നബി(സ്വ) പറഞ്ഞു: “ഒരു നന്മയെയും നീ നിസ്സാരമായി കാണരുത്; നിന്റെ സഹോദരനെ പ്രസന്ന വദനത്തോടെ കണ്ടുമുട്ടുന്നതു പോലും.” (മുസ്ലിം)
മനുഷ്യന്റെ സവിശേഷതയാണ് ചിരിയും കരച്ചിലും. സന്തോഷവും സന്താപവുമാണ് ചിരിയിലേക്കും കരച്ചിലിലേക്കും മനുഷ്യനെ നയിക്കുന്നത്. എന്നാല്‍ എല്ലാ സന്തോഷവും ചിരിപ്പിക്കാറില്ല; എല്ലാ ദുഃഖവും കരയിപ്പിക്കാറുമില്ല. സന്തോഷവും ദുഃഖവും ഹൃദയസ്പര്‍ശിയായിരിക്കണം. അപ്പോഴാണ് ചിരിയോ കരച്ചിലോ ഉണ്ടാവുക.
സാദാ ചിരിയും പുഞ്ചിരിയും പൊട്ടിച്ചിരിയുമുണ്ട്. അവയില്‍ തന്നെ അസ്സല് ചിരിയും കള്ളച്ചിരിയും പരിഹാസച്ചിരിയുമുണ്ട്. അതുകൊണ്ടുതന്നെ ഒരാളുടെ മനോഭാവത്തെ അളക്കുവാനുള്ള മാനദണ്ഡമാണ് ചിരി. പ്രഗത്ഭ സാഹിത്യകാരനായ ദസ്തയെവ്സ്കി പറഞ്ഞു: “ഒരു മനുഷ്യനെ അടുത്തറിയണമെങ്കില്‍ , അവന്റെ ആത്മാവിന്റെ അകക്കയങ്ങളില്‍ എത്തിനോക്കണമെങ്കില്‍ , അവന് ചിരിക്കുന്നതു മാത്രം നോക്കിയാല്‍ മതി. അകളങ്കമായും അകമഴിഞ്ഞുമാണ് ചിരിക്കുന്നതെങ്കില്‍ അവന് തീര്‍ച്ചയായും നല്ലവനാണ്. മനുഷ്യ പ്രകൃതത്തിന്റെ ഏറ്റവും നല്ല അളവുകോലാണ് ചിരി” (മനശ്ശാസ്ത്രം മാസിക 1990 മാര്‍ച്ച്).
ചിരിക്കും ഇസ്ലാമികമായ ചില മര്യാദകളുണ്ടെന്ന് ഇസ്ലാം പറയുന്നു. കാപട്യത്തിന്റെയും പരിഹാസത്തിന്റെയും ചിരി ഇസ്ലാം അംഗീകരിക്കുന്നില്ല. മറ്റുള്ളവരുടെ ശരീരത്തിനോ സംസാരത്തിനോ വൈകല്യമുണ്ടെങ്കില്‍ അതുനോക്കി ചിരിക്കുന്നത് പരിഹാസച്ചിരിയാണ്്. മൂസാ നബി ഫിര്‍ഔനിന്റെയും പൌര പ്രമുഖരുടെയും അടുത്തു ചെന്ന് ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നു പറഞ്ഞപ്പോള്‍ അവര്‍ പരിഹസിച്ചു ചിരിച്ചതായി ഖുര്‍ആന്‍ 43:47ല്‍ പറയുന്നുണ്ട്. ഒരാളോട് മനസ്സില്‍ പക വെച്ചുകൊണ്ട്; ‘നിന്നെ ഞാന്‍ കാണിച്ചുതരാ’മെന്ന് ആത്മഗതം ചെയ്തുകൊണ്ട് ചിരിക്കുന്നവരുണ്ട്. അത്തരം ചിരി കള്ളച്ചിരിയാണ്; കാപട്യമാണ്. ‘അകത്തു കത്തിയും പുറത്തു പത്തിയും’ എന്ന പഴമൊഴി ഇത്തരം സ്വഭാവത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.
നബി(സ്വ) പുഞ്ചിരി തൂകുന്ന പ്രകൃതക്കാരനായിരുന്നു; പൊട്ടിച്ചിരിക്കാറുണ്ടായിരുന്നില്ല എന്നാണ് അവിടത്തെ പത്നി ആഇശ വെളിപ്പെടുത്തുന്നത്. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നന്നായി ചിരിച്ചതായി ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. പക്ഷേ, പൊട്ടിച്ചിരിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആളുകളെ ചിരിപ്പിക്കുവാനായി വഷളന്‍ തമാശകള്‍ പറയുകയും എന്നിട്ട് വെറുപ്പ് തോന്നിപ്പിക്കുന്ന രൂപത്തില്‍ അത്യുച്ചത്തില്‍ പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ചിലരുണ്ട്. എപ്പോഴും പൊട്ടിച്ചിരിക്കുന്ന ‘ചിരിക്കുടുക്ക’കളുമുണ്ട്. അത് മാന്യതയല്ലാത്തതിനാല്‍ മാന്യന്മാര് അത്തരം സ്വഭാവക്കാരെ ഇഷ്ടപ്പെടില്ല.
ജരീര്യ് പറയുന്നു: “കാണുമ്പോഴൊക്കെ നബി(സ്വ) എന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുമായിരുന്നു.” (ബുഖാരി)
ആയിഷപറയുന്നു: “നബി(സ്വ) ചെറുനാക്ക് കാണുന്നവിധത്തില്‍ ചിരിക്കുന്നതായി ഞാന്‍ കണ്ടിട്ടേയില്ല; അവിടുന്ന് പുഞ്ചിരിതൂകുക മാത്രമാണ് ചെയ്തിരുന്നത്.” (ബുഖാരി, മുസ്ലിം)
അബ്ദുല്ലാഹിബ്നു ഹാരിസ് യ പറയുന്നു: “അല്ലാഹുവിന്റെ ദുതനെക്കാള് കൂടുതല്‍ പുഞ്ചിരി തൂകുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല.” (തിര്‍മിദി)
മുഖം മനസ്സിന്റെ കണ്ണാടിയാണെന്നാണ് പഴമൊഴി. മനസ്സിലെ വിചാര വികാരങ്ങളുടെ പ്രതിഫലനങ്ങള്‍ മുഖത്ത് പ്രകടമാകുമെന്നര്ഥം. മനസ്സില്‍ സ്നേഹവും കാരുണ്യവുമുണ്ടെങ്കിലേ മുഖത്ത് പുഞ്ചിരി വിടരൂ. മനസ്സ് നിര്‍മലമല്ലെങ്കില്‍ അതില്‍ സ്നേഹമുണ്ടാകില്ല; പകരം വെറുപ്പും വിദ്വേഷവുമാണുണ്ടാവുക. അത്തരം മനസ്സുള്ളവന് എങ്ങനെ ആത്മാര്‍ഥമായി പുഞ്ചിരിക്കുവാന്‍ കഴിയും?
പരിചയമുള്ള ഒരാളെ കണ്ടുമുട്ടിയിട്ട് അങ്ങോട്ട് പുഞ്ചിരിച്ചിട്ടും അയാള്‍ തിരിച്ച് പുഞ്ചിരിച്ചില്ലെങ്കകില് അവര്‍ തമ്മിലുള്ള ബന്ധം മുറിയാന്‍ സാധ്യതയുണ്ട്.
അയാള്‍ ഒരു പക്ഷേ, ചിരിക്കുവാനുള്ള ‘മൂഡി’ലായിരിക്കില്ല; അല്ലെങ്കില്‍ പെട്ടെന്ന് ആളെ മനസ്സിലാകാത്തതുകൊണ്ടാവാം. അതൊന്നും മറ്റേ വ്യക്തിക്കറിയില്ല. ‘എന്നോടൊന്ന് ചിരിക്കുക കൂടി ചെയ്തില്ലല്ലോ’ എന്ന സങ്കടത്തിലായിരിക്കും അയാള്‍. അതാണ് പുഞ്ചിരിയുടെ പ്രസക്തി. ഒരാളെ സ്വീകരിക്കുമ്പോള്‍ , യാത്രയയക്കുമ്പോള്‍ , സംസാരിക്കുമ്പോള്‍ … അങ്ങനെ ഉചിതമായ സന്ദര്‍ഭങ്ങളിലെല്ലാം പുഞ്ചിരിക്കാം. അകാരണമായും എപ്പോഴുമുള്ള ‘ചിരി’ മാന്യതയ്ക്കു ചേര്‍ന്നതല്ല.
Source: samvadammonthly.com By: അബൂമുഫീദ്
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony
