Home / കുടുംബം / വിവാഹാലോചനയും വാക്ക് പാലിക്കലും

വിവാഹാലോചനയും വാക്ക് പാലിക്കലും

trust-640x250

വിശ്വാസം എന്ന വാക്കിനു ഒരല്പം പോലും മൂല്യം ഇല്ലാതായി മാറിയ ഒരു കാല ഘട്ടത്തിലാണ് നാം ജീവിക്കുന്നത്.പറയുന്നതല്ല നാം പ്രവര്‍ത്തിക്കുന്നത്.വാഗ്ദാന ലംഘനം കാപട്യത്തിന്റെ ലക്ഷണമാണ് എന്ന് നമുക്കറിയാം.ഇന്ന് ഭൂരിഭാഗം മുസ്ലിം സമൂഹവും അതിന്റെ വലയത്തില്‍ അകപ്പെട്ടു കൊണ്ടിരിക്കുകയാണ്.പല സന്ദര്‍ഭങ്ങളിലും നാം പല വാഗ്ദാനങ്ങളും നല്കുകകയും എന്നിട്ട് അത് ലംഘിക്കുകയും ചെയ്യുന്നു.ഇത് ഇസ്ലാമിന്റെ മര്യാദക്ക് ചേര്‍ന്നതോ അംഗീകരിക്കപ്പെട്ടതോ അല്ല.`ഞാന്‍ അത് ചെയ്യാം, ഇത് ചെയ്യാം ‘ എന്ന് നാം എപ്പോഴും പറയാറുണ്ട്.എന്നാല്‍ സമയം ആകുമ്പോള്‍ അത് പാലിക്കാതിരിക്കുകയും മറ്റുള്ളവരുടെ വിശ്വാസം തകര്‍ക്കുകയും ചെയ്യുന്നു. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി പലതരം വാഗ്ദാനങ്ങള്‍ കൊടുക്കുന്നു എന്നാല്‍ കാര്യം കഴിയുമ്പോള്‍ വാക്കിനു വിലയില്ലാതെ പ്രവൃത്തികയും ചെയ്യുന്ന മനുഷ്യന്‍ ലജ്ജയില്ലാത്തവനാണ്. അല്ലാഹുവിങ്കല്‍ വലിയ തെറ്റുകാരനും.അറിഞ്ഞോ അറിയാതെയോ പലപ്പോഴും നാം ഈ തെറ്റ് ചെയ്യുന്നുണ്ട്…
ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍, പരസ്പര ബന്ധങ്ങളില്‍, കച്ചവടത്തില്‍, കരാറുകളില്‍, എല്ലാം നമ്മളില്‍ നിന്നും ഈ വീഴ്ച സംഭവിക്കുന്നു.

പലപ്പോഴും നമുക്ക് കാണാന്‍ കഴിയും ചില കുടുംബങ്ങള്‍ വിവാഹ ആലോചന നടത്തുന്നു. ആണിനും പെണ്ണിനും പരസ്പരം ഇഷ്ടമാകുന്നു. അങ്ങനെ പെണ്ണ് വീട്ടുകാര്‍ വിവാഹത്തിനു ഒരുങ്ങുന്നു. നമ്മുടെ നാട്ടിലെ അവസ്ഥ അറിയാമല്ലോ, വിവാഹത്തിനും അതിന്റെ ചിലവുകള്‍ക്കും ഏറെ കഷ്ടപ്പെടുന്നവര്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആയിരിക്കും. പെണ്‍കുട്ടി സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുന്നു. അങ്ങനെ മോഹങ്ങളും പ്രതീക്ഷകളുമായി അവള്‍ കാത്തിരിക്കുമ്പോള്‍ ആയിരിക്കും നിസ്സാര കാര്യങ്ങളുടെ പേരില്‍ ആണ്‍ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്നത്. പെണ്‍കുട്ടിയുടെ മാത്രമല്ല അവളുടെ കുടുംബത്തിന്റെ ഒട്ടാകെ സന്തോഷവും കെടുത്തി കളഞ്ഞു കൊണ്ട് അവരതില്‍ നിന്ന് വളരെ ലാഘവത്തോടെ ഒഴിഞ്ഞു മാറും. ചിലപ്പോള്‍ സാമ്പത്തികം, സ്ത്രീധനം എന്നിവ ആകാം പ്രശ്നം, ചിലപ്പോള്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ നല്ല ബന്ധം കിട്ടിയതും കൊണ്ടാകാം. നേരെ തിരിച്ചും സംഭവിക്കാറുണ്ട്.  വാക്ക് പറഞ്ഞു ഉറപ്പിച്ചതിനു ശേഷം ആണ്‍ വീട്ടുകാരെ നിരാശയില്‍ ആഴ്ത്തിക്കൊണ്ട് വിവാഹം ഒരു കാരണവും ഇല്ലാതെ ഒഴിവാക്കും. സത്യത്തില്‍ ഇങ്ങനെ ഒരു കൂട്ടര്‍ പിന്മാറുമ്പോള്‍ മറ്റേ കൂട്ടരേപ്പറ്റി ആളുകള്‍ക്കിടയില്‍ ഒരു മോശം ചിന്ത ഉണ്ടാക്കുകയാണ് ചെയ്യുക. പെണ്‍കുട്ടിയുടെ/ആണിന്റെ സ്വഭാവം/കുടുംബം മോശമായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പരന്നെന്നും വരാം.

broken promises

ഇസ്ലാമില്‍ വിവാഹവുമായി ബന്ധപ്പെട്ടു ഉറപ്പിക്കലില്‍ നിന്ന് പിന്മാറുന്നതില്‍ പിഴയൊന്നും ഒടുക്കേണ്ടതായില്ല. നഷ്ട പരിഹാരവും നല്‍കണം എന്നില്ലായിരിക്കാം. പക്ഷെ അല്ലാഹുവിന്റെ അടുക്കല്‍ മനപൂര്‍വ്വം ചെയ്യുന്ന ഈ തെറ്റിന് ഉത്തരം പറയേണ്ടി വരും.
അറിഞ്ഞു കൊണ്ട് വാക്ക് പാലിക്കാതെ പിന്മാറുന്നവന്‍ അതി ഗുരുതരമായ തെറ്റ് തന്നെയാണ് ചെയ്യുന്നത്.
അല്ലാഹുവിന്റെ പ്രവാചകന്റെ അനുയായികള്‍ അവരുടെ സത്യമുള്ള വാക്കിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. അല്‍-അമീന്‍-വിശ്വസ്തന്‍ എന്ന് അറിയപ്പെട്ടിരുന്ന പ്രിയ പ്രവാചകന്റെ അനുയായികളും അദ്ദേഹത്തെ പിന്‍പറ്റുന്നവര്‍ തന്നെ ആയിരുന്നു. വാക്കിലും പ്രവൃത്തിയിലുമുള്ള സത്യവും കരാര്‍ പാലിക്കാനുള്ള വ്യഗ്രതയും വിശ്വാസവും ആയിരുന്നു അവരുടെ മേന്മയും.
തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരുമായ സത്യ വിശ്വാസികളാണ് വിജയികള്‍ എന്ന് സൂറത്തുല്‍ മു’മിനൂനിലൂടെ അല്ലാഹു പറയുന്നുണ്ട്.(23:8)

അല്ലാഹുവിവേക്കുറിച്ചുള്ള സ്മരണ മനുഷ്യമനസില്‍ ഇല്ലാത്തതു കൊണ്ടാവാം പരസ്പര വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ കരാര്‍ ലംഘിക്കുന്നവരും വാഗ്ദത്തം പാലിക്കാത്തവരുമായി ഇന്ന് ചിലര്‍ ഇങ്ങനെ അധപധിക്കാനുള്ള കാരണം. കപട വിശ്വാസിയുടെ നാല് ലക്ഷണങ്ങളില്‍ ഒന്നായ വാഗ്ദത്ത ലംഘനം പരമകാരുണികനായ അല്ലാഹുവിനു വെറുക്കപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്.
വിശുദ്ധ ഖുറാന്‍ പറയുന്നു:”അല്ലയോ സത്യവിശ്വാസികളെ,നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് പറയുന്നതെന്തിന്?പ്രവര്‍ത്തിക്കാത്തത് പറയുക എന്നത് അല്ലഹുവിനടുക്കല്‍ വെറുക്കപ്പെട്ട കാര്യമാകുന്നു.( ഖു: 61:2-3)
മനുഷ്യന്റെ ചില വാഗ്ദാനങ്ങള്‍ ചിലരില്‍ വന്‍ പ്രതീക്ഷകള്‍ നല്‍കും, സ്വപ്‌നങ്ങള്‍ നല്‍കും. അതുകൊണ്ട് തന്നെ ആ വാഗ്ദാനങ്ങള്‍ പാലിക്കാതെ വഞ്ചിക്കുമ്പോള്‍ അത് വന്‍ ദുരന്തങ്ങളില്‍ ആയിരിക്കും അവരെ കൊണ്ടെത്തിക്കുക. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഏറ്റവും ഉത്തമന്‍ സര്‍വ ലോക സ്രഷ്ടാവായ അല്ലാഹു തന്നെയാണ്. അവന്റെ അടിമകളാണ് നാം. അതുകൊണ്ട് തന്നെ, വാഗ്ദത്ത ലംഘനം നടത്തുകയും കരാര്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നവരെ അല്ലാഹു ഒരിക്കലും സ്നേഹിക്കുകയില്ല.
“തീര്ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു.” (4:145)
കപട വിശ്വാസിയുടെ ലക്ഷണങ്ങളില്‍ ഒന്നായാണ് കരാര്‍ ലംഘനത്തെ പ്രവാചകന്‍ വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെ അത് വെറുക്കപ്പെടേണ്ടതുമാണ്. അബൂഹുറയ്റ(റ) യില്‍ നിന്ന്: നബിതിരുമേനി അരുളി: ‘കപട വിശ്വാസികളുടെ ലക്ഷണങ്ങള്‍ മൂന്നെണ്ണമാണ്: സംസാരിച്ചാല്‍ കള്ളം പറയും, വാഗ്ദാനം ചെയ്താല്‍ ലംഘിക്കും, വിശ്വസിച്ചാല്‍ ചതിക്കും.'(34)
അബ്ദുല്ലാഹിബ്നു അംറി(റ)ല്നി,ന്ന്: നബി(സ്വ) അരുളി: ‘നാല് ലക്ഷണങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ തികഞ്ഞ കപടവിശ്വാസിയായി. അവയില്‍ ഏതെങ്കിലും ഒന്ന് ഒരാളിലുണ്ടെങ്കില്‍ അത് വെടിയുംവരെ അവനില്‍ കപട വിശ്വാസത്തിന്റെ ഒരു ലക്ഷണമുണ്ടെന്നുവന്നു. വിശ്വസിച്ചാല്‍ ചതിക്കും; സംസാരിച്ചാല്‍ കള്ളം പറയും, കറാറ് ചെയ്താല്‍ ലംഘിക്കും; പരസ്പരം വഴക്ക് കൂടുമ്പോള്‍ മര്യാദയില്ലാത്ത വാക്കുകള്‍ പ്രയോഗിക്കും എന്നിവയാണാ ദുര്ഗുണങ്ങള്‍ .'(സ്വഹീഹ്)
നിസാരമായ കരാര്‍ ലംഘനം പോലും വളരെ വലിയ വിശ്വാസ വഞ്ചനയാണ്, അതുകൊണ്ട് തന്നെ നാളെ അന്ത്യ നാളില്‍ അല്ലാഹുവിന്റെ ചോദ്യത്തെ ഭയക്കുകയും വാക്കിലും പ്രവൃത്തിയിലും സത്യമുള്ളവരായി ജീവിക്കുകയും ചെയ്യുക.

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം