By : പി എം എ ഗഫൂര്‍ Source: shababweekly.net Link: http://goo.gl/ZepZN6
നമ്മുടെ വീടുകളെ ചെറിയ ചെറിയ ഷോപ്പിംഗ് മാളുകളാക്കി മാറ്റാനുള്ള മീഡിയയുടെ കരിങ്കാലിപ്പണിയെ നമ്മള് തന്നെയാണ് വിജയിപ്പിക്കുന്നത്. കാണുന്ന ചാനലുകളും വായിക്കുന്ന പ്രസിദ്ധീകരണങ്ങളും നമ്മുടെ ശീലങ്ങളെയും ജീവിത ശൈലികളെയും രൂപപ്പെടുത്തുന്ന നിര്മാതാക്കളായിത്തീര്ന്നു. ലൈംഗിക ബന്ധം എങ്ങനെ ആസ്വാദ്യകരമാക്കി മാറ്റാം, പാചകക്കുറിപ്പുകള്‍ , സിനിമാതാര വിശേഷങ്ങള്‍ , സ്ത്രീകള്‍ക്ക് ചോദിക്കാം പോലുള്ള `സീരിയസ്’ വിഷയങ്ങള്‍ ചൂടാറാതെ ചര്‍ച്ച ചെയ്യുന്ന നാലാം കിട വാരികകളും ചാനലുകളുമാണ് ഏറെപ്പേര്‍ക്കും പ്രിയം.
ഭാര്യാ ഭര്ത്താക്കന്മാരുടെ ബാഹ്യ ബന്ധങ്ങളായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തെ സീരിയലുകളിലെ പ്രധാന പ്രമേയം. നമ്മുടെ ഇഷ്ടങ്ങളെയും പരസ്പരമുള്ള ഇഷ്ടങ്ങളെയും നിര്‍ണയിക്കുന്നതില്‍ ടി വിക്ക് വലിയ പങ്കുണ്ട്. ഭക്ഷണം, വസ്ത്രം, നടത്തം. ചിരി, ബന്ധങ്ങള്‍, സൗഹൃദം, സദാചാരം, സാമൂഹിക ബോധം ഇവയെ
എല്ലാം മീഡിയ സ്വാധീനിക്കുന്നു. ജീവിതത്തെ ആര്‍ഭാടമാക്കുന്ന വിനോദോപാധികള്‍ പണക്കാരനെയും പാവപ്പെട്ടവനെയും സ്വാധീനിക്കുന്നത് മീഡിയയിലൂടെ തന്നെയാണ്. കേരളത്തില്‍ ഏറ്റവുമധികം കുടുംബ ശൈഥില്യങ്ങള് പെരുകിയത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലാണ്, ഇതേ പത്തുവര്‍ഷത്തിനിടയിലാണ് ടി വിയുടെ വ്യാപനമുണ്ടായത്.
നമ്മുടെ കലണ്ടറും മെനുവും ചിന്തയും വിനോദങ്ങളും സ്വപ്നങ്ങളും മീഡിയയാണ് നിര്‍ദേശിക്കുന്നത്. ലോകം എപ്പോഴാണ് ഉറങ്ങേണ്ടതെന്നും ഉണരേണ്ടതെന്നും വീട്ടു മൂലയിലുള്ള ആ പെട്ടിക്കൂടാണ് തീരുമാനിക്കുന്നത്. വെളുപ്പാണ് സൗന്ദര്യമെന്നും നിങ്ങള്‍ വെളുത്തിട്ടില്ലെങ്കില്‍ വെളുക്കാനുള്ള മരുന്ന് തരാമെന്നും ടി വി പറയുന്നു. ടി വി പരസ്യങ്ങളില്‍ പ്രധാനമായത് സൗന്ദര്യവര്‍ധക വസ്തുക്കളാണ്.
കുടുംബജീവിതം തകര്‍ക്കാന്‍ കാരണക്കാരാകുന്നവര്‍ , ഭൗതിക ജീവിതത്തിന്റെ താളം തകര്‍ക്കുന്ന മുഫ്സിദ് ആണെന്ന് ഖുര്‍ആന്‍ (47:22) പറയുന്നു. എങ്കില്‍ ഈ കുഴപ്പക്കാരില്‍ പ്രധാന പങ്കാണ് മീഡിയ നിര്‍വഹിക്കുന്നത്. ഭക്ഷണം, ലൈംഗികത, സാന്ത്വനം, വൃദ്ധരുടെയും കുഞ്ഞുങ്ങളുടെയും പരിചരണം എന്നിങ്ങനെ കുടുംബം നിര്‍വഹിക്കുന്ന സേവനങ്ങളും ചുമതലകളുമെല്ലാം കമ്പോളത്തെ ഏല്പിക്കാനാണ് മീഡിയ പറയുന്നത്. കുടുംബം എന്ന സംവിധാനത്തെ തന്നെ തകര്‍ക്കുകയാണ് ഇതിലൂടെ മീഡിയ നിര്‍വഹിക്കുന്ന ദൗത്യം. മുതലാളിത്തത്തിന് വാണിജ്യാടിസ്ഥാനത്തല് വിതരണം ചെയ്യാവുന്ന കാര്യങ്ങളായി ഇതെല്ലാം മാറി. ലൈംഗികാവശ്യങ്ങള്‍ക്ക് നിയമപരമായൊരു ഭാര്യയെ വേണ്ടെന്നും അത് അങ്ങാടിയില്‍ നിന്ന് പണം കൊടുത്താല്‍ സാക്ഷാത്കരിക്കപ്പെടുമെന്നും മീഡിയ നിര്‍ദേശിക്കുന്നു. അങ്ങനെ തന്നെയാണ്. `വീട്ടില്‍ ഭക്ഷണം, പുറത്ത് വിശ്രമം’ എന്ന പഴയ രീതിയില്‍ നിന്ന് മാറി, `പുറത്ത് ഭക്ഷണം, വീട്ടില്‍ വിശ്രമം’ എന്ന പുത്തന്‍ രീതി വ്യാപകമായത്. വിശ്രമിക്കാനുള്ളതെല്ലാം വീട്ടിലുണ്ടല്ലോ! അതിഥി ഒരു ശല്യമായിത്തീരുന്നത് ഇതേ കാരണത്താല്‍ തന്നെ. സീരിയലിന്റെയും, റിയാലിറ്റി ഷോയുടെയും സമയത്തെ കണക്കിലെടുത്തുകൊണ്ടേ നിങ്ങള്‍ക്കൊരു വീട്ടിലേക്ക് കേറിച്ചെല്ലാന്‍ പാടുള്ളൂവെന്നു വന്നു!
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony