Home / പുസ്തകത്തില്‍ നിന്നും / എന്‍റെ കഴിവുകള്‍ നശിപ്പിച്ചതാര് ?

എന്‍റെ കഴിവുകള്‍ നശിപ്പിച്ചതാര് ?

രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിനു പുറമെ ഭാര്യ ഭര്‍തൃബന്ധം, കുടുംബബന്ധം, അധ്യാപക വിദ്യാര്‍ഥിബന്ധം,സുഹൃത്ബന്ധം തുടങ്ങി ജീവിതത്തിന്‍റെ വിവിധ മേഖലകളിലുള്ള ബന്ധങ്ങളെ കുറിച്ചും അപഗ്രഥന മന:ശാസ്ത്രത്തിലൂടെ (Transactional Analysis Psychology) വിശദീകരിക്കുന്നു. ഏതു സാധാരണക്കാരനും മനസ്സിലാക്കാന്‍ സാധിക്കുമാര് വളരെ ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട Adv.Mueenuddeen ൻറെ ബന്ധങ്ങളുടെ മനഃശാസ്ത്രം (ഭാഗം 1) പുസ്തകത്തില്‍ നിന്നും ഒരു അദ്ധ്യായം

ഗ്രന്ഥകര്‍ത്താവിന് തന്‍റെ അനുജന്‍ എഴുതിയ കത്ത്

ജീവിതത്തില്‍ എല്ലാവര്‍ക്കും അവരവരുടേതായ കഴിവുകളുണ്ട്. ആ കഴിവുകള്‍ പലര്‍ക്കും പലവിധത്തിലായിരിക്കും. എല്ലാവരും അവരവര്‍ക്കുള്ള കഴിവുകള്‍ ജീവിതത്തില്‍ പ്രകടിപ്പിക്കുന്നു എന്ന കാര്യം ഉറപ്പാണ്‌. പലര്‍ക്കും പല കഴിവുകളുള്ളത് പോലെ എനിക്കും എന്‍റെ കഴിവുകള്‍ എന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ ഒന്നിനും കൊള്ളാത്തവനാണ്. കാരണം, നിങ്ങള്‍ എന്നെ ചെറുപ്പത്തില്‍ പൊട്ടന്‍, മന്ദബുദ്ധി എന്നൊക്കെയാണ് വിളിച്ചിരുന്നത്. എനിക്ക് മനസ്സില്‍ എന്നെക്കുറിച്ച് പ്രതീക്ഷകളുണ്ടായിരുന്നു. എനിക്ക് എല്ലാത്തിനും ആവും, കഴിയും എന്നുള്ള വിശ്വാസമുണ്ടായിരുന്നു. ഒരു കാര്യം ആവുമെന്ന് വിചാരിച്ചാല്‍ മാത്രമേ സാധിക്കൂ എന്നുള്ളത് എനിക്ക് അന്നറിയാമായിരുന്നു. പക്ഷേ, കുടുംബത്തില്‍ നിന്നും എനിക്ക് ലഭിച്ചത് ഇതിന് നേരെ വിപരീതമായ അനുഭവങ്ങളാണ്. അപ്പോള്‍ എനിക്ക് എന്‍റെ പ്രതീക്ഷകളൊക്കെ വെറുതെയാണെന്ന് മനസ്സിലായി. എന്‍റെ ജീവിതത്തില്‍ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നു സാരം.

‘മുജീബ് ചെറുപ്പത്തില്‍ മദ്രസാവാര്‍ഷികത്തിന് നന്നായി പ്രസംഗിച്ചവനല്ലേ, സംഭാഷണം നടത്തിയവനല്ലേ, അതുകൊണ്ട് ഇപ്പോഴും പ്രസംഗിക്കാന്‍ സാധിക്കും’ എന്നൊക്കെ പറഞ്ഞതുകൊണ്ട് യാതൊരു കാര്യവുമില്ല. ഏതുകാര്യവും ആവുമെന്ന് വിചാരിച്ചാല്‍ സാധിക്കും എന്ന ചിന്താഗതിയുള്ളവനായ എന്നെ മന്ദബുദ്ധി എന്നും, പൊട്ടന്‍ എന്നും വിളിച്ചപ്പോള്‍ ഞാന്‍ ഒന്നിനും കൊള്ളാത്തവനാണ് എന്ന് എനിക്കുതന്നെ തോന്നി. ബുദ്ധി വികസിച്ചുവരുന്ന, കാര്യങ്ങളെകുറിച്ച് തിരിച്ചറിവ് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രായത്തില്‍ എനിക്ക് അനുഭവപ്പെട്ടതാണിത്.

നബി (സ)യെ വധിക്കാന്‍ വേണ്ടി ഒരു സ്ത്രീ വിഷമുള്ള ഭക്ഷണം നല്‍കി. പ്രവാചകന്‍റെ മരണത്തിന്‍റെ ആ സന്ദര്‍ഭത്തിലും അതിന്‍റെ കയ്പ് അനുഭവിച്ചതുപോലെ, എന്‍റെ ജീവിതത്തില്‍ എല്ലായിപ്പോഴും എനിക്കിതിന്‍റെ പ്രയാസം അനുഭവപ്പെടുന്നു. എനിക്ക് യാതൊരു കാര്യത്തെയും അഭിമുഖീകരിക്കുവാനുള്ള ധൈര്യമില്ല. എപ്പോഴും ഭയം അനുഭവപ്പെടുന്നു. എപ്പോഴും പൊട്ടന്‍ എന്ന് വിളിക്കപ്പെടുന്നതുകൊണ്ട് ഏതൊരു കാര്യവും ചെയ്യാന്‍ തുടങ്ങുമ്പോള്‍ എനിക്കിതിന് സാധിക്കുമോ എന്ന ഭയം പിന്തുടരുന്നു.

എല്ലാവരും അവരവരുടെ കഴിവുകള്‍ ജീവിതത്തില്‍ പ്രകടിപ്പിക്കുന്നുവെന്ന് ഞാന്‍ ആദ്യം പറഞ്ഞു. പക്ഷേ, എന്‍റെതായ കഴിവുകള്‍ കുടുംബക്കാര്‍ നഷ്ടപ്പെടുത്തി.

നിങ്ങളുടെ കത്തില്‍ ‘എനിക്ക് ആവുകയില്ല’ ‘എന്നെ ഒന്നിനും കൊള്ളുകയില്ല’ എന്ന ചിന്താഗതി ഒഴിവാക്കുക എന്നു കണ്ടു. നിങ്ങളുടെ ‘മന്ദബുദ്ധി’, ‘പൊട്ടന്‍’ എന്ന വിളികൊണ്ടാണ് എനിക്ക് അങ്ങനെയൊരു ചിന്താഗതിയുണ്ടായിത്തീര്‍ന്നത്. അതുകൊണ്ടാണ് എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടത്.

എന്നെ മന്ദബുദ്ധി, പൊട്ടന്‍ എന്നൊക്കെ വിളിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ രണ്ട് സംശയങ്ങള്‍ ഉയര്‍ന്നു:

1 ഞാന്‍ മന്ദബുദ്ധിയായതുകൊണ്ടാണോ ഇവര്‍ എന്നെ ഇങ്ങനെ വിളിക്കുന്നത്?

2 ഞാന്‍ മന്ദബുദ്ധിയൊന്നുമല്ല, ഇവര്‍ അങ്ങനെ വിളിക്കുന്നുതു കൊണ്ട് എനിക്കങ്ങനെ തോന്നുന്നതാണോ?

ഒരുപാടു കാലം ഇതില്‍ ഏതായിരിക്കും ശരി എന്ന് എനിക്ക് മനസ്സിലായില്ല. അവസാനം എനിക്ക് കാര്യത്തിന്‍റെ യാഥാര്‍ഥ്യം മനസ്സിലായി. രണ്ടാമത് പറഞ്ഞതാണ് ശരി . ഇവര്‍ അങ്ങനെ വിളിക്കുന്നതുകൊണ്ട് എനിക്കങ്ങനെ തോന്നുന്നതാണ്. നിങ്ങള്കൊക്കെ പറ്റിയ ബുദ്ധിമോശമാണിത്.

എന്‍റെ ജീവിതത്തില്‍ ഞാന്‍ ഒരുപാട് ക്ഷമിക്കുകയും സഹിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ത്യാഗം ചെയ്തതുകൊണ്ടാണ് ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയത്. ഇതൊക്കെ എന്നെങ്കിലും നിങ്ങളോട് തുറന്നു പറയണമെന്ന് അന്നു ഞാന്‍ കരുതിയിരുന്നു.

എനിക്ക് കുടുംബത്തില്‍ നിന്നും കുറ്റപ്പെടുത്തലുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. പ്രോത്സാഹനം എന്താന്നെന്ന് ഞാനറിഞ്ഞിട്ടില്ല. പ്രോത്സാഹനവും ഉപദേശവും ലഭിച്ചിട്ടില്ലെങ്കില്‍ സാരമില്ല. മന്ദബുദ്ധി, പൊട്ടന്‍ എന്നുള്ള വിളിയും കുറ്റപ്പെടുത്തലുകളും കേള്‍ക്കാതിരുന്നാല്‍ മതിയായിരുന്നു. ഒരു കുട്ടിക്ക് പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന കാരണത്താല്‍ മാത്രം അവന്‍റെ കഴിവുകള്‍ നഷ്ടപ്പെടുകയില്ല. ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയത് എന്‍റെ സ്വന്തം കഴിവുകള്‍ കൊണ്ട് മാത്രമാണ്. മന്ദബുദ്ധി, പൊട്ടന്‍ എന്നവിളികള്‍ നിരന്തരം കേട്ടതിനാല്‍ ആത്മവിശ്വാസം നഷ്ടപ്പെടുകയും, ഭയവും, അപകര്‍ഷതാബോധവും കടന്നുകൂടുകയും ചെയ്തിട്ടും, കുടുംബത്തില്‍നിന്നും എതിര്‍പ്പുകള്‍ മാത്രം നേരിടേണ്ടിവന്നിട്ടും ഞാന്‍ ഒരുപാട് പ്രയാസങ്ങള്‍ സഹിച്ചും ക്ഷമിച്ചും ത്യാഗം ചെയ്തും മുന്നേറി. അവസാനം ഒരുകാര്യം ഉറപ്പായി. ഞാന്‍ മന്ദബുദ്ധിയൊന്നുമല്ല. ഇവര്‍ അങ്ങനെ വിളിക്കുന്നതുകൊണ്ട് എനിക്കങ്ങനെ തോനുന്നതാണ്.

പിന്നെ, നിങ്ങള്‍ എന്നോട് എവിടെയെങ്കിലും പോകാന്‍ പറഞ്ഞാല്‍ എനിക്ക് വളരെയധികം വിഷമമാണ്. ആസ്ഥലത്തേക്ക് പോകാനുള്ള മടികൊണ്ടല്ല വിഷമം. ഇങ്ങനെ എപ്പോള്‍ എവിടെ വേണമെങ്കിലും പോയി സഹായിക്കുകയൊക്കെ ചെയ്യുന്ന എന്നെ ഒരു മന്ദബുദ്ധിയായിട്ടാണല്ലോ കാണുന്നത് എന്നോര്‍ക്കുമ്പോഴാണ്‌ വിഷമമുണ്ടാകുന്നത്. എനിക്ക് പോകാന്‍ പറ്റുകയില്ല എന്നു പറയാന്‍ സാധിക്കുകയില്ല. അങ്ങനെ എപ്പോഴും സഹായിക്കുകയെന്നല്ലാതെ വേറെ ഒരു മാര്‍ഗമില്ല.

ബാത്ത്റൂമില്‍ പോകുമ്പോള്‍ ഞാനാണ് എപ്പോഴും നിങ്ങള്‍ക്ക് വെള്ളം കൊണ്ടുതരാറുള്ളത്. വെള്ളം കൊണ്ടുതരുന്നതില്‍ എനിക്ക് മടിയോ, അല്ലെങ്കില്‍ ഞാന്‍ വലിയവനായി, അതുകൊണ്ട് ജ്യേഷ്ഠന് വെള്ളം കൊണ്ട് കൊടുക്കുവാന്‍ എനിക്ക് പറ്റുകയില്ല എന്ന ചിന്തയോ ഒന്നും തന്നെയില്ല. കൃത്യമായി, ഞാന്‍ പറഞ്ഞത് ചെയ്തുതരും. പക്ഷേ, ഇങ്ങനെയൊക്കെ ചെയ്ത് തരുന്ന എന്നെ നിങ്ങള്‍ കാണുന്നത് ഒരു മന്ദബുദ്ധിയായിട്ടാണല്ലോ എന്നതാണ് എനിക്കുള്ള വിഷമം. അതുകൊണ്ടുതന്നെ എവിടെയെങ്കിലും പോകുവാന്‍ പറഞ്ഞാല്‍ എന്‍റെ മനസ്സില്‍ വളരെയധികം വിഷമമുണ്ടാകുന്നു.

എല്ലാ ദിവസവും രാത്രി അഹ്മദ്ക്കാന്‍റെ വീട്ടില്‍ പോയി നിങ്ങള്‍ക്കുവേണ്ടി പത്രം വാങ്ങി വരണം. പള്ളിയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ അവിടെ പോയി പത്രം വാങ്ങി വരാന്‍ എനിക്ക് യാതൊരുവിഷമവുമില്ല. പക്ഷേ, പൊട്ടന്‍, മന്ദബുദ്ധി എന്നൊക്കെ വിളിക്കുകയും അങ്ങനെ ഒരു മന്ദബുദ്ധിയായി എന്നെ കാണുകയും ചെയ്യുന്ന ആള്‍ക്ക് ഞാന്‍ എലാവിധ സഹായവും ചെയ്തുകൊടുക്കുക! ഇത് എന്‍റെ മനസ്സിനെ വളരെയധികം വിഷമിപ്പിച്ചിരുന്നു.

നിങ്ങളുടെ അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് എനിക്ക് മനസ്സില്‍ നിങ്ങളോട് ദേഷ്യമോ, വെറുപ്പോ ഒന്നുമില്ല. എന്തെങ്കിലും ചെറുപ്പത്തില്‍ ചെയ്തിട്ടുണ്ടെങ്കില്‍ പൊരുത്തപ്പെടണമെന്നു നിങ്ങളുടെ മുമ്പത്തെ കത്തില്‍ കണ്ടു. ഞാന്‍ എല്ലാം പൊരുത്തപ്പെട്ടിരിക്കുന്നു. ഇത് അറിവില്ലായ്മയിലൂടെ മാത്രം സംഭവിച്ചതാണ്.

പക്ഷേ ഇവ കാരണം ഞാന്‍ ഈ നിലയില്‍ ആയിത്തീര്‍ന്നു. അതോര്‍ക്കുമ്പോള്‍ വളരെ…വളരെ…വളരെ….വിഷമമുണ്ട്. ആരാണ് എന്നെ ഇങ്ങനെയാക്കിയതെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. പക്ഷേ അയാള്‍ ചെയ്തതെന്താണെന്നു മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. അത് ഒരു മനുഷ്യന്‍റെ നല്ല ഭാവിയെ നഷ്ടപ്പെടുത്തിക്കളഞ്ഞു.

ഞാന്‍ കത്തെഴുതാത്തത്തില്‍ എനിക്കുതന്നെ വളരെ വിഷമമുണ്ട്. എഴുതുന്നുണ്ടെങ്കില്‍ ഇങ്ങനെ എല്ലാം തുറന്നെഴുതണം. അല്ലാതെ സാധാരണ നിലക്ക് മറുപടി അയച്ചാല്‍ പോരാ. അതുകൊണ്ടാണ് കത്തെഴുതാത്തത്.

അസുഖം ഇപ്പോള്‍ ഉണ്ട്. മെഡിക്കല്‍ കോളേജില്‍ പോയിരുന്നു. ഇനിയും തുടര്‍ച്ചയായി രണ്ടുവര്‍ഷം കൂടി മറന്ന് കഴിക്കണമെന്ന് പറഞ്ഞു. ഇപ്പോള്‍ ഡോസ് കൂട്ടിയിട്ടുണ്ട്. ആദ്യം രാവിലെ പകുതിയും രാത്രി ഒന്നുമാണ്. ഇപ്പോള്‍ രാവിലെയും ഒന്നായി.

വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെ. അബ്ദുള്ളക്കാനോട് അന്വേഷണം പറയുക. മറുപടിക്ക് കാത്തുകൊണ്ട് നിര്‍ത്തുന്നു.

“പിഴവുകള്‍ സംഭവിച്ചതെവിടെ? ” രണ്ടാം അദ്ധ്യായം വായിക്കാം

നിങ്ങളെ കുറിച്ച് തന്നെ സംസാരിക്കുന്ന ഈ പുസ്തകം സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലേ? പതിനായിരക്കണക്കിന് ജനങ്ങളുടെ ജിവിതത്തില്‍ മാറ്റങ്ങളുടെ മഹാവെളിച്ചമേകിയ ഈ പുസ്തകം നിങ്ങള്‍ക്കും വായിക്കേണ്ടതില്ലേ?
ബന്ധങ്ങളുടെ മനഃശാസ്ത്രം (ഭാഗം 1) പുസ്‌തകം വാങ്ങിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക

Check Also

എന്‍റെ കഴിവുകള്‍ പുനര്‍ജനിക്കുമ്പോൾ

ഗ്രന്ഥകര്‍ത്താവിന്‍റെ അനുജന്‍ മുജീബ് എഴുതിയ കുറിപ്പ് ദുരനുഭവങ്ങള്‍ മനുഷ്യനെ അശാന്തിയുടെ അഗാധതലങ്ങളിലേക്ക് ആനയിക്കുമെന്ന് കഴിഞ്ഞ പുസ്തകത്തിലൂടെ നിങ്ങള്‍ മനസ്സിലാക്കി. അവ …