കൊച്ചി: പ്രായപൂര്‍ത്തിയായ ശേഷവും മക്കള്‍ പക്വതയില്ലാത്ത തീരുമാനമെടുക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് അത് തിരുത്താമെന്ന് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ മകളുടെ ഭാവിയെക്കരുതി വിവാഹക്കാര്യത്തില്‍ അച്ഛനമ്മമാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തെറ്റ് പറയാനാവില്ലെന്നും ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.
താന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന യുവതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കയാണെന്ന് കാണിച്ച് യുവാവ് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ വിലയിരുത്തല്‍. യുവാവും യുവതിയും ഡോക്ടര്‍മാരാണ്. തന്നെ കാണുന്നത് ഒഴിവാക്കാനായി യുവതിക്ക് ബിരുദാനന്തര പഠനത്തിനുള്ള അവസരം നിഷേധിച്ച് തടഞ്ഞുവച്ചിരിക്കയാണെന്നും യുവതിയെ വിട്ടുകിട്ടണമെന്നുമായിരുന്നു അങ്കമാലി സ്വദേശിയായ ഡോക്ടര്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജിക്കാരനുമായി പ്രേമത്തിലാണെന്നും മാതാപിതാക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും യുവതി കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം യുവതിയെ ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരുന്നു. യുവാവിന്റെ സ്വഭാവത്തെയും പശ്ചാത്തലത്തെയും കുറിച്ച് അന്വേഷിച്ചതിനാലാണ് യുവതിയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നതെന്ന് അവരുടെ പിതാവ് ബോധിപ്പിക്കുന്നു. ഇരുവരും തമ്മിലുള്ള എസ്.എം.എസ്. സന്ദേശങ്ങളുടെ പകര്‍പ്പും ഹാജരാക്കപ്പെട്ടു. യുവാവിനെ കുറ്റപ്പെടുത്തും വിധമുള്ള സന്ദേശങ്ങളും അതിലുണ്ടായിരുന്നു. യുവാവ് സന്ദേശങ്ങള്‍ നിഷേധിച്ചു. എന്നാല്‍ അക്കാര്യം സമ്മതിച്ച യുവതി അവ ഗൗരവമുള്ളതായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ഏതായാലും എസ്.എം.എസ്. സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
പൗരന് സമൂഹത്തില്‍ എല്ലാ സ്വാതന്ത്ര്യവും ഉണ്ടെങ്കിലും അത് ഒരു പരിധിക്കപ്പുറം വലിച്ചുനീട്ടാനാവില്ലെന്ന് കോടതി വിലയിരുത്തി. കുടുംബ ബന്ധങ്ങളെ തകര്‍ക്കാന്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്. മക്കളെ ഉപദേശിക്കാനും ശരിയായ വഴി കാട്ടിക്കൊടുക്കാനും മാതാപിതാക്കള്‍ക്ക് അധികാരം നല്‍കുന്നതാണ് നമ്മുടെ സാമൂഹികമൂല്യവ്യവസ്ഥ. മകളോ മകനോ പക്വതയില്ലാത്ത തീരുമാനമെടുക്കുമ്പോള്‍ മാതാപിതാക്കള്‍ നിസ്സഹായരായിരിക്കണമെന്ന് കരുതാനാവില്ല. അത്തരം തീരുമാനങ്ങള്‍ കുട്ടികളുടെ ജീവിതത്തിനു മാത്രമല്ല കുടുംബത്തിനാകെ വിനാശകരമായേക്കാം. മാര്‍ഗനിര്‍ദേശം നല്‍കാനുള്ള മാതാപിതാക്കളുടെ അധികാരം ആത്യന്തികമായി മക്കളുടെ നന്മയ്ക്കാവുമെന്ന് കോടതി വിലയിരുത്തി.