്ങളുടെ ഹൃദയത്തിലേക്കിറങ്ങേണ്ടതുണ്ട്. കലപിലകളും കണക്ക് കൂട്ടലുകളും കുതന്ത്രങ്ങളുമൊക്കെ മാത്രം അറിയുന്ന തലയില്‍ നിന്നും നിങ്ങള്‍ സ്നേഹവും കാരുണ്യവും ശാന്തിയും സമാധാനവും മാത്രം നിറഞ്ഞ ഹൃദയത്തിലേക്കെത്തുമ്പോള്‍ വൈവാഹിക ജീവിതം ഒരു മഹാ സൗഭാഗ്യം തന്നെയെന്ന് നിങ്ങള്‍ക്ക് അനുഭവതലത്തില്‍ ബോധ്യപ്പെടും. ഹൃദയത്തിലേക്കിറങ്ങാനുള്ള ഒരു മഹാനിധിയാണ് നിങ്ങളുടെ കൈയ്യിലുള്ള ഈ പുസ്തകം.
Author : Adv.Mueenuddeen

98 in stock

Description

പ്രിയ ഇണകളേ….

നിങ്ങളുടെ ഹൃദയം തുറക്കുവാനുള്ള ഒന്നാംതരം ഔഷധമാണീ പുസ്തകം. നിങ്ങളുടെ ഹൃദയം തുറക്കപ്പെട്ടുകഴിഞ്ഞാല്‍, അത്ഭുതങ്ങളുടെ ആ മഹാനിധി തുറക്കപ്പെട്ടു കഴിഞ്ഞാല്‍…. ആ നിമിഷം നിങ്ങള്‍ അറിയും, അതിനകത്ത് നിറച്ചും സ്നേഹമാണ് എന്ന്….. അതിനകത്ത് മുഴുവനും കാരുണ്യമാണ് എന്ന്. ആ തിരിച്ചറിവ് നിങ്ങളില്‍ സംഭവിച്ചുകഴിഞ്ഞാല്‍ കാരുണ്യവും സ്നേഹവും നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും. സ്നേഹവും കാരുണ്യവും കണ്‍കുളിര്‍മയുമൊക്കെ നിങ്ങള്‍ അനുഭവിച്ചുകഴിഞ്ഞാല്‍, ഒരു ഗര്‍ഭിണിക്ക് തന്റെ വയറ്റില്‍ ഒരു കുഞ്ഞ് വളരുന്നുണ്ട് എന്ന്‍ വിശ്വസിക്കാന്‍ ഒരു ശാസ്ത്രീയ തെളിവും ആവശ്യമില്ലാത്തതുപോലെ സ്നേഹവും കാരുണ്യവും സമാധാനവും ശാന്തിയും കണ്‍കുളിര്‍മയുമൊക്കെ നിങ്ങളുടെ അനുഭവമായിത്തീരും. അവ നിങ്ങളുടെ അനുഭവമായി തീര്‍ന്നാല്‍ കടമകളും ബാധ്യതകളുമൊക്കെ താനെ വന്നുകൊള്ളും. നിങ്ങള്‍ക്ക് നിങ്ങളുടെ നിഴലിനെ ഒഴിവാക്കാന്‍ സാധിക്കാത്തതുപോലെ സ്നേഹത്തിനും കാരുണ്യത്തിനും അവയുടെ നിഴലായ കടമകളെയും ബാധ്യതകളെയും ഒഴിവാക്കുക സാധ്യമല്ല. എന്നാല്‍, ഈ കടമകളും ബാധ്യതകളുമൊക്കെ നിങ്ങളുടെ ഇണയില്‍ നിങ്ങള്‍ കെട്ടിവെക്കുകയാണെങ്കിലോ? ജീവിതം അങ്ങേയറ്റം ദുഃസ്സഹമായിരിക്കും. അതിനാല്‍ അത്ഭുതങ്ങളുടെ കലവറയായ, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രഭവ കേന്ദ്രമായ ഹൃദയത്തെ തുറന്നുവിടുക. അതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.

ഹൃദയം തുറക്കുന്നതിനുള്ള നിരവധി ഉളിപ്രയോഗങ്ങളാണീ പുസ്തകം. ഒരു ആശാരി തനിക്ക് ആവശ്യമായ ഒരു രൂപം ഉണ്ടാക്കിയെടുക്കുന്നതിനായി നിരവധി തവണ മരത്തില്‍ ഉളി പ്രയോഗം നടത്തുന്നു. എത്ര തവണ എന്നുള്ളതല്ല വിഷയം. ഉദ്ദേശിച്ച ലക്ഷ്യം കണ്ടോ എന്നതാണ് ആശാരിക്ക്‌ വിഷയമായിട്ടുള്ളത്. ഈ പുസ്തകം അപ്രകാരം തന്നെയാണ്. ഹൃദയത്തിനു ചുറ്റുമുള്ള ചെളികള്‍ നീങ്ങിക്കിട്ടുന്നതിനുള്ള ഉളിപ്രയോഗങ്ങളാണ് വാക്കുകളിലൂടെ നിങ്ങളിലേക്ക് എത്തുന്നത്. തീര്‍ച്ചയായും ആവര്‍ത്തിച്ചുള്ള മുട്ടലുകളും തട്ടലുകളും നിങ്ങള്‍ കാണും, അനുഭവിക്കും. ഓരോ മുട്ടലും നിങ്ങളുടെ ഹൃദയത്തെ തുറക്കുന്നതിനുള്ളതാണ്. ആ ഹൃദയം തുറന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്കു വേണ്ടതെല്ലാം അതിനകത്തുണ്ട് എന്ന്‍ നിങ്ങള്‍ കണ്ടെത്തുക തന്നെ ചെയ്യും. “വ ജഅല ബൈനക്കും മവദ്ദത്തന്‍ വറഹ്മ” എന്ന്‍ സ്രഷ്ടാവ് പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടില്ലേ? നിങ്ങള്‍ക്കിടയില്‍ സ്നേഹത്തെയും കാരുണ്യത്തെയും ആക്കിയിരിക്കുന്നുവെന്ന്.

അതെ പ്രിയ ഇണകളെ, ആ സ്നേഹവും കാരുണ്യവും എങ്ങും പോയിട്ടില്ല. നിങ്ങള്‍ക്കകത്തുള്ള നിങ്ങളുടെ ഹൃദയത്തിനകത്തു തന്നെ അവ ഉണ്ട്. ആ ഹൃദയത്തെ നിങ്ങള്‍ തുറന്ന് വിടുമ്പോള്‍ അവ പുറത്ത് വന്നുകൊള്ളും. എങ്കില്‍ വായിച്ചുകൊള്ളുക.. ഓരോ ഹൃദയ ചിന്തകളും ഹൃദയം കൊണ്ടുമാത്രം വായിച്ചുകൊള്ളുക… നിങ്ങളുടെ ഹൃദയം തുറക്കുകതന്നെ ചെയ്യും. ആയിരം വസന്തങ്ങളുള്ള ആ ഹൃദയം തുറന്നു കഴിഞ്ഞാല്‍ വൈവാഹിക ജീവിതം അഡ്ജസ്റ്റുമെന്റല്ല, ആനന്ദമാണ് എന്ന്‍ നിങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും…. എങ്കില്‍ തുടങ്ങിക്കൊള്ളൂ…..