ഈയിടെ ഒരാള്‍ പറഞ്ഞ അനുഭവം നിങ്ങളോടും പങ്കു വെക്കട്ടെ.ഒരു മുസ്ലീം സഹോദരി, അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം എന്ന് വേണമെങ്കില്‍ പറയാം.
പക്ഷെ അവരുടെ ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നും അവരുടെ ഈ വീട്ടു ജോലികളിലോ കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിലോ അല്പം പോലും സഹായം ഉണ്ടാകാറില്ല. ശാരീരികവും മാനസികവുമായ തകര്‍ച്ചയുടെ വക്കിലാണ് താന്‍ എന്ന് പോലും ആ സ്ത്രീ ഭയന്ന് പോകുന്നു.
ഇത് വിരളമായ ഒരു സംഭവമല്ല. ഇതുപോലെ ധാരാളം പേര് ഉണ്ട്. വീട്ടു ജോലികളുടെ പര്‍വ്വതം തനിയെ ചുമക്കുന്നവര്‍ . ഒപ്പം സമ്പാദിക്കുകയും ചെയ്യുന്ന , ഭര്‍ത്താവിനാല്‍ തീരെ സഹായം ലഭിക്കാത്ത സഹോദരിമാര്‍ .
എനിക്ക് ചോദിക്കാനുള്ളത് പ്രിയപ്പെട്ട സഹോദരന്മാരോടാണ്. എന്താണ് നമ്മുടെ വീടകങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? നമ്മുടെ സ്നേഹവും കാരുണ്യവും എവിടെപ്പോയൊളിച്ചിരിക്കുന്നു?
പ്രവാചകരും സ്വഹാബത്തും അധികാരം കയ്യിലുള്ളവരായിട്ടും വലിയ സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നവരായിട്ടു പോലും തങ്ങളുടെ ആ പദവികള്‍ വക വെക്കാതെ വീട്ടുജോലികളില്‍ സഹായിക്കുമായിരുന്നു.അടിമകളോട് പോലും കാരുണ്യത്തോടെയും സഹായ മനസ്കതയോടും പെരുമാറാന്‍ നിര്‍ദ്ദേശിച്ച മഹത്തായ ദര്‍ശനമാണ് ഇസ്ലാം മുന്‍പോട്ടു വച്ചത്.
പ്രിയപ്പെട്ട സഹോദരന്മാരെ, ഇവര്‍ നമ്മുടെ അടിമകള്‍ അല്ലാ, മറിച്ചു നമ്മുടെ ഭാര്യമാരാണ്. പരസ്പരം സഹായിക്കെണ്ടവരല്ലേ നാം? ഇണകളായി നമ്മള്‍ സൃഷ്ടിക്കപ്പെട്ടത് പോലും പരസ്പരം താങ്ങും തണലുമായി വര്‍ത്തിക്കുവാന്‍ വേണ്ടിയാണല്ലോ.. നമ്മളാണ് ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്ക് ഇത്ര മാത്രം ജോലിയുടെ കൂമ്പാരം വലിച്ചു കൊട്നു പോകുന്നതെങ്കിലോ? കഴിയുമോ അതിനു?
എപ്പോഴെങ്കിലും അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ അവരുടെ അവസ്ഥ അറിയാന്‍ , അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കാന്‍ നാം സമയം കണ്ടെത്താറുണ്ടോ? സ്വയം ചോദിക്കേണ്ട ചോദ്യമാണ്…
അവരെ പരിപാലിക്കെണ്ടതും ശ്രദ്ധിക്കേണ്ടതും നമ്മുടെ കടമയാണ്. മൃഗങ്ങളെ പോലും ശരിയായ രീതിയില്‍ പരിപാളിക്കാനാണ് ഇസ്ലാം കല്‍പ്പിക്കുന്നത്.. അപ്പോള്‍ ഓര്‍ത്ത് നോക്കൂ.. നമ്മുടെ എല്ലാമെല്ലാമായ, നമ്മുടെ ആദരവും സ്നേഹവും ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന ഇണയോട് എങ്ങനെയാണ് പെരുമാറേണ്ടതു?
അവര്‍ക്കും സ്വപ്‌നങ്ങള്‍ ഉണ്ട്, സങ്കടങ്ങള്‍ ഉണ്ട്, പ്രശ്നങ്ങളും ഉണ്ട്, അവര്‍ക്കാണെങ്കില്‍ അത് നിങ്ങളോട് പങ്കു വെക്കാനുള്ള അതിയായ ആഗ്രഹവും ഉണ്ട്.
അവര്‍ പരിപൂര്‍ണ്ണരായിരിക്കില്ല,അടിക്കടി കുറ്റപ്പെടുത്തുന്ന, ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ഒരുവളായിരിക്കാം. അതൊന്നും അവരെ മോശക്കാരാക്കുന്നില്ല. അവര്‍ അതുകൊണ്ടൊന്നും നിങ്ങളുടെ നല്ല പാതി അല്ലാതെയാകുന്നില്ല. നിങ്ങളില്‍ കുറവുകള്‍ ഉണ്ട് എന്നത് പോലെത്തന്നെ അവരിലും കുറവുകള്‍ഉണ്ടെന്നു മാത്രം.
പക്ഷെ അതിനെ കാരണമാക്കി നാം നമ്മുടെ ഭാര്യമാരോടുള്ള ആശയവിനിമയം കുറച്ചുകൂടാ.. പരസ്പരം വികാസം പ്രാപിക്കുവാന്‍ ഉള്ള മാര്‍ഗ്ഗമാണ് ശരിയായ ആശയ വിനിമയം.
മനസ്സിനെ തൊടുന്ന ഭാഷയില്‍ , വൈകാരികമായ ഭാഷയില്‍ സംസാരിച്ചാല്‍ സ്ത്രീകള്‍ അത് കേള്‍ക്കും. എങ്ങനെയാണ് അവര്‍ നിങ്ങളെ കേള്‍ക്കുന്നത് എന്നതാണ് പ്രധാനം. സ്വന്തം ഭര്‍ത്താവിനോടൊപ്പം ചിലവഴിക്കുന്ന മനോഹരമായ നിമിഷങ്ങളും അദ്ദേഹത്തിന്‍റെ ശ്രദ്ധയും വാരിപ്പുണരുന്ന, സമാശ്വസിപ്പിക്കുന്ന കൈകളും മാത്രം മതിയാകും ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുവാന്‍ .
അവര്‍ പറയുന്നതിനെ സൂക്ഷ്മമായി കേള്‍ക്കുക. അവരത് അതിയായി ആശിക്കുന്നുണ്ട്. അവര്‍ പറയുന്നത് സ്നേഹത്തോടെ കേള്‍ക്കുക വഴി നമ്മളുടെ കരുതലും ശ്രദ്ധയും ആവശ്യമുള്ള അവരുടെ ശരിയായ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനും നമുക്ക് കഴിയും.
തീര്‍ച്ചയായും നമ്മളില്‍ ചിലര്‍ ഭാര്യമാരോട് നല്ല രീതിയില്‍ പെരുമാരുന്നവരാന്. അല്ലാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ…. എന്നിരുന്നാലും ചിലര്‍ ഭാര്യമാരെ ലവലേശം പരിഗണിക്കാതെ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഭാര്യയെ സമീപിക്കുന്നവരായിരിക്കും. ഭാര്യയോടുള്ള കടമകളില്‍ വീഴ്ച വരുത്തുന്നവരാകും. അവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഇത്.
സ്ത്രീയുടെ സംരക്ഷകരാണ് പുരുഷന്മാര്‍ , അവര്‍ക്ക് ചിലവിനു കൊടുക്കുന്നതും പുരുഷന്‍ തന്നെ. അവരെ പരിപാളിക്കെണ്ടതും പുരുഷന്‍ . അല്ലാതെ അവരെ ദ്രോഹിക്കുന്ന ആളല്ല പുരുഷന്‍. അങ്ങനെ ആവരുത് പുരുഷന്‍. സ്ത്രീകളെ മാര്‍ദ്ധിക്കുന്നത് പുരുഷന്മാര്‍ക്ക് ചേര്‍ന്ന നടപടിയല്ല. എന്തുത്തരമാണ് നമ്മുടെ ഇത്തരം ക്രൂരമായ നടപടികളെ സംബന്ധിച്ചു വിധി നിര്‍ണ്ണയ നാളില്‍ അല്ലാഹുവിനോട് പറയുക? ഭാര്യമാരോടുള്ള കടുത്ത പെരുമാറ്റത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ?
എത്ര മാത്രം നമസ്കരിച്ചിട്ടും നോമ്പ് നോറ്റിട്ടും ദാന ധര്‍മ്മങ്ങള്‍ നടത്തിയിട്ടും അവസാന നാളില്‍ നഷ്ടത്തില്‍ പെട്ട് പോകുന്ന ചിലരുണ്ട്. മറ്റുള്ളവരെ ദ്രോഹിച്ചവര്‍ , അവര്‍ ചെയ്ത നന്മകളുടെ പ്രതിഫലമെല്ലാം അന്ന് അയാള്‍ ദ്രോഹിച്ച, അടിച്ചമര്‍ത്തിയ മര്‍ദ്ദിതരായ ആളുകള്‍ക്ക് നല്‍കപ്പെടും. അങ്ങനെ നരകത്തീയില്‍ അകപ്പെടും.
സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തെപ്പറ്റി നാം അല്ലാഹുവിനെ തീര്‍ച്ചയായും ഭയപ്പെടണം. നമ്മുടെ കിടപ്പറയില്‍ ആരും കാണുന്നില്ലെന്ന് കരുതി ഒരുപക്ഷേ ഭാര്യയെ പീഡിപ്പിക്കുമ്പോള്‍ ഓര്‍ക്കണം .. ആരും കാണുന്നില്ലെങ്കിലും… അല്ലാഹു കാണുന്നുണ്ട്…….
Check Also
കോടതിക്ക് പുറത്ത് നടക്കുന്ന മുസ്‌ലിം വിവാഹ മോചനം: കുടുംബ കോടതികളില്‍ വിശദ പരിശോധന വേണ്ടെന്ന് ഹൈകോടതി
കൊച്ചി: മത നിയമം അനുശാസിക്കുന്ന പ്രകാരം കോടതിക്ക് പുറത്ത് നടക്കുന്ന മുസ്‌ലിം വിവാഹ മോചനം സംബന്ധിച്ച് കുടുംബ കോടതികളില്‍ വിശദ …