Home / നീതിന്യായം / ഇന്ത്യക്കാര്‍ക്ക് വിദേശിയെ വിവാഹം കഴിക്കാന്‍ നിയമതടസ്സമില്ലെന്ന്‌ ഹൈകോടതി

ഇന്ത്യക്കാര്‍ക്ക് വിദേശിയെ വിവാഹം കഴിക്കാന്‍ നിയമതടസ്സമില്ലെന്ന്‌ ഹൈകോടതി

സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാം
കൊച്ചി – June 17 / 2015 : ഇന്ത്യക്കാര്‍ക്ക് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിദേശികളെ വിവാഹം കഴിക്കാന്‍ നിയമതടസ്സങ്ങളില്ളെന്ന് ഹൈകോടതി. വിവാഹിതരാകുന്ന പങ്കാളികള്‍ ഇന്ത്യക്കാര്‍ മാത്രമായിരിക്കണമെന്ന് നിയമത്തില്‍ പ്രത്യേക പരാമര്‍ശമില്ലാത്തതിനാല്‍ ഇത്തരം വിവാഹങ്ങള്‍ തടസ്സപ്പെടുത്താനാകില്ളെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ വ്യക്തമാക്കി.

വിദേശിയുമായുള്ള തന്‍െറ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച തലയോലപ്പറമ്പ് സബ് രജിസ്ട്രാറുടെ നടപടി ചോദ്യംചെയ്ത് കോട്ടയം മുളക്കുളം കീഴൂര്‍ സ്വദേശി സന്ദു സൈമണ്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഇന്ത്യയില്‍ ജനിച്ചെങ്കിലും അമേരിക്കയില്‍ വളര്‍ന്ന് അവിടത്തെ പൗരത്വമുള്ള നിതിന്‍ ജോസഫുമായി സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹം നടത്താനാണ് ഹരജിക്കാരി അപേക്ഷ നല്‍കിയത്.

പ്രതിശ്രുത വരന്‍ മുമ്പ് വിവാഹിതനല്ളെന്ന് തെളിയിക്കാന്‍ അമേരിക്കയിലെ പൊതു ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാല്‍, വിദേശിയുമായുള്ള വിവാഹത്തിന് സ്പെഷല്‍ മാര്യേജ് ആക്ടില്‍ വകുപ്പില്ളെന്ന് ചൂണ്ടിക്കാട്ടി സബ് രജിസ്ട്രാര്‍ അപേക്ഷ നിരസിക്കുകയായിരുന്നു. സ്പെഷല്‍ മാര്യേജ് ആക്ടില്‍ വിദേശിയുമായുള്ള വിവാഹം നിരോധിച്ചുകൊണ്ടുള്ള വകുപ്പുകളൊന്നുമില്ല.

‘ഏതെങ്കിലും രണ്ട് വ്യക്തികള്‍ തമ്മില്‍’ എന്നാണ് നിയമത്തില്‍ വിവാഹത്തെപ്പറ്റി പരാമര്‍ശമുള്ളതെന്ന് വിദേശിയുമായുള്ള വിവാഹത്തിന് അനുകൂലമായുള്ള ഹിമാചല്‍ പ്രദേശ് ഹൈകോടതിയുടെ ഉത്തരവ് ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. ഹരജിക്കാരിയുടെ അപേക്ഷ സ്വീകരിച്ച് നിയമപരമായ നോട്ടീസ് നല്‍കി വിവാഹം നടത്തിക്കൊടുക്കാന്‍ കോടതി സബ് രജിസ്ട്രാര്‍ക്ക് നിര്‍ദേശവും നല്‍കി.

Check Also

തലാഖ് പോലെ, വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടോ?

ഇസ്ലാം വ്യക്തി നിയമത്തിൽ, ഭർത്താവിന് കോടതിക്കു പുറത്തുള്ള / ബാഹ്യമായ (Extra Judicial) വിവാഹ മോചനം സാധ്യമാണ്. തലാഖ് എന്നറിയപ്പെടുന്ന …