എന്റെ ഒരു കൂട്ടുകാരി ഒരു യാത്രക്ക് പോകാന്‍ ഒരുങ്ങി. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു. വീട് കുറച്ചു നാളത്തേക്ക് വിട്ടിട്ടു പോകുമ്പോള്‍ ചെയ്യേണ്ട എല്ലാ സുരക്ഷാ മാര്‍ഗ്ഗങ്ങളും അവള്‍ ചെയ്തു വച്ചു. ഏറ്റവും നല്ല പൂട്ടിട്ടു അവള്‍ വീട് ലോക്ക് ചെയ്തു. ജനാലകളും. സന്തോഷത്തോടെ അവര്‍ യാത്ര പുറപ്പെട്ടു.
തിരിച്ചെത്തിയപ്പോള്‍ പക്ഷെ കണ്ട കാഴ്ച അവരെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. വിലകൂടിയ പലതും മോഷ്ടിക്കപ്പെട്ടിരിക്കുന്നുന്ന. ഇത്രയധികം മുന്‍കരുതലുകള്‍ എടുത്തിട്ടും എങ്ങനെ ഇത് സംഭവിച്ചു എന്ന് പറഞ്ഞു കൊണ്ട് അവള്‍ വാവിട്ടു കരഞ്ഞു.
എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. പക്ഷെ ഞാവളോട് പറഞ്ഞു. ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊന്‍… നിശ്ചയമായും നാമെല്ലാം അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ്.”
ആ സമയത്തെ വേദനയില്‍ അവളെ ആശ്വസിപ്പിക്കാന്‍ ആ വാക്യമല്ലാതെ ഒന്നും ഞാന്‍ കണ്ടില്ല. കഴിഞ്ഞുപോയതിനെപ്പറ്റി വിഷമിക്കാതെ കൂടുതല്‍ ഒന്നും സംഭവിക്കാത്തതില്‍ താനും തന്റെ കുടുംബവും സൌഖ്യമായിരിക്കുന്നതില്‍ അല്ലാഹുവിനോട് നന്ദി പറയാന്‍ ഞാനവളോട് പറഞ്ഞു. അല്ലാഹുവിനോട് അവള്‍ക്കും കുടുംബത്തിനും സമാധാനം നല്‍കണേ എന്നാ പ്രാര്‍ഥനയോടെ ഞാന്‍ അവിടെ നിന്നും ഇറങ്ങി.
വീട്ടിലേക്ക് മടങ്ങവേ എന്റെ മനസ്സിലും ഉയര്‍ന്ന ചോദ്യം അത് തന്നെ ആയിരുന്നു. എങ്ങിനെയാണ് കള്ളനു ഇത്ര അടച്ചുറപ്പുണ്ടായിട്ടും ആ വീട്ടില്‍ കയറി മോഷ്ടിക്കാന്‍ കഴിഞ്ഞത്?! ആ ചോദ്യമിങ്ങനെ എന്നെ അലട്ടിക്കൊണ്ടിരുന്നു. ഏറ്റവും നല്ല ലോക്ക് വച്ചു അടച്ചിട്ടും അതൊക്കെ എങ്ങനെ തകര്‍ക്കാന്‍ കഴിഞ്ഞു?. …
പിന്നെ പിന്നെ,എന്റെ ഭാവന കാട് കയറാന്‍ തുടങ്ങി. അതി വിദഗ്ദമായി കള്ളന്മാര്‍ നടത്തിയ മോഷണത്തെ , ഒരു ഭാര്യ, തന്റെ ഭര്‍ത്താവിന്റെ കൊട്ടിയടച്ച ഹൃദയത്തിനുള്ളില്‍ കടന്നു കയറി അതിനെ സ്വന്തമാക്കാന്‍ പെടുന്ന കഷ്ടപ്പാടിനോട് ഉപമിക്കാന്‍ തുടങ്ങി. യാതൊരു വിധ നന്മയും ഇല്ലാത്ത ആ മോഷ്ടാക്കള്‍ക്ക് ഇത്ര വലിയ പൂട്ടുകള്‍ തുറക്കാന്‍ ആകുന്ന ആ കള്ളന്മാര്‍ , എത്ര കഷ്ടപ്പെട്ടിട്ടും പതിവ്രത ആയിട്ടും തന്റെ ഭര്‍ത്താവിന്റെ ഹൃദയത്തില്‍ കടന്നു ചെല്ലാന്‍ കഴിയാത്ത ഒരു ഭാര്യയെക്കാള്‍ കഴിവുറ്റവരാണോ!
ഒന്നാലോചിച്ചു നോക്കൂ, നമ്മള്‍ സ്ത്രീകള്‍ , ക്ഷമയോടും സഹാനത്തോടും തികഞ്ഞ ദൈവ ഭക്തിയോടും പ്രതീക്ഷയോടും ഈ ജീവിതം മുഴുവനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് അതിനു വേണ്ടിത്തന്നെ അല്ലെ? ഭര്‍ത്താവിന്റെ ഹൃദയത്തിന്റെ, സ്നേഹത്തിന്റെ ഉള്ളറകളുടെ താക്കോല്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ അല്ലെ നമ്മള്‍ ജീവിക്കുന്നത്?എന്നിട്ടും എത്ര മാത്രം കഷ്ടപ്പെട്ടിട്ടും നമ്മളില്‍ പലര്‍ക്കും അതിനു കഴിയാതെ പോകാറുണ്ട് എന്നതാണ് സത്യം.
പല സ്ത്രീകളുടെയും ഒപ്പം ഭര്‍ത്താക്കന്മാര്‍ ജീവിക്കുന്നത് അവര്‍ വിവാഹം എന്ന ബന്ധനത്തില്‍ അകപ്പെട്ടു പോയതുകൊണ്ടോ, ശാരീരിക അടുപ്പം എന്ന ഒന്ന് മാത്രം ഉള്ളതുകൊണ്ടോ, കുട്ടികളുടെ കാര്യം ഓര്‍ത്തോ ആണ്. ആത്മാര്‍ഥമായ സ്നേഹം പല ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യമാര്‍ക്ക് കൊടുക്കാന്‍ കഴിയുന്നില്ല. പരസ്പരം അകലാന്‍ കഴിയാത്ത വിധം പ്രണയമോ സ്നേഹമോ അവര്‍ക്കിടയില്‍ ഇല്ല എന്ന് തന്നെ വേണം കരുതാന്‍. അവരുടെ ഹൃദയങ്ങള്‍ വെറും തരിശിടങ്ങള്‍ മാത്രമായി മാറിക്കഴിഞ്ഞിരിക്കും. പരസ്പരം പേര് കേള്‍ക്കുമ്പോള്‍ അടുക്കുമ്പോള്‍ ആര്‍ദ്രമാകുന്ന ഹൃദയ ബന്ധം അവരില്‍ നിന്നും ഒഴിഞ്ഞു പോയിട്ടുണ്ടാകും. അന്യോന്യം കാണാന്‍ ഒരല്പം മാറി നിന്നാല്‍ അടുത്തെത്തിക്കിട്ടാന്‍ കൊതിക്കുന്ന രീതിയിലുള്ള പ്രണയം മരിച്ചുപോയിക്കാണും.
ഞാനും മറ്റെല്ലാ സ്ത്രീ പുരുഷന്മാരെയും പോലെ ഭര്‍ത്താവിന്റെ/ ഭാര്യയുടെ മനസ്സു സ്വന്തമാക്കുന്നത് ഒരു ബുദ്ധിമുട്ടുള്ള ഏര്‍പ്പാടാണെന്ന് ഒരിക്കല്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഇത്ര നാളത്തെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ എനിക്ക് പറയാന്‍ കഴിയും. നാം കരുതുന്നതില്‍ നിന്ന് എത്രയോ എളുപ്പകരമാണ് ആ ദൌത്യം എന്നത്. അതിനു ഈ സമവാക്യം ജീവിതത്തില്‍ പകര്‍ത്തുക എന്നു മാത്രം…. അതെന്താണെന്നല്ലേ?
സ്നേഹം+ക്ഷമ+സൂക്ഷ്മത=ഭൌതിക മോക്ഷം, അല്ലെങ്കില്‍ പാരത്രിക പ്രതിഫലം.
എല്ലാ സ്നേഹമയികളായ ഭാര്യമാരോടും ഈ വഴികളൊന്നു പരീക്ഷിച്ചു നോക്കാന്‍ ഞാന്‍ ക്ഷണിക്കുകയാണ്. ഗുണം കാണാതിരിക്കില്ല എന്ന് എനിക്കുറപ്പുണ്ട്.
ഭര്‍ത്താവ് ദേഷ്യപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു ചെറു പുഞ്ചിരിയോടെ അല്ലെങ്കില്‍ മൌനത്തോടെ മാത്രം മുന്‍പില്‍ പ്രത്യക്ഷപ്പെടുക. ഒരല്പം ശാന്തനാകുമ്പോള്‍, നിറഞ്ഞ വാത്സല്യത്തോടെ അയാളെ സമീപിക്കുക, എന്നിട്ട് വളരെ മൃദുവായി ചോദിക്കുക, എന്ത് പറ്റി എന്റെ പ്രിയപ്പെട്ടവന് എന്ന്.
ആരാധനാ കര്‍മ്മങ്ങളില്‍ വീഴ്ച്ച വരുത്തുമ്പോള്‍ , കടമകളില്‍ വീഴ്ച്ച വരുത്തുന്നു എന്ന് നിങ്ങള്‍ക്ക് മനസ്സിലായാല്‍ , നേരിട്ട് ഒച്ചവെച്ച് ദേഷ്യപ്പെട്ടു പറയാതെ പരോക്ഷമായി ഓര്‍മ്മപ്പെടുത്തുക. അതിനു സ്വീകരിക്കാവുന്ന ചില സംസാരങ്ങള്‍ നോക്കൂ..
1. കുറച്ച് ദിവസായിട്ട് രാത്രി നമസ്കരിക്കുന്നത് കാണുന്നില്ലല്ലോ? വയ്യായ്ക ഉണ്ടോ നിങ്ങള്ക്ക്?
2. “നിങ്ങള്‍ പള്ളിയില്‍ പോയി വരുന്നത് വരെ ഞാന്‍ കാത്തിരിക്കാം, എന്നിട്ട് നമുക്ക് സുന്നത്തുകള്‍ ഒരുമിച്ചു നമസ്കരിക്കാം. “
3. ” നമ്മള്‍ വിവാഹം കഴിഞ്ഞ നാളുകളില്‍ ഒക്കെ ഒരുമിച്ചു ഖുറാന്‍ പാരായണം ചെയ്യുമായിരുന്നില്ലേ.അതൊക്കെ ഓര്‍ക്കുന്നില്ലേ? എത്ര നല്ല കാലമായിരുന്നു അത് അല്ലെ? എന്നാലും നിങ്ങളോടോത്തുള്ള ഓരോ നിമിഷവും എനിക്ക് അനുഗ്രഹമാണ് കേട്ടോ…”
4. ” ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ നമസ്കരിക്കാന്‍ വേണ്ടി പള്ളിയില്‍ പോകാന്‍ തിരക്ക് കൂട്ടുന്നത് കാണുമ്പോള്‍ എനിക്കെന്തു സന്തോഷമാണന്ന് അറിയുമോ?”
5. ” അല്ലാഹു നമ്മളെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ.ഉറച്ച വിശ്വാസവും, സത്യസന്ധതയും അവന്‍ നമ്മളില്‍ നിറക്കട്ടെ”
– ഭര്‍ത്താവ് നിങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കുന്നു എന്ന് നിങ്ങള്ക്ക് തോന്നുകയാണെങ്കില്‍ അതില്‍ ഭയപ്പെട്ടുകൊണ്ടോ ദേഷ്യപ്പെട്ടുകൊണ്ടോ അയാളോട് പെരുമാറാതിരിക്കുക. പകരം, സ്നേഹവായ്പോടെയും പുഞ്ചിരി മുഖത്തോടെയും കൂടെ ഭര്‍ത്താവിനെ തന്നോടടുപ്പിച്ച് നിര്‍ത്തുവാന്‍ ശ്രമിക്കുക. നിങ്ങളുടെ സ്വഭാവത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ സംഭവിക്കുന്നു എങ്കില്‍ അത് തിരുത്താനും ശ്രമിക്കുക. ഭംഗിയായി ഒരുങ്ങുകയും സ്വയം അലങ്കരിക്കുകയും അങ്ങിനെ ഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
– ജോലി സ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങള്‍ അയാള്‍ അനുഭവിക്കുന്നു എങ്കില്‍ അയാളുടെ ആത്മ വിശ്വാസം ഉണര്‍ത്തുന്ന രീതിയില്‍ മാത്രം അയാളോട് പെരുമാറുക.അല്ലാഹുവില്‍ നിന്നുള്ള ആശ്വാസത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക. അയാളുടെ കഴിവിനെ പുകഴ്ത്തി പറയുക. ആത്മാര്‍ത്ഥമായി മാത്രം.
– നിങ്ങള്‍ രണ്ടുപേരും കുട്ടികള്‍ക്കൊപ്പം ഇരിക്കുകയാണെങ്കില്‍ കുട്ടികളില്‍ അവരുടെ ഉപ്പാനെപ്പറ്റി അഭിമാനം ഉണ്ടാക്കുന്ന, അവരില്‍ ബഹുമാനം ഉണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുക. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാം അയാള്‍ ആണെന്നുള്ള ബോധ്യം അയാള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുക. എന്തെങ്കിലും ഭര്‍ത്താവ് വാങ്ങിക്കൊണ്ടു വരികയാണെങ്കില്‍ അത് ചെറുതോ വലുതോ ആവട്ടെ, കുട്ടികളെ വിളിച്ച് നോക്കൂ ഉപ്പ എന്താ കൊണ്ട് വന്നിരിക്കുന്നതെന്ന് സന്തോഷത്തോടെ വിളിച്ചു പറയുക. അയാള്‍ക്ക് ആത്മാഭിമാനവും നിങ്ങളെ പ്രതി സ്നേഹം വര്‍ദ്ധിക്കുവാനും അത് സഹായിക്കും.
– ഭക്ഷണ മേശയില്‍ ആദ്യം വിളിച്ചിരുത്തേണ്ടത് ഭര്‍ത്താവിനെയാണ്. അതയാള്‍ക്ക് വലിയ അംഗീകാരം തന്നെയായിരിക്കും.
– അയാള്‍ക്ക് വിശ്രമം ആവശ്യം വരുമ്പോള്‍ നിങ്ങള്‍ വീടിനെ ഒരു ശാന്തമായ ഒന്നാക്കി മാറ്റുക. കുട്ടികളെയും വിളിച്ചു മറ്റൊരു മുറിയിലേക്ക് പോവുക. അവരെ ഒച്ചയെടുക്കാന്‍ അനുവദിക്കാതെ എന്തെങ്കിലും ഏല്പിച്ചു കൊടുക്കുക. നിങ്ങളും അടുക്കളയിലോ മറ്റു ജോലികളിലോ ഏര്‍പ്പെടുമ്പോള്‍ ശബ്ദം ഉണ്ടാക്കാതെ കഴിവതും ശ്രമിക്കുക.
– ഭര്‍ത്താവിന്റെ കുടുംബക്കാരോട് ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറുക.
– നിങ്ങള്‍ രണ്ടു പേരും ഒറ്റയ്ക്കാവുമ്പോള്‍ സ്ത്രൈണതയുടെ മനോഹര ഭാവങ്ങള്‍ നിങ്ങള്‍ അയാള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കണം . അയാളെ അങ്ങേയറ്റം സന്തോഷിപ്പിക്കണം.
– അയാള്‍ സംസാരിക്കുമ്പോള്‍ ആകാംക്ഷാ പൂര്‍വ്വം കേള്‍ക്കണം. പുച്ഛത്തോടെ താല്പര്യക്കുറവോടെ അയാള്‍ സംസാരിക്കുമ്പോള്‍ ഒരിക്കലും അയാളെ ദേഷ്യം പിടിപ്പിക്കരുത്.
നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ ആത്മാര്‍ഥമായി സ്നേഹിക്കുന്നു എങ്കില്‍ അയാളോടൊപ്പം ഈ ജീവിതകാലം മുഴുവന്‍ കഴിഞ്ഞുകൂടാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അടഞ്ഞു പോകുന്ന എല്ലാ വാതിലുകളും ഓരോ സന്ദര്‍ഭത്തിലും എങ്ങിനെ കൈകാര്യം ചെയ്യണം എന്നുള്ള അറിവ് നിങ്ങള്‍ക്കുണ്ടാകും. ആ കഴിവിനെ കഴിവതും പരിപോഷിപ്പിക്കണം. എത്ര കടുത്ത നിലപാടുകാരനാണെങ്കിലും അയാള്‍ നിങ്ങളെ ഇണയായി തിരഞ്ഞെടുത്തവനാണ്, ദൈവ വിശ്വാസം ഉള്ളവനാണ് അതുകൊണ്ട് തന്നെ മണിച്ചിത്രത്താഴിട്ടു പൂട്ടപ്പെട്ട എന്റെ കൂട്ടുകാരിയുടെ വീടിനേക്കാള്‍ ദൃഡമായിരിക്കില്ല ഒരിക്കലും നിങ്ങളുടെ പ്രിയപ്പെട്ടവന്റെ മനസ്സ്. അതുകൊണ്ട് അക്കാര്യത്തില്‍ ആശങ്ക വേണ്ട. നിങ്ങളെക്കൊണ്ടാവും ആ ഹൃദയത്തില്‍ കയറിപ്പറ്റാന്‍.
എന്നിരുന്നാലും നിങ്ങള്‍ ഒരിക്കലും ഒരു മോഷ്ടാവല്ല, നിങ്ങളുടേതായ, നിങ്ങള്ക്ക് അര്‍ഹതപ്പെട്ട ഒന്ന് നേടിയെടുക്കാനാണ് നിങ്ങള്‍ അഹോരാത്രം കഷ്ടപ്പെടുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവന്റെ ഹൃദയം നിങ്ങളല്ലാത്ത മറ്റൊരാളും കവര്‍ന്നുകൊണ്ട് പോകാതിരിക്കാന്‍….