
ലോകത്തെ ഏറ്റവും മനോഹരമായ പദങ്ങളില്‍ ഒന്നാണ് ‘ഉമ്മ’ എന്നത്. മാതാവ്. ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം. ഉമ്മയുള്ള , ഉമ്മ മരിച്ചു പോയ , ഉമ്മയെ പരിഗണിക്കാത്ത, ഉമ്മയെ സ്നേഹിക്കുന്ന, എല്ലാ മക്കള്‍ക്കും മക്കളുണ്ടാകാന്‍ കാത്തിരിക്കുന്നവര്‍ക്കും ഉമ്മയായവര്‍ക്കും വായിക്കുവാന്‍ വേണ്ടിയുള്ള ഒന്നാണിത്. ഉമ്മ എന്താണെന്ന് മന്സ്സിലാക്ക്കാന്‍, ഉമ്മയുടെ വില അറിയാന്‍, ഉമ്മയുടെ ഓര്‍മ്മകളെ മനസ്സിലേക്ക് ഒന്നുകൂടി കൊണ്ട് വരാന്‍, ഉമ്മയെന്നാല്‍ എന്തായിരിക്കണം എന്നും അറിയാന്‍..
***
അവള് ഉമ്മയാവാന്‍ തുടങ്ങുകയായിരുന്നു. ആ യാത്ര പതിയെ അവള് ആരംഭിച്ചു.
“ഒരുപാട് വഴി ദൂരം സഞ്ചരിക്കുവാനുണ്ടോ?”
“ അവള് ചോദിച്ചു. വഴി കാട്ടി പറഞ്ഞു.
“തീര്‍ച്ചയായും ഉണ്ട്.. കഠിനവുമാണ് ഈ യാത്ര. യാത്ര അവസാനിക്കുമ്പോഴേക്കും വയസ്സായിട്ടുണ്ടാകും നിനക്ക്. എന്നിരുന്നാലും തുടക്കത്തെക്കാള്‍ അതി മനോഹരമായിരിക്കും ഈ യാത്രയുടെ അവസാനം.”
പക്ഷെ ചെറുപ്പമായിരുന്ന ആ ഉമ്മ ഒരുപാട് സന്തോഷവതി ആയിരുന്നു. ഇതിനേക്കാള്‍ , അവള് തുടങ്ങാനിരിക്കുന്ന യാത്രയേക്കാള്‍ മനോഹരമായി ഈ ഭൂമിയില്‍ ഒന്നും തന്നെയില്ലെന്നവള് വിശ്വസിച്ചു.
അവള് തന്റെ കുഞ്ഞുങ്ങളെ കളിപ്പിച്ചു, തെളിനീരില്‍ കുളിപ്പിച്ചു, അവര്‍ക്കായി അവ്വര്‍ നടക്കുന്ന പാഥകളില് നിര്‍മ്മലമായ പൂക്കള്‍ വിരിച്ചു വെച്ചു. അവരുടെ കൂടെ നടന്നു. അവരുടെ കൈ പിടിച്ചുകൊണ്ട്.
എന്നിട്ടവള് ഈ ലോകത്തോട് മുഴുവനും നിറഞ്ഞ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. ഇതിനേക്കാള്‍ വശ്യമായ, സന്തോഷകരമായ ഒന്നുമില്ല… ഈ മാതൃത്വത്തെക്കാള്‍…
കറുത്ത രാത്രികള്‍ വന്നു, കടുത്ത കൊടുങ്കാറ്റും പേമാരിയും വന്നു, പാഥ ഇരുള് മയമായി. ആ ഉമ്മയുടെ കുഞ്ഞുങ്ങള്‍ ഭയം പൂണ്ട് വിറച്ചു, കരഞ്ഞു. പതറി പോയി പലപ്പോഴും.
