ദു:ഖങ്ങളില്ലാത്ത ജീവിതം

 100.00

ദു:ഖങ്ങള്‍ കുമിഞ്ഞുകൂടിയ മനസ്സുമായാണ് ആധുനിക മനുഷ്യന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. നീറുന്ന മനസ്സിനെ ശാന്തമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്? ആന്തരിക ശാന്തിയും സമാധാനവും നേടുകയെന്നത് ആധുനിക യുഗത്തില്‍ സാധ്യമാണോ? എന്നീ സംശയങ്ങള്‍നിങ്ങളുടെ മനസ്സില്‍ ഉയരുന്നുവെങ്കില്‍ തീര്‍ച്ചയാ-യും ഈ പുസ്തകം വായിക്കുക. എത്ര വലിയ ദുരന്തങ്ങല്‍ക്കിടയിലും കഷ്ട്ടപ്പാടുകള്‍കിടയിലും പ്രയാസങ്ങള്‍ക്കി-ടയിലും ദു:ഖങ്ങളാല്‍ മനസ്സ് വീര്‍പ്പുമുട്ടാതെ ശാന്തമായ ജീവിതം നയിക്കാനുള്ള വഴികള്‍ ഈ പുസ്തകം നിങ്ങള്ക്ക് വരച്ചു കാണിക്കുന്നു.
Author : Adv.Mueenuddeen

97 in stock

Description

ദു:ഖങ്ങളും മനോവ്യഥകളുമായി നീറിപൊട്ടിയ മനുഷ്യനെ വീണ്ടും പിഴിഞ്ഞുകൊണ്ട് മുതലെടുത്ത്‌ അവരുടെ കാശ് തങ്ങളുടെ പോക്കറ്റിലെത്തിക്കുവാനാണ് സിനിമ, സീരിയല്‍ തുടങ്ങിയ എന്റര്‍ടൈന്‍മെന്‍റ് മീഡിയകള്‍ക്കു പിന്നിലുള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദു:ഖങ്ങളും മനപ്രയാസങ്ങളും നിറഞ്ഞ സമൂഹത്തിന് ഇതേ ദു:ഖങ്ങളും മനപ്രയാസങ്ങളും കണ്ണീരും നിറഞ്ഞ സീരിയലുകളും സിനിമകളും നിര്‍മിച്ചു നല്‍കുന്നു. കൈക്ക് ഒരു മുറിവ് സംഭവിക്കുമ്പോള്‍ അത് അമര്‍ത്തിപ്പിടിക്കുന്ന സമയത്ത് താല്‍ക്കാലികമായി രക്തം ഒഴുകുന്നത് നില്‍ക്കും പോലെയാണിത്‌. മുറിവില്‍ നിന്നും കൈ എടുത്താല്‍ വീണ്ടും രക്തം ഒഴുക്കുന്നു. ഇതേ പ്രകാരം തന്നെ ഇത്തരം എന്റര്‍ടൈന്‍മെന്‍റുകള്‍ കാണുമ്പോള്‍, അവയിലെ കഥാപാത്രങ്ങളുടെ കൂടെ കരയുമ്പോള്‍, ചിരിക്കുമ്പോള്‍ താല്‍കാലികമായി സ്വന്തം പ്രശ്നങ്ങളെ മറക്കുന്നുവെങ്കില്‍ എല്ലാം കഴിയുമ്പോഴേക്കും ദു:ഖരംഗങ്ങളും കരച്ചിലും പ്രതികാരദാഹവുമൊക്കെ കണ്ട തനിക്ക് തന്‍റെ ദു:ഖങ്ങളും ആധിയുമൊക്കെ പൂര്‍വാധികം അധികരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സ്വാധീനത്തെ കുറിച്ച് പഠിച്ച ശാസ്ത്രകാരന്മാരും ഈ വസ്തുത സ്ഥിരീകരിക്കുന്നു.

താല്‍കാലികമായ ഈ കൃത്രിമ വിനോദങ്ങളിലൊന്നും മനുഷ്യന് ഒട്ടും സംതൃപ്തി കിട്ടുന്നില്ല എന്നതിന്‍റെ തെളിവു തന്നെയല്ലെ ഇവിടെ നടക്കുന്ന കൂട്ട ആത്മഹത്യകള്‍? കുടുംബ ആത്മഹത്യകള്‍ നടത്തിയവരുടെ വീടും ജീവിതരീതിയും നിലപാടുകളും സാമ്പത്തിക അവസ്ഥകളുമൊക്കെ ഒന്നു പരിശോദിച്ചു നോക്കൂ. അവര്‍ക്ക് ഒന്നാംതരം വീടുകള്‍ ഉണ്ടായിരുന്നു. ടീവിയും ഫ്രിഡ്ജും മുതല്‍ ആധുനികമായ എല്ലാ സൗകര്യങ്ങളും അവരുടെ വീടുകളില്‍ ഉണ്ടായിരുന്നു. അവര്‍ കുടുംബസമേതം സിനിമക്ക് പോകുന്നവരായിരുന്നു. അവര്‍ സീരിയല്‍ കാണുമായിരുന്നു. പിന്നെയെന്തെ അവര്‍ക്ക് സംഭവിച്ചത്? അപ്പോള്‍ ഈ കൃത്രിമ വിനോദങ്ങള്‍ക്കോ, സുഖഭോഗങ്ങല്‍ക്കോ, സൗകാര്യങ്ങള്‍ക്കോ, സമ്പത്തിനോ ഒന്നും മനുഷ്യന് ദുഃഖരഹിതമായ ഈ ജീവിതം നല്‍കുവാന്‍ സാധ്യമല്ല എന്നര്‍ഥം.
ആര്‍ഢൃതകള്‍ക്കും ആക്രോശങ്ങള്‍ക്കും ആഢംബരങ്ങള്‍ക്കും ആള്‍ക്കാര്‍ക്കിടയിലുള്ള പ്രശസ്തിക്കും ആരവങ്ങളും കൃത്രിമങ്ങളും നിറഞ്ഞ വിനോദങ്ങള്‍ക്കുമൊന്നും തന്നെ മനുഷ്യന് ശാന്തിയും സമാധാനവും നല്‍കുവാന്‍ സാധ്യമല്ല എന്നതിന്‍റെ ഒന്നാംതരം ഉദാഹരണമാണ് പ്രശസ്ത ഹോളിവുഡ് നടി മെര്‍ലിന്‍റെ ആത്മഹത്യ. കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ഹോളിവുഡിലെ അന്നത്തെ ലോകപ്രശസ്ത നടിയായിരുന്നു മെര്‍ലിന്‍. ലക്ഷക്കണക്കിന് അമേരിക്കന്‍ ഡോളര്‍ ഒരേയൊരു സിനിമയ്ക്ക് പ്രതിഫലം പറ്റിയിരുന്ന അവര്‍ കോടിക്കണക്കിന് ഡോളറിന്‍റെ ഉടമയായിരുന്നു. ജീവിതത്തിലെ എല്ലാവിധ സുഖങ്ങളും ഒപ്പം ലോകപ്രശസ്തിയും ഉണ്ടായിരുന്നിട്ടും മെര്‍ലിന്‍ തന്‍റെ ജീവിതം അല്‍പം ഉറക്ക ഗുളികയിലൂടെ അവസാനിപ്പിക്കുകയാണുണ്ടായത്. ഇത്രമാത്രം സ്വത്തും പ്രശസ്തിയുമുണ്ടായിരുന്ന മെര്‍ലിന്‍ തന്‍റെ ദു:ഖങ്ങളെയും സ്വകാര്യവ്യഥകളെയും മനപ്രയാസങ്ങളെയും ഹൃദയത്തിന്‍റെ അശാന്തിയും തടഞ്ഞു നിര്‍ത്താനാവാതെ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു.

ഈ അവസ്ഥയുടെ ഇന്ത്യന്‍ പതിപ്പാണ്‌ ഇവിടുത്തെ സിനിമ രംഗത്ത് ഒരു കാലത്ത് തിളങ്ങി നിന്ന സില്‍ക്ക്സ്മിത എന്ന സ്ത്രീയുടെ ആത്മഹത്യ. പണവും പ്രശസ്തിയും എല്ലാമുണ്ടായിരുന്ന സ്മിത തന്‍റെ വസതിയില്‍ ഒരു തുണ്ടം കയറില്‍ ജീവനൊടുക്കുന്നതിന്‍റെ അല്‍പ ദിവസങ്ങള്‍ക്കു മുമ്പ് ഒരു വാരികയുമായി നടത്തിയ അഭിമുഖത്തില്‍ ‘എന്‍റെ ജീവിതത്തില്‍ എന്നെ സ്നേഹിക്കാന്‍ ആരുമില്ല, ആരുമുണ്ടായിരുന്നില്ല; എന്‍റെ വേലക്കാരനും എന്‍റെ വളര്‍ത്തുനായയുമാല്ലാതെ..’ എന്നായിരുന്നു പറഞ്ഞത്. ഒരു നിമിഷം നാം ഇവിടെ ആലോചിക്കെണ്ടുന്ന വസ്തുതയുണ്ട്. സ്മിത എന്ന ഈ നടി കേരളത്തിലെ ഏതേതു പട്ടണത്തില്‍ വന്നാലും അവരില്‍ നിന്നും ഓട്ടോഗ്രാഫി എഴുതി കിട്ടുന്നതിനായി പതിനായിരക്കണക്കിന് ആളുകള്‍ പ്രത്യേകിച്ച് യുവാക്കള്‍ മുന്നോട്ടു വരുമായിരുന്നില്ലേ? ആ സ്ത്രീയോടുള്ള അങ്ങേയറ്റത്തെ ആവേശവും ‘സ്നേഹ’വും കൊണ്ടല്ലേ ജനങ്ങള്‍ ഓട്ടോഗ്രാഫ് കിട്ടുവാന്‍ തിങ്ങിക്കൂടി ബഹളം വെക്കുന്നത്? ഇത് കേരളത്തിലെയും അവര്‍ അഭിനയിച്ച മറ്റു ഭാഷ ഉള്‍കൊള്ളുന്ന സംസ്ഥാനത്തിലേയും ഏതൊരു നഗരത്തിലും സംഭവിക്കുന്നതാണെങ്കില്‍, എന്നെ സ്നേഹിക്കാന്‍ ആരുമില്ല എന്നു പറഞ്ഞതിന്‍റെ അര്‍ഥമെന്താണ്? ഇത്രമാത്രം പേരും പ്രശസ്തിയും പണവുമുണ്ടായിട്ടും തന്‍റെ ദുഃഖങ്ങളും പ്രയാസങ്ങളും നിരാശകളും മാറ്റിനിര്‍ത്തികൊണ്ട് ജീവിതം മുന്നോട്ടു നയിക്കുവാന്‍ സാധിക്കുവാന്‍ പറ്റാതെ തന്‍റെ വസതിയില്‍ ഒരു തുണ്ടം കയറില്‍ അവര്‍ തന്‍റെ ജീവന്‍ ഒടുക്കാനുള്ള കാരണമെന്താണ്?

ചിന്തിക്കുവാനും ആലോചിക്കുവാനുമുള്ള നിമിഷങ്ങളാണ് ഇത്തരം സംഭവങ്ങളും യാഥാര്‍ഥൃങ്ങളും നമുക്ക് നല്‍കുന്നത്. സിനിമ സീരിയല്‍ മുതലായ എന്റര്‍ടൈന്‍മെന്‍റ് മീഡിയകള്‍ക്ക് പിന്നിലുള്ളവര്‍ പലപ്പോഴായി വാദിക്കുന്നത് അവര്‍ അത്തരത്തിലുള്ള വിനോദങ്ങള്‍ നിര്‍മിച്ച് സമൂഹങ്ങളിലെത്തിക്കുന്നത് സമൂഹത്തിന് ജീവിതഭാരങ്ങള്‍ക്കിടയില്‍ ഇത്തിരി ആനന്ദവും ആശ്വാസവും സന്തോഷവും നല്‍കാനാണ് എന്നാണ്. എന്നാല്‍ ഈ മീഡിയകളില്‍ പ്രവര്‍ത്തിച്ച്‌ അഭിനയിച്ചുകൊണ്ടും മറ്റും ജനങ്ങളെ ‘സന്തോഷിപ്പിച്ച’ അവരുടെ ദു:ഖങ്ങള്‍ മാറ്റാന്‍ ശ്രമിച്ച പണവും പ്രശസ്തിയും ആര്‍ഢൃതയമുള്ള ഇവര്‍കെന്തേ ഇവരുടെ ദുഃഖങ്ങള്‍ തന്നെ മാറ്റാന്‍ കഴിഞ്ഞില്ല എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു. ഞാന്‍ മുകളിലുദ്ധരിച്ച രണ്ടു പേര്‍ക്കു പുറമെ എത്രയെത്ര പേരാണ് ഈ രംഗത്തു നിന്നും ആത്മഹത്യയില്‍ അഭയം പ്രാപിച്ചത്. ഇവര്‍ക്കുതന്നെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത എത്തിപെടാന്‍ പറ്റാത്ത ദുഃഖരഹിതമായ അവസ്ഥ കൃത്രിമത്വത്തിലൂടെ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ സാധിക്കുകയില്ല എന്നതിന്‍റെ തെളിവാണ് ഇത്തരം വിനോദങ്ങള്‍ കാണുന്ന കുടുംബങ്ങളുടെ കൂട്ട ആത്മഹത്യകള്‍.

അപ്പോള്‍ ദു:ഖങ്ങളും ആധികളും പ്രയാസങ്ങളും അശാന്തിയും ഇല്ലാതാക്കാന്‍ നിര്‍മിക്കുന്ന എന്റര്‍ടൈന്‍മെന്‍റ് മീഡിയകള്‍ക്കോ അത് കാണുന്നവര്‍ക്കോ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ദുഃഖരഹിതമായ ഒരു ജീവിതം, അശാന്തിയും അസംതൃപ്തിയുമില്ലാത്ത ഒരു മനസ് സംജാതമാക്കുവാന്‍ സാധ്യമല്ലെങ്കില്‍ പിന്നെ ആര്‍ക്കാണിത് നല്‍കുവാന്‍ സാധിക്കുക? എങ്ങനെയാണ് അത് കരസ്ഥമാക്കുക? എല്ലാവര്‍ക്കും ശാന്തിയും സമാധാനവും വേണമെന്നതില്‍ സംശയമില്ല. പക്ഷെ, മാര്‍ഗങ്ങള്‍ എന്ത് എന്നതാണ് വിഷയം.

മന:ശാന്തിയും സംതൃപ്തിയും ലഭിക്കുവാന്‍ കൂണ്‍ കണക്കെ മുളച്ചു പൊന്തി വരുന്ന മനുഷ്യദൈവങ്ങളുടെ കാല്‍കീഴില്‍ അഭയം തേടുന്നവരെ കാണാം. യഥാര്‍ഥത്തില്‍ അവര്‍ക്ക് ശാന്തി ലഭിക്കുന്നുണ്ടോ? ദു:ഖങ്ങളില്ലാത്ത ജീവിതം നയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടോ? ഇല്ല എന്നതു തന്നെയാണ് യാഥാര്‍ഥൃം; അവര്‍ എന്തു വാദിച്ചാലും ശരി. മനുഷ്യരുടെ തികഞ്ഞ അശാന്തിയും ദു:ഖങ്ങളുടെ ആഴവുമാണ് ആര്‍ട്ട് ഓഫ് ലിവിങ്ങിനും അമ്മമാര്‍ക്കും ബാബമാര്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കുമൊക്കെ ജനത്തെ അധികമായി കിട്ടാനുള്ള കാരണം. ദു:ഖങ്ങളകറ്റാന്‍ നടത്തപ്പെടുന്ന ധ്യാനകെന്ദ്രങ്ങളിലെയും മറ്റും ദുരൂഹമരണങ്ങളെ കുറിച്ചും മറ്റു അരുതായ്മകളെകുറിച്ചും അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ് നമ്മുടെ നിയമപാലകരും അന്വേഷണ ഏജന്‍സികളുമൊക്കെ. ഇത്തരം കേന്ദ്രങ്ങള്‍ ദുഃഖങ്ങള്‍ക്ക് അറുതി വരുത്തുന്നവയാണോ അതല്ല കൂടുതല്‍ ദു:ഖങ്ങളും ജീവിത ഭാരങ്ങളും ദുരൂഹതകളും മനസ്സില്‍ കുത്തി നിറക്കാന്‍ പ്രേരകമാകുന്നവയാണോ എന്ന് ഇത്തരം സംഭവങ്ങളുടെ പിന്നിലുള്ള യാഥാര്‍ഥൃങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍ മനസ്സിലാകും. തനിക്ക് സമാധാനം നല്‍കുമെന്ന് വിശ്വസിച്ച് ജന്മനാടായ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ പുട്ടപര്‍ത്തിയിലെത്തി ധ്യാനം കൂടിയ പല ഇംഗ്ലീഷുകാരെയും അവിടുത്തെ ബാബ സ്വവര്ഗരതിക്ക് അടിമപ്പെടുത്തി മാനസികമായി വേദനയനുഭവിച്ച പലരുടെയും കഥ അവരുടെ നേര്‍ക്കുനേരെയുള്ള ഇന്‍്റര്‍വ്യൂ അടക്കം അല്‍പം വര്‍ഷങ്ങള്‍ക്കു മുമ്പ് ‘ഇന്ത്യാ ടുഡെ’ റിപ്പോര്‍ട്ട് ചെയ്തിരിന്നു. വളരെ നീചവും നികൃഷ്ടവുമായ രീതിയില്‍ ലൈംഗികത വൈകൃതങ്ങള്‍ക്ക് അടിമപ്പെടുത്തപെട്ട ഇവര്‍ക്ക് ലഭിച്ചത് എന്താണ്? ‘സമാധാന കേന്ദ്രം’, ശാന്തി ഭവനം’ എന്നൊക്കെയാണ് ഇത്തരം ആള്‍ ദൈവങ്ങല്‍ പരസ്യപ്പെടുത്തുന്നതെങ്കിലും പലപ്പോഴും അവിടങ്ങളില്‍ നിന്നും ലഭിക്കുന്നത് നേര്‍വിപരീതമായ അവസ്ഥകളാണ് എന്ന് പല സംഭവങ്ങളും തെളിയിക്കുന്നു. ദുഃഖരഹിതമായ ജീവിതം ലഭിക്കാന്‍ മനസ്സ് ശാന്തസുന്ദരമായി മാറാന്‍, അസംതൃപതിയും അസമാധാനവും ഓടിയകലാന്‍, ആധികളെ ആട്ടിയകറ്റാനൊക്കെയുള്ള മാര്‍ഗങ്ങളെന്താണ്? ഇവയ്ക്ക് മാര്‍ഗങ്ങളില്ലേ?

തീര്‍ച്ചയായും ഇവയ്ക്ക് കൃത്യവും അകൃത്രിമവും പ്രായോഗികവും സരളവുമായ മാര്‍ഗങ്ങളുണ്ട്. ആ മാര്‍ഗങ്ങള്‍ വരച്ചു കാണിക്കാനാണ് ഈ പുസ്തകം. ജീവിതത്തിലെ ഏത് പ്രതിസന്ധി വേളയിലും ഏതേത് പരീക്ഷണ ഘട്ടങ്ങളിലും മനസ്സ് പതറാതെ നിരാശപ്പെടാതെ അതിനെ സന്തോഷകരവും കുളിര്‍മ നിറഞ്ഞതുമാക്കനുമുള്ള വഴികള്‍ എന്തൊക്കെയാണ് ഈ പുസ്തകം നിങ്ങള്‍ക്കു നിങ്ങള്‍ക്ക് വിശദീകരിച്ചു തരുന്നു. ആധുനിക ജീവിത പ്രതിസന്ധികളുടെ അതിപ്രസരത്താല്‍ നീറുന്ന മനസിനെ ശാന്തമാക്കാനുള്ള മാര്‍ഗങ്ങള്‍ കാണിച്ചുതരുന്ന റോഡു മാപ്പാണിത്. ഈ വഴിയിലൂടെ നിങ്ങള്‍സഞ്ചരിച്ചാല്‍ ദു:ഖങ്ങളും ദുരിതങ്ങളുമില്ലാത്ത ഒരു ജീവിതം കരസ്ഥമാക്കുവാന്‍ നിഷ് പ്രയാസം നിങ്ങള്‍ക്കു സാധിക്കും.

അദ്ധ്യായങ്ങള്‍

1. സ്നേഹനിധിയായ നാഥന്‍

2. ദുരന്തങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും രക്ഷനല്കുന്നതാര്?

3. അല്ലാഹുവില്‍ അഭയം പ്രാപിച്ചാല്‍

4. എന്നെന്നും അവശേഷിക്കുന്ന ഐശ്വര്യങ്ങള്‍

5. ആധിയില്ലാത്ത ജീവിതം നയിക്കാന്‍ അനുഗ്രഹദാതാവിന് നന്ദി കാണിക്കുക

6. ദു:ഖരഹിതമായ മനസ്സ് ലഭിക്കുവാന്‍

7. നിരാശകളില്ലാത്ത ജീവിതം

8. ജീവിതം നന്മകള്‍ നിറഞ്ഞതാണ്‌

9. പ്രയാസങ്ങളില്‍ നിന്നും സംതൃപ്തമായ ജീവിതത്തിലേക്ക്

10. ദു:ഖങ്ങളില്ലാത്ത ജീവിതം