BY IMAAM AN-NAWAWEE
ഏഷണിയും പരദൂഷണവും അല്ലാഹുവിനു ഇഷ്ടമില്ലാത്ത കാര്യങ്ങളാണ്.അന്യനെപ്പറ്റി കഥകള്‍ ഉണ്ടാക്കുന്നതും പറഞ്ഞു നടക്കുന്നതും അവരെ താറടിച്ചു കാണിക്കുന്നതും മോശം സ്വഭാവമാണ്. അത്തരം സ്വഭാവം തികച്ചും മനുഷ്യത്വ വിരുദ്ധവും അല്ലാഹു പ്രോല്സാഹിപ്പിക്കാത്തതുമമായ ഒന്നാണ്. അപവാദം പറയുക എന്ന് വച്ചാല്മറ്റുള്ളവരുടെ സ്വകാര്യതകള്‍ , അല്ലെങ്കില്‍ അവര്‍ ഗോപ്യമാക്കി വക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ അവരറിയാതെ മറ്റുള്ളവരോട് പറഞ്ഞു നടക്കുകയും അവരെ മോശക്കാരാക്കി ചിത്രീകരിക്കുകയും ചെയ്യുന്നതാണ്.
മറ്റുള്ളവര്‍ക്ക് ഒരു ദോഷം ആകുമെന്നോ ,ഒരു തിന്മ സംഭവിക്കാന്‍ ഇടയാകുമെന്നോ തോന്നുമ്പോള്‍ അല്ലാതെ ആരെങ്കിലെയും കുറിച്ച് എന്തെങ്കിലും രഹസ്യങ്ങള്‍ ആരെങ്കിലും വഴി അറിയുകയോ അല്ലെങ്കില്‍ അവര്‍ വിശ്വസിച്ചു നിങ്ങളോട് പറയുകയോ ചെയ്തു കഴിഞ്ഞാല്‍ അത് മറ്റുള്ളവരോട് പറഞ്ഞു നടക്കാതെ മിണ്ടാതിരിക്കുകയാണ് ഒരു മുസ്ലിമിന് നല്ലത്.അതു തന്നെയാണ് അല്ലാഹുവിനു ഇഷ്ടവും. അങ്ങനെ ഒരു പാപം ചെയ്യുന്നതില്‍ നിന്ന് നമുക്ക് രക്ഷ നേടാം..
നിന്നെപ്പറ്റി ഇന്നയാള് ഇന്നത് എന്നോട് പറഞ്ഞു എന്ന് ഒരാള്‍ നമ്മളോട് വന്നു പറഞ്ഞെന്നിരിക്കട്ടെ. അത് കേട്ട് ചാടി പുറപ്പെടുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ വിവേകത്തോടെ നാം ചിന്തിക്കേണ്ടതുണ്ട്.
അല്ലാഹു സൂറത്തുല്‍ ഹുജുറാത്തില്‍ പറയുന്നത് നോക്കൂ..
സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഊഹത്തിൽ ചിലത് കുറ്റമാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപറയുകയും അരുത്. തൻറെ സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവൻറെ മാംസം ഭക്ഷിക്കുവാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത് ( ശവം തിന്നുന്നത് ) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
1. കഴിവതും നാം അയാളെ വിശ്വസിക്കരുത്. കാരണം അയാള്‍ ഒരു ഏഷണിക്കാരനാണ്. ഒരു ഏഷണിക്കാരന് മാത്രമേ ഒരിടത്ത് കേട്ടത് മറ്റൊരിടത്ത് വന്നു പറയുകയുള്ളൂ. അങ്ങനെ ഉള്ളവരെ അടുപ്പിക്കാതിരിക്കലാണ് ഉത്തമം.
2.അങ്ങനെ ഏഷണി പറയുന്നതില്‍ നിന്നും നാം അവനെ തടയണം .അവന്റെ ആ പ്രവൃത്തിയില്‍ നാം വിരോധവും വിദ്വേഷവും കാണിക്കണം.അവനെ ഉപദേശിച്ചു നേരെയാക്കണം.
3. അല്ലാഹുവിന് നീ ചെയ്യുന്ന പ്രവൃത്തി ഇഷ്ടമല്ലെന്നും ഞാനും അത് വെറുക്കുന്നു എന്ന് അവനെ പറഞ്ഞു മനസിലാക്കണം.
4.അവന്’ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു’എന്ന് പറയുന്നത് മൂലം മറ്റുള്ളവരെ കുറിച്ച് നമ്മുടെ മനസ്സില്‍ തെറ്റിധാരണ ഉണ്ടാവാന്‍ ഇടവരരുത്. അതെപ്പറ്റി ആലോചിച്ചു തല പുണ്ണാക്കുകായും വേണ്ട.
അല്ലാഹു പറയുന്നത് നോക്കൂ.
“സത്യ വിശ്വാസികളെ, അധിക ഊഹങ്ങള്‍ പാപമാണ്, അത് നിങ്ങള്‍ ഉപേക്ഷിക്കുക” (49 : 12)
5. ഒന്നും ചുഴിഞ്ഞന്വേഷിക്കാന്‍ നില്കരുത്.
പരസ്പരം ചാര പ്രവൃത്തി നടത്തുന്നതും പരസ്പരം എന്ത് ചെയ്യുന്നു എന്നറിയാനുള്ള നെഗറ്റീവ് ത്വരയുമായി നടക്കുന്നതും തെറ്റ് തന്നെയാണ്.
6. ഒരാള്‍ ഇന്നയാള് നിങ്ങളെപ്പറ്റി പറഞ്ഞതായി വന്നു അറിയിച്ചാല്‍ അത് കേട്ട് ഉടനെ അയാളോട് ചെന്ന്, “ഇന്നയാള് എന്നെപ്പറ്റി നിങ്ങള്‍ ഇങ്ങനെ പറഞ്ഞതായി പറഞ്ഞുവല്ലോ എന്താണ് സത്യാവസ്ഥ” എന്ന് ചോദിക്കേണ്ടതില്ല. കാരണം ആ സമയത്ത് നിങ്ങളും ഒരു ഏഷണിക്കാരന് ആയി മാറുകയാണ് ചെയ്യുന്നത്.
വിവാഹിതരായി സന്തുഷ്ട ജീവിതം നയിക്കുന്ന സ്ത്രീ പുരുഷന്മാരെപ്പറ്റിയാവട്ടെ, വിവാഹം കഴിക്കാത്ത യുവതീയുവാക്കന്മാരെപ്പറ്റിയാവട്ടെ പല തരം കള്ളക്കഥകളും അപവാദങ്ങളും എഷനികളും പറഞ്ഞു പരത്തുന്നത് നാം മലയാളികള്‍ക്കിടയില്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. അസൂയയും കുശുമ്പും കാരണമാണ് പലരും ഇതിനു മുതിരുന്നത്.
ഒരാളുടെ അസാന്നിധ്യത്തില്‍ അയാളെപ്പറ്റി മോശം പറയുന്നത് ചിലര്‍ക്ക് ഒരു ശീലമാണ്.ചിലരാവട്ടെ, ഒരു ഭാര്യയെപ്പറ്റി ഭര്‍ത്താവിനോടും ഭര്‍ത്താവിനെപ്പറ്റി ഭാര്യയോടും ഇല്ലാക്കഥകള്‍, പൂര്‍വ കാല രഹസ്യങ്ങള്‍ എന്നിവ പറഞ്ഞു കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ഒരു ലഹരിയായി കൊണ്ട് നടക്കുന്നു. ചിലര്‍ നേരിട്ട് പരസ്യമായി അപഹസിക്കുന്നു.
ഖുറാന് പറയുന്നത് നോക്കൂ.
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവർ ( പരിഹസിക്കപ്പെടുന്നവർ ) അവരെക്കാൾ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകൾ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവർ ( പരിഹസിക്കപ്പെടുന്ന സ്ത്രീകൾ ) മറ്റവരെക്കാൾ നല്ലവരായിരുന്നേക്കാം. നിങ്ങൾ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങൾ പരിഹാസപേരുകൾ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാർമ്മികമായ പേര് ( വിളിക്കുന്നത് ) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാർ തന്നെയാകുന്നു അക്രമികൾ.(49:11)
കുടുംബ-സുഹൃദ് ബന്ധങ്ങളെ തകര്‍ക്കുന്ന രീതിയില്‍ അപവാദങ്ങളും നുണ പ്രചാരണങ്ങളും ഉണ്ടാകുന്ന പക്ഷം അവയെ സംയമനത്തോടെ മാത്രം നേരിടുക. ഭാര്യയെപ്പറ്റി ആരെങ്കിലും അനാവശ്യങ്ങള്‍ പറഞ്ഞു നിങ്ങളെ അവര്‍ക്ക് എതിരാക്കുവാന്‍ ശ്രമിച്ചാല്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക, ക്ഷമ പ്രധാനം ചെയ്യുവാന്‍.
സത്യം എന്തെന്നോ അവരില്‍ മുന്‍പുണ്ടായ കാര്യങ്ങള്‍ എന്തെന്നോ അന്വേഷിച്ചും ചിക്കി ചികഞ്ഞും പരിശോധിക്കുന്നത് നല്ലതല്ല. നിങ്ങളുടെ ഭാര്യ എത്ര മാത്രം പതിവ്രത ആണെന്ന് നിങ്ങള്‍ക്കാണ് അപവാദ പ്രചാരണങ്ങള്‍ നടത്തുന്നവരേക്കാള്‍ നന്നായി അറിയുക.
തിരിച്ചു ഭര്‍ത്താവിനെപ്പറ്റിയാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നതെങ്കിലും ഭാര്യ ഇങ്ങനെ മാത്രമേ പ്രതികരിക്കാവൂ. ഭര്‍ത്താവ് എത്തരക്കാരനാണെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടാവുമല്ലോ. അതുകൊണ്ട് ഭര്‍ത്താവിനെ തെറ്റിദ്ധരിക്കുകയോ അയാളെ വെറുക്കുകയോ ചെയ്യും മുന്‍പ് സംയമനത്തോടെ ചിന്തിക്കുക. അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുക.
സുഹൃത്തുക്കള്‍ക്കിടയിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ശപിക്കപ്പെട്ട അത്തരം ക്ഷുദ്ര ജീവികളെ ആട്ടിപ്പായിക്കുകയാണ് വേണ്ടത്.
സത്യവിശ്വാസികൾ ( പരസ്പരം ) സഹോദരങ്ങൾ തന്നെയാകുന്നു. അതിനാൽ നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം.
അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ…. ആമീന്‍