Home / കുടുംബം / റമദാന്‍ : സ്ത്രീകള്‍ക്ക് ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

റമദാന്‍ : സ്ത്രീകള്‍ക്ക് ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

iftar_ladyപുരുഷന്‍മാരെ പോലെ മുസ്ലിം സ്ത്രീകള്‍ക്കുമുണ്ട് റമദാനെകുറിച്ച് നിറയെ പ്രതീക്ഷകള്‍. എന്നാല്‍ പുരുഷനേക്കാള്‍ കൂടുതല്‍ ചുമതലകളും ജോലിഭാരവും അവള്‍ക്കുണ്ട്. റമദാനെ ഫലപ്രദമായി ഉപയോഗിക്കാന്‍, സമയക്രമീകരണവും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ആസൂത്രണവുമാണ് ഏറ്റവും പ്രധാനം. റമദാനില്‍ സ്ത്രീകള്‍ക്ക് പൊതുവെ, കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ട്. ജോലി ചെയ്യുന്നവരാണങ്കില്‍ പ്രത്യേകിച്ചും. എന്നിരുന്നാലും, പുണ്യങ്ങള്‍ കരസ്ഥമാക്കാനുള്ള നിരവധി അവസരങ്ങള്‍ സ്ത്രീകള്‍ക്കുമുണ്ട്. വ്യത്യസ്തമായ കുറെയേറെ ഉത്തരവാദിത്വങ്ങള്‍ എങ്ങനെ നിര്‍വഹിക്കാമെന്ന് കൃത്യമായി ക്രമപ്പെടുത്തുകയും ആസൂത്രണം ചെയ്യുകയെന്നതുമാണ് വളരെ പ്രധാനം. പലരീതിയില്‍ സ്ത്രീകള്‍ക്ക് പങ്കാളികളാവാന്‍ കഴിയുന്ന പുണ്യമാണ് ദാനധര്‍മ്മങ്ങള്‍ ചെയ്യുക എന്നത്. പാവപ്പെട്ടവര്‍ക്ക് വേണ്ടി ഭക്ഷണം പാകം ചെയ്തു കൊടുക്കുക. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം സ്വരൂപിച്ച് ആവശ്യക്കാരെ സഹായിക്കുക. കൂടാതെ, സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ ഉത്തരവാദിത്വം കൂടുതല്‍ പ്രകടിപ്പിക്കേണ്ട മറ്റൊരു മേഖല തങ്ങളുടെ സന്താനങ്ങളെ റമദാനിനു വേണ്ടി ഒരുക്കുക എന്ന കാര്യത്തിലാണ്. റമദാനെ നന്നായി മനസ്സിലാക്കാനും അതിനെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനും കുട്ടികളെ സജ്ജരാക്കുക. അതിന് വേണ്ടി വ്യത്യസ്ത കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാവുന്നതാണ്.കുട്ടികള്‍ക്ക് പ്രാര്‍ത്ഥനയുടെയും, വ്രതത്തിന്റെയും, കളിയുടെയും, സഹജീവി സ്‌നേഹത്തിന്റെയും ഒരു സമ്പൂര്‍ണ്ണ മാസമാക്കി മാറ്റാന്‍, ഉമ്മമാരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

നിങ്ങള്‍ കാര്യങ്ങള്‍ എങ്ങനെ സമയബന്ധിതമായി ചെയ്യുന്നു എന്നുള്ളതു മാത്രമല്ല സമയക്രമീകരണം, വിശുദ്ധ റമദാനില്‍ നമ്മുടെ ദൈനംദിന ഉത്തരവാദിത്വങ്ങള്‍ എങ്ങനെ കുറച്ചു കൊണ്ടുവരാം എന്നതു കൂടിയാണ്.
ഓരോരുത്തര്‍ക്കും അവരവരുടേതായ മുന്‍ഗണനാക്രമങ്ങളും, ഇഷ്ടങ്ങളും, അഭിരുചികളുമുണ്ട്. എങ്കിലും ചില പൊതുവായ നിര്‍ദ്ധേശങ്ങളാണ് ചുവടെ.

തീവ്രത പാടില്ല
ചെയ്യാന്‍ കഴിയുന്നതിനപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന അമിത പ്രതീക്ഷ വച്ചു പുലര്‍ത്തരുത്. അസാധാരണ സ്ത്രീയാണ് താനെന്ന് വിചാരിക്കേണ്ടതില്ല. ഒന്നും ചെയ്യാന്‍ കഴിയാത്തവളാണെന്നും വിചാരിക്കരുത്. തന്റെ കഴിവുകള്‍, ഉത്തരവാദിത്വങ്ങള്‍ ജീവിത സാഹചര്യങ്ങള്‍ ഇവയോടിണങ്ങുന്ന യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്യാന്‍ ശഠിക്കേണ്ടതുള്ളൂ.
കാര്യങ്ങളെ എളുപ്പമാക്കുക
ഇഫ്താറിന് ഉണ്ടാക്കേണ്ട ഭക്ഷണവിഭവങ്ങളുടെ നീണ്ട ലിസ്റ്റ് തയ്യാറാക്കേണ്ടതില്ല. ആവശ്യമായ പോഷക ഘടകങ്ങള്‍ അടങ്ങിയ ആരോഗ്യ ദായകമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.

അടുക്കള സജ്ജീകരിക്കുക
റമദാനിന് മുമ്പ് തന്നെ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയുള്ള സാധന സാമഗ്രികള്‍ വാങ്ങി വെക്കുക. ഇത് റമദാനിലെ പാചകം എളുപ്പമാക്കും. ഉദാഹരണത്തിന്, അരിപ്പൊടി, ഉള്ളി, സവാള, തക്കാളി തുടങ്ങിയ പലവ്യഞ്ജനങ്ങലും എണ്ണയും നേരത്തെ വാങ്ങി വെക്കുക.

മുന്‍ഗണനാക്രമം പാലിക്കുക
അടിസ്ഥാന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചതിനു ശേഷം മാത്രമായിരിക്കണം, അനുബന്ധ ഉത്തരവാദിത്വ നിര്‍വ്വഹണം. തന്നെസംബന്ധിച്ച് പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കി പ്രധാനപ്പെട്ടവ കാര്യക്ഷമമായി ചെയ്യുക.
സന്ദര്‍ശനത്തിനും പുറത്തുപോകലിനും സമയം നിശ്ചയിക്കുക
തന്നെ സംബന്ധിച്ചിടത്തോളം, റമദാനും അതിലെ പ്രാര്‍ത്ഥനകളും വളരെ പ്രധാനപ്പെട്ടതാണന്നും, കൂടുതല്‍ ഇബാദത്തുകളില്‍ മുഴുകുന്ന വേളകളാണെന്നും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബോധ്യപ്പെടുത്താവുന്നതേയുള്ളൂ. പല ഒത്തുചേരലുകളും കൂട്ടുകൂടലുകളും റമദാന് ശേഷമുള്ള ഏതെങ്കിലും സന്ദര്‍ഭത്തിലേക്ക് മാറ്റിവെയ്ക്കാവുന്നതുമാണ്.

ഹൃദ്യമായി നോമ്പ് തുറക്ക് ക്ഷണിക്കുക
നോമ്പ് തുറപ്പിക്കല്‍ പാപമോചനം നേടിത്തരുന്ന ഒരു ഇബാദത്താണ്. അതിഥികളെ ഹൃദ്യമായും ഊഷ്മളമായും ക്ഷണിക്കുക. നിങ്ങളിലും അതിഥികളിലും വളരെ സന്തോഷം പ്രദാനം ചെയ്യുന്ന ഒന്നാണത്. കൃത്യമായ ആസൂത്രണമില്ലാതെ നടത്തുന്ന നോമ്പുതുറകള്‍ വലിയ ഭാരവും മുഷിപ്പുമുണ്ടാക്കും. സമയവും അധ്വാനവും ഏറെ ആവശ്യമായി വരുന്ന ഭക്ഷണങ്ങള്‍ക്കു പകരം, എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുക.
സഹായത്തിന് ആരെയെങ്കിലും കൂട്ടാം. കുട്ടികളാണെങ്കില്‍ അവരെയും കൂട്ടാം. ഭക്ഷണത്തിലും ജോലികളിലും മാത്രമല്ല പാപമോചനത്തിലും ഏവരും തുല്യമായി പങ്കാളികളാവട്ടെ.

കടമ നിര്‍വഹണ ചാര്‍ട്ട്
ഒരു ചെറിയ ചാര്‍ട്ടില്‍ അടിസ്ഥാന കടമകളും ബാധ്യതകളും മറ്റു പ്രവര്‍ത്തികളും രേഖപ്പെടുത്തുകയും കുട്ടികള്‍ക്ക് വീതിച്ച് നല്‍കുകയും ചെയ്യാം. ഉത്തരവാദിത്വങ്ങള്‍ പരമാവധി നാളേക്ക് നീട്ടി വയ്ക്കാതിരിക്കുക.

അല്‍പം വിശ്രമം
ഈ മാസം മുഴുവനും ഉത്തരവാദിത്തങ്ങളും ഇബാദത്തുകളും നിര്‍വഹിക്കേണ്ടതിന് ആവശ്യം വേണ്ട സമയം ഉണ്ടാക്കിയേ തീരൂ.

നന്നായി ഭക്ഷണം കഴിക്കുക
ജോലിയും, ഇബാദത്തുകളും മറ്റു ഉത്തരവാദിത്തങ്ങളും ഭംഗിയായി നിര്‍വഹിക്കാന്‍ നല്ല ഭക്ഷണം കഴിച്ചേ മതിയാകൂ. കൊഴുപ്പ് അമിതമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക. കാരണം അവ നമ്മെ മടിയിലും മയക്കത്തിലുമാക്കും.

വ്യായാമം
റമദാനില്‍, വ്യായാമം ചെയ്യല്‍ തെറ്റാണന്ന് പലരും ധരിച്ചുവശായിട്ടുണ്ട്. അല്‍പസമയം ലളിതമായ വ്യായാമം ചെയ്യാം. ഇത് കൂടുതല്‍ കര്‍മ്മ നിരതനാക്കാനും ഇബാദത്തുകളില്‍ കൂടുതല്‍ മുഴുകാനും സഹായിക്കും.

ജോലിക്കാരായ സ്ത്രീകളോട്
ജോലിചെയ്യുന്ന സ്ത്രീകള്‍ക്കാണ് കൂടുതല്‍ ശ്രദ്ധയും നിയന്ത്രണവും വേണ്ടതെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ ജോലിയുള്ളവര്‍ സ്വാഭാവികമായും സമയനിഷ്ഠയുള്ളവരും കൃത്യമായി സമയം ഉപയോഗപ്പെടുത്തുന്നവരും സമയബന്ധിതമായി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നവരുമായിരിക്കും.

കാര്യക്ഷമമായി ജോലിചെയ്യുക
നന്നായി ജോലി ചെയ്യല്‍സ്വര്‍ഗത്തിലേക്കുള്ള കവാടങ്ങളിലൊന്നാണ്. നിങ്ങള്‍ ചെയ്യുന്നത് മഹത്തായ ഒരു ജോലിയാണന്നുള്ള ഉത്തമബോധത്തോടെയും മനസംതൃപ്തിയോടെയും ചെയ്യുക.

ശ്രദ്ധയോടെ ജോലികള്‍ വിഭജിക്കുക
ജോലിയുള്ളതിനാല്‍, ഉറക്കം, വീട്ടുജോലികള്‍, കുടുംബവുമായി ചിലവഴിക്കാനുള്ള സമയം തുടങ്ങിയ കാര്യങ്ങള്‍ക്ക് കുറഞ്ഞ സമയമേ കാണൂ. റമദാനില്‍ അവ വിഭജിച്ച് ഇബാദത്തുകള്‍ നിര്‍വഹിക്കുക.

ഇടവേളകളെ ഉപയോഗപ്പെടുത്തുക
യാത്ര വേളകള്‍, ഇടവേളകള്‍, ഖുര്‍ആന്‍ പാരായണത്തിനും ദിക്‌റുകള്‍ക്കുമായി ഉപയോഗിക്കുക.

മുസ്്‌ലിം സഹപ്രവര്‍ത്തകരെ സഹായിക്കുക
വിവരവും വിജ്ഞാനവും പരസ്പരം കൈമാറി, നന്മയില്‍ പരസ്പരം സഹകരിക്കുക.

കുടുംബത്തെകൂടി ഉള്‍പ്പെടുത്തുക
വീട്ടുജോലികളില്‍ കുടുംബാംഗങ്ങളുടെ സഹകരണം കൂടി ഉറപ്പുവരുത്തുക. നിരവധി കാര്യങ്ങള്‍ ചെയ്യലല്ല സമയക്രമീകരണമെന്ന് മനസ്സിലാക്കുക. നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്ത്? ഏവ? ഉത്തരവാദിത്വങ്ങള്‍ എന്ത്? എന്നിങ്ങനെ കൃത്യമായി ദിശാബോധം നല്‍കുന്നതാകണം സമയക്രമീകരണം.

Source: Islampadasala

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം