Home / കുടുംബം / പ്രണയാമൃതം അതിന്‍ ഭാഷ

പ്രണയാമൃതം അതിന്‍ ഭാഷ

pranayamrutham_athin_bhasha
Source : Like A Garment Email Series by Sheikh Yasir Qadhi

സ്നേഹത്തിനു ഭാഷകള്‍ പലതാണ്. എന്ന് വച്ചാല്‍, മനുഷ്യന്‍ തന്റെ സ്നേഹം പ്രകടിപ്പിക്കുന്നതും അനുഭവിക്കുന്നതും വ്യത്യസ്തങ്ങളായ രീതികളിലൂടെയാണ്. ചിലപ്പോഴൊക്കെ ഒരാള്‍ സ്നേഹം പ്രകടിപ്പിക്കുന്നത് പങ്കാളി ആഗ്രഹിക്കുന്ന രീതിയിലായി എന്ന് വരില്ല.

രണ്ടു വ്യത്യസ്ത ഭാഷകള്‍ -ഉദാഹരണത്തിനു, ജാപ്പനീസ് സംസാരിക്കുന്നഒരാളും ഫ്രഞ്ച് സംസാരിക്കുന്ന ഒരാളും   , പരസ്പരം ഭാഷ അറിയില്ല. അതിലൊരാള്‍ മറ്റൊരാളോട് അവരുടെ ഭാഷയില്‍ ഞാന്‍ നിന്നെ അതിയായി സ്നേഹിക്കുന്നു എന്ന് പറഞ്ഞാല്‍ കേട്ടിരിക്കുന്ന ആള്‍ക്ക് ഒരുപക്ഷേ അത് മനസ്സിലാക്കാനോ അതിനു മറുപടി പറയാനോ കഴിഞ്ഞെന്നു വരില്ല. ഇത് പോലെത്തന്നെയാണ് സ്നേഹത്തിന്റെ ഭാഷയും.

പലപ്പോഴും ഭാര്യ/ഭര്‍ത്താവ് ഉദ്ദേശിക്കുന്ന ആഗ്രഹിക്കുന്ന തരത്തില്‍ പങ്കാളി പെരുമാറാറില്ല. അവര്‍ ആഗ്രഹിക്കുന്ന സ്നേഹം വേറെ രീതിയിലായിരിക്കും അവര്‍ക്ക് കിട്ടുന്നുണ്ടാവുക. പക്ഷെ അതവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെയും വരും. അങ്ങനെ അവര്‍ക്കിടയില്‍ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടാകും. അത് പരസ്പര സ്നേഹത്തിനെയും കാര്യമായി ബാധിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരും.

ഉദാഹരണത്തിന്, ചിലര്‍ സ്നേഹം പ്രകടിപ്പിക്കുന്നത്, തന്റെ പങ്കാളിയോടൊപ്പം കുറച്ചു നല്ല സമയം ചിലവഴിക്കണം എന്ന ആഗ്രഹം ഉന്നയിച്ചുകൊണ്ടായിരിക്കും. പക്ഷെ ഭാര്യക്ക്/ഭര്‍ത്താവിന് ഇണയോടൊപ്പം സമയം ചിലവഴിക്കാന്‍ പറ്റാതെ വന്നാലോ, മറ്റേ ആള്‍ക്ക് ആ സ്നേഹം ആസ്വദിക്കാന്‍ കഴിയുകയുമില്ല.

ചിലര്‍ സ്നേഹം പ്രകടിപ്പിക്കുന്നത് ശരീര ഭാഷ കൊണ്ടായിരിക്കും. എന്തെങ്കിലും പ്രവൃത്തികള്‍ കൊണ്ടോ, ചുംബനം കൊണ്ടോ ലൈംഗീകമായ എന്തെങ്കിലും സംസാരം കൊണ്ടോ ആയിരിക്കും. പുരുഷന്മാരിലാണ് ഈ പ്രവണത അധികവും ഉണ്ടാകുന്നത്. ദിവസവും ശാരീരിക ബന്ധത്തിനായി സമീപിക്കുമ്പോള്‍ പുരുഷന്‍ അവന്റെ സ്നേഹം അവളോട്‌ തുറന്നു കാണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും അവള്‍ക്കു അത് മനസ്സിലാക്കാന്‍ കഴിയാറില്ല. സ്നേഹം വ്യത്യസ്തമായ ഭാവങ്ങളിലും രൂപങ്ങളിലും പ്രകടിപ്പിക്കണം. പങ്കാളിയുടെ മനസ്സറിഞ്ഞു ഇഷ്ടങ്ങളെ അറിഞ്ഞു കൊണ്ട് അവര്‍ക്ക് വേണ്ടുന്ന രീതിയില്‍ പ്രകടിപ്പിക്കണം. അവിടെയാണ് സ്നേഹത്തിന്റെ ഭാഷ വിജയിക്കുന്നത്.

പ്രണയ ഭാഷ്യത്തിന്റെ മറ്റൊരു രൂപം , താന്‍ സ്നേഹിക്കുന്ന ആളെ സഹായിക്കുക എന്നതാണ്. ചെറുതും വലുതുമായ എല്ലാ കടമകളിലും പങ്കാളിയെ സഹായിക്കുക. അങ്ങനെ സ്നേഹം പ്രകടിപ്പിക്കാം. ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചു അയാള്ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി അയാളുടെ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചു, വീട്ടു ജോലികള്‍ ചെയ്യുന്നതും ഭാര്യയുടെ ഭര്‍ത്താവിനെ പ്രതി ഉള്ള സ്നേഹം തന്നെയാണ്. പക്ഷെ ഈ സ്നേഹം ഭര്‍ത്താവ് മനസ്സിലാക്കാറില്ല. അത് അവളുടെ കടമയല്ലേ എന്ന്  കരുതും അയാള്‍. എന്നാല്‍ അത് അവളുടെ അകമഴിഞ്ഞ സ്നേഹം തന്നെയാണ്.

ഓരോരുത്തരും പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്ന വഴികള്‍ അറിഞ്ഞിരുന്നാല്‍ തന്നെ ഏറെക്കുറെ ഈ കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഒഴിവാക്കാന്‍ കഴിയും. അങ്ങനെ ഒരു മനസ്സിലാക്കലിലൂടെയും പരസ്പരം അറിയലിലൂടെയും തന്റെ ഇണക്ക് കൊടുക്കേണ്ടതെന്തെന്നും ഇണ തനിക്കെന്തു തരണമെന്ന് ഇണയെ അറിയിക്കാനും കഴിയും. പരസ്പരമുള്ള സ്നേഹത്തിന്റെ ഭാഷ മനസ്സിലാക്കാന്‍ പഠിക്കുമ്പോഴാണ് ദാമ്പത്യം അതിമനോഹരമായ ഒരു കാവ്യമായി മാറുന്നത്…

അതെ ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് ദാമ്പത്യം,  പ്രണയാമൃതമാണ് അതിന്റെ ഭാഷയും….

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം