Description
ഒരു കഥയിലൂടെ ഞാന്‍ ഈ പുസ്തകം ആരംഭിക്കട്ടെ. പന്ത്രണ്ടു മക്കളുള്ള ഒരു രാജാവാണ് കഥാപാത്രം. അദ്ദേഹത്തിന് തന്റെ മരണം അടുത്തിരിക്കുന്നു എന്ന തോന്നല്‍ വന്നപ്പോള്‍ അധികാരം കൈമാറുന്നതിനായി എല്ലാ മക്കളേയും വിളിച്ച് ഒരു ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു. ആരാണോ ടെസ്റ്റില്‍ വിജയിക്കുന്നത് അയാളായിരിക്കും അടുത്ത രാജാവായി അവരോധിക്കപെടുക.
പന്ത്രണ്ടു മക്കളെയും കൊട്ടാരഹാളില് വിളിച്ചുവരുത്തി അയാള്‍ അക്കാര്യം മക്കളോട് വെളിപ്പെടുത്തി. രാജാവ് പറഞ്ഞു: ഞാന്‍ ഓരോരുത്തര്‍ക്കായി ഓരോ വിത്തുകള്‍ തരികയാണ്. ഇത് നിങ്ങള്‍ കൊണ്ടുപോയി വെള്ളവും വളവുമൊക്കെ നല്കി നല്ല ഒരു ചെടിയാക്കി വളര്‍ത്തിയെടുക്കുക. ആരുടെ ചെടിയാണോ ഏറ്റവും നന്നായി വളര്‍ന്നത് അയാള്‍ ആയിരിക്കും അടുത്ത രാജാവ്. ആറ് മാസം കഴിഞ്ഞ് ചെടിയുമായി, ഈ ചെടിച്ചട്ടിയുമായി എല്ലാവരും തിരിച്ചുവരിക.
ഓരോരുത്തരും അവരവരുടെ വിത്തും ചെടിചട്ടിയുമായി കോട്ടാരം ഹാള്‍ വിട്ടു. മാസങ്ങള്‍ പിന്നിട്ടു. പലരുടെയും വിത്തുകള്‍ മുളച്ചു ചെടിയായി തുടങ്ങി. പക്ഷെ, ഒരാളുടേത് മാത്രം ഒട്ടും മുളചില്ല. അയാള്‍ ക്ഷമയോടെ കാത്തിരുന്നു. വെള്ളവും വളവുമൊക്കെ നല്കിനോക്കി. ഒട്ടും മുളക്കുന്നില്ല. മാസങ്ങള്‍ വീണ്ടും നീങ്ങി. പറഞ്ഞത് പോലെ ആറ് മാസമായി. എല്ലാവരുടെയും ചെടി വളര്‍ന്നു വലുതായിരിക്കുന്നു. ആ മകന്റേത് മാത്രം മുളച്ചിട്ടുപോലുമില്ല. മറ്റുള്ളവരെല്ലാം അയാളെ കളിയാക്കി. നിന്റെ കാര്യം പോക്ക് തന്നെ നിനക്ക് ഏതായാലും രാജാവാനുള്ള ഭാഗ്യമോ യോഗ്യതയോ ഇല്ല. നാം ഈ പതിനൊന്നു പേരില്‍ ആരുടെ ചെടിയാണോ ഏറ്റവും നന്നായി വളര്‍ന്നതായി കൊട്ടാരത്തിലെ മന്ത്രി സഭയും പിതാവും കണക്കാക്കുന്നത് അയാളായിരിക്കും രാജാവ്.
പറഞ്ഞത് പോലെ ആറു മാസം തികഞ്ഞു. അന്നേദിവസം എല്ലാവരും അവരവരുടെ ചെടി ചട്ടിയുമായി കൊട്ടാരം ഹാളിലേക്ക് പുറപ്പെട്ടു. എല്ലാവരുടെ ചെടിചട്ടിയിലും ചെടികള്‍ വ്യത്യസ്ത വണ്ണത്തിലും വളര്ച്ചയിലുമായിട്ടുണ്ട്. എന്നാല്‍ ആ മകന്റെ ചട്ടിയില്‍ മാത്രം ഒന്നുമില്ല. കൊട്ടാരത്തിലേക്ക് പോകുന്ന വഴിക്ക് തന്നെ അവര്‍ പറഞ്ഞു:
‘നീ എന്തിനാണ് കൊട്ടാര ഹാളിലേക്ക് വരുന്നത്. നീ എന്തായാലും രാജാവാകാന്‍ പോകുന്നില്ല, കാരണം നിന്റെ വിത്ത് മുളച്ചിട്ടുപോലുമില്ല.’ മറ്റുള്ളവര്‍ അയാളെ കളിയാക്കി. പക്ഷെ അയാള്‍ പ്രത്യേകിച്ച് ഒന്നും പറയാതെ തന്റെ ചട്ടിയുമായി അവരുടെ പിറകെ കൊട്ടാര ഹാളിലെത്തി.
രാജാവ് ഓരോരുത്തരുടെയും ചെടി പരിശോദിച്ചു. എല്ലാവരും ആകാംക്ഷയിലാണ്. ആരായിരിക്കും അടുത്ത രാജാവ്! ആരുടെ ചെടിയായിരിക്കും ഏറ്റവും കൂടുതല്‍ വളര്‍ന്നത്!! ഓരോന്നും രാജാവ് പരിശോദിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവില്‍ രാജാവ് അത് പ്രഖ്യാപിച്ചു: ‘ ഇവനാണ് അടുത്ത രാജാവ്.’ ആ മകന്റെ കൈഉയര്ത്തിപിടിച്ചു കൊണ്ടാണ് എലവരുടെയും മിന്നില്‍ വെച്ച് രാജാവ് അത് പ്രഖ്യാപിച്ചത്. എന്നാല്‍ പതിനൊന്നു പേരും ആശ്ചര്യപെട്ട് പോയി. ഇതെന്തൊരു അത്ഭുതം. ഒട്ടും മുളക്കാത്ത വിത്തും കാലി ചട്ടിയുമായി വന്ന മകന്റെ കൈ പിടിച്ചാണ്. രാജാവ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു പതിനൊന്നു പേരും പരസ്പരം നോക്കി. ആര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല. ഏറ്റവും വലിയതും നല്ലതുമായ ചെടിയായവനെ രാജാവാക്കുമെന്നു പറഞ്ഞിട്ട് ഇപ്പോഴിതാ മുളക്കുക പോലും ചെയ്യാത്ത ചെടിച്ചട്ടിയുമായി വന്നവനെ രാജാവാക്കിയിരിക്കുന്നു.
എല്ലാവരും പരസ്പരം നോക്കി കൊണ്ടിരിക്കെ രാജാവ് ആ രഹസ്യം വെളിപ്പെടുത്തി:
‘എങ്കില്‍ നിങ്ങള്‍ എല്ലാവരും അറിഞ്ഞു കൊള്ളുക, നിങ്ങള്‍ അത്ഭുതപെട്ടുകൊണ്ടിരിക്കുകയാണ്; ഇതെന്താണ് വിത്ത് ഒട്ടും മുളച്ചിട്ടില്ലാത്ത ഇവനെ പിടിച്ച് രാജാവാക്കിയിരിക്കുന്നു എന്നതില്‍. എങ്കില്‍ ഞാന്‍ പ്രഖ്യാപിക്കട്ടെ, ഇവനാണ് അടുത്ത രാജാവാകാനുള്ള എല്ലാ യോഗ്യതകളുമുള്ളത് എന്ന് ഈ ടെസ്റ്റിലൂടെ ഇവന് തെളീയിച്ചിരിക്കുന്നു.’
ഇത് കേട്ടപ്പോള്‍ വീണ്ടും പതിനൊന്നു പേരും പരസ്പരം നോക്കി. ആര്‍ക്കും ഒന്നും മനസ്സിലായില്ല. രാജാവ് വീണ്ടും തുടര്‍ന്നു:
‘എങ്കില്‍ ആ സത്യം വെളിപ്പെടുത്തട്ടെ! ആറു മാസങ്ങള്‍ക്കു മുമ്പ് നിങ്ങള്കെല്ലാവര്ക്കും ഞാന്‍ നല്‍കിയിരുന്ന വിത്ത് ഒരു കാരണവശാലും മുളക്കാന്‍ സാധ്യതയില്ലാത്ത പുഴുങ്ങിയ വിത്തായിരുന്നു. നിങ്ങളുടെ സത്യസന്ധതയെയും ആത്മാര്ഥതയെയുമൊക്കെ അളക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം നിങ്ങള്‍ പതിനൊന്നു പേരും അതില്‍ പരാജയപെട്ടിരിക്കുന്നു. ഞാന്‍ തന്ന വിത്തിനു പകരം മറ്റൊരു വിത്ത് നിങ്ങള്‍ വളര്‍ത്തികൊണ്ടുവന്നിരിക്കുന്നു. രാജാവാകാനുള്ള, അധികാരം ലഭിക്കുവാനുള്ള നിങ്ങളുടെ മോഹം നിങ്ങളെ കളവിലേക്കും തട്ടിപ്പിലേക്കും വഞ്ചനയിലേക്കും എത്തിച്ചു കളഞ്ഞു. അതിനാല്‍ ഇത്തരം ഗുണങ്ങളുള്ള ആരും രാജാധികാരത്തിന് അര്‍ഹരല്ല.’
അപ്പോഴേക്കും പതിനൊന്നു പേരും തല താഴ്ത്തി തുടങ്ങിയിരുന്നു. ചെയ്തുപോയ മാറ്റിത്തിരുത്തലുകളുടെ നാണക്കേട് അവരുടെ തല താഴ്ത്തി കളഞ്ഞു. എന്നാല്‍ രാജാവ് തുടര്‍ന്നു: ‘…എന്നാല്‍ ഇവന്…. സത്യസന്ധത പാലിച്ചു, ക്ഷമിച്ചു.. ക്ഷമയോടെ വിത്ത് മുളക്കുന്നത് കാത്തിരുന്നു. അത് മുളച്ചില്ല. പക്ഷെ, അവന് കൃത്രിമം കാണിച്ചില്ല. ക്ഷമയോടെ സത്യസന്ധത പാലിച്ചു. അതിനാല്‍ അവസാനമായി ഒരിക്കല്‍ കൂടി ഞാന്‍ പ്രഖ്യാപിക്കുന്നു, ഇവനാണ് അടുത്ത രാജാവ്.’
എന്തു തോന്നുന്നു സുഹൃത്തുക്കളെ ഈ കഥ കേട്ടിട്ട്? ഒരുപാട് പാഠങ്ങളുണ്ട് ഈ കഥയില്‍. ആലോചിക്കുക ഉറ്റാലോചിക്കുക; അതിലെ പാഠങ്ങളെ കുറിച്ച് നനായി ആലോചിക്കുക.
വിത്തിലെ വിസ്മയങ്ങള്‍… ആ വിസ്മയങ്ങളിലൂടെ നമ്മുടെ ജീവിതത്തില്‍ കടന്നു വരുന്ന വിശ്രാന്തി അതാണ് ഈ പുസ്തകത്തിലുടന്നീളം നിങ്ങള്‍ കാണാന്‍ പോകുന്നത്… അനുഭവിക്കുവാന്‍ പോകുന്നത്… വിസ്മയം എന്ന വാക്കിന്റെ അനുഭവം പലപ്പോഴും നമ്മില്‍ നിന്നും നഷ്ടപ്പെട്ടു പോയ ഒരു ഘടകമാണ്. എന്നാല്‍, വിസ്മയിക്കുമ്പോഴാണ് നാം കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കരായിത്തീരുന്നത്. നിഷ്കളങ്കത നമുക്ക് സമ്മാനിക്കുന്നത് സ്വസ്ഥത നിറഞ്ഞ, ശാന്തി നിറഞ്ഞ, സന്തോഷം നിറഞ്ഞ സമാധാനവും ആനന്തവും നിറഞ്ഞ ഒരു ആന്തരികാവസ്ഥയെയാണ്. ഞാന്‍ കൂടുതല്‍ ഒന്നും വിശദീകരിക്കുന്നില്ല. കാരണം എല്ലാം പുസ്തകത്തിന്റെ അകത്ത് കടക്കുമ്പോള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും. നിങ്ങള്‍ അനുഭവിക്കും. വായിക്കാന്‍ നിങ്ങ തയ്യാറായാല്‍ മാത്രം മതി.
അനുഭവതല പുസ്തകമായതിനാല്‍, വിവരങ്ങള്‍ നല്കുന്നതിനെകാളുപരി വിവേകം നല്കുന്ന പുസ്തമായതിനാല്, അറിവിനേകാള് ഉപരി തിരിച്ചറിവ് നല്കുന്ന പുസ്തകമായതിനാല്‍ ചില വചനങ്ങളും മറ്റും ആവര്‍ത്തിച്ചു വരുന്നത് നിങ്ങള്‍ക്ക് കാണാം. ഖുര്‍ആനിന്റെ ആവര്‍ത്തന ശൈലിയില്‍ അലോസരം അനുഭവപ്പെടാത്ത ആര്‍ക്കും ഇതിലും അലോസരമോ മടുപ്പോ തോന്നുകയില്ല എന്നു ഉറപ്പാണ്. കാരണം ഒരു വിവരം കൈമാറുമ്പോള്‍ അത് ഒരു തവണ മാത്രം പറഞ്ഞാല്‍ മാത്രം മതി. എന്നാല്‍ ആ വിവരത്തിലടങ്ങിയ വിവേകം കൈമാറാന്‍, അത് ഹൃദയത്തില്‍ തറച്ച് ശാന്തിയും സമാധാനവുമായി പരിണമിക്കാന്‍ ആവര്‍ത്തനം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് സ്രഷ്ടാവിന്റെ അവസാനത്തെ ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തനങ്ങള്‍ നിങ്ങള്‍ കണ്ടു കൊണ്ടേയിരിക്കുന്നത്. ഒരു അറിവ് കൈമാറാന്‍ ഒരു തവണ പറഞ്ഞാല്‍ മതി. ആവര്‍ത്തനത്തിന്റെ ആവിശ്യമില്ല. എന്നാല്‍, ആ അറിവില്‍ അടങ്ങിയിരിക്കുന്ന തിരിച്ചറിവ് ഹൃദയാന്തര്‍ ഭാഗങ്ങളിലേക്ക് കയറ്റിയിരുത്താന്‍ ആവര്‍ത്തനം അനിവാര്യമാണ്. പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ അനുഭവങ്ങളായി മാറുമ്പോള്‍ മാത്രമേ മാറ്റങ്ങള്‍ നിങ്ങളില്‍ സംഭവിക്കുകയുള്ളു. പറയുന്ന കാര്യങ്ങള്‍ കേവലം വാക്കുകല്ക്കപ്പുറമുള്ള അനുഭവങ്ങളായി മാറണമെങ്കില്‍ ആവര്‍ത്തനങ്ങള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. അതുകൊണ്ടു തന്നെയാണ് ഖുര്‍ആനിന്റെ ആവര്‍ത്തനം എന്ന് മനസ്സിലാക്കുമ്പോള്‍ ആവര്‍ത്തന ശാസ്ത്രത്തിന്റെ ആവിശ്യകത നിങ്ങള്‍ക്ക് ആഴത്തില്‍ ബോധ്യപ്പെടുക.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony



