By : പി എം എ ഗഫൂര്‍ Source: shababweekly.net Link: http://goo.gl/ZepZN6
കായംകുളത്തിനടുത്ത് വള്ളിക്കുന്നത്ത് മദ്യപിച്ച് ബഹളമുണ്ടാക്കല്‍ പതിവാക്കിയ മകനെ പിതാവ് വെട്ടിക്കൊന്നു. പാലക്കാട് പുതുശേരിയില്‍ മകനെ അമ്മ മഴു കൊണ്ട് തലക്കടിച്ച് കൊന്നു. പട്ടാമ്പിയില്‍ മകളെ മാനഭംഗപ്പെടുത്തിയ അച്ഛന്, ഭാര്യയെയും മകളെയും ചുട്ടുകൊന്നു. പിതാവിനാല്‍ ലൈംഗിക പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി ആണ്‍കുഞ്ഞിന് ജന്മം നല്കി….! കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന `ടോപ്’ എന്ന സംഘടന കൊച്ചയിലെ പതിനാറോളം സ്കൂളില്‍ നടത്തിയ സര്‍വേയില്‍ 10,000 കുട്ടികളില്‍ 42 ശതമാനം പേര് ശാരീരികമായോ മാനസികമായോ പീഡനം ഏല്ക്കുന്നവരാണെന്ന് കണ്ടെത്തുകയുണ്ടായി. വനിതാകമ്മീഷന് പുറത്തിറക്കിയ റിപ്പോര്‍ട്ടു പ്രകാരം ബാലപീഡനത്തിനിരയാകുന്ന 80 ശതമാനം കേസുകളിലും പ്രതികള്‍ ഇരയുടെ കുടുംബക്കാര് തന്നെയാണ്. സംസ്ഥാന മാനസികാരോഗ്യ വിഭാഗത്തിന്റെ സര്‍വേ അനുസരിച്ച് മൂന്നു പെണ്‍കുട്ടികളില്‍ ഒരാള്‍ വീതം 18 വയസ്സിനു മുമ്പ് ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുണ്ട്. ഡല്‍ഹി ആസ്ഥാനമായുള്ള `സാക്ഷി’ നടത്തിയ പഠനത്തില്‍ നാലില്‍ രണ്ടുപേര്‍ ഏതെങ്കിലും വിധത്തില്‍ പീഡനത്തിനിരയാകുന്നു. പട്ടണങ്ങളില്‍ വസിക്കുന്ന 600 സ്ത്രീകളില്‍ 76 ശതമാനം പേരും പലവിധത്തില്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. (Voice from silent zone: 1998)
അടുത്ത കാലത്തായി സദാചാര രംഗം അത്യധികം ഉദാരമായതിന്റെ ദുരന്തങ്ങള്‍ പെരുകിയിരിക്കുന്നു. കുടുംബങ്ങളൊന്നിച്ചു കാണുന്ന സീരിയലുകളും സിനിമകളും പലപ്പോഴും നാം കാത്തു പോന്ന സദാചാര സങ്കല്പത്തിന്റെ മറകള്‍ തകര്‍ക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്നതാണ്. ചാനലുകളിലും പത്രങ്ങളിലും നിറയുന്ന സദാചാര ലംഘന വാര്‍ത്തകള്‍ , അവയോട് അമര്‍ഷവും അവജ്ഞയുമുണ്ടാക്കുന്നതിനു പകരം ആഭിമുഖ്യം വളര്‍ത്തക്ക വിധത്തില്‍ `മസാല’ ചേര്‍ത്ത സെന്സേഷന് കഥകളാക്കാനാണ് വാര്ത്തക്കാര് ശ്രമിക്കുന്നത്. സാംസ്കാരിക ജീര്‍ണതയുടെയും സദാചാര തകര്‍ച്ചയുടെയും മൂല്യ നിരാസത്തിന്റെയും ഞെട്ടിപ്പിക്കുന്ന പതിവു കാഴ്ചകളായിത്തീര്ന്നിരിക്കുന്നു നന്മുടെ വാര്‍ത്താമാധ്യമങ്ങളിലെല്ലാം!
