By : ഡോ.എന്‍ .പി ഹാഫിസ് മുഹമ്മദ് Source : Aramam
വീട്ടിലെന്നും എത്താവുന്ന ദൂരത്തല്ല ഭര്‍ത്താവ് ജോലിയെടുക്കുന്നത്. ഞായറാഴ്ച വൈകുന്നേരം അയാള്‍ വീട്ടിലെത്തുന്നു. തിങ്കളാഴ്ച രാവിലെ ജോലിയെടുക്കുന്ന സ്ഥലത്തേക്ക് പോകുന്നു. ഞായറാഴ്ച ഭര്‍ത്താവുമായുള്ള പുനഃസംഗമത്തിന്, ആഹ്ലാദകരമായ ഒരു ദിവസത്തിന് ഭാര്യ കാത്തിരിക്കുന്നു. ഭര്‍ത്താവിന് ഇഷ്ടപ്പെട്ട കറിയും മറ്റും ഉണ്ടാക്കിയത് ഭാര്യയറിയിക്കുന്നു. ഭര്‍ത്താവിന്റെ മുഖത്ത് ഭാവമാറ്റമില്ല. അയാളൊരു കോട്ടുവായിട്ടു. കിടപ്പറയിലും ഒരു കാട്ടിക്കൂട്ടല് . പരസ്പരം അറിഞ്ഞുകൊണ്ടുള്ള ഒരു ശാരീരിക ബന്ധം നടക്കുന്നില്ല. നാല്പത് വയസ്സിന് താഴെയുള്ള അവര്‍, എപ്പോഴെങ്കിലുമുണ്ടാകുന്ന ഒത്തുചേരലും ശാരീരിക ബന്ധവും വളരെ യാന്ത്രികമായി നടക്കുന്ന ചര്യയായി മാറുന്നു എന്ന് പരസ്പരം പരാതിപ്പെട്ടു.
കൗണ്‍സലിംഗ് വേളയില്‍ ഭര്‍ത്താവ് ആരോപിച്ചു: ‘അവള്‍ക്ക് എന്റെ ആഹ്ലാദം പ്രധാനമല്ല. അവള് എന്റെ ലൈംഗിക താല്പര്യങ്ങള് മനസ്സിലാക്കുന്നില്ല. എപ്പോഴും ഒരു കടമ നിറവേറ്റുന്നതുപോലെ അവള് പ്രതികരിക്കുന്നു.’
ഭാര്യക്കുമുണ്ട് പരാതി. ‘പരസ്പരം അറിഞ്ഞുള്ള ഒരു വര്‍ത്തമാനമില്ല. പങ്കുവെക്കലില്ല. എങ്ങനെയെങ്കിലും കാര്യം നടക്കണമെന്ന മട്ടിലാ, ഭര്‍ത്താവിന് ശാരീരിക ബന്ധം. എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളൊന്നും ഭര്‍ത്താവ് ഇന്നേവരെ മനസ്സിലാക്കിയിട്ടില്ല. ആഴ്ചയിലൊരിക്കലാ. അതും മടുത്തു.’
വര്‍ഷങ്ങളോളം ഒന്നിച്ചു സഹവസിച്ചിട്ടും ചില ഭാര്യാ ഭര്ത്താക്കന്മാര് ലൈംഗികമായ ആഗ്രഹങ്ങള്‍ പരസ്പരം കാണാനാവാതെ പോകുന്നു. ശാരീരികമോ മാനസികമോ ആയി തകരാറുകളൊന്നുമില്ലാഞ്ഞിട്ടും, അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയാനാവാതെ ശാരീരിക ബന്ധത്തിന്റെ സാധ്യതകളും സന്തോഷങ്ങളും അനുഭവിക്കാതെ ഒന്നിച്ചു ജീവിച്ചു പോരുന്നു. ചിലരാവട്ടെ, ഇതിന്റെ പേരില്‍ അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഇത് ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് വെറുപ്പും മടുപ്പുമുണ്ടാക്കിയേക്കാനിടയുണ്ട്. ശാരീരിക മോഹങ്ങളുടെ ആവശ്യ നേരങ്ങളിലുള്ള സഫലീകരണം സാധിക്കാതെ പോകുന്നത് മാനസികമായി അകലാനും ചിലര്‍ക്കെങ്കിലും വിവാഹേതര ബന്ധങ്ങള്‍ക്ക് വഴിവെക്കാനും കാരണമായിത്തീരുന്നു.
ലൈംഗിക ബന്ധം ഇണകള്‍ക്കിടയില്‍ നിഷേധിക്കപ്പെട്ട കാര്യമല്ല. ഇണകളാകുമ്പോള്‍ ആഹ്ലാദകരമായ ലൈംഗിക ബന്ധത്തിന്റെ സാധ്യതകളാണ് ഒരുക്കപ്പെടുന്നത്. ഇണകളിരുവര്ക്കും സന്തോഷവും ആശ്വാസവും ഫലപ്രദവുമായ ശാരീരികബന്ധം ഉണ്ടാക്കുന്നതിനും പ്രധാനപ്പെട്ട കാര്യമാണ് ഇണകളുടെ ലൈംഗികാഭിലാഷങ്ങളുടെ അടയാളങ്ങളും സൂചനകളും മനസ്സിലാക്കുക എന്നത്. പ്രിയപ്പെട്ടവരായിരുന്നിട്ടുപോലും പങ്കാളിയുടെ ഇംഗിതം അതാത് സന്ദര്‍ഭങ്ങളില്‍ പരസ്പരം അറിയാതെ പോകുന്നു. ശാരീരികാടയാളങ്ങള്‍ പരസ്പരം മനസ്സിലാക്കപ്പെടുന്നില്ല. പലപ്പോഴും ആഗ്രഹം ഒളിപ്പിച്ചുവെക്കുന്ന വാക്കോ പ്രവൃത്തിയോ തന്റെ ഇണയില്‍ നിന്ന് സ്വീകരിക്കപ്പെടുന്നില്ല. ചിലപ്പോള്‍ അത് തെറ്റായി മനസ്സിലാക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്യുന്നു.
ഒരു ഭാര്യയുടെ പരാതി: പലപ്പോഴും ഒന്നിച്ച് കുറേ നേരം ചെലവഴിക്കാനും ആനന്ദകരമായ ഒരു ലൈംഗിക ബന്ധമൊരുക്കാനും ആശിച്ച് ഞാന്‍ പറയുന്ന കാര്യങ്ങള്‍ തെറ്റിദ്ധരിക്കും. നേരത്തെ കിടപ്പറയില്‍ എത്തുക എന്ന മോഹത്തോടെ ഞാന്‍ ഭക്ഷണമെടുത്തുവെക്കുമ്പോള് ചോദ്യം. ”എന്താ ഇരുട്ടും മുമ്പ് തീറ്റിച്ചുറക്കാനാണോ ഭാവം?”
‘എന്താ കിടക്കണ്ടേ’ എന്ന് ഭര്‍ത്താവ് ചോദിക്കുമ്പോള്‍ ‘നിങ്ങള്‍ കെടന്നോ’ എന്ന് ഭാര്യയുടെ പ്രതികരണം. ആഴ്ചപ്പതിപ്പ് വായിച്ചോ ടി.വി കണ്ടോ സമയം പോക്കുന്നു. ഒക്കെ കഴിഞ്ഞെത്തുമ്പോഴേക്ക് ഭര്‍ത്താവ് ഉറങ്ങിക്കഴിഞ്ഞിരിക്കും. ചില ഭര്ത്താക്കന്മാര് രാത്രി പാതിരയോളം പത്രം അരിച്ചു പെറുക്കി വായിക്കുന്നു. ഭാര്യ കൂര്‍ക്കം വലിച്ചുറങ്ങുമ്പോഴാകും ഭര്‍ത്താവ് കിടപ്പറയിലേക്ക് കാലെടുത്ത് വെക്കുക.
നല്ല ശാരീരിക ബന്ധം ആഘോഷിക്കുവാന്‍ , ആഹ്ലാദകരമായ അനുഭവമാക്കുവാന്‍, ഇണയുടെ ലൈംഗികാഭിലാഷങ്ങളുടെ സൂചന മനസ്സിലാക്കേണ്ടതുണ്ട്. അത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. വസ്ത്ര ധാരണത്തിലൂടെയും ശാരീരിക ചേഷ്ടകളിലൂടെയും ലൈംഗിക ആഗ്രഹത്തിന്റെ അടയാളങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. ശാരീരികമായ ചലനങ്ങളിലൂടെയും മാറ്റങ്ങളിലൂടെയും ഓരോ ആളിലും ഏതു വിധമാണ് ലൈംഗിക ആനന്ദം പരമാവധി ലഭിക്കുന്നതെന്ന് വെളിപ്പെടുത്തുന്നു. ഈ ശാരീരികവും മാനസികവുമായ അഭിലാഷങ്ങളുടെയും പ്രതികരണങ്ങളുടെയും ചിഹ്നങ്ങളെ തിരിച്ചറിയാതെ ഇണകള്‍ക്ക് ലൈംഗിക ബന്ധം അവിസ്മരണീയമാക്കുവാനും പറ്റില്ല.
പരസ്പരം മനസ്സിലാക്കാതെ കഴിയുന്ന ഭാര്യാഭര്ത്താക്കന്മാര് ഇന്ന് എണ്ണത്തില്‍ കൂടുതലാണ്. ‘നല്ല ഭാര്യാഭര്‍ത്താക്കന്മാരാ’യി കഴിയുന്നവരുടെ ജീവിതത്തില്‍പോലും ശാരീരിക ബന്ധത്തിന്റെ കാര്യത്തില്‍ ഇത്തരം വിഷമസന്ധികള്‍ ഉണ്ടാവാറുണ്ട്. ആഹ്ലാദകരമായ ബന്ധത്തിന്റെ സൂക്ഷ്മാംശങ്ങള്‍ പോലും മനസ്സില്‍ രൂപപ്പെടുത്തി പെരുമാറുന്ന ജീവിത പങ്കാളിയുടെ താല്പര്യം മറ്റേയാളറിയാതെ പോകുന്നു. ചിലപ്പോള്‍ അറിഞ്ഞാലും അനുകൂലമായ പ്രതികരണം നടത്തുന്നില്ല. നിരാശക്കോ വിദ്വേഷത്തിനോ കാരണമാകുന്ന ഈ സന്ദര്‍ഭം ഒരൊറ്റ രാത്രിയോടെ ഒരിക്കലും അവസാനിക്കുന്നില്ല. പിന്നീടത് കുറ്റപ്പെടുത്തലുകളോ വെറുപ്പും മടുപ്പുമായോ പുറത്തേക്ക് വരുന്നു. കിടപ്പറ കുടുംബാരോഗ്യത്തെത്തന്നെ ബാധിക്കുന്നു, മക്കളെപ്പോലും.
മൃഗങ്ങള്‍ക്കും പറവകള്‍ക്കും ലൈംഗികബന്ധം പ്രധാനമായും പ്രത്യുല്പാദനത്തിന് വേണ്ടിയുള്ള ഒരു മാര്‍ഗമാണ്. ഇണകളെ ആകര്‍ഷിക്കലും ശാരീരിക ബന്ധത്തിലെ ആനന്ദവും ജീവജാലങ്ങള്‍ അറിയുന്നുണ്ടാവണം. ഇണയെ ആകര്‍ഷിക്കാന്‍ നിറവ്യത്യാസമോ ശബ്ദ മാറ്റമോ ശാരീരിക ചലനങ്ങളോ ഉണ്ടാക്കുന്നു. ശാരീരികബന്ധം നടക്കുകയും ചെയ്യുന്നു. എന്നാല്‍ ഗര്‍ഭധാരണത്തോടെ ശാരീരിക ബന്ധ താല്പര്യം മാറ്റിവെക്കുന്നു. പ്രസവാനന്തരം കുറച്ചു കാലത്തേക്ക് ശാരീരികബന്ധ മോഹം മൃഗങ്ങള്ക്കുണ്ടാവുകയില്ല. മനുഷ്യരുടെ സ്ഥിതി ഇതല്ല. വര്‍ഷത്തില്‍ എല്ലാ നാളുകളിലും രാവും പകലും ലൈംഗികബന്ധം ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. മാസമുറയുടെ കാലത്ത് മാത്രമാണ് സ്ത്രീകള്‍ ബന്ധത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്. അപ്പോഴും ആഗ്രഹമോ ആഗ്രഹം പ്രകടിപ്പിക്കുന്ന അടയാളങ്ങളോ പുറപ്പെടുവിക്കാതെയും പോകുന്നില്ല, ഗര്‍ഭധാരണ കാലത്തു പോലും.
പലപ്പോഴും മനുഷ്യര്‍ ലൈംഗികാഗ്രഹത്തിന്റെ അടയാളങ്ങള്‍ നേരിട്ടല്ല അറിയിക്കുന്നത്. മനുഷ്യ ശരീരത്തിന്റെ ഭാഷ തിരിച്ചറിയാനാണ് ശ്രമിക്കേണ്ടത്. ഒരു നോട്ടത്തിലൂടെ, ഒരു ചലനത്തിലൂടെ, ഒരു ശബ്ദത്തിലൂടെ, ചിലപ്പോള്‍ ഒരു വാക്കിലൂടെ ലൈംഗിക മോഹത്തിന്റെ സന്ദേശം ഇണക്ക് കൈമാറുന്നു. ഞൊടിയിടകൊണ്ട് അര്‍ഥഗ്രഹണം (decoding) നടത്താന്‍ സാധിക്കും. കേള്‍വി, കാഴ്ച, