
എവിടെയും നാം വായിക്കുന്നത് ഭാര്യമാര്‍ക്ക് ഭര്‍ത്താവിനോടുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത കടമകളെപ്പറ്റിയാണ്. എന്നാല്‍ ഭര്‍ത്താവിനു വേണ്ടി സ്വയം ത്യജിച്ചു അയാളിലേക്ക് അലിഞ്ഞു ചേരുന്ന ഭാര്യയോടു എങ്ങനെ വര്‍ത്തിക്കണം എന്നതിനെപ്പറ്റി അധികമാരും പറയാറില്ല.
അല്ലാഹു പുരുഷന്മാരോട് തങ്ങളുടെ ഭാര്യമാരോട് ഏറ്റവും സൌമ്യമായി പെരുമാറാനാണ് കല്‍പ്പിക്കുന്നത്.
അല്ലാഹു പറഞ്ഞു: “അവ(ഭാര്യമാ)രോട് നിങ്ങള്‍ മര്യാദയോടെ പെരുമാറുക” (4:19).
ഭാര്യമാര്‍ക്ക് ഭര്‍ത്താവിനോടെന്ന പോലെ, ഭര്ത്താക്കന്മാര്ക്ക് ഭാര്യമാരോടും കടമകള്‍ ഉണ്ട്.. അവ ഭംഗിയായി പൂര്‍ത്തീകരിക്കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി.
“ഭാര്യമാരോട് ഏററവും നല്ല രീതിയില്‍ വര്‍ത്തിക്കുന്നവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന് (തിര്‍മുദി).
ഭര്‍ത്താവിന്റെ സ്വഭാര്യയോടുള്ള നല്ല പെരുമാറ്റം അയാളുടെ സ്വഭാവത്തെയും അത് വഴി അയാളുടെ കറയറ്റ ഈമാനെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
ഒരു മുസ്ലിം ഭര്‍ത്താവ് തന്റെ ഇണയോട് ഏത് രീതിയിലാണ് പെരുമാറെണ്ടത്?..എങ്ങനെയാണ് ഒരു നല്ല മുസ്ലീമിന് ഒരു നല്ല ഭര്‍ത്താവാകാന്‍ കഴിയുക?…
ഭാര്യയോട് സൌമ്യമായി പെരുമാറാനാണ് അല്ലഹു കല്പിചിട്ടുള്ളത്.അവളുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുക. ആത്മാര്‍ഥമായി. സ്നേഹത്തോടെ.. അവളെ മാനസികമായി വേദനിപ്പിക്കരുത്.അവള്‍ക്കു പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ പരമാവധി ശ്രമിക്കണം..അവളോട് നല്ല രീതിയില്‍ പെരുമാറുകയും എപ്പോഴും ക്ഷമ കൈക്കൊള്ളുകയും വേണം.
സൌമ്യത ഉണ്ടാവുക എന്നതിന് പല അര്‍ത്ഥങ്ങളുണ്ട്.അതിലൊന്നാണ് നല്ല രീതിയില്‍ കാര്യങ്ങള്‍ വിനിമയം ചെയ്യുക എന്നത്.അവളോട് പറയാനുള്ളതും അറിയിക്കാനുള്ളതും നല്ല രീതിയില്‍ പ്രകടിപ്പിക്കാനും അവള് പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കാന്‍ ക്ഷമയും ഉണ്ടാക്കിയെടുക്കണം. എല്ലാ നിരാശകളും അവന് മാറ്റി വക്കണം.എന്ത് ജോലിതിരക്കുണ്ടായാലും പ്രയാസങ്ങളുണ്ടായാലും അവന് അതെല്ലാം സൌമ്യമായി പരിഹരിക്കുവാന്‍ ശ്രമിക്കണം. നിങ്ങളുടെ പ്രയാസങ്ങള്‍ ഭാര്യയോടു കൂടെ പങ്കു വക്കുകയും അവളുടെ നിര്‍ദേശങ്ങള്‍ ചോദിക്കുകയും വേണം. അവളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും അവന് ശ്രദ്ധിക്കണം. നിന്നെ എന്തെങ്കിലും കാര്യങ്ങള്ല് അലട്ടുന്നുണ്ടോ എന്ന ഒരു ചോദ്യം പോലും അവള്‍ക്കു ഒരുപാട് കുളിര്‍മ്മയായി അനുഭവപ്പെടും. അവള് ക്ഷീണിതയായിരിക്കുമ്പോഴോ ദേഷ്യപ്പെട്ടിരിക്കുമ്പോഴോ വിശന്നിരിക്കുമ്പോഴോ മറ്റു ടെന്ഷനില് ആകുംപോഴോ ജോലിത്തിരക്കില്‍ കഷ്ടപ്പെടുമ്പോഴോ അവളോട് പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ശ്രമിക്കരുത്.പരസ്പരമുള്ള വിനിമയവും ഒത്തുതീര്‍പ്പും കൂടിയാലോചനയുമാണ് വിവാഹത്തിന്റെ മൂലക്കല്ല് എന്ന് പറയാം.
അവള്‍ക്കു നല്‍കേണ്ട അവകാശങ്ങളില്‍ നിന്നും ഒരിക്കലും പിറകോട്ടു വലിയുന്നത് ഒരു വിശ്വാസിക്ക് ചേര്‍ന്ന പ്രകൃതമല്ല. ആവശ്യത്തിന് ചെലവാക്കാത്ത പിശുക്കനായ ഭര്‍ത്താവിനെക്കുറിച്ച് പരാതിപ്പെട്ട ഹിന്ദി(റ)നോട് നബി(സ്വ) പറഞ്ഞു: “നിനക്കും നിന്റെ സന്താനങ്ങള്‍ക്കും മതിയാവുന്ന മര്യാദയനുസരിച്ച് എടുക്കുക” (മുസ് ലിം).
മറ്റൊരിക്കല്‍ പ്രവാചകന്(സ്വ) ഭര്‍ത്താവിന്റെ കടമയെപ്പറ്റി പറഞ്ഞു.
“നീ ഭാര്യയുടെ വായിലേക്ക് നല്‍കുന്നതിനും നിനക്ക് പുണ്യമുണ്ട്” (ബുഖാരി)
ഭാര്യയോടു സൌമ്യത പുലര്‍ത്തുക എന്നതിന്റെ മറ്റൊരു വശമാണ് അവളെ പ്രോത്സാഹിപ്പിക്കുക എന്നത്.ജീവിതത്തിന്റെ അര്‍ത്ഥവും അതിന്റെ മൂല്യവും അറിയുന്ന മനസ്സില്‍ നിന്നാണ് നല്ല വിലയിരുത്തലുകളും ഉണ്ടാകുന്നത്. ഭാര്യ എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയുവാനും എന്തിനാണ് അവള് ഏറ്റവും കൂടുതല്‍ മൂല്യം കല്പിക്കുന്നതെന്നും തിരിച്ചറിയാനുള്ള കഴിവ് നിങ്ങള്‍ക്ക് ഉണ്ടാവണം.
അവളുടെ ഇഷ്ടാനിഷടങ്ങളെപ്പറ്റി മനസ്സാക്ഷിയുമായി ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടുക. അവളിലെ നല്ല ഗുണങ്ങളെ അവസരം കിടുംപോഴൊക്കെ പുകഴ്ത്തുക. അവളെ അംഗീകരിക്കുകയും അവളുടെ നല്ല ഗുണങ്ങളെ എടുത്തു പറയുകയും ചെയ്യുമ്പോള്‍ അതവള്‍ക്കൊരു പ്രോത്സാഹനം ആവുകയും നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുകയും ചെയ്യും.
അവളുടെ സൌന്ദര്യത്തെയും ഇടക്കൊക്കെ പ്രകീര്‍ത്തിക്കുക. അവളുടെ വസ്ത്രം, ഗന്ധം, അങ്ങനെയങ്ങനെ അവളില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നതൊക്കെ അവളെ സ്നേഹപൂര്‍വ്വം പുകഴത്തലിലൂടെ അറിയിക്കുക.
മനുഷ്യ ജന്മങ്ങളെല്ലാം അപൂര്‍ണ്ണത പേറുന്നവരാണ്.
പ്രവാചകന് (സ്വ) പറയുന്നതായി കാണാം.
“ഒരു വിശ്വാസി വിശ്വാസിനിയെ വെറുക്കരുത്. അവളില്‍ നിന്ന് ഒരു സ്വഭാവത്തെ അവന് വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ അവന് തൃപ്തിപ്പെടുന്നു” (മുസ്ലിം).
നിസാര കാര്യങ്ങളുടെ പേരില്‍ ഭാര്യമാരോട് പിണങ്ങുന്ന ചിലരെ കാണാം. യഥാര്തത്തില് അവര്‍ എന്താണ് ചെയ്യുന്നത്. ഒന്നാലോചിച്ചു നോക്കൂ. നമ്മളെല്ലാവരും എല്ലാം തികഞ്ഞവരാണോ? ഒരിക്കലുമില്ല.അവരില്‍ കുറ്റങ്ങള്‍ ഉള്ളത് പോലെ നമ്മലുമില്ലെ അവരെ അസ്വസ്ഥരാക്കുന്ന കുറവുകള്‍. എന്നിട്ടും അവര്‍ നിങ്ങളോടുള്ള കടമകള്‍ എത്ര മാന്യമായാണ് ചെയ്തു തീര്‍ക്കുന്നത്. അതുകൊണ്ട് തന്നെ അവരോടും നല്ല രീതിയില്‍ പെരുമാറേണ്ടതു നമ്മുടെ കടമയല്ലേ?
അവളുടെ ചില്ലറ കുറവുകളെ കണ്ടില്ലെന്നു നടിക്കുകയും അവള്‍ക്കു അവ മാറ്റിയെടുക്കാന്‍ സമയം കൊടുക്കുകയും ചെയ്യുക. സ്നേഹത്തോടെ മാത്രം അവളെ പറഞ്ഞു മനസ്സിലാക്കുക.
നബി(സ്വ) പറഞ്ഞു: “നീ ഭക്ഷിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കുക, നീ വസ്ത്രം ധരിക്കുമ്പോള്‍ അവളെയും ധരിപ്പിക്കുക. മുഖത്തടിക്കരുത്. അവളെ ദുഷിച്ചു പറയരുത്. വീട്ടിലല്ലാതെ അവളെ അകറ്റി നിര്‍ത്തുകയും അരുത്” (ബുഖാരി).
പിണക്കങ്ങള്‍ വിവാഹ ജീവിതത്തില്‍ സ്വാഭാവികമാണ്. ചെറുതും വലുതുമായ പിണക്കങ്ങളും മറ്റും ഭാര്യാ ഭര്ത്താക്കന്മാര്ക്കിടയില് ഉണ്ടാകുന്നവയാണ്. പരസ്പരം വിദ്വേഷം ഉണ്ടാകുന്ന രീതിയില്‍ അവ വളരുകയും ചെയ്തേക്കാം. ദേഷ്യം എന്നത് നിയന്ത്രിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഒരു വികാരമാണ്. നമ്മളെ വേദനിപ്പിക്കുന്നവര്‍ക്ക് പൊറുത്തു കൊടുക്കുക എന്നതാണ് ദേഷ്യം നിയന്ത്രിക്കുന്നതിനുള്ള ആദ്യ പടി. ഭാര്യ ചെയ്ത ഒരു തെറ്റിന്റെ പേരില്‍ അവളെ ഉപദ്രവിക്കുകയോ ചീത്ത പറഞ്ഞു വേദനിപ്പിക്കുകയോ ചെയ്യരുത്.
ഭാര്യയില്‍ നിന്ന് സംഭവിക്കുന്ന നിസ്സാര കാര്യങ്ങളെ ഗുരുതരമായി കാണുക, ഒരു പ്രത്യേക സന്ദര്‍ഭത്തിലുണ്ടായ തെറ്റ് ചൂണ്ടി എപ്പോഴും കുത്തിപ്പറയുക, അവളെ നിന്ദിക്കുക, അസഭ്യം പറയുക, അവളുടെ മാതാപിതാക്കളെ അധിക്ഷേപിക്കുക തുടങ്ങിയവ നല്ല ബന്ധത്തില്‍ വ്രണമുണ്ടാക്കുന്നതാണ്.
പകരം ഒരുമിച്ചു കിടക്കുന്നത് ഒരല്പ ദിവസത്തേക്ക് മാറ്റി വക്കുക. പ്രശ്നങ്ങള്‍ പതിയെ മാറി വരും. അവള് തന്റെ തെറ്റ് മനസ്സിലാക്കി അടുത്തു വരികയും ചെയ്യും. മറിച്ച് നിങ്ങളില്‍ നിന്നുണ്ടായ പിഴവ് മൂലം അവള് അകന്നു നില്ക്കുകയാണെങ്കില് അവളുടെ കരം ഗ്രഹിച്ചു മാപ്പ് പറയുകയും അവളെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുക.
അല്ലാഹു നമ്മില്‍ നിന്ന് വരുന്ന വീഴ്ചകള്‍ പൊറുത്തു അല്ലാഹു അവന്റെ സ്വര്‍ഗ്ഗത്തില്‍ ഒരുമിപ്പിക്കുമാറാകട്ടെ…
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony