ഖുര്‍ആന്‍ ഇറങ്ങിക്കൊണ്ടിരുന്ന കാലത്ത് സ്ത്രീധനമെന്ന ദുരാചാരം നടപ്പില്‍ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അതിനെ കുറിച്ച് നേര്‍ക്കുനേരെ ഒരു നിയമം ഖുര്‍ആനില്‍ കാണുക സാധ്യവുമല്ല. അതിനാല്‍ ഹറാമാണ് എന്ന് ഖണ്ഡിതമായി പറഞ്ഞുകൂടായെങ്കിലും സ്ത്രീധനം ചൂഷണമാണന്നും അതിനാല്‍ അത് വിലക്കപ്പെട്ടതാണെന്നും ഇന്ന് ഏതാണ്ടെല്ലാവിഭാഗം മുസ്ലിംകളും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
വിവാഹം, വിവാഹ സദ്യ, അതിലേക്കുള്ള ക്ഷണം, ക്ഷണം സ്വീകരിക്കല്‍ എന്നിവയെല്ലാം നബി(സ) നമുക്ക് ചര്യയാക്കി തന്നതാണെങ്കില്‍ ധൂര്‍ത്ത്, ആര്‍ഭാടം, പൗരോഹിത്യ രംഗപ്രവേശം എന്നിവയെല്ലാം മതം വിലക്കിയിട്ടുള്ളതാണ്. ഈ വിലക്കുകളോട് രാജിയാകുവാന്‍ ഒരു സത്യ വിശ്വാസിക്കും കഴിയില്ല. അതിനോട് നിസ്സഹകരിക്കേണ്ടത് ഒരു ബാധ്യതയായി നില നില്ക്കുമ്പോള് തന്നെ അതില്‍ പങ്കെടുക്കാതിരുന്നാല്‍ ബന്ധങ്ങള്‍ വിശിഷ്യാ കുടുബ ബന്ധങ്ങള്‍ മുറിഞ്ഞുപോകുമോ എന്ന് ഭയപ്പെടേണ്ടതും ബാധ്യതയാണ്. വി. ഖുര്‍ആന്‍ കല്പ്പിച്ചു. ”കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പ്പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍ അവരാണ് ചിന്തിച്ച് മനസ്സിലാക്കുന്നവര്‍ ‘(13:21). അതിനാല്‍ ചൂഷണങ്ങള്‍ക്ക് പ്രോത്സാഹനമാകത്തക്ക നിലക്ക് അതില്‍ പങ്കെടുക്കുകയോ കുടുബബന്ധം അറ്റുപോയേക്കാവുന്ന വിധം അതിനോട് നിസ്സഹകരിക്കുകയോ ചെയ്യാത്ത ഒരു മധ്യമ നിലപാട് കൈകൊള്ളലായിരിക്കും ഉത്തമം.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony