21-Jan-2018
SPECIALS
Home / കുടുംബം / ദാമ്പത്യത്തെ പരിപോഷിപ്പിക്കാന്‍

ദാമ്പത്യത്തെ പരിപോഷിപ്പിക്കാന്‍

damabathyam
സ്നേഹവും വാത്സല്യവും ഒക്കെക്കൂടി ചേര്‍ന്നതാണ് വിവാഹം . അല്ലാഹു പറയുന്നു. :  ”സ്വന്തം വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ച് തന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. എന്തിനെന്നാല്‍ അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിതന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. (അര്‍റൂം : 21)

അതുകൊണ്ട് തന്നെയാണ് ഇനിയും പൂര്‍ണ്ണരല്ലാത്ത മനുഷ്യര്‍ തങ്ങളുടെ നല്ല പാതിയെ തിരഞ്ഞെടുക്കേണ്ടതും.

ന്യായാധിപന്‍ ആയിരുന്ന അബു റാബിയയുടെ ഭാര്യ മരിച്ചപ്പോള്‍ അദ്ദേഹം വിഷണ്ണനായി പറയുകയുണ്ടായി, എന്റെ വീടും മരിച്ചു കഴിഞ്ഞിരിക്കുന്നു.. വീട്ടില്‍ ഒരു സ്ത്രീ ഉണ്ടാകുമ്പോള്‍ മാത്രമേ അതൊരു വീടാവുകയുള്ളൂ.”

രണ്ടു പേരില്‍ നിന്നുമുള്ള കടുത്ത പരിശ്രമവും സ്നേഹവുമാണ് വൈവാഹിക ജീവിതത്തെ അതിന്റെ ഉറപ്പോടും ശക്തിയോടും കൂടെ മുന്നോട്ടു കൊണ്ടുപോകാന്‍ അവശ്യം വേണ്ട ഘടകം. ദൈനംദിന ജീവിതത്തിലുണ്ടാകുന്ന ചെറിയ ചെറിയ ചേര്‍ച്ചക്കുറവുകള്‍ അല്ല ദാമ്പത്യത്തെ പ്രയാസകരമാക്കുന്നത് , എങ്കിലും ഇടക്കെങ്കിലും ഇത്തരം  ചെറിയ പ്രശ്നങ്ങള്‍ ഗൌരവം അര്‍ഹിക്കുന്നത് തന്നെയാണ്. കറിയില്‍ ഉപ്പു കൂടിയതോ മുളക് കൂടിയതോ പോലും ജീവിതത്തെ ബാധിക്കുന്ന തലത്തിലേക്ക് ഉയരുന്നതില്‍ നിന്നും തടയുകയാണ് വേണ്ടത്.

യഥാര്‍ത്ഥ പ്രശ്നം കുടികൊള്ളുന്നത് വേറെ ചില കാര്യങ്ങളിലാണ്.

  • മറ്റേയാളെ മനസ്സിലാക്കാന്‍ ഒരാള്‍ക്ക്‌ കഴിയാതെ വരിക.
  • മറ്റെയാള്‍ക്ക് വേണ്ടി സ്വയം ഒരല്പം മാറാനും അയാളോട് ഒത്തു ചേര്‍ന്ന് പോകാനും കഴിയാതെ വരിക.
  • വൈവാഹിക ബന്ധത്തോട്‌ പ്രതിബദ്ധത പുലര്‍ത്താന്‍ കഴിയാതെ വരിക.

എന്നെന്നേക്കുമായി സ്നേഹം നില നില്‍ക്കാന്‍ …

മരണം വരെ നീണ്ടു നില്‍ക്കുന്ന ഒന്നാണ് വിവാഹ ബന്ധം. അതുകൊണ്ട് തന്നെ ആ ബന്ധത്തില്‍ ഉടനീളം സ്നേഹത്തിന്റെ പ്രഭാവം ഉണ്ടാകാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

1.  പോസിറ്റീവ് മനോഭാവം കാത്തു സൂക്ഷിക്കുക.

പരസ്പരം അഭിനന്ദിക്കുന്നതും നല്ല വാക്കുകള്‍ പറയുന്നതും ഇഴയടുപ്പം കൂട്ടുവാന്‍ സഹായിക്കും.

സ്നേഹ പൂര്‍വ്വമായ വാക്കുകള്‍ക്കു കേള്‍ക്കുന്നവരില്‍ സുഖകരമായ ആനന്ദം ഉണ്ടാകുവാന്‍ സഹായിക്കും. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്. അവര്‍ ഇത്തരം സംസാരങ്ങള്‍ കേള്‍ക്കാന്‍ കൊതിക്കുന്നവരാണ്‌.

2.  ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധിക്കുക.

പരസ്പരം സ്നേഹിക്കുന്നു, പരിപാലിക്കുന്നു എന്ന് തോന്നിപ്പിക്കുവാന്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍ പോലും വെറുതെ വിടാതിരിക്കുക. ഉറങ്ങാന്‍ കിടക്കുന്ന ഭാര്യയെ/ഭര്‍ത്താവിനെ സ്നേഹത്തോടെ പുതപ്പിക്കുക. നെറുകയില്‍ ചുംബിക്കുക. തുടങ്ങിയവ.  ജോലിത്തിരക്കിനിടയിലും കിട്ടുന്ന സമയത്ത് ഭാര്യയെ ഫോണ്‍ വിളിച്ചു വിശേഷങ്ങള്‍ ചോദിക്കുക. പ്രണയപൂര്‍വ്വം സംസാരിക്കുക.

ഇങ്ങനെ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ പോലും വിവാഹ ബന്ധത്തെ പരിപോഷിപ്പിക്കും. സ്വന്തം ഭാര്യയുടെ വായില് വെച്ചുകൊടുക്കുന്ന ഭക്ഷണ ഉരുളക്ക് പോലും നിങ്ങള്ക്ക് പ്രതിഫലമുണ്ട്. എന്ന് പ്രവാചകന്‍ പറഞ്ഞതും അതുകൊണ്ട് തന്നയാണ്.

എന്നാല്‍ മിക്കവാറും ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഇഷ്ടപ്പെടാത്ത ആളുകളാണ്. അവര്‍ അതില്‍ അരോചകം കാണുന്നു. വിവാഹത്തിനു മുന്പ് ഉണ്ടായിരുന്ന മുരടന്‍ സ്വഭാവം തുടര്‍ന്ന് പോരും. എന്നാല്‍ ഇത്തരം പുതിയ ശീലങ്ങള്‍ സ്വായത്തമാക്കേണ്ടതു വിവാഹ ജീവിതത്തിന്റെ നല്ല ആരോഗ്യത്തിനു ആവശ്യമാണ്‌.

3. പരസ്പരം സംസാരിക്കാന്‍ സമയം കണ്ടെത്തുക

എത്ര വലിയ തിരക്കുകളില്‍ ആള്നെങ്കിലും പരസ്പരം സംസാരിക്കാന് ഒന്നിച്ചിരിക്കാനും സമയം കണ്ടെത്തുക. സ്വപനങ്ങളെപ്പറ്റിയും നല്ല ഓര്‍മ്മകളെപ്പറ്റിയും കുഞ്ഞുങ്ങളെപ്പറ്റിയും അതുപോലെ പരസ്പരം സന്തോഷം പകരാന്‍ കഴിയുന്ന കാര്യങ്ങളെപ്പറ്റി ഒക്കെ സംസാരിക്കുക. അത് മനസ്സില്‍ ഓര്‍മ്മകളെ ചെറുപ്പമായി നില നിര്‍ത്താനും പരസ്പര ബന്ധം നന്നാക്കുവാനും സഹായിക്കും.

4.  നല്ല ശാരീരിക ബന്ധം

ശാരീരിക സുഖം ആവശ്യമുള്ളപ്പോഴൊക്കെ കഴിവതും പരസ്പരം അത് നിറവേറ്റിക്കൊടുക്കാന്‍ ശ്രമിക്കുക. സെക്സ് മാത്രമല്ല, ഇതര സമയത്തും അന്യോന്യം സ്നേഹം പ്രകടിപ്പിക്കുന്ന തരത്തില്‍ കയ്യില്‍ പിടിച്ചു കൊണ്ടോ നെറ്റിയില്‍ ചുംബിച്ച്കൊണ്ടോ കെട്ടിപ്പിടിച്ചു കൊണ്ടോ സന്തോഷിപ്പിക്കുക.

5.  വൈകാരിക പിന്തുണ

പങ്കാളി ഏതെങ്കിലും പ്രശ്നത്തില്‍ അകപ്പെട്ടു ഉഴറുകയാണെന്ന് കണ്ടാല്‍ അയാളെ കൂടുതല്‍ വിഷമിപ്പിക്കുന്നതിനു പകരം നിങ്ങളുടെ പിന്തുണയും പിന്താങ്ങലും ഭാര്യക്ക്/ഭര്‍ത്താവിനു നല്‍കുക. ഭാര്യ ഗര്‍ഭിണിയായിരിക്കുകയോ ആര്‍ത്തവ വൈഷമ്യങ്ങള്‍ അനുഭവിക്കുകയോ ചെയ്യുന്ന സമയത്ത് അവളെ സമാശ്വസിപ്പിക്കുക. അവളുടെ പ്രയാസങ്ങള്‍ കുറയ്ക്കുന്ന തരത്തില്‍ പെരുമാറുക. ആര്‍ത്തവം, ഗര്‍ഭം തുടങ്ങിയ അവസ്ഥകളിലൂടെ കടന്നു പോകുമ്പോള്‍ സ്ത്രീകള്‍ അതിയായ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു എന്നാണു വൈദ്യ ശാസ്ത്രം പറയുന്നത്. അത്തരം അവസ്ഥകളില്‍ അവര്‍ തങ്ങളുടെ ഭര്‍ത്താവിന്റെ സ്നേഹസാമീപ്യം കൊതിക്കും.

അതുപോലെത്തന്നെ ഭര്‍ത്താവിനും പലതരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകും അവ ചോദിച്ചറിഞ്ഞു സ്നേഹത്തോടെ ആശ്വസിപ്പിക്കുക.

6.  സ്നേഹ പ്രകടനങ്ങള്‍

ഭാര്യയെ/ഭര്‍ത്താവിനെ പരസ്പരം സന്തോഷിപ്പിക്കുന്നതിനായി പല രീതിയിലും സ്നേഹം പ്രകടിപ്പിക്കാം. സമ്മാനങ്ങള്‍ വാങ്ങി നല്‍കാം പരസ്പരം. പ്രത്യേക വിശേഷങ്ങള്‍ ഒന്നുമില്ലെങ്കില്‍ കൂടി ഒരു സര്‍പ്രൈസ് എന്ന പോലെ ഭാര്യക്കോ ഭര്‍ത്താവിനോ സമ്മാനങ്ങള്‍ വാങ്ങി നല്‍കാം, അവര്‍ക്കിഷ്ടമുള്ള ഭക്ഷണം തനിയെ ഉണ്ടാക്കി നല്‍കാം.  വില കൂടിയ ഒന്നും വാങ്ങിക്കൊടുക്കണ്ട. സ്നേഹത്തില്‍ പൊതിഞ്ഞ ഏറ്റവും വില കുറഞ്ഞ ഒരു പൂവ് പോലും ദാമ്പതിമാര്‍ക്കിടയില്‍ സ്നേഹം ഊട്ടിയുറപ്പിക്കും.

7. ക്ഷമ, സഹനം

പലര്‍ക്കും ഇല്ലാതെ പോകുന്ന ഒന്നാണ് ഇവ. എന്നാല്‍ ഒരു ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് അത്യാവശ്യം വേണ്ട ഗുണങ്ങളില്‍ ഒന്നാണ് ഇത്. തെറ്റ് പറ്റാത്ത മനുഷ്യര്‍ ആരും ഉണ്ടാകില്ല.അതുകൊണ്ട് തന്നെ പങ്കാളിയില്‍ നിന്ന് വരുന്ന ചെറിയ തെറ്റുകള്‍ പൊറുക്കാനും സഹിക്കാനും വിട്ടു വീഴ്ച ചെയ്യാനും അത് മനസ്സില്‍ വച്ചുകൊണ്ട് വലുതാക്കാതിരിക്കാനുമുള്ള കഴിവ്  വളര്‍ത്തിക്കൊണ്ടു വരണം.

മറ്റേയാളുടെ ചെറിയ തെറ്റിനെപ്പോലും പെരുപ്പിച്ചു കാട്ടി ബഹളം ഉണ്ടാക്കും ചിലര്‍ . എന്നാല്‍ സ്വന്തം നേരെ വിരല്‍ ചൂണ്ടാപ്പെടുവാന്‍ ആഗ്രഹിക്കുകയുമില്ല.

എന്നാല്‍ സഹന ശക്തിയും ക്ഷമയും വിട്ടുവീഴ്ചയും അനിവാര്യം വേണ്ട സംഗതികളാണ് . ഒരു  വിവാഹ ജീവിതം തകര്‍ച്ചകളില്‍ പെടാതെ കൊണ്ട് പോകാന്‍ ഇവയൊക്കെ കൂടിയേ തീരൂ..

8.  പരസ്പരം മനസ്സിലാക്കുക

പരസ്പരം മനസ്സിലാക്കിക്കൊണ്ടും സഹകരിച്ച്കൊണ്ടും മുന്നോട്ടു പോകുക. ജോലി ചെയ്യുന്ന കാര്യത്തിലായാലും, യാത്ര, കുട്ടികളുടെ പഠനം, ചിലവ് എന്നിവയുടെ കാര്യത്തിലായാലും പരസ്പരം അറിയാനും നിലപാടുകള്‍ പങ്കു വെക്കുവാനും ശ്രമിച്ചു മുന്നോട്ടു പോകുക.

9.  പുതുമ  നിലനിര്‍ത്തുക

ചെറിയ ചില കാര്യങ്ങള്‍ ചെയ്തുകൊണ്ട് വൈവാഹിക ബന്ധത്തെ ചെറുപ്പമായി നില നിര്‍ത്താന്‍ സാധിക്കും.ചെറിയ ചില പ്രവൃത്തികള്‍ തന്നെ ധാരാളമായിരിക്കും. രസകരമായ കാര്യങ്ങള്‍ ഒരുമിച്ചു ചെയ്തുകൊണ്ടും ചിലവഴിച്ചു കൊണ്ടും ദാമ്പത്യത്തില്‍ പുതുമ നില നിര്‍ത്തുക. ഒരുമിച്ചു കളികളില്‍ ഏര്‍പ്പെടുക, വീട് അലങ്കരിക്കുക, പുസ്തകങ്ങള്‍ വായിക്കുക.

10.നെഗറ്റീവ് പ്രവണതകള്‍ അനുവദിക്കാതിരിക്കുക.

താരതമ്യം ചെയ്തു നോക്കലാണ് ഇതില്‍ ഏറ്റവും മോശമായ പ്രവണത.   സ്വന്തം കുടുംബത്തിന്റെ ജീവിതാന്തരീക്ഷവും മറ്റൊരാളുടെ ഭാര്യയുടെ ഗുണ ഗണങ്ങളും അടുത്ത ആളുടെ കുട്ടികളുടെ കഴിവുകളും ബുദ്ധിയും ഒക്കെ നോക്കി സ്വന്തം ഭാര്യയേയും കുഞ്ഞുങ്ങളെയും അവരോടു താരതമ്യം ചെയ്യാതിരിക്കുക.അയലത്തെ വീട്ടിലെ ഭര്‍ത്താവിനോട് സ്വന്തം ഭര്‍ത്താവിനെയും തുലനം ചെയ്തു നോക്കാതിരിക്കുക. ഇതൊക്കെ കുടുംബാംഗങ്ങളെ വിഷമിപ്പിക്കുകയും കുടുംബ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യും.

നമ്മളെ മറ്റുള്ളവരുമായി ഒന്ന് തുലനം ചെയ്യണം എന്ന് വല്ലാതെ മോഹം തോന്നിയാല്‍ , നമ്മളുടെയത്ര സുഖകരമല്ലാത്ത ഒരു കുടുംബത്തെ നിരീക്ഷിക്കുക. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു “നിങ്ങള്‍ നിങ്ങളെക്കാള്‍ താഴ്ന്നവരിലേക്ക് നോക്കുക, നിങ്ങള്ക്ക് മുകളിലുള്ളവരിലേക്ക് നോക്കരുത്, അതാണ്‌ നിങ്ങള്ക്ക് അല്ലാഹു നല്കിോയ അനുഗ്രഹങ്ങളെ നിസ്സരമാക്കാതിരിക്കാന്‍ ഏറ്റവും നല്ലത്” (സ്വഹീഹ്)

യാഥാര്‍ത്ഥ്യത്തിന്‍റെ ലോകത്ത് നമ്മള്‍ക്ക് അല്ലാഹു നല്കിയതിനെക്കുരിച്ച്ചും നിര്‍ദേശിച്ചതിനെക്കുറിച്ചും മാത്രം ചിന്തിച്ചു നമ്മളുടെ ജീവിതം ജീവിക്കുകയാണ് നാം ചെയ്യേണ്ടത്. മറിച്ചു  മറ്റുള്ളവരുടെ സുഖവും സന്തോഷവും കണ്ടു അതിനെപ്പറ്റി വിഷണ്ണരാകേണ്ട കാര്യമില്ല. നമ്മളുടെ ദൌത്യം നാം ഭംഗിയായി നിറവേറ്റുക.

ചിലരുണ്ട് നമ്മുടെ മുന്‍പില്‍ വച്ചു തങ്ങളുടെ മനോഹരവും അത്യാനന്ദ പൂര്‍ണ്ണവുമായ ദാമ്പത്യത്തെക്കുറിച്ചും മാതൃക ഭര്‍ത്താവിനു തന്നോടുള്ള സ്നേഹത്തെക്കുറിച്ചും ഭാര്യയുടെ ഗുണ ഗണങ്ങളെപ്പറ്റിയും വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ മുഴുവനായും പച്ച നിറത്തില്‍ കാണുന്ന ഒരു പുല്‍മേട്‌ പോലെയാണ് ഈ വാക്കുകള്‍, ഒന്നടുത്തു ചെന്നു നോക്കിയാല്‍ അറിയാം എന്തുമാത്രം ഉണക്ക പുല്ലുകളാണ് അതില്‍ ഉള്ളതെന്ന്.

അതുകൊണ്ട് അത്തരത്തിലുള്ള ഒരു വ്യാജ സ്നേഹമല്ല, മറിച്ചു മരണം വരെ നില നില്‍ക്കുന്ന സ്നേഹമാണ് ഉണ്ടാക്കിയെടുക്കേണ്ടത്.