Home / പുസ്തകത്തില്‍ നിന്നും / പിഴവുകള്‍ സംഭാവിച്ചതെവിടെ?

പിഴവുകള്‍ സംഭാവിച്ചതെവിടെ?

രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിനു പുറമെ ഭാര്യ ഭര്‍തൃബന്ധം, കുടുംബബന്ധം, അധ്യാപക വിദ്യാര്‍ഥിബന്ധം,സുഹൃത്ബന്ധം തുടങ്ങി ജീവിതത്തിന്‍റെ വിവിധ മേഖലകളിലുള്ള ബന്ധങ്ങളെ കുറിച്ചും അപഗ്രഥന മന:ശാസ്ത്രത്തിലൂടെ (Transactional Analysis Psychology) വിശദീകരിക്കുന്നു. ഏതു സാധാരണക്കാരനും മനസ്സിലാക്കാന്‍ സാധിക്കുമാര് വളരെ ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട Adv.Mueenuddeen ൻറെ ബന്ധങ്ങളുടെ മനഃശാസ്ത്രം (ഭാഗം 1) പുസ്തകത്തില്‍ നിന്നും രണ്ടാം അദ്ധ്യായം

“എന്‍റെ കഴിവുകള്‍ നശിപ്പിച്ചതാര് ? ”  ഒന്നാം അദ്ധ്യായം വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക

സ്വന്തം അനുജന്‍ അറിയുന്നതിന്…..

എങ്ങനെയാണ് തുടങ്ങേണ്ടത് എന്ന് എനിക്കറിയില്ല. എന്‍റെ കൈകള്‍ക്ക് വിറയല്‍ അനുഭവപ്പെടുന്നത് പോലെ…. മനസ്സ് ആകെ പതരിയിരിക്കുകയാണ്…. വിശ്വസിക്കുമോ എന്നറിയില്ല. കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകുകയാണ്. അറിവില്ലായ്മ കാരണം ചെയ്ത പ്രവര്‍ത്തനങ്ങളുടെ ദുരന്തഫലത്തിന്‍റെ ആഴമോര്‍ത്തിട്ടാണ് മനസ്സ് കരയുന്നത്……

എല്ലാം മുജീബ് തുറന്ന് എഴുതിയല്ലോ എന്നതില്‍ അതിയായ, അടങ്ങാത്ത, പറഞ്ഞാല്‍തീരാത്ത സന്തോഷമുണ്ട്. കാരണം, ഇതൊന്നും സത്യത്തില്‍ ഒതുക്കിവെക്കേണ്ടുന്ന കാര്യങ്ങളല്ല എന്നത് തന്നെ. ഞാന്‍ കാരണം അനുഭവിക്കേണ്ടിവന്ന വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ വിശദീകരിച്ച് എഴുതിയതിന് നന്ദി.

ചില കാര്യങ്ങള്‍ അടിസ്ഥാനപരമായി നമ്മളെല്ലാവരും മനസ്സിലാക്കാനുണ്ട്. നമ്മുടെയൊക്കെ കുടുംബക്കാര്‍ക്കും സമൂഹത്തിലെ ഭൂരിഭാഗം ആളുകള്‍ക്കുമുള്ള പ്രശ്നമാണത്. മുജീബിന് മാനസ്സികമായ ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒരുപാട് ത്യാഗങ്ങള്‍ സഹിക്കേണ്ടിയും വന്നിട്ടുണ്ട്. അത് ഇന്ന് ഞാന്‍ മനസ്സിലാക്കുകയും ഉള്കൊള്ളുകയും ചെയ്യുന്നു. മാനസികമായ ഒരുപാട് മുറിവുകള്‍ എന്നില്‍നിന്നുതന്നെ ഏല്‍കേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞുപോയ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മുജീബിനെ മാനസികമായ ക്ഷതമേല്‍പിച്ചവരുടെ കൂട്ടത്തില്‍ ഞാന്‍ മാത്രമായിരിക്കില്ല, കുടുംബത്തിലെ മറ്റു പലരും ഉണ്ടായിരിക്കാം. എല്ലാം ശരിയാണ്. അങ്ങേയറ്റം ശരിയാണ്.

എന്നാല്‍ മുജീബ് അറിയുമോ, മുജീബ് അനുഭവിച്ചത് പോലെയോ അതിലധികമോ ഞാനും നമ്മുടെ കുടുംബത്തില്‍നിന്നും മാനസിക പീഡനം അനുഭവിച്ചിട്ടുണ്ട്. മുജീബിന്‍റെ ജീവിതത്തിലെ വില്ലന്‍ ഞാനടക്കമുള്ള പലരുമാണെങ്കില്‍ എന്‍റെ ജീവിതത്തിലും അത്തരത്തിലുള്ള പലരുമുണ്ട്. ഇതില്‍ മുഹമ്മദ്‌ക്കയില്‍നിന്നാണ്, മുജീബിന് എന്നില്‍ നിന്നും കിട്ടിയതു പോലെ എനിക്കു കിട്ടിയത്. എന്നും പലതും ചെയ്യിക്കും. ‘മന്ദബുദ്ധി’ എന്ന, മുജീബിനെ വിളിച്ചിരുന്ന അതേ പേരാണ് എന്നെയും വിളിച്ചിരുന്നത്. പൊട്ടന്‍ എന്ന വാക്കും അല്‍പാല്‍പമൊക്കെയുണ്ട്. ആക്ഷേപങ്ങളും പരിഹാസങ്ങളും നിരവധി ഞാനും കുടുംബത്തില്‍ നിന്നും ഏറ്റുവാങ്ങി. മുജീബിനുണ്ടായ അതേ മാനസികാവസ്ഥ എനിക്കുമുണ്ടായ കാലമുണ്ടായിരുന്നുവെന്ന് ചുരുക്കം.

എത്ര തവണ ഞാന്‍ ആത്മഹത്യയെ സ്വപ്നം കണ്ടിരുന്നുവെന്ന് അറിയുമോ മുജീബിന്? ആര്‍ക്കും എന്നെ വേണ്ട, കുടുംബത്തിലെ ആരും എന്നെ ഇഷ്ടപ്പെടുന്നില്ല എന്ന തോന്നല്‍ അവരില്‍നിന്നുള്ള പെരുമാറ്റത്തില്‍നിന്നുണ്ടായപ്പോള്‍ എത്ര തവണയാണ് ഞാന്‍ ആത്മഹത്യചെയ്യുന്നതായിട്ട്‌ സ്വപ്നം കണ്ടത്. മരിച്ച് കിടക്കുന്ന എന്നെ കണ്ട് അവര്‍ സഹതപിക്കുന്ന രംഗമാണ് ഞാന്‍ കാണുക. അവനോട് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് മേല്‍പറഞ്ഞ ഓരോരുത്തരും മരിച്ച് കിടക്കുന്ന എന്നെ വന്നുകണ്ടു പറയുന്നുണ്ടാകും!

അതുപോലെത്തന്നെ, മനോവിഷമവും സംഘര്‍ഷവും സഹിക്കവയ്യാതെ നിരവധി തവണ നാടുവിട്ട് ബോംബെയിലേക്കോ മറ്റോപോകുവാന്‍ തീരുമാനിച്ചിരുന്നു. ഒരു തവണ ഉമ്മാമ കാലുപിടിച്ച് മാപ്പ് പറഞ്ഞുകൊണ്ട് എന്നെ തടഞ്ഞുവെച്ചത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍!

ഞാന്‍ എന്‍റെ പ്രശ്നങ്ങള്‍ എഴുതികൊണ്ട് മുജീബിന്‍റെ പ്രശ്നങ്ങളെ ലഘൂകരിക്കുകയല്ല. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല; ചെയ്യാന്‍ പാടില്ല എന്നും എനിക്കറിയാം. നാം പ്രശ്നങ്ങളുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. അപ്പോഴാണ്‌ കാര്യങ്ങള്‍ കൃത്യമായി ബോധ്യമാവുക.

ജീവിതത്തില്‍ അംഗീകാരവും സ്നേഹവും വാല്‍സല്യവും ലഭിക്കാതിരിക്കുകയും മോശമായ അനുഭവങ്ങളും കുത്തുവാക്കുകളും (മന്ദബുദ്ധി,പൊട്ടന്‍,പന്നി മുതലായവ) ലഭിക്കുകയും ചെയ്യുന്നത് മനുഷ്യന്‍ മാനസികമായി മുരടിക്കുന്നതിന്ന്‍ കാരണമാകുമെന്നും, അതാണ്‌ മുജീബിന്‍റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ ആയിപ്പോകാനുള്ള കാരണമെന്നുള്ള ആ തിരിച്ചറിവുണ്ടല്ലോ, അതിന് നാം അല്ലാഹുവിനെ അങ്ങേയറ്റം സ്തുതിക്കണം. കാരണം, നമ്മുടെ പ്രശ്നങ്ങളുടെ അടിസ്ഥാനപരമായ കാരണം നമുക്ക് മനസ്സിലായിരിക്കുന്നു.

ഈ തിരിച്ചറിവാണ് എന്‍റെ ജീവിതത്തെ അടിമുടി മാറ്റിയത്. മോശമായ അനുഭവങ്ങളും കുത്തുവാക്കുകളും മാത്രം ലഭിച്ച എനിക്ക് തിരിച്ചറിവുണ്ടായപ്പോള്‍ ഒരു കാര്യം വ്യക്തമായി: “ഞാന്‍ ഒന്നിനും കൊള്ളാത്തവനല്ല, എനിക്കും എന്തൊക്കെയോ കഴിവുകളുണ്ട്.” എന്നെ ഒന്നിനും കൊള്ളുകയില്ല എന്ന്‍ മറ്റുള്ളവര്‍ വെറുതെ പറയുകയാണ്. അതില്‍ ശ്രദ്ധകൊടുത്തുകൊണ്ട് ജീവിതത്തെ പാഴാക്കുന്നത് വിഡ്ഢിത്തം മാത്രമാണ്. മറ്റുള്ളവര്‍ എന്തും പറഞ്ഞു കൊള്ളട്ടെ. എനിക്ക് എന്‍റെതായ വഴികളും കഴിവുകളും ഉണ്ട്. ഈ തിരിച്ചറിവ് മുജീബിലും] ഇപ്പോള്‍ ഉണ്ടായിട്ടുണ്ട് എന്നത് വലിയ അനുഗ്രഹം തന്നെയാണ്.

എത്രയെത്ര അനുഭവങ്ങളാണ് എന്നെ പണ്ട് തളര്‍ത്തിയത് എന്നറിയാമോ? അഷ്‌റഫ്‌ക്കാന്‍റെ വകയായി കിട്ടിയ അടിക്കും ഇടിക്കും യാതൊരു കൈയ്യും കണക്കുമില്ല. മുജീബിന് ലഭിച്ചത് പോലെയുള്ള കുത്ത് വാക്കുകള്‍ – അത്രയില്ലെങ്കിലും മുസ്തഫാക്കയില്‍ നിന്നും കിട്ടി. ‘രക്ഷിതാക്കളും കുട്ടികളുടെ ഭാവിയും’ എന്ന കുടുംബമനശാസ്ത്രത്തെകുറിച്ചുള്ള എന്‍റെ പ്രഭാഷണത്തില്‍ ഒരു ഉദാഹരണം ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. ആ കേസറ്റ് നാട്ടിലേക്ക് ഞാന്‍ കൊടുത്തു വിട്ടിരുന്നു. അത് കേട്ടുകാണുമെന്ന് പ്രതീക്ഷിക്കുന്നു.

പക്ഷേ, അത്തരം മോശമായ അനുഭവങ്ങള്‍ തന്നവരോട് ഇപ്പോള്‍ എനിക്ക് ദേഷ്യമോ വൈരാഗ്യമോ ഒന്നും തോന്നാറില്ല. മാത്രമല്ല, ഈയടുത്ത് ഞാനും മുസ്തഫക്കയും ഒരുമിച്ച് നാട്ടിലുള്ളപ്പോള്‍ മുസ്തഫാക്കയുടെ വീട്ടില്‍ ഞാന്‍ പോയ സമയത്ത് ഇതേ പ്രകാരം മന്ദബുദ്ധി പൊട്ടന്‍ എന്നൊക്കെ വിളിച്ചുകൊണ്ട് വളരെ മോശമായ രീതിയില്‍ പഠിക്കാത്തതിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ മകനോട്‌ മുസ്തഫാക്ക പെരുമാറുന്നത് ഞാന്‍ കാണുകയുണ്ടായി. അപ്പോള്‍ തന്നെ എന്‍റെ പഴയ അനുഭവത്തിലേക്ക് എന്‍റെ ചിന്തകള്‍ ചെന്നെത്തി. ഞാന്‍ ഇക്കാനെ വിളിച്ച് ഏകദേശം മൂന്നു മനിക്കൂരിലധികം പല കാര്യങ്ങളും സംസാരിച്ചു. അത്തരം കുത്തുവാക്കുകളുടെ അപകടവും അതുളവാക്കിയേക്കാവുന്ന ആപത്തുകളും എന്‍റെ ജീവിതത്തില്‍ എനിക്കുണ്ടായ മോശമായ അനുഭവങ്ങളും, ഈ വിസയവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനങ്ങളും ഹദീഥുകളുമൊക്കെ പറഞ്ഞു കൊടുത്തപ്പോള്‍ ചില കാര്യങ്ങളൊക്കെ ബോധ്യമായി. അദ്ദേഹത്തില്‍ നിന്നും എനിക്കുണ്ടായ ദുരനുഭവങ്ങള്‍ അതെ പടി പറയുകയും അന്ന് എനിക്കുണ്ടായ മാനസിക വിഷമവും അതിന്‍റെ പേരില്‍ അദ്ദേഹം മരിച്ചുപോകാന്‍ ഞാന്‍ പ്രാര്‍ഥിച്ചതുമൊക്കെ തുറന്നു പറഞ്ഞു. എല്ലാം പരസ്പരം പറഞ്ഞ് മനസ്സിലാക്കിയതോടെ പഴയതില്‍നിന്നും വ്യത്യസ്തമായ ആഴത്തുലുള്ള ഒരു ബന്ധമാണ് പിന്നീടുണ്ടായത്.

എന്നാല്‍, അഷ്‌റഫ്‌കാനോട് ഞാന്‍ ഇത്രമാത്രം തുറന്ന് സംസാരിച്ചിട്ടില്ലായെങ്കിലും, അദ്ദേഹം എന്നെ പണ്ട് നന്നായി അടിച്ചതും മറ്റും അദ്ദേഹം തന്നെ കുന്നുമ്മല്‍ മുനീര്‍ക്കയോട് പറഞ്ഞിരുന്നു. മുനീര്‍ക്ക അക്കാര്യം എന്നോട് പറയുകയും ചെയ്തു.

ഇതൊക്കെ ഇവരോട് ഞാന്‍ തുറന്ന് സംസാരിക്കാനുള്ള ഒരുപാട് കാരണങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒരു കാരണം, ഇനി ഒരിക്കലും ആര്‍ക്കും ഇത്തരം ദുരനുഭവങ്ങല്‍ അവരില്‍ നിന്ന് ഉണ്ടാവരുത് എന്നതാണ്. പ്രത്യേകിച്ച്, എന്നില്‍ നിന്നും ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കരുത്.

1 ആര്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ എന്നെകൊണ്ടുണ്ടാവരുത്.

2 ഇങ്ങനെ ചെറുപ്പത്തില്‍ ബുദ്ധിമുട്ടിയാലുണ്ടാകുന്ന വിഷമങ്ങളെ കുറിച്ചും പ്രയാസങ്ങളെ കുറിച്ചും ആവുന്ന വിധത്തില്‍ എല്ലാവരോടും പറഞ്ഞ് ബോധ്യപ്പെടുത്തുക.

3 കുടുംബക്കാര്‍ക്ക് ഈ വിഷയത്തില്‍ നല്ല ബോധം ഉണ്ടാക്കികൊടുക്കുക.

4 ആര്‍ക്കും ദുരനുഭവങ്ങള്‍ ഉണ്ടാകരുതെന്ന് മാത്രമല്ല, നമുക്ക് അനുഭവിക്കാന്‍ പറ്റിയിട്ടില്ലാത്ത അംഗീകാരവും, സ്നേഹവും പ്രോല്‍സാഹനവും, വാല്‍സല്യവുമെല്ലാം നമ്മുടെ താഴെയുള്ളവര്‍ക്ക് നല്‍കുക. അങ്ങനെ അവരെ സ്നേഹത്തില്‍ മുക്കിയെടുക്കുക.

5 ഖുര്‍ആനിന്‍റെയും ഹദീഥിന്‍റെയും പ്രാധാന്യവും അവയില്‍ പരസ്പരം സ്നേഹിക്കാന്‍ പറഞ്ഞതിന്‍റെ ആഴവും കുടുംബത്തിലടക്കമുള്ള എല്ലാവര്‍ക്കും മനസ്സിലാക്കികൊടുക്കുക.

6 കുത്തുവാക്കുകള്‍ വിളിച്ച് അപഹസിച്ചാലുള്ള ഏറ്റവും വലിയ ദുരന്തത്തെകുറിച്ച് ബോധ്യമാക്കികൊടുക്കുക.

7 നല്ല പെരുമാറ്റത്തിന്‍റെ മധുരം എല്ലാവര്‍ക്കും നുകര്‍ന്ന് കൊടുക്കുന്നതോടപ്പം അതിന്‍റെ ഗുണഗണങ്ങളെ കുറിച്ചും വിശദീകരിച്ച് കൊടുക്കുക.

8 ആര് എന്ത് എങ്ങനെ എന്നോട് പെരുമാറിയാലും എല്ലാവരോടും നല്ല രീതിയില്‍ മാത്രം പെരുമാറുക.

9 പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങളെ, ചെറിയ കുട്ടികളെ അതിരറ്റ് സ്നേഹിക്കുക, അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുക.

മുകളില്‍ പറഞ്ഞവയൊക്കെയാണ് എന്‍റെ മാറ്റത്തിനും തിരിച്ചറിവിനും ശേഷം ഞാന്‍ ചെയ്യാന്‍ തീരുമാനിച്ചത്. മുജീബ് ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല; മുജീബിന് എന്നില്‍ നിന്നും ഉണ്ടായതിന്‍റെ നേരെ വിപരീതവും, മുകളില്‍ പറഞ്ഞതുമായ നല്ല അനുഭവമാണ് (മുജീബിന് താഴെയുള്ള) അനുജന്മാര്‍ക്കും അനുജത്തിക്കുമൊക്കെ ഞാന്‍ കൊടുത്തിട്ടുള്ളത്. എനിക്ക് തിരിച്ചറിവ് വന്നപ്പോഴേക്കും ഫരീദ തികഞ്ഞ നെഗറ്റീവ് മൂഡിലായിരുന്നു. പക്ഷേ, എന്‍റെ ബോധപൂര്‍വമുള്ള ഇടപെടല്‍കൊണ്ടും , അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹം കൊണ്ടും അതൊക്കെ ശരിയാക്കിയെടുക്കാന്‍ സാധിചു.

എനിക്കിപ്പോള്‍ മുജീബിനോട് പറയാനുള്ളത്, ഇത്തരം കാര്യങ്ങള്‍ യാതൊരു ഭയവും കൂടാതെ എനിക്ക് തുറന്നെഴുതുക എന്നതാണ്. മുജീബിന് ഉള്‍ഭയം ഉണ്ടാകുമെന്ന്‌ എനിക്കറിയാം. പക്ഷേ, എന്‍റെ കാര്യത്തില്‍ മുജീബിന് ഇനി ഭയത്തിന്‍റെ ആവിശ്യമില്ല. കാരണം, ആരില്‍ നിന്നാണോ മുജീബിന് പ്രശ്നങ്ങളുണ്ടായത് അയാള്‍ തന്നെയാണ് എല്ലാം തുറന്നെഴുവാനും വിശദീകരിക്കുവാനും ആവിശ്യപ്പെടുന്നത്. എന്തും സഹിക്കാനും പൊറുക്കാനും, ഉള്‍കൊള്ളാനുമുളള മനസ്സ് എനിക്കുണ്ട്. എന്തും, , എന്തും….. അതുകൊണ്ട് പഴയകാലത്ത് മനസ്സിനെ വിഷമിപ്പിച്ച അനുഭവങ്ങള്‍ ഓരോന്നും തുറന്ന് എഴുതുക. കൃത്യമായി ഒന്നും വിടാതെ, കുറക്കാതെ അറിയിക്കുക. പല കാര്യങ്ങളാണ് അതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്.

1 എനിക്ക് പറ്റിയ അബദ്ധങ്ങളെകുറിച്ച് ആഴത്തില്‍ ഞാന്‍ മനസ്സിലാക്കുക.

2 ഇനി ഒരിക്കലും അത്തരം അബദ്ധങ്ങള്‍ വന്നുഭവിക്കാതിരിക്കാന്‍ ശ്രമിക്കുക.

3 സമാനമായ അത്തരം അനുഭവങ്ങള്‍ കുടുംബത്തിലോ മറ്റോ ആര്‍ക്കെങ്കിലും കാണുമ്പോള്‍ അവര്‍ക്ക് ഉപദേശം നല്‍കുക.

4 ഇവയെക്കാളെല്ലാം ഉപരി ഈ രീതിയില്‍ ബുദ്ധിമുട്ടിച്ച വ്യക്തിയെത്തന്നെ, അതേ വികാരത്തില്‍ അവ അറിയിക്കുക. അപ്പോള്‍ മനസ്സില്‍ കുമിഞ്ഞുകൂടിയ പ്രശ്നങ്ങളുടെയും പ്രയാസങ്ങളുടെയും ഭാണ്ഡം ഒന്നൊന്നായി അഴിഞ്ഞ് വരും.

5 പ്രശ്നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ ജീവിതം അര്‍ഥവത്താണെന്ന് ബോധ്യമാവുകയും അതിനനുസരിച്ച് പ്രായോഗികത കൈവരികയും ചെയ്യും.

6 പഴയ രീതിയിലുള്ള ബന്ധങ്ങളൊക്കെ മാറി, ആഴത്തിലുള്ള ഒരു പുതിയ ബന്ധം സ്ഥാപിതമാകും.

7 എല്ലാറ്റിനുമുപരി മുജീബിനും, മറ്റെല്ലാ ചെറുപ്രായക്കാരോടും (പ്രത്യേകിച്ച് അനുജന്‍മാരോടും അനുജത്തിയോടും) ഇത്തരം അബദ്ധങ്ങള്‍ വരാതെ നല്ല രീതിയില്‍ പെരുമാറാന്‍ കഴിയും.

സത്യത്തില്‍, നമ്മുടെ ഉമ്മയുടെ എല്ലാ മക്കള്‍ക്കും നല്ല കഴിവുകളുണ്ട്. നല്ലത് എന്നാല്‍ നല്ല കഴിവുകള്‍. പക്ഷേ, പല സാഹചര്യങ്ങള്‍ കാരണം അവ മുരടിച്ചു പോയി. നമ്മുടെ മാത്രമല്ല, സമൂഹത്തില്‍ പലരുടെയും അവസ്ഥ ഇതുതന്നെയാണ്. അവ പിന്നീട് പഠനവിധേയമാക്കുന്നുണ്ട്. ഇപ്പോള്‍ നമുക്ക് സംഭവിച്ച മറ്റുകാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1 ഒരു പിതാവില്‍നിന്നും കിട്ടേണ്ടിയിരുന്ന സ്നേഹമോ, വാത്സല്യമോ, പ്രോല്‍സാഹനമോ നമുക്ക് ലഭിച്ചിട്ടില്ല. രക്ഷിതാക്കളുടെ സ്നേഹവാത്സല്യങ്ങളും പ്രോല്‍സാഹനവും കിട്ടാത്തവര്‍ മാനസികമായി മുരടിച്ചുപോകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

2 ഉമ്മയാണ് പിന്നെ സ്നേഹം തരേണ്ടിയിരുന്നത്. ഉമ്മ എന്നെങ്കിലും നമ്മെ ‘മോനേ’ എന്നു വിളിച്ച് സംസാരിക്കാരുണ്ടോ? ഇല്ല. പക്ഷേ, സ്നേഹമില്ലാഞ്ഞിട്ടല്ല. അതിരറ്റ സ്നേഹം നമ്മോടൊക്കെ ഉണ്ടാകും. ഉണ്ടുതാനും. എന്നാല്‍, നമ്മുടെ ഉമ്മാക്കും മറ്റു മിക്കവര്‍ക്കും സ്നേഹം എങ്ങനെ പ്രകടിപ്പികണം എന്നറിയില്ല എന്നതാണ് പ്രശ്നം. ഇതുകൊണ്ട് നഷ്ടമാകുന്നത് സ്വന്തം കുഞ്ഞിന്‍റെ ഭാവിയാണ് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയും പഠനവുമൊന്നും അവര്‍ക്കില്ലതാനും.

3 സ്നേഹവും വാത്സല്യവും തരാന്‍ നമ്മുടെ വീട്ടില്‍ ഉണ്ടായിരുന്നത് ഉമ്മാമയും കാരണവന്‍മാരും ഒക്കെയാണ്. അവര്‍ക്കും സ്നേഹം പ്രകടിപ്പിക്കാനറിയില്ലായിരുന്നു.

4 മുജീബിന്‍റെ ജീവിതത്തിലാണെങ്കില്‍ ഞാനും കൂടി ഉണ്ടായിരുന്നു. എന്നിലും അറിവില്ലായ്മ കാരണം അബദ്ധങ്ങള്‍ മാത്രം സംഭവിച്ചു.

ഇതൊക്കെയാണ് കഴിവുകള്‍ ഉണ്ടായിട്ടും നമുക്ക് അവ പ്രകടിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്താന്‍ കാരണം. ഈ തിരിച്ചറിവ് ഉണ്ടായതിനുശേഷം ഞാന്‍ ചെയ്ത ബോധപൂര്‍വമുള്ള മറ്റൊരു പ്രക്രിയ എവിടെയൊക്കെ കുടുംബ മനശാസ്ത്രത്തിന്‍റെ ക്ലാസുകളുണ്ടോ അവയിലൊക്കെ പങ്കെടുക്കുക എന്നതാണ്. ബന്ധങ്ങളെകുറിച്ചും അതിന്‍റെ ആഴത്തെകുറിച്ചും പഠിക്കണമെന്നും അതുവഴി കുടുംബത്തിലും മറ്റുംമാറ്റം വരുത്തണമെന്നുള്ള വാശിയായിരുന്നു പിന്നീടെനിക്ക്. അതുപോലെ, എന്‍റെ നഷ്ടപെട്ട കഴുവുകള്‍ വീണ്ടെടുക്കുന്നതിനും നിരവധി ക്ലാസുകളില്‍ ഞാന്‍ പങ്കെടുത്തു. ‘ ജീവിത വിജയം’ , ‘വിജയ മാര്‍ഗം’ മുതലായ ധാരാളം ക്ലാസുകള്‍ക്കും, സെമിനാരുകള്‍ക്കും, പങ്കെടുത്തുകൊണ്ടാണ് എന്‍റെ ഉള്‍ഭയവും അപകര്‍ഷതാബോധവും ഞാന്‍മാറ്റിയെടുത്തത്.

പക്ഷെ, ഇപ്പോഴും അതൊക്കെ ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ തൊണ്ണൂറ് ശതമാനവും പല ക്ലാസ്സുകള്‍ കൊണ്ടും, പല നല്ല വ്യക്തികളുമായുള്ള സമ്പര്‍ക്കം കൊണ്ടും, ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പഠിച്ചത് കൊണ്ടും അതിലെല്ലാമുപരി ഇവ്വിഷയകമായ നിരവധി പുസ്തകങ്ങള്‍ വായിച്ചതുകൊണ്ടും മാറ്റിയെടുക്കാന്‍ പറ്റിയെന്നതാണ് സത്യം. പത്ത് ശതമാനത്തെ ഒതുക്കിനിര്‍ത്താന്‍ തൊണ്ണൂറ് ശതമാനത്തിന് കഴിവുണ്ട് എന്നതുകൊണ്ടുതന്നെ പത്ത്ശതമാനവും ഇപ്പോഇഅത്ര വലിയ പ്രശ്നമാകുന്നില്ല.

എന്നാല്‍, അല്‍പ വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമാണ് എന്‍റെ മാനസികമായ എല്ലാ പ്രശ്നങ്ങളില്‍ നിന്നും മുക്തനായത്. ഉപ്പയായിരുന്നു എന്‍റെ മാനസികമായ പ്രശ്നങ്ങളില്‍ വലിയൊരു പങ്ക്. ഇപ്പോഴും പലതും ഞാന്‍ ഓര്‍ക്കുന്നു. ഉള്‍ഭയമാണ് ശരിക്കും ഉപ്പാനെ ആരീതിയില്‍ ചെറുപ്പത്തില്‍ എന്നോട് പെരുമാറിയതാണിതിന്ന് കാരണം. എന്നാല്‍, ഇപ്പോള്‍ ഉപ്പാനോടുള്ള വെറുപ്പൊക്കെ പോയി. ആദ്യമൊക്കെ ഭയങ്കര വെറുപ്പ് തോന്നുമായിരുന്നു. കാര്യങ്ങള്‍ എനിക്ക് ബോധ്യമായതോടുകൂടി, ആരെയും വെരുത്തിട്ട് കാര്യമില്ലെന്ന്‍ മനസ്സിലായി. എല്ലാവരെയും സ്നേഹിക്കുക. അളവറ്റ സ്നേഹം അതിരറ്റ സ്നേഹം. ഉപാധികളില്ലാത്ത സ്നേഹം (Unconditional Love) എന്നാണ് ടി.എ മന:ശാസ്ത്രത്തിന്‍റെ (ടി. എ മന:ശാസ്ത്രമെന്താണെന്ന് പിന്നീട് വിശദീകരിക്കുന്നുണ്ട്) ഭാഷയില്‍ പറയുക. അതായത്, തിരിച്ച് യാതൊന്നും പ്രതീക്ഷിക്കാത്ത സ്നേഹം. കളങ്കമില്ലാത്ത, ലാഭേഛകള്‍ ഇല്ലാത്ത സ്നേഹം.

സത്യത്തില്‍, എന്‍റെ തിരിച്ചരിവിനു ശേഷം മുജീബിനു ഒരു നല്ല നിലയില്‍ ഉയര്‍ത്തികൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ബോധപൂര്‍വം ചെയ്തിരുന്നു. പക്ഷേ, അന്ന് അതൊന്നും തുറന്ന് പ്രകടിപ്പിക്കാന്‍ അറിയില്ലായിരുന്നു. അതല്ലെങ്കില്‍ അതിന്ന് സാധ്യമായിരുന്നില്ല.

1 )ഡിഗ്രി കഴിഞ്ഞ് ബി .എഡ് ചെയ്ത് അധ്യാപകനോ, അതുമല്ലെങ്കില്‍ എം. എ കഴിഞ്ഞ് കോളേജ് ലക്ചറോ മറ്റോ ആയിവരിക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ മുജീബിനെ മദീനത്തുല്‍ ഉലൂം അറബിക് കോളേജില്‍ ചേര്‍ത്തത്. അന്നത്തെ എന്‍റെ സുഹൃത്തുക്കളോട് ഞാന്‍ മുജീബിനെ എത്ര മാത്രം ഇഷ്ടപ്പെടുന്നുവെന്നും, സ്നേഹിക്കുന്നുവെന്നും പറയുമായിരുന്നു. പക്ഷേ, മുജീബിനെ കാണുമ്പോള്‍ അതൊന്നും നാക്കിന്‍ തുമ്പത്ത് വരാറില്ലെന്ന് മാത്രമല്ല, പഴയ ആ മോശമായ ശൈലിയിലേക്കാണ് സംസാരത്തിന്‍റെ രീതികള്‍ അറിയാതെ പോവുക. ഇതെന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് അന്നുതന്നെ ഞാന്‍ സ്വയം ചോദിക്കാറുണ്ടായിരുന്നു. പിന്നീട് മന:ശാസ്ത്ര ക്ലാസുകള്‍ക്ക് ചേര്‍ന്ന് പഠിച്ചപ്പോഴാണ് എനിക്ക് അതിനുള്ള കൃത്യമായ ഉത്തരം ലഭിച്ചത്. അതായത്, സ്നേഹം ലഭിക്കാത്തവര്‍ക്ക് സ്നേഹം കൊടുക്കുവാന്‍, പ്രകടിപ്പിക്കുവാന്‍ പ്രയാസങ്ങള്‍ അനുഭവപ്പെടും എന്ന യാഥാര്‍ഥൃം. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നതായിരുന്നു എന്‍റെ അടുത്ത പഠനം. ടി.എ മന:ശാസ്ത്രത്തില്‍ അതിന്‍റെ
കൃത്യമായ ഉത്തരങ്ങളുണ്ട്. അത് പിന്നീട് പഠിച്ചു മനസ്സിലാക്കിയത്കൊണ്ടാണ് എനിക്ക് ഇപ്പോള്‍ ഇങ്ങനെ എഴുവാന്‍ സാധിക്കുന്നത് തന്നെ. മറ്റുള്ളവര്‍ സ്നേഹിചിട്ടില്ലെങ്കിലും സ്നേഹം ചെറുപ്പത്തില്‍ നമുക്ക് ലഭിച്ചിട്ടില്ലെങ്കിലും സ്നേഹം ചെറുപ്പത്തില്‍ നമുക്ക് ലഭിച്ചിട്ടില്ലെങ്കിലും മറ്റുള്ളവരെ സ്നേഹിക്കുവാനുള്ള പാഠം ഞാന്‍ പഠിച്ചു. അങ്ങനെ കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടായി. ഇപ്പോഴും പഠിക്കുന്നു. കൂടുതല്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്നു.

2) ടൈപ്പ് റൈറ്റിംഗ് പഠിപ്പിച്ച് കൊണ്ട് പതിയെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുക എന്ന മറ്റൊരു ലക്ഷ്യത്തിലായിരുന്നു മുമ്പ് മയ്യിലെ ഒരു ടൈപ്പ് റൈറ്റിംഗ് സെന്‍ററില്‍ ഞാന്‍ മുജീബിനെ ചേര്‍ത്തത്.

3)മദീനതിലെ പല അധ്യാപകരോടും സീനിയര്‍ വിദ്യാര്‍ഥികളോടും മുജീബിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കാന്‍ ഞാന്‍ പലപ്പോഴും പറയുമായിരുന്നു. അപ്പോഴും മുജീബിനോട് എനിക്ക് ഒന്നും പ്രകടിപ്പിക്കാന്‍ കഴിയുകയില്ല. മുജീബിനോടുള്ള പെരുമാറ്റത്തില്‍ ആ പഴയ ‘പിശാച്’ ഒഴിഞ്ഞ് മാറിയിരുന്നില്ല.

4)കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ മുജീബിനെ കാണിക്കുന്ന സമയത്തും ഇതുതന്നെയായിരുന്നു അവസ്ഥ. എന്‍റെ സുഹൃത്തുക്കളായ ഡോക്ടര്‍മാരോടൊക്കെ മുജീബിനെ പ്രത്യേകം ശ്രദ്ധിക്കാന്‍ പറയും. പക്ഷേ, അപ്പോഴും മുജീബിനോട് എന്‍റെ ഇഷ്ടവും സ്നേഹവും പ്രകടിപ്പിക്കാന്‍ എനിക്ക് സാധിച്ചില്ല. കോഴിക്കോട് പല ഭാഗത്തും ഡോക്ടറെ കാണാന്‍ പോയി കത്തിരുന്നതൊക്കെ ഓര്‍മയില്ലേ? അപ്പോഴൊക്കെ മനസ്സില്‍ നിറയെ സ്നേഹം മാത്രമായിരുന്നു. എങ്ങനെ ഞാന്‍ ഇതു പ്രകടിപ്പിക്കും എന്ന് ആശങ്കിക്കുമായിരുന്നു. എത്ര ശ്രമിച്ചിട്ടും അന്നൊന്നും എനിക്കതിനായിട്ടില്ല എന്നതാണ് സത്യം.

5)ഇങ്ങനെ നിരവധി അനുഭവങ്ങളുണ്ട്. മുജീബിന് ചിലപ്പോള്‍ അതൊന്നും നല്ല അനുഭവമായി ഉള്ളില്‍ തട്ടിയിട്ടൊന്നുമുണ്ടാവില്ല. കാരണം, ഒന്നും ഞാന്‍ പ്രകടിപ്പിക്കുന്നില്ലല്ലോ! ഈ രീതിയിലുള്ള എന്തെങ്കിലും അനുഭവങ്ങള്‍ ഒര്മയിലുള്ളത് ഉണ്ടെങ്കില്‍ അറിയിക്കുക.

എന്നാല്‍, അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് ഇപ്പോഴെങ്കിലും കാര്യങ്ങള്‍ തുറന്ന് പറയുവാനും, മനസ്സിലുള്ള വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുവാനും സാധിച്ചുവല്ലോ? അതു കൊണ്ടുതന്നെ ഇനിയുമിനിയും പഴയ അനുഭവങ്ങളൊക്കെ തുറന്നെഴുതുക.

എന്‍റെ പഠനത്തിനും മാറ്റത്തിനും വേണ്ടി ചിലകാര്യങ്ങള്‍ അറിയാനുണ്ട്. താഴെക്കാണുന്ന കാര്യങ്ങളെല്ലാം എനിക്ക് തുറന്നെഴുതുക.

1 മുജീബിന്‍റെ ജീവിതത്തെ വികൃതമാക്കിയവരുടെ കൂട്ടത്തില്‍ ഞാന്‍ മാത്രമാണോ? (അല്ല എന്ന് കത്തില്‍ നിന്നും മനസ്സിലായി, ആരൊക്കെയാണവര്‍?)

2 അവരുടെയൊക്കെ പങ്ക് എത്രത്തോളമുണ്ടായിരുന്നു? അവരില്‍ നിന്നും അനുഭവിച്ച വിഷമതകള്‍ എന്തൊക്കെയായിരുന്നു?

3 ചെരുപ്പകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഏറ്റവും വെറുപ്പ് തോന്നുന്ന വ്യക്തി ആരാണ്? (എല്ലാം തുറന്ന് എഴുതുക, യാതൊരു മടിയും വേണ്ട).

4 ഏറ്റവും വെറുപ്പ് തോന്നുന്ന സംഭാവമെന്താണ്?

5 എന്നെകുറിച്ച് ഇപ്പോള്‍ എന്ത് തോന്നലുകളാണ് ഉണ്ടാകുന്നത്? (എനിക്ക് വേണ്ടി എഴുതരുത്, മുജീബിന്‍റെ മനസ്സിലുള്ളത് അതേപടി, പേടിയോ മടിയോ കൂടാതെ എഴുതുക).

6 എന്‍റെ കുടുംബ മന:ശാസ്ത്രത്തിന്‍റെ പ്രഭാഷണം കേട്ടുകാണുമെന്ന് കരുതുന്നു. അത് കേട്ടപ്പോള്‍ ഉണ്ടായ വികാരമെന്താണ്? അത് കേട്ടപ്പോള്‍ എന്നെകുറിച്ചുണ്ടായ ഫീലിംഗ്സുകള്‍ എന്താണ്?

7 ടി.വി. യില്‍ വന്ന റംസാന്‍ പ്രോഗ്രാം കണ്ടുകാണുമെന്ന് കരുതുന്നു. അത് കാണുമ്പോള്‍ ഉണ്ടായ വികാരമെന്ത്? എന്നെകുറിച്ചുണ്ടായ ചിന്ത എന്തായിരുന്നു?

8 ഞാന്‍ ഈ കത്തിന്‍റെ ആദ്യഭാഗത്ത് എഴുതിയതുപോലെ, ജീവിതത്തില്‍ എപ്പോഴെങ്കിലും ആത്മഹത്യ സ്വപ്നത്തില്‍ (പകല്‍ സ്വപ്നം) കണ്ടിട്ടുണ്ടോ? അതിനെകുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അറിയിക്കുക.

9 നാട് വിട്ടുപോകാന്‍ ആലോചിച്ചിട്ടുണ്ടോ?

10 ജീവിതത്തോട് നൈരാശ്യവും, വെറുപ്പും മടുപ്പും തോന്നിയിട്ടുണ്ടോ?

11 ഇപ്പോഴും ജീവിതത്തില്‍ ആരോടെങ്കിലും തീവ്രമായ വെറുപ്പ് തോന്നാറുണ്ടോ?

12 ജീവിതത്തില്‍ എന്നെങ്കിലും മനസ്സ്പൊട്ടി കരഞ്ഞിട്ടുണ്ടോ?

13 കരയാന്‍ കാരണമെന്തായിരുന്നു?

14 മുജീബിന്‍റെ സ്വകാര്യ വേദനകളും വിഷമതകളും ആരെങ്കിലുമായി പങ്കുവെച്ചിട്ടുണ്ടോ? ആരോടെങ്കിലും ഇതൊക്കെ പറഞ്ഞിട്ടുണ്ടോ? അവരുടെ പ്രതികരണം എങ്ങനെയായിരുന്നു? അവരോട് എന്നില്‍നിന്നുണ്ടായ അനുഭവം പറഞ്ഞിരുന്നോ?

15 എന്നെകുറിച്ച് ആലോചിക്കുമ്പോള്‍ എന്തെങ്കിലും ഒരു നല്ല അനുഭവം ഓര്‍മയിലുണ്ടോ? അതായത് മറക്കാനാവാത്ത നല്ല അനുഭവം. അങ്ങനെ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് വ്യക്തമായി എഴുതുക. (ഇല്ലായെങ്കില്‍ അത് തുറന്ന്‍ പറയാം, ഒന്നും പറയാന്‍ മടിക്കരുത്, എല്ലാം സത്യമായി മാത്രം എഴുതുക).

ഓരോ ഉത്തരവും ഇതേ പോലെ നമ്പറിട്ട് എഴുതുക. ഒന്നുകൂടി ഞാന്‍ പറയുകയാണ്, കാര്യങ്ങള്‍ തുറന്നെഴുതുക. പഴയ വ്യക്തിയല്ല ഞാനിപ്പോള്‍ എന്നോര്‍ക്കുക. അത് എന്നോ മരിച്ച് കഴിഞ്ഞു. പഴയ കാര്യങ്ങള്‍ ഇനിയും എഴുതുകയും അറിയിക്കുകയും ചെയ്യുമ്പോഴേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ.

അസുഖത്തെകുറിച്ച് ആലോചിച്ച് ദു:ഖിക്കരുത്. കാരണം, അല്ലാഹു പലതുകൊണ്ടും പരീക്ഷിക്കും എന്ന്‍ പറഞ്ഞിടത്ത് ശരീരം കൊണ്ടും പരീക്ഷിക്കും എന്നുണ്ട്. ശരീരം കൊണ്ടും വിശപ്പ് കൊണ്ടും മാത്രമല്ല ഭയം കൊണ്ടും പരീക്ഷക്കും എന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. അപ്പോള്‍, കഴിഞ്ഞതെല്ലാം അല്ലാഹുവിന്‍റെ പരീക്ഷണമായിരുന്നുവെന്നും അതിന്ന് ചില വ്യക്തികളൊക്കെ കാരണമായി എന്ന്‍ മാത്രമേ ഉള്ളൂ എന്നും മനസ്സിലാക്കുക.

അതുകൊണ്ടുതന്നെ, എന്‍റെ പ്രശ്നങ്ങളെ തരണം ചെയ്യാന്‍ ഞാന്‍ ചെയ്ത മാര്‍ഗം തന്നെയാണ് മുജീബും ചെയേണ്ടത്. എല്ലാ തടസ്സങ്ങളെയും സ്വയം മാറ്റി നിര്‍ത്തുക. എല്ലാവരെയും സ്നേഹിക്കുക. ആരെയും നാം വെരുക്കാതിരിക്കുക. നമുക്ക് താഴെയുള്ളവരെ പ്രത്യേകിച്ച് അതിരറ്റ് സ്നേഹിക്കുക. (ഇന്ശാഅല്ലാഹ്) ഈ വിഷയങ്ങള്‍ ഇനിയുള്ള കത്തില്‍ നമുക്ക് ചര്‍ച്ചചെയ്യാം. ഒരുപാട് ഒരുപാട് കാര്യങ്ങള്‍ എനിക്ക് ഇനിയും എഴുതാനുണ്ട്. ഏതായാലും ഈ കത്തിന്‍റെ അവസാന ഭാഗത്തേക്ക് ഞാന്‍ കടക്കുകയാണ്.

1 ജീവിതത്തെകുറിച്ചുള്ള ഇപ്പോഴത്തെ മുജീബിന്‍റെ കാഴ്ചപ്പാട് എന്താണ്?

എന്തെങ്കിലും ആവണമെന്നോ, എന്തെകിലും ചെയ്യണമെന്നോ എന്തെങ്കിലും പഠിക്കാനമെന്നോ ആഗ്രഹമുണ്ടോ? എല്ലാം വിശദമായി അറിയിക്കുക. കഴിഞ്ഞ കുറെവര്‍ഷങ്ങളായി ഞാന്‍ ഈ ലോകത്ത് വെച്ച് അല്ലാഹുവും റസൂലും കഴിഞ്ഞാല്‍ ഏറ്റവും സ്നേഹിക്കുന്ന വ്യക്തി മുജീബാണ്. മുജീബ് മാത്രമാണ്. മുമ്പ് പലപ്പോഴും ഇത് എനിക്ക് തുറന്നുപറയാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ട് ഇപ്പോള്‍ മുജീബിന്‍റെ ഈ കത്ത് കിട്ടിയപ്പോള്‍ എനിക്ക് ഒരു കാര്യം ഉറപ്പായി. മുജീബിന്‍റെ അകത്ത് വലിയൊരാളുണ്ട്. നല്ല കഴിവുകളുള്ള, കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന തെറ്റും ശരിയും കൃത്യമായി വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ കഴിയുന്ന, ബോധവും ബുദ്ധിയുമുള്ള, വിവേകവും തന്റേടവുമുള്ള, കാര്യങ്ങള്‍ സ്വന്തമായി നിര്‍വഹിക്കാന്‍ കഴിവുകളുള്ള, ഇഛാശക്തിയും മന:ശക്തിയുമുള്ള കുടുംബ സ്നേഹമുള്ള ഒരാള്‍. പല കാരണങ്ങളാലും ഈ കഴിവുകള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ മുജീബിന് കഴിഞ്ഞില്ല എന്നുമാത്രം. അതുകൊണ്ടുതന്നെ അത് മനസ്സിലാക്കാന്‍ എനിക്കും കഴിഞ്ഞില്ല എന്നതാണ് വസ്തുത.

എന്നാല്‍, ഒരു കാര്യം ഞാന്‍ പറയുന്നു; വിശ്വസിച്ചാലും ഇല്ലെങ്കിലും. ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന വ്യക്തി; അത് അല്ലാഹുവും റസൂലും കഴിഞ്ഞാല്‍ മുജീബ് മാത്രമാണ്. ഇത് വെറുതെ മുജീബിനെ സുഖിപ്പിക്കുവാന്‍ പറയുന്നതാണെന്ന് കരുതുന്നത്. ഇതുവരെയും ഇത് പറയാന്‍ പറ്റിയിട്ടില്ലയെന്ന് മാത്രം. ഇപ്പോഴെങ്കിലും കാര്യങ്ങള്‍ തുറന്നു പറയാന്‍ അവസരം തന്ന അല്ലാഹുവിനു സ്തുതി പറയുന്നു.

ചെറുപ്പത്തില്‍ ഞാന്‍ മോശമായി മുജീബിനോട് പെരുമാറിയിരുന്നത് ഉള്ളില്‍ വെരുപ്പുണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു വലിയ സത്യം. എനിക്കും സ്നേഹവും, വാത്സല്യവും, അംഗീകാരവും, പ്രോത്സാഹനവും കിട്ടിയിട്ടില്ല എന്നതുകൊണ്ടു തന്നെ അന്ന് എനിക്കത് എന്‍റെ താഴെയുള്ളവര്‍ക്ക് നല്‍കാനും സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

എനിക്കും കേള്‍കേണ്ടിവന്നത് മന്ദബുദ്ധി, പൊട്ടന്‍ എന്നുള്ള വാക്കുകളാണ്. മുഹമ്മദ്‌ക്കയൊക്കെ എത്ര തവണ ഇത് വിളിച്ചിരുന്നു എന്നറിയാമോ? ഇന്നും അതൊക്കെ ഒരുഇരുണ്ട സംഭവങ്ങളായി കടന്നുവരുന്നു. പക്ഷേ, അലഹുവിന്‍റെ അപാരമായ അനുഗ്രഹം കൊണ്ട് എനിക്ക് തിരിച്ചറിവുണ്ടായി.

ഇപ്പോള്‍ മുജീബിനും തിരിച്ചരിവുണ്ടായിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ കാണിക്കുന്ന സമയത്തൊക്കെ എത്രതവണ മുജീബിന്‍റെ അസുഖം മാറാന്‍ മനസ്സുരുകി പ്രാര്‍ഥിച്ചിട്ടുണ്ടെന്നരിയുമോ? എനിക്ക് വേണ്ടി പോലും അങ്ങനെ പ്രാര്‍ഥിക്കാറില്ല. ഞാന്‍ അപ്പോള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. റബ്ബേ, ഇത്ര മാത്രം അനുജന് വേണ്ടി പ്രാര്‍ഥിചിട്ടും, ഇത്രമാത്രം അനുജനെ ഞാന്‍ സ്നേഹിച്ചിട്ടും, എന്തേ ഇതൊന്നും പ്രകടിപ്പിക്കാന്‍ പറ്റാത്തതെന്ന്.

ഇങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ഇനിയും അറിയിക്കാനും എഴുതാനുമുണ്ട്. ഏതായാലും അവസാനമായി പറയാനുള്ളത് ഇതാണ് – ഇതിനിടെ ഞാന്‍ നാട്ടിലുള്ളപ്പോള്‍ മുജീബിന് കമ്പ്യൂട്ടര്‍ പഠിക്കണമെന്ന് എളാപ്പാനോട്‌ പറഞ്ഞത് കേട്ടു. ഒരു കാര്യം വ്യക്തമായി ഞാന്‍ പറയട്ടെ, മുജീബിന് അതില്‍ പ്രതീക്ഷയുണ്ടെങ്കില്‍, കമ്പ്യൂട്ടര്‍ പടിക്കണമെന്നുണ്ടെങ്കില്‍ ധൈര്യത്തില്‍ പഠിക്കുക. ഒന്നും പേടിക്കേണ്ടതില്ല. ആവുമെന്ന് വിചാരിച്ചാല്‍ ഒരുകാര്യം ആവുമെന്ന് മുജീബിന് അറിയാമെന്ന് മുജീബിന്‍റെ കത്തില്‍ തന്നെ കണ്ടു. അതുകൊണ്ടു ഇനി എല്ലാ തീരുമാനവും മുജീബിന് വിട്ട് തരികയാണ്. കമ്പ്യൂട്ടര്‍ പടിക്കണമെന്നുണ്ടോയെന്ന്‍ സ്വയം ആലോചിക്കുക. സ്വന്തമായി തീരുമാനമെടുക്കുക. അതിനുള്ള സാമ്പത്തിക ചെലവ് ഞാന്‍ വഹിക്കാം. അതിനാല്‍ യാതൊന്നും പേടിക്കേണ്ടതില്ല. അത് ഒരു ഔദാര്യമോ, ഓശാരമോ ആയി കരുതുകയും വേണ്ട. ജ്യേഷ്ഠനില്‍ നിന്നുള്ള ഒരു അവകാശമായി കരുതിയാല്‍ മതി. കമ്പ്യൂട്ടറിന് ചേരുകയാണെങ്കില്‍ അതിന്‍റെ കൂടെ Spoken English – നും ചേരുക. കാരണം കമ്പ്യൂട്ടറിന്‍റെ കൂടെ English നല്ലതാണ്. അത് കൊണ്ട് എല്ലാം സ്വയം ആലോചിച്ച് തീരുമാനിച്ച് ധൈര്യമായി ആ തീരുമാനം എന്നെ ഉടനെ അറിയിക്കുക. എന്ത് ആഗ്രഹമുണ്ടെങ്കിലും അറിയിക്കുക. അല്ലഹുവിനെയല്ലാതെ ഒരു സൃഷ്ടിയും ഭയപ്പെടെണ്ടതില്ല. എല്ലാ കാര്യങ്ങളും വിശദമായി, വളരെ, വളരെ വിശദമായി എഴുതി അറിയിക്കുക. ഒപ്പം എല്ലാം നന്മയിലായിരിക്കുവാനും ദുനിയാവിലും പരലോകത്തും നന്മ വരുത്താനും അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.

സത്യത്തില്‍, നിര്‍ത്താന്‍ തോന്നില്ല. പക്ഷേ, നിര്‍ത്തുകയാണ്. ഇനിയും എഴുതാമല്ലോ! വീട്ടിലുള്ള എല്ലാവരോടും അന്വേഷണം പറയുക. വളരെ പ്രദാനം; മരുന്ന്‍ കൃത്യമായി കഴിക്കുക. ശരീരം ശരിയായാല്‍ എന്തും ശരിയാക്കാം (ഇ.അ). അവസാനത്തെ പേജിലും കണ്ണൂനീര്‍ ഉറ്റിയത് നോക്കികൊണ്ട് ഞാനിത് അവസാനിപ്പിക്കുകയാണ്.

സ്നേഹാശംസകളോടെ
ജ്യേഷ്ഠന്‍, മുഈനുദ്ദീന്‍.

നിങ്ങളെ കുറിച്ച് തന്നെ സംസാരിക്കുന്ന ഈ പുസ്തകം സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലേ? പതിനായിരക്കണക്കിന് ജനങ്ങളുടെ ജിവിതത്തില്‍ മാറ്റങ്ങളുടെ മഹാവെളിച്ചമേകിയ ഈ പുസ്തകം നിങ്ങള്‍ക്കും വായിക്കേണ്ടതില്ലേ?
ബന്ധങ്ങളുടെ മനഃശാസ്ത്രം (ഭാഗം 1) പുസ്‌തകം വാങ്ങിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക

Check Also

എന്‍റെ കഴിവുകള്‍ പുനര്‍ജനിക്കുമ്പോൾ

ഗ്രന്ഥകര്‍ത്താവിന്‍റെ അനുജന്‍ മുജീബ് എഴുതിയ കുറിപ്പ് ദുരനുഭവങ്ങള്‍ മനുഷ്യനെ അശാന്തിയുടെ അഗാധതലങ്ങളിലേക്ക് ആനയിക്കുമെന്ന് കഴിഞ്ഞ പുസ്തകത്തിലൂടെ നിങ്ങള്‍ മനസ്സിലാക്കി. അവ …