പാശ്ചാത്യ സംസ്കാരത്തില്‍ നിന്നും കടമെടുക്കപ്പെട്ട ഒന്നാണ് ഡേറ്റിംഗ്. വിവാഹത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന രണ്ടു പേര്‍ ഒരുമിച്ചു സമയം ചിലവഴിക്കുന്നതിനെയും പരസ്പരം അറിയുന്നതിനെയുമാണ് ഡേറ്റിംഗ് എന്ന് പൊതുവേ അറിയപ്പെടുന്നത്. എന്നാല്‍ ഇപ്പറഞ്ഞ ഡേറ്റിംഗ് ഇസ്ലാമില്‍ അനുവദനീയമല്ല. വിവാഹത്തിനു മുന്‍പുള്ള ഒരു തരത്തിലുമുള്ള അടുപ്പങ്ങളും ഇസ്ലാം അനുവദിക്കുന്നില്ല.
താന്‍ വിവാഹം കഴിക്കേണ്ട ആളെ തിരഞ്ഞെടുക്കാനുള്ള അവകാശം തീര്‍ച്ചയായും ഓരോ വ്യക്തിക്കുമുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലോന്നാണ് അത്. അതിനെ ലാഘവത്തോടെ തള്ളിക്കളയാന്‍ കഴിയില്ല. ആത്മാര്‍ഥമായ പ്രാര്‍ത്ഥനയോടെയും, ശരിയായ അന്വേഷണത്തിലൂടെയും കുടുംബാംഗങ്ങളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തും വേണം ഒരു ഇണയെ കണ്ടെത്താന്‍ .
വിവാഹത്തിനു തയ്യാറെടുക്കുമ്പോള്‍ , ഒരു നല്ല ഇണയെ ലഭിക്കുവാനായ് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമത്തേത് പ്രാര്‍ഥനയാണ്.എല്ലായ്പ്പോഴും അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക, ശരിയായ ഇണയെ കണ്ടെത്തി നല്കുവാനായ്. മാതാപിതാക്കളോടും മറ്റു കുടുംബാംഗങ്ങളോടും കൂടിയാലോചിക്കുക.
അവരുടെ സാമീപ്യത്തില്‍ മാത്രം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളെ കാണുകയും സംസാരിക്കുകയും ചെയ്യുക. പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്, ഒരു പെണ്‍കുട്ടി അവളുടെ ബന്ധുവിനോടൊപ്പം ഉള്ളപ്പോഴല്ലാതെ ആരും അവളെ കാണരുത് എന്നാണ്. ഒരു അന്യ പുരുഷനും സ്ത്രീയും ഒറ്റക്കാകുമ്പോള്‍ അവിടെ മൂന്നാമനായി പിശാചു ഉണ്ടാകുമെന്ന് പഠിപ്പിക്കുന്നു.
പരസ്പരം അറിയുന്നതിന്‍റെ ഭാഗമായിട്ടാവാം യുവതീ യുവാക്കള്‍ ഒറ്റയ്ക്ക് സമയം ചിലവഴിക്കുന്നതായി കാണപ്പെടാറുണ്ട്. എന്നാല്‍ ഇങ്ങനെ ഒറ്റക്കാവുന്നത് തെറ്റിലേക്ക് നയിക്കാന്‍ കാരണമാകുന്നു.നമ്മളൊക്കെയും മനുഷ്യരാണ് . മനുഷ്യന് അവന്റെതായ ചില ദൌര്‍ബല്യങ്ങളുണ്ട്. അത്തരം ദൌര്‍ബല്യങ്ങള്‍ ഒറ്റക്കാകുമ്പോള്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇസ്ലാം ഇത്ര കര്‍ശനമായ നിയമങ്ങള്‍ അനുശാസിക്കുന്നതും
വിവാഹം കഴിക്കാനുദ്ദേശിക്കുന്ന ആളെപ്പറ്റി നന്നായി അന്വേഷിക്കുക. അതിനു വേണ്ടി സുഹൃത്തുക്കളോടും സഹ പ്രവൃത്തകരോടും നേതാക്കളോടും സംസാരിക്കുക. ഒരു അന്തിമ തീരുമാനത്തിലെത്തും മുന്പ് വിഷയത്തെ, ബന്ധത്തെ ആഴത്തില്‍ പഠിക്കുവാന്‍ അത് വഴി കഴിയും.
തീരുമാനം എടുക്കുന്നതില്‍ അല്ലാഹുവിന്റെ സഹായം ഉണ്ടാകുന്നതിനായി ഇസ്തിഖാറ നമസ്കരിക്കുക. അല്ലാഹുവാണ് ഏറ്റവും കൃത്യമായ തീരുമാങ്ങള്‍ എടുക്കുന്നതെന്ന സത്യത്തെ ഓര്‍ക്കുക.
പങ്കാളിയെ തിരഞ്ഞെടുക്കാന്‍ പൂര്‍ണ്ണമായ അവകാശം ഇസ്ലാം നമുക്ക് കല്പിച്ചു നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇഷ്ടമില്ലാത്തൊരു വിവാഹത്തിന്റെ ഭാഗമാകാന്‍ ഒരു യുവാവും യുവതിയും നിര്‍ബന്ധിക്കപ്പെടാന്‍ പാടില്ല.
വികാരങ്ങളെക്കാള്‍ വിവേകത്തിനാണ് വിവാഹക്കാര്യത്തില്‍ മുന്ഗണന കൊടുക്കേണ്ടത്. അത് കൊണ്ട് തന്നെ കുടുംബാംഗങ്ങളുടെ അഭിപ്രായത്തിന് ശരിയായ പരിഗണന കൊടുക്കേണ്ടതുണ്ട് ഇക്കാര്യത്തില്‍ . അവര്‍ക്കാണ് കൂടുതല്‍ വിവേകവും ശ്രദ്ധയും ഇക്കാര്യത്തില്‍ ഉണ്ടാകുക. നല്ല ഇണയെ കണ്ടെത്താന്‍ ഓരോ വിശ്വാസിയെയും അല്ലാഹു അനുഗ്രഹിക്കട്ടെ.