”ഓളോട് പ്പൊ എന്തു ചോദിക്കാനാ, അതൊക്കെ ഞമ്മളു പറേണേന്റെ അപ്പുറത്തേക്ക് ഒന്നൂണ്ടാവില്ല” – വിവാഹാലോചനകള്‍ക്കിടെ പെണ്‍കുട്ടിയുടെ അഭിപ്രായം അറിയണ്ടേ എന്ന ചോദ്യത്തോട് രക്ഷിതാവിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു ഇത്. ഇത് അന്ത കാലം. രക്ഷിതാക്കള്‍ മാത്രം കൂടിയിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു പതിവ്. അപൂര്‍വം ചില പ്രദേശങ്ങളില്‍ ഇന്നും ഈ രീതി തുടരുന്നുമുണ്ട്.
ഫേസ് ബുക്കും മൊബൈലും വഴി ‘കണ്ടു മുട്ടുക’യും ‘കേട്ടു മുട്ടുക’യും ചെയ്ത് കടല്ക്കരയിലും ഹോട്ടല്‍ മുറികളിലും സായാഹ്നങ്ങളില്‍ ഒത്തുചേരുകയും വിനോദങ്ങളിലും പിന്നീട് ലൈംഗിക വേഴ്ചയിലും വരെ എത്തി നില്ക്കുന്ന പാശ്ചാത്യ കാഴ്ചാ രീതികള്‍ നാട്ടിന്‍പുറങ്ങളിലേക്ക് പകര്‍ന്നാട്ടം തുടങ്ങിയ കാലമാണിത്. ഇസ്ലാം ഇവിടെ മിതവും മധ്യമവുമായ മാര്‍ഗമാണ് സ്വീകരിക്കുന്നത്.
പുരുഷന് വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ച് ഏതെങ്കിലും സ്ത്രീയെ അന്വേഷിക്കുമ്പോള്‍ അവന് അവളെ കാണണം. അവളെ സംബന്ധിച്ച് മുന്‍കൂട്ടി സൂക്ഷ്മമായി മനസ്സിലാക്കാനാണത്. ഒരിക്കല്‍ അന്‍സാരി സ്ത്രീയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞ ഒരാളോട് പ്രവാചകന് മുഹമ്മദ് നബി (സ) പറഞ്ഞത് ”താങ്കള്‍ പോയി അവളെ കാണുക, അന്‍സാരി സ്ത്രീകളുടെ കണ്ണുകളില്‍ എന്തോ ഒന്നുണ്ട്.”(മുസ്ലിം). വിവാഹാവശ്യാര്ഥം സ്ത്രീയുടെ അറിവോടെയല്ലാതെ തന്നെ പുരുഷന് അവളെ കാണാന്‍ അനുവാദമുണ്ടെന്ന് ഹദീസുകള്‍ പറയുന്നു.
പുരുഷന് സ്ത്രീയെ മാത്രമല്ല, സ്ത്രീ പുരുഷനെയും കാണണം. സ്ത്രീ സൗന്ദര്യത്തെക്കുറിച്ച് പുരുഷന് സ്വപ്നങ്ങളുള്ളതുപോലെ തന്നെ പുരുഷ പ്രകൃതത്തെക്കുറിച്ച് സ്ത്രീക്കും സങ്കല്‍പ്പങ്ങളുണ്ടാകും.
വിദേശത്തു ജോലി ചെയ്യുന്ന പലരും ഫോട്ടോ കണ്ട് വിവാഹം ഉറപ്പിക്കുന്നത് കാണാറുണ്ട്. ഫോട്ടോയിലൂടെ മനസ്സിലായതില്‍ നിന്നു വ്യത്യസ്തമായി വധുവിനെ കണ്ടാല്‍ ഉണ്ടാകാവുന്ന പരിണതി ഊഹിക്കാവുന്നതേയുള്ളൂ. പുരുഷന് കണ്ടാല്‍ തന്നെയും സ്ത്രീയുടെ ബാഹ്യമായ അവസ്ഥകള്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. അതുകൊണ്ട് അടുത്ത ബന്ധുക്കളായ സ്ത്രീകളെ അയച്ച്, അറിയാന്‍ താല്പര്യമുള്ള കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.
വിവാഹത്തിനു മുമ്പ് പരസ്പരമുള്ള കാഴ്ചകള്‍ നിശ്ചയിക്കുമ്പോള്‍ തീര്‍ച്ചയായും മനസ്സില്‍ കരുതിവെക്കാവുന്ന പ്രവാചക വചനം ഇങ്ങനെ: ”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ആരും ഒരു സ്ത്രീയോടൊപ്പം അവളുടെ അടുത്ത ബന്ധുക്കള്‍ കൂടെയില്ലാത്തപ്പോള്‍ തനിച്ചാവരുത്. കാരണം, അപ്പോള്‍ മൂന്നാമന് പിശാചായിരിക്കും” (അഹ്മദ്).
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony