നിബന്ധനകള്‍ പാലിച്ചു കൊണ്ട് വിവാഹ മോചനം വളരെ ശ്രമകരമായ കാര്യമാക്കിയത് അത്ര സുദൃഢമായൊരു ബന്ധമാണ് അതെന്നതുകൊണ്ടാണ്. എന്നാല്‍ ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തും വിധമാണ് ഇന്ന് മുസ്ലിംകള് ത്വലാഖ് എന്ന അനിവാര്യ സാഹചര്യത്തില്‍ അനുവദിക്കപ്പെട്ട സൗകര്യത്തെ ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെയായി ഭാര്യയെ പീഡിപ്പിക്കുന്നതിനുള്ള ആയുധമായും പുതിയ മണവാട്ടിക്കൊപ്പം കഴിയാന്‍ വേണ്ടിയും പുരുഷന്മാരില് ചിലര്‍ ത്വലാഖിനെ ഉപയോഗിക്കുന്നു. ഒറ്റ ഇരുപ്പിന് മൂന്ന് ത്വലാഖും ചൊല്ലുന്ന രീതി (മുത്വലാഖ്)ക്ക് മതപരമായ നിയമത്തിന്റെ പിന്തുണയില്ലെന്ന് പണ്ഡിതന്മാര് ഇജ്തിഹാദിലൂടെ കണ്ടെത്തിയിട്ടുണ്ട്.
ആവശ്യപ്പെട്ട സ്ത്രീധനം ലഭിച്ചില്ല, സ്ത്രീക്ക് സൗന്ദര്യം പോര, ഭാര്യ വീട്ടുകാരുടെ പരിഷ്കാരം പോര, ഭര്‍ത്താവിന്റെ വീട്ടില്‍ ആളുകള്‍ കൂടുതലാണ് തുടങ്ങി ബാലിശമായ കാരണങ്ങളുടെ പേരില്‍ ഭാര്യ തെറ്റിപ്പോകുകയോ ഭര്‍ത്താവ് അവളെ തന്റെ വീട്ടിലേക്ക് കൊണ്ടു പോകാതിരിക്കുകയോ ചെയ്യുന്നു. മാസങ്ങളും വര്‍ഷങ്ങളും അങ്ങനെ കടന്നു പോകുന്നു. പലപ്പോഴും മധ്യസ്ഥരായെത്തുന്നവരുടെ ലക്ഷ്യം സന്ധിയെക്കാള് വേര്പിരിക്കലായിരിക്കും. വിവാഹ ചെലവും സല്ക്കാരച്ചെലവുമെല്ലാം ചേര്‍ത്ത് കണക്കു പറഞ്ഞ് വാങ്ങുക എന്നതിനപ്പുറം മധ്യസ്ഥന്മാര് പോലും ഇതു സംബന്ധിച്ച മത നിയമങ്ങള്‍ പാലിച്ചുകൊണ്ടാണോ ത്വലാഖ് നടപ്പാക്കിയത് എന്ന് അന്വേഷിക്കാറില്ല. ‘പിണക്ക കാലത്ത്’ സ്വന്തം വീട്ടില്‍ താമസിക്കുന്ന ഭാര്യയെ ഇദ്ദ കാലത്ത് ഭര്‍ത്താവിന്റെ വീട്ടിലാക്കാറില്ല. ഇദ്ദ കാലത്ത് ചെലവും ഇദ്ദ കഴിഞ്ഞാല്‍ മതാഉം(ആശ്വാസധനം) നല്‍കാറില്ല. ത്വലാഖ് രംഗത്ത് മത നിയമങ്ങളെക്കാള്‍ നടപ്പുള്ളത് നാട്ടാചാരങ്ങളാണ്. അതിന്റെ പേരിലാണ് ഇസ്ലാമിലെ ത്വലാഖ് പരിഹസിക്കപ്പെടുന്നതും.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony