Home / ലൈംഗീകം / ആരോഗ്യകരമായ ശാരീരികബന്ധത്തിന്

ആരോഗ്യകരമായ ശാരീരികബന്ധത്തിന്

By : ഡോ.എന്‍ .പി ഹാഫിസ് മുഹമ്മദ്

ഭാര്യാഭര്‍ത്താക്കന്മാര്‍ ആരോഗ്യകരമായ ശാരീരികബന്ധം നിലനിര്‍ത്താന്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  image-22

  • വിവാഹാനന്തരം ലൈംഗികബന്ധത്തെ അറിയിക്കുവാന്‍ രഹസ്യവാക്ക് (code word) ഉപയോഗിക്കുക. മറ്റാര്‍ക്കുമറിയാതെ സംസാരിക്കാനും പരസ്പരം മനസ്സിലാക്കാനും ഇത് വഴിവെക്കുന്നു.
  • പങ്കാളിയുടെ ലൈംഗിക ബന്ധത്തിനുള്ള മോഹമുണര്‍ത്തുന്ന ശരീരത്തിന്റെയും മനസ്സിന്റെയും ഭാഷ തിരിച്ചറിയുക. തിരിച്ചറിയാത്ത സന്ദര്‍ഭങ്ങളും തിരിച്ചറിഞ്ഞ സന്ദര്‍ഭങ്ങളും പരസ്പരം പറയുക. ഇണയുടെ ഏത് ലൈംഗിക സന്ദേശമാണ് തനിക്ക് പ്രചോദനവും ആഹ്ലാദവും നല്‍കിയത് എന്ന് പറയുക.
  • സംശയമോ തെറ്റിദ്ധാരണയോ ഉണ്ടാക്കുന്ന ശരീര സന്ദേശങ്ങളെക്കുറിച്ചും വാക്കുകളെക്കുറിച്ചും തുറന്ന് സംസാരിക്കുക. തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കുക.
  • തെറ്റിദ്ധാരണയുണ്ടാക്കുന്ന അടയാളങ്ങള്‍ക്ക് പകരം കൂടുതല്‍ വൈകാരികത അറിയിക്കുന്നവ ഉപയോഗിക്കുക. ലൈംഗികബന്ധത്തിനുള്ള ഇണകള്‍ തമ്മിലുള്ള ക്ഷണവും സ്വീകരണവും ആസ്വാദനവും വൈകാരിക ഘടകങ്ങളോടാണ് കൂടുതല്‍ ബന്ധപ്പെട്ട് കിടക്കുന്നത്.
  • ഇണയുടെ ലൈംഗികമോഹം തിരിച്ചറിഞ്ഞ് ഏതെങ്കിലും സ്വാഭാവികമായ കാരണത്താല്‍ ബന്ധം വെച്ചു പുലര്‍ത്താന്‍ സാധിക്കാതെ പോവുകയാണെങ്കില്‍ ആ കാര്യം തുറന്ന് പറയുക. എന്തുകൊണ്ടാണിപ്പോള്‍ ഇത് സാധിക്കാതെ പോകുന്നത് എന്നതിന്റെ കാരണമറിയിക്കുക. തല്‍ക്കാലം അത് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുന്നു എന്ന് ബോധ്യപ്പെടുത്തുക.
  • ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന നേരം ‘വേണ്ട’, ‘വയ്യ’, ‘പറ്റില്ല’, ‘ഇതല്ലാതെ വേറെ പണിയൊന്നുമില്ലേ’, ‘ഇപ്പോ വല്ലാതെ കൂട്ണ്ണ്ട്’ തുടങ്ങിയ പ്രതികരണങ്ങള്‍ ഒഴിവാക്കുക. ‘എന്തുകൊണ്ട് നാളെയായിക്കൂടാ?’ ‘രണ്ട് ദിവസം കഴിഞ്ഞിട്ടാവാം, എന്താ?’, ‘രാവിലേക്ക് മാറ്റിവെച്ചാലെന്താ?’, ‘രാത്രി സന്തോഷത്തോടെ ആയാലോ?’ തുടങ്ങിയ പ്രസ്താവനകളിലൂടെ ഇണയുടെ സമ്മതം കൂടി ലഭിക്കാന്‍ ശ്രമിക്കുക.
  • ആഹ്ലാദകരമായ ലൈംഗികബന്ധം ചുറ്റുവട്ടത്തോട് ബന്ധപ്പെട്ടു കിടക്കുന്നു. ലൈംഗികബന്ധത്തിന് ആഹ്ലാദകരമായ തുടക്കമാവാന്‍ ഇണ ഇഷ്ടപ്പെടുന്ന വസ്ത്രം ധരിക്കാവുന്നതാണ്. പ്രിയപ്പെട്ട ഗാനത്തിന്റെ ഈരടികള്‍, മുറിയില്‍ അലങ്കരിക്കുന്ന പൂവിന്റെ സാന്നിധ്യം, മുറിയിലെ ഗന്ധം, കിടക്ക വിരിപ്പ് തുടങ്ങിയ ഘടകങ്ങള്‍ സന്തോഷകരമായ അന്തരീക്ഷമുണ്ടാക്കാന്‍ സഹായിക്കും.
  • ലൈംഗിക ബന്ധത്തിലൂടെ ലഭിക്കുന്ന ആഹ്ലാദം ഏറെ വൈകാതെയെങ്കിലും അറിയിക്കുക. ലൈംഗികബന്ധത്തിന്റെ വിവിധ ഘട്ടങ്ങളില്‍ തനിക്ക് ആഹ്ലാദമേറെ നല്‍കിയ സന്ദര്‍ഭങ്ങള്‍, വാക്കുകള്‍ തുടങ്ങിയവ പരസ്പരം പറയുക.
  • ലൈംഗികാഭിലാഷങ്ങളുടെ ശരീര സൂചനകള്‍ക്ക് പങ്കാളികള്‍ക്കിടയില്‍ മാറ്റങ്ങള്‍ വരുന്നത് പരസ്പരം പങ്കുവെക്കുക.
  • പ്രായത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച് ലൈംഗികാഹ്ലാദം തരുന്ന നേരങ്ങള്‍ക്കും ഘടകങ്ങള്‍ക്കും വരുന്ന മാറ്റങ്ങളും പരസ്പരം പറഞ്ഞറിയിക്കുക. അവ തിരിച്ചറിഞ്ഞ് ഇണയെ കൂടുതല്‍ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുക.

നല്ല ജീവിത പങ്കാളിയാകാന്‍ ഉന്നത വിദ്യാഭ്യാസമോ അതിപാണ്ഡിത്യമോ ഒന്നും വേണ്ടതില്ല. കാര്യങ്ങള്‍ തിരിച്ചറിയാനുള്ള വകതിരിവും, തെറ്റിദ്ധാരണകള്‍ അപ്പപ്പോള്‍ തന്നെ മാറ്റി മുന്നോട്ട് പോകാനുള്ള മനോഭാവവുമാണ് വേണ്ടത്. ആനന്ദകരമായ ലൈംഗിക ബന്ധം കിടപ്പറയില്‍ വെച്ച് ഉണ്ടാക്കിയെടുക്കുന്ന ഒന്നല്ല. അതിന് മുമ്പില്‍ ഘടകങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും സ്വാധീനമുണ്ട്. അതറിഞ്ഞ്, പെരുമാറുമ്പോള്‍ ശാരീരികബന്ധം ആത്മബന്ധത്തിന് വഴിയൊരുക്കുന്ന മാര്‍ഗം കൂടിയാണെന്ന് തിരിച്ചറിയും.

Check Also

വിവാഹത്തിനു മുൻപ് ആരോഗ്യ പരിശോധനകൾ…

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. …