മുമ്പു കാലങ്ങളില്‍ നിശ്ചയം വിവാഹത്തിന് രണ്ടോ മൂന്നോ ആഴ്ചകള്‍ക്കു മുമ്പായിരുന്നു നടത്തിയിരുന്നതെങ്കില്‍ ഇന്‍സ്റ്റന്റ് വിവാഹങ്ങളുടെ കാലം വന്നതോടെ വിവാഹ ദിവസം രാവിലെ വരന്റെ വീട്ടില്‍ നിന്നും ഒരു വണ്ടി ആളുകള്‍ വധുവിന്റെ വീട്ടിലേക്കോ ആ മഹല്ലിലെ പള്ളിയിലേക്കോ പോകുന്ന പതിവു തുടങ്ങി. പേരിനൊരു നിശ്ചയം. നിശ്ചയം കഴിഞ്ഞാല്‍ പിന്നെ പുത്യാപ്ലയെ ‘തേടിപ്പോകലാ’ണ്.
കുറച്ചു ചെറുപ്പക്കാര്‍ പെണ്‍വീട്ടില്‍ നിന്നും വരന്റെ വീട്ടിലേക്ക്. വരനെ പുതുവസ്ത്രമുടുപ്പിക്കലും അത്തറു പൂശലുമെല്ലാം ഇവരുടെ കാര്‍മികത്വത്തില്‍ സുഹൃത്തുക്കളുടെ വകയാണ്. അങ്ങനെ കാരണവന്മാരുടെയെല്ലാം സമ്മതവും വാങ്ങി ‘പുത്യാപ്ല’ പുറപ്പെടും. വധുവിന്റെ വീട്ടിലെത്തുന്ന വരനെ ചെറിയ അളിയന് കാലു കഴുകി സ്വീകരിക്കും. അതിന് ചെറിയ അളിയന് പുത്യാപ്ല ‘ചില്ലറ’ കൊടുക്കണം.
പുത്യാപ്ല പുറപ്പെട്ടു പോകുന്നതിനൊപ്പം ‘തേടിപ്പോകല്‍ ‘ എന്ന പേരില്‍ കുറേ സ്ത്രീകളും കുട്ടികളും പെണ് വീട്ടിലേക്കു വീണ്ടും പോകും. പെണ്ണിന് ഉടുക്കാനുള്ള വിവാഹ വസ്ത്രം, കേശാലങ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള പാക്കേജുമായി പോകുന്ന ഈ സംഘമാണ് പുയ്യോട്ടിയെ (പുതുനാരിയെ) ഒരുക്കുക. മണിക്കൂറുകള്‍ നീളുന്ന അലങ്കാരച്ചമയങ്ങളാല് അലംകൃതയായി മണവാട്ടി പുറത്തുവരും. സമാന്തരമായി മഹല്ലു പള്ളിയില്‍ നിന്നെത്തിയ മൗലവിയുടെ കാര്‍മികത്വത്തില്‍ നിക്കാഹ് നടക്കും. മഹല്ലു കമ്മിറ്റിയുടെ വിവാഹ രജിസ്റ്ററില്‍ വരനും വധുവിന്റെ പിതാവും ഒപ്പുവയ്ക്കും. വരന്റെയും വധുവിന്റെയും ഭാഗത്തു നിന്നുള്ള രണ്ടു സാക്ഷികളും ഒപ്പു വയ്ക്കും. ഈ ചടങ്ങിന്റെ പേരില്‍ നിശ്ചിത തുക പള്ളി മഹല്ലുകള്‍ വാങ്ങാറുണ്ട്. ചിലയിടങ്ങളിലൊക്കെ അനിസ്ലാമികമായ സ്ത്രീധനത്തിന്റെ തോതൊപ്പിച്ച തുകയും കമ്മിറ്റികള്‍ വാങ്ങാറുണ്ടെന്ന് ആരോപണമുണ്ട്.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony