വിവാഹം ആലോചന സമയത്ത് വരനോ അവന്റെ ബന്ധപ്പെട്ടവരോ വധുവിനോടോ അവളുടെ ബന്ധപ്പെട്ടവരോടോ ഈ വിവാഹം നടക്കണമെന്നുണ്ടെങ്കില്‍ ഇന്നിന്നതൊക്കെ വരന്ന് കൊടുക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ പേരാണ് സ്ത്രീധനം. പണം, ആഭരണം, വാഹനം, ഭൂസ്വത്ത് ഉദ്യോഗം പോലുള്ളവയെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നവയാണ്. ഇത് കവര്‍ച്ചയാണ്. ചൂഷണമാണ്. സാമൂഹ്യ ദ്രോഹവുമാണ്.
അപരന്റെ കയ്യിലുള്ള സ്വത്ത് സ്വന്തമാക്കാന്‍ ഇസ്ലാം ചില വഴികളെല്ലാം നിശ്ചയിച്ചിട്ടുണ്ട്. ബിസ്‌നസ്സ് ലാഭം, അനന്തരാവകാശം, ദാനം, തന്റെ ഭൂമിയില്‍ നിന്ന് ലഭിക്കുന്ന നിധി എന്നിവയാണ് ആ വഴികള്‍ . സ്ത്രീധനം ഈ ഒരു വകുപ്പിലും ഉള്‍പ്പെടുത്താന്‍ കഴിയില്ല. മാത്രമല്ല ‘നിങ്ങള്‍ നിങ്ങളുടെ സ്വത്തുക്കള്‍ പരസ്പരം അന്യായമായ വഴിക്ക് തിന്നരുത് എന്ന് ഖുര്‍ആന്‍ (2: 188) പറഞ്ഞതും സ്മരണീയമാണ്. ഈ രംഗത്ത് ദമ്പതിമാര്‍ക്ക് സാമ്പത്തികമായിട്ടുണ്ടാകുന്ന ഉല്‍കണ്ഠ അകറ്റിക്കൊണ്ട് നബി(സ) പറഞ്ഞു: മൂന്ന് പേര്‍ക്ക് അല്ലാഹുവിന്റെ പ്രത്യേക സഹായം അവന്‍ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. അതില്‍ ഒന്നാമത്തെ ആള്‍ ചാരിത്ര്യ ശുദ്ധിയെ ഉദ്ദേശിച്ച് വിവാഹം കഴിക്കുന്നവനാരോ അവനാണ്. (അഹ്മദ്, നസാഈ, തുര്‍മുദി, ഇബ്‌നു മാജ, ഹാകിം).