സ്ത്രീ, എവിടെയും അരക്ഷിതയായിത്തീരുകയാണ്. പെണ്ണെന്നാല്‍ ശരീരമാണെന്നും ശരീരമെന്നാല്‍ ലൈംഗികതയാണെന്നുമുള്ള വിചാര വെറിയിലേക്ക് സമൂഹ മനസ്സ് ദുഷ്ടമായിരിക്കുന്നു. വിസര്‍ജ്യ ദൃശ്യങ്ങള്‍ പോലും ഒളിക്യാമറയില്‍ പകര്‍ത്തി ലൈംഗിക പട്ടിണി തീര്‍ക്കുന്നവരുടെ നാട്ടിലാണല്ലോ ജീവിക്കുന്നതെന്നതില്‍ ലജ്ജിക്കുക! ഭര്‍ത്താവും പിതാവുമൊക്കെ കൂടെയുണ്ടെങ്കില്‍ സുരക്ഷിതയായി എന്ന് ഇന്നൊരു സ്ത്രീക്കും കരുതാനാവില്ല. തന്റെ രഹസ്യങ്ങളെ `സൂം’ ചെയ്തിരിക്കുന്ന ക്യാമറക്കണ്ണുകള്‍ എവിടെയുമുണ്ടാകാം!
പെരുകുന്ന സാമൂഹിക ദൂഷ്യങ്ങള്‍ ആകമാനമുള്ള അസ്വസ്ഥതയാണ് വിതയ്ക്കുന്നത്. നാട്ടില്‍ നേരിട്ടറിഞ്ഞ അഞ്ചോളം കുടുംബപ്രശ്നങ്ങളില്‍ വില്ലനായിത്തീര്ന്നത് മൊബൈല്‍ ഫോണായിരുന്നു! മൊബൈല്‍ വഴി വ്യാപകമയ രഹസ്യബന്ധങ്ങള്‍, നിലവിലുള്ള ഒട്ടധികം കുടുംബങ്ങളെയാണ് തൂത്തെറിഞ്ഞിരിക്കുന്നത്. `An Idea can change your life’ എന്ന പരസ്യവാചകം ശരിയാണ്. നിങ്ങളുടെ ജീവിതത്തെ താറുമാറാക്കാന്‍ ഒരു മൊബൈല്‍ കണക്ഷനുണ്ടായാല്‍ മതി!
വിപുലമായ സാങ്കേതിക ദൂഷ്യങ്ങള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കുന്നത് ഗള്‍ഫു വീടുകളിലെ മക്കളാണ്. വലിയൊരു വീടും നാനാവിധ സൗകര്യങ്ങളും സംവിധാനിച്ച് ഭാര്യയെയും മക്കളെയും തനിച്ചാക്കി പിതാവ്, പണം കിനാവു കണ്ട് പറക്കുന്നു. `ചോദിക്കാനും പറയാനും ആളില്ലാതെ’ വളരുന്ന മക്കള്‍ , നാട്ടിലെ സദാചാര വിരുദ്ധ സംഘത്തിന്റെ മുന്നണിയിലെത്തിയ അനുഭവങ്ങള്‍ എത്രയെങ്കിലുമുണ്ട്. ഗള്‍ഫുഭാര്യമാരുടെ `പട്ടിണിയും ദാഹവും’ തീര്‍ക്കാനുള്ള അപകട സൂത്രങ്ങളുടെ കഥകള്‍ ആവര്ത്തിച്ചെഴുതേണ്ടതില്ല. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഭിന്നമായി, ശരിയായ ശുദ്ധജീവിതവും നല്ല കുടുംബാംന്തരീക്ഷവും പുലര്‍ത്തുന്ന ഗള്ഫുഭാര്യമാരും മക്കളും കുറച്ചെങ്കിലും ബാക്കിയുണ്ടെന്നത് മറന്നുവെക്കരുത്.
കുടുംബത്തകര്‍ച്ചയുടെ കലഹങ്ങളുടെയെല്ലാം പിന്നില്‍ ഒളിഞ്ഞോ തെളിഞ്ഞോ മദ്യവും ലഹരിയുമുണ്ട്. മദ്യം ഒരു തിന്മയല്ല, ഒട്ടനവധി തിന്മകളെ പെറ്റുപെരുക്കുന്ന മാതാവാണെന്ന തിരുനബി(സ)യുടെ താക്കീത് പുലര്‍ന്നു കാണുകയാണ് നാം. മദ്യപാനി സ്വയം തകരുകയും കുടുംബത്തെ തകര്‍ക്കുകയും ചെയ്യുന്നു, മക്കളെ നശിപ്പിക്കുന്നു, ബന്ധങ്ങളെ കേടുവരുത്തുന്നു, സാമ്പത്തിക നഷ്ടം വരുത്തുന്നു, വ്യക്തിത്വം ഇകഴ്ത്തുന്നു- ഇതിനെല്ലാം പുറമെ ഇഹലോകവും പരലോകവും നഷ്ടപ്പെടുത്തുന്നു. മദ്യത്തിലൂടെ ഏറ്റവുമധികം പണം സ്വരൂപിക്കുന്ന സംസ്ഥാനമാണ് കേരളം.
കേരളത്തില്‍ ഒരു വര്‍ഷം ചെലവാകുന്നത് ഏതാണ്ട് 3,500 കോടി രൂപയുടെ അരിയാണ്. 10000 കോടി രൂപയുടെ മദ്യവും. ആഘോഷ വേളകള്‍ മദ്യത്തിന്റേതു മാത്രമായിത്തീര്ന്നിരിക്കുകയാണിവിടെ. 3,20,000 ഓളം ജനസംഖ്യയുണ്ട് കേരളത്തില്‍ ഇതില്‍ പകുതിയിലധികവും സ്ത്രീകളാണ്. ബാക്കി പകുതിയില്‍ അഥവാ, 160 ലക്ഷത്തില്‍ 50 ലക്ഷത്തോളം സ്കൂള്‍ കുട്ടികളാണ്. തീരെ വയ്യാത്തവരും മദ്യപിക്കാത്തവരുമായി പത്തു ലക്ഷം പേരെ കൂടി മാറ്റിനിര്‍ത്തിയാലും ബാക്കി ഒരു കോടിയോളം പേര് ഒന്നാന്തരം കുടിയന്മാരാണ്. ആളോഹരി മദ്യോപയോഗത്തിന്റെ കാര്യത്തില്‍ അടുത്ത കാലത്താണ് പഞ്ചാബിനെ പിന്തള്ളി കേരളം ഒന്നാം സ്ഥാനത്തെത്തിയത്. അവിടെ 7.9 ലിറ്ററാണെങ്കില്‍ നമുക്കത് 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26,56,00,000 ലിറ്ററാണ്. (26.56 കോടി ലിറ്റര്‍).
1986ല്‍ മദ്യപിക്കുന്ന മലയാളിയുടെ കുറഞ്ഞ പ്രായം 19 വയസ്സായിരുന്നു. 90ല്‍ പതിനേഴ് വയസ്സായി കുറഞ്ഞു. 95ല്‍ എത്തിയപ്പോള്‍ 14 ആയി. 12, 13 വയസ്സില്‍ തന്നെ ആണ്‍കുട്ടികളില്‍ വലിയൊരു പങ്കും ആദ്യ മദ്യ സേവ തുടങ്ങുന്നുവെന്നാണ് പുതിയ കണക്ക്. മദ്യാസക്തി കാരണം 18.1 ശതമാനം പേര്‍ക്ക് ഓരോ വര്‍ഷവും ജോലി നഷ്ടപ്പെടുന്നു. 33.9 ശതമാനം പേര് ജോലിക്ക് ഹാജരാകാതെ വരുന്നു. 37.1 ശതമാനം പേര് കടം വാങ്ങി കള്ളുകുടിക്കുന്നവരാണ്. കുടിയന്മാരില് 66.7 ശതമാനം പേര് ചൂതാട്ടം, ലോട്ടറി എന്നിവയും ശീലമാക്കിയവരാണ്.
വ്യക്തി-കുടുംബ-സമൂഹ രംഗങ്ങളെയെല്ലാം സംസ്കരിക്കേണ്ട പ്രക്രിയ അടിയന്തിരമായി ആവശ്യമുള്ള കാലമാണിത്. സാമൂഹിക സുരക്ഷിതത്വത്തിന്റെ അനിവാര്യമായ ഘടകമാണത്. കപ്പലില്‍ ദ്വാരമുണ്ടാക്കുന്നവരുടെ കൈക്കു പിടിച്ചില്ലെങ്കില്‍ മുങ്ങിത്തകരുന്നത് കുഴപ്പക്കാര്‍ മാത്രമായിരിക്കില്ല. കുടുംബങ്ങളെ ധാര്‍മികമായി വീണ്ടെടുക്കലാണ് പോംവഴിയുടെ പ്രഥമ രംഗം. സമൂഹ ശരീരത്തില്‍ പൊള്ളലും പോറലുമേല്‍ക്കാതെ നമുക്ക് കാത്തുവെക്കാം: “ഒരു ശിക്ഷയെ നിങ്ങള്‍ സൂക്ഷിക്കുക! നിങ്ങളിലെ അക്രമികള്‍ക്ക് മാത്രമാകില്ല അത് വരുന്നത്. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.” (വി.ഖു. 8:25) l
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony