കാസര്‍കോട്: ഭര്‍ത്താവ് ബലാത്സംഗംചെയ്‌തെന്ന് കള്ളക്കേസ് നല്‍കിയ ഭാര്യക്കെതിരെ കാസര്‍കോട് കുടുംബക്കോടതിയുടെ അപൂര്‍വവിധി. കാസര്‍കോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ എന്‍.കെ.ശിവപ്രസാദിന് ഭാര്യയായ നെല്ലിക്കുന്ന് അംബേദ്കര്‍ റോഡിലെ വി.എം.നിവ്യ പ്രതിമാസം 6000 രൂപ ചെലവിനുനല്‍കാനാണ് കുടുംബക്കോടതി ജഡ്ജി പി.ഡി.ധര്‍മരാജ് വിധിച്ചത്.
ബലാത്സംഗക്കേസിനെത്തുടര്‍ന്ന് ജോലി നഷ്ടമായെന്നും ഭാര്യയില്‍നിന്നു ജീവനാംശം വേണമെന്നുമാവശ്യപ്പെട്ട് ശിവപ്രസാദ് നല്‍കിയ കേസിലാണ് സുപ്രധാനവിധി.
പ്രണയവിവാഹിതരായ ശിവപ്രസാദും നിവ്യയും അഞ്ചുമാസത്തോളം ഒരുമിച്ചു ജീവിച്ചശേഷമാണ് കേസുമായി കോടതിയിലേക്കെത്തിയത്. ശിവപ്രസാദ് തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളില്‍വെച്ച് ബലാത്സംഗംചെയ്‌തെന്ന നിവ്യയുടെ പരാതി വ്യാജമാണെന്ന് കാസര്‍കോട് പോലീസ് കണ്ടെത്തിയിരുന്നു. നിവ്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പത്രത്തില്‍ (മാതൃഭൂമിയിലല്ല) വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ശിവപ്രസാദിന്റെ ജോലി നഷ്ടമായിരുന്നു. പോലീസ് റിപ്പോര്‍ട്ടുള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് മംഗലാപുരത്തെ പ്രശസ്ത കോളേജിലെ ലക്ചററായ നിവ്യ, ജോലിയില്ലാത്ത ശിവപ്രസാദിന് ജീവനാംശം നല്‍കണമെന്ന് കോടതി വിധിച്ചത്. അഡ്വ. യു.എസ്.ബാലന്‍ ശിവപ്രസാദിനു വേണ്ടിയും അഡ്വ. ബെന്നി ജോസ് നിവ്യക്കു വേണ്ടിയും ഹാജരായി.
2011 ജനവരി 22-ന് കാട്ടുകുക്കെ ക്ഷേത്രത്തില്‍വെച്ചായിരുന്നു ശിവപ്രസാദും നിവ്യയുമായുള്ള വിവാഹം. ജനവരി 31-നുതന്നെ വിവാഹം എന്‍മകജെ ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സമയത്ത് ബിരുദാനന്തരബിരുദത്തിനു പഠിക്കുകയായിരുന്നു നിവ്യ. ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു ശിവപ്രസാദ്. ഒരുമിച്ചു താമസിച്ചിരുന്നതിനിടെ 2011 മെയ് ഒന്നിന് നിവ്യ സ്വന്തം വീട്ടിലേക്കു പോവുകയും ജൂണ്‍ രണ്ടിന് ശിവപ്രസാദിനെതിരെ ബലാത്സംഗത്തിന് കേസ് കൊടുക്കുകയുമായിരുന്നു.
2011 ജൂലായില്‍ വിവാഹം അസാധുവാക്കണമെന്നാവശ്യപ്പെട്ട് നിവ്യ കുടുംബക്കോടതിയില്‍ കേസ് നല്‍കി. കാസര്‍കോട് പോലീസിന്റെ അന്വേഷണത്തില്‍ ബലാത്സംഗക്കേസ് കളവാണെന്നു തെളിഞ്ഞു. വിവാഹശേഷം ഇരുവരും മധുവിധു ആഘോഷിക്കാനായി വയനാടുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോയതായും കണ്ടെത്തി. ആസ്പത്രിരേഖകളും ശിവപ്രസാദിന് അനുകൂലമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി കേസ് തള്ളി. വിധി എതിരായതോടെ നിവ്യക്കെതിരെ പോലീസ് കേസെടുത്തു. മുന്‍കൂര്‍ജാമ്യത്തിനായി നിവ്യ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതി, ഭര്‍ത്താവും ഭാര്യയുമായുള്ള കലഹത്തിന്റെപേരില്‍ ഇത്തരം രീതികളവലംബിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും ഒരാളുടെ ഭാവി നശിപ്പിക്കുന്നതാണിതെന്നും നിരീക്ഷിച്ചു.
വിവാഹമോചനമാവശ്യപ്പെട്ട് നിവ്യ വീണ്ടും കേസ് നല്‍കി. ഇതേത്തുടര്‍ന്നാണ് ഭാര്യയില്‍നിന്ന് ജീവനാംശമാവശ്യപ്പെട്ട് ശിവപ്രസാദ് കേസ് ഫയല്‍ ചെയ്തത്. ഹിന്ദു വിവാഹനിയമത്തിന്റെ 24-ാം വകുപ്പനുസരിച്ചാണു വിധി. വക്കീല്‍ഫീസ് ഭാര്യയില്‍നിന്നീടാക്കണമെന്ന ശിവപ്രസാദിന്റെ ആവശ്യം കോടതി തള്ളി. കേസ് നടത്തിപ്പിനു പണമില്ലെങ്കില്‍ നിയമസഹായവേദിയെ സമീപിക്കുകയാണു വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
Source: Mathrubhumi