ഉമ്മയവരെ ചേര്‍ത്തു നിര്‍ത്തി. അതെല്ലാം സഹിച്ചിട്ടും സ്വന്തം വസ്ത്രത്തലപ്പു കൊണ്ട് അവരെ മൂടി. ചൂട് പകര്‍ന്നു, താങ്ങായി നിന്നു.
” അന്നേരം മക്കള്‍ പറഞ്ഞു, “ഉമ്മാ ഞങ്ങള്‍ക്ക് പേടിയില്ല, പൊന്നുമ്മ കൂടെയുള്ളപ്പോള്‍ ഒന്നിനും ഒരു കോട്ടവും വരുത്താന്‍ കഴിയില്ല.”
പ്രഭാതം വന്നു. മുന്പില് വലിയൊരു കുന്നു തന്നെ ഉണ്ടായിരുന്നു. കയറാന്‍ അല്പം പാടുള്ള ഒരു കുന്ന്. കുട്ടികള്‍ ആ കുത്തനെയുള്ള കുന്നു കയറാന്‍ തുടങ്ങി. ക്ലേശകരമായിരുന്നു അവര്‍ക്കത്. ഉമ്മയും കൂടെ ചേര്‍ന്നു.ഉമ്മക്കും പ്രയാസകരമായിരുന്നു അത്. എങ്കിലും ഇപ്പോഴും ഉമ്മ അവരോടു പറഞ്ഞു.
ഒരല്പം കൂടി ക്ഷമിക്കൂ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, നാം എത്താറായി.
കുട്ടികള്‍ അനുസരിച്ചു, ക്ഷമയോടെ. സഹനത്തോടെ ഉമ്മയുടെ കൂടെ അവരാ പ്രതിബന്ധത്തെ നേരിട്ടു. . കുന്നിന്റെ നെറുകയില്‍ എത്തിയപ്പോള്‍ അവര്‍ പറഞ്ഞു.
“ഉമ്മാ നിങ്ങളില്ലാതെ ഇതൊരിക്കലും സാധിക്കുമായിരുന്നില്ല. “
ആ ഉമ്മ പുഞ്ചിരിച്ചു.
പിന്നെയൊരിക്കല്‍ അവര്‍ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു. ഇരുട്ട് മൂടിയ രാവില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കവേ അവര്‍ പറഞ്ഞു:
കഴിഞ്ഞു പോയ നാളുകളെക്കാള്‍ എത്രയോ മഹത്തരമാണിന്നു… ഇന്നെന്റെ മക്കള്‍ സഹന ശക്തിയെ കൈമുതലാക്കാന് പഠിച്ചിരിക്കുന്നു. പ്രയാസങ്ങളില്‍ ക്ഷമ അവലംബിക്കാന്‍ അവര്‍ക്കിന്നു കഴിയും. ധൈര്യം ഞാനവര്‍ക്ക് പകര്‍ന്നു കൊടുത്തു, ഇപ്പോള്‍ കരുത്തും…”
അടുത്ത ദിവസം അസാധാരണമാം വിധം കറുത്ത മേഘങ്ങളെക്കൊണ്ടു വാനം നിറഞ്ഞു. ഇരുട്ട് പറന്നു. മക്കള്‍ക്ക് വഴി തെറ്റി, അവര്‍ കാലിടറി തുടങ്ങി, യുദ്ധത്തിന്റെയും പോരാട്ടങ്ങളുടെയും തിന്മയുടെയും വെറുപ്പിന്റെയും കട്ട മൂടിയ ഇരുട്ടില്‍ പതറി നില്ക്കുമ്പോള് ഉമ്മയുടെ സ്വരം അവള് കേട്ടു..
¬”മുകളിലേക്ക് നോക്കൂ… ആ വെളിച്ചത്തിലേക്ക് നിങ്ങളുടെ കണ്ണുകള്‍ ഉയര്‍ത്തൂ…
ആ കുട്ടികള്‍ മുകളിലേക്ക് നോക്കിയപ്പോള്‍ അവര്‍ കണ്ടു, മേഘങ്ങളെ, അത്യുജ്ജലമായൊരു പ്രകാശത്തെ. ആ നിത്യ പ്രകാശം അവര്‍ക്ക് വഴി കാട്ടി. അന്ധകാരത്തിനപ്പുറത്തേക്ക് അവരെ തെളിച്ചു കൊണ്ടുപോയി. ഉമ്മ പറഞ്ഞു.
“ ഇതാണ് എന്റെ ജീവിതത്തിലെ മഹത്തായ ദിവസം… ഞാനെന്റെ മക്കള്‍ക്ക് ഈമാന്റെ പ്രകാശം എന്തെന്ന് പഠിപ്പിച്ചു കൊടുത്തിരിക്കുന്നു. ഇസ്ലാമിന്റെ പൊരുള്‍ അറിയിച്ചു കൊടുത്തു… അതവരുടെ ജീവിതത്തിലുടനീളം അവര്‍ക്ക് വഴി വിളക്കാകും…”
ദിവസങ്ങള്‍ കടന്നു പോയി, മാസങ്ങള്‍ വര്‍ഷങ്ങള്‍ ഒരുപാട് കടന്നു പോയി.. ഉമ്മാക്ക് പ്രായം ഏറിക്കൊണ്ടുമിരുന്നു. അവര്‍ ക്ഷീണിതയായി, തളര്‍ന്നു തുടങ്ങി, നടു വളഞ്ഞു തുടങ്ങി, പക്ഷെ അവരുടെ മക്കള്‍, കരുത്തരായി തീര്‍ന്നിരുന്നു. സധൈര്യം അവര്‍ ജീവിതത്തില്‍ മുന്നോട്ടു നടന്നു.ഉമ്മയുടെ കൈ പിടിച്ചു, പ്രയാസങ്ങളില്‍ അവരെ ഉയര്‍ത്തിപ്പിടിച്ചു, യാത്ര അവസാനിക്കാന്‍ ആവുന്നിടത്തു, ആ സുവര്‍ണ്ണ കവാടങ്ങളുടെ അടുത്തെത്തുന്ന വരെ… അവരങ്ങനെ ഒരുമിച്ചു നടന്നു… ഒടുവില്‍ ഉമ്മ പറഞ്ഞു…
“പൊന്നു മക്കളെ, ഞാനെന്റെ യാത്രയുടെ അവസാനം എത്താന്‍ ആയിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ അറിയുന്നു, ഞാന്‍ തുടങ്ങുമ്പോള്‍ ഉള്ളതിനേക്കാള്‍ എത്രയോ സുന്ദരമാണ് ഈ അവസാനം. ഇന്നെന്റെ മക്കള്‍ക്ക് , എന്റെ വിരല്‍ പിടിച്ചു നടന്ന എന്റെ കുഞ്ഞു കിടാങ്ങള്‍ക്ക് ഒറ്റയ്ക്ക് നടക്കാനാവും. ഈ ഉമ്മയില്ലെങ്കിലും.”
ആ മക്കളത്തിനു മറുപടി പറഞ്ഞു. “ഉമ്മാ നിങ്ങള്‍ എന്നും ഞങ്ങളുടെ കൂടെത്തന്നെ ഉണ്ടാകും… ആ കവാടം കടന്നു അപ്പുറം കടന്നു പോയാലും, ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മ, ഞങ്ങളുടെ ഹൃദയത്തില്‍തന്നെ ഉണ്ടാകും”
ഉമ്മ യാത്ര പിരിഞ്ഞു പിരിയുന്നിടം വരെ അവര്‍ നോക്കി നിന്നു. ആ വാതിലുകള്‍ അടഞ്ഞു അവള് മറയുന്നത് വരെ.. എന്നിട്ടാ മക്കള്‍ പറഞ്ഞു.
“ ഞങ്ങള്‍ക്കവരെ കാണാന്‍ കഴിയുന്നില്ല. പക്ഷെ ഒരു സത്യമായി , ജീവിത മാതൃകയായി അവര്‍ ഇപ്പോഴും ഞങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. ഓര്മ്മയായല്ല, ഒരു കൂട്ട് പോലെ ഇപ്പോഴും ഞങ്ങളോടൊപ്പം… “
******************************************************

ഉമ്മയുടെ ജീവിതം , മക്കള്‍ക്കായി ഉഴ്ഞ്ഞു വച്ചിരിക്കുന്നു. ഒരു മാതാവ് തന്റെ മക്കള്‍ക്കായി ചെയ്യുന്ന ത്യാഗത്തെക്കാള്‍ വലുതായി ഒന്നും ഈ ഭൂമിയില്‍ ഇല്ല. അതുകൊണ്ട് തന്നെയാണ് ഉമ്മയുടെ കാല്പാദത്തിനു കീഴിലാണ് സ്വര്‍ഗ്ഗം എന്ന് ഇസ്ലാം നമ്മെ പഠിപ്പിച്ചത്… ഒരു മനുഷ്യായുസ്സില്‍ സഹിക്കാവുന്നതില്‍ വച്ചു ഏറ്റവും വലിയ വേദന സഹിച്ചാണവര്‍ മക്കളെ പ്രസവിച്ചത്… എത്ര മാത്രം നാം അവരോടു കടപ്പെട്ടിരിക്കുന്നു എന്ന് സ്വയം ആ വേദന അനുഭവിക്കുമ്പോള്‍, തന്റെ പ്രിയ പത്നി ആ വേദന അനുഭവിക്കുമ്പോള്‍ മാത്രമേ മനസ്സിലാകുകയുള്ളൂ… ഓരോ പ്രയാസത്തിലും ഉമ്മയുടെ വഴി കാട്ടിയായി അത്യുദാരനായ അല്ലാഹു ഉണ്ടായിരുന്നു. ആ അല്ലാഹു തെളിച്ച വഴിയിലൂടെ ഉമ്മ നമ്മെ നയിക്കുന്നു.. ജീവിത വിജയത്തിലേക്ക്…
നാം നടന്നു പോകുന്ന വഴികളിലെ ഇലകളിലെ മര്‍മ്മരമാണ് ഉമ്മയുടെ സ്നേഹം. കഴുകിയുണക്കിയ നമ്മുടെ വസ്ത്രത്തിലെ സ്നേഹത്തിന്റെ മണമാണ് ഉമ്മ, പനിക്കുമ്പോള്‍ നമ്മുടെ നെറ്റിത്തടത്തില്‍ പതിയെ അമരുന്ന കൈത്തലമാണ് ഉമ്മ, നമ്മുടെ മനസ്സു നിറഞ്ഞുള്ള ചിരിയില്‍ നിറഞ്ഞു നില്‍ക്കുന്നതെന്താണോ അതാണ് ഉമ്മ. നമ്മില്‍ കണ്ണ് നീര് ഉറവയെടുക്കുംപോള് അതില്‍ അലിവായി പെയ്യുന്ന സാന്ത്വനമാണ് ഉമ്മ.ആ ഉമ്മയുടെ ക്ലേശകരമായ ജീവിത സാഹസിക യാത്രയുടെ ഗുണഭോക്താവാണ് നാം.. നമ്മുടെ ജീവിതം അവരുടെ കഷ്ടപ്പാടിന്റെ സുകൃതമാണ്.
യാ അല്ലാഹ്, നീ ഞങ്ങള്‍ക്കും ഞങ്ങളുടെ മാതാപിതാക്കള്‍ക്കും പൊറുത്തു തരണമേ, ഇഹത്തിലും പരത്തിലും നീ അവരെ അനുഗ്രഹിക്കണേ, സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഉന്നതമായ സ്ഥാനം നല്കി അനുഗ്രഹിക്കണേ, ആമീന്‍..
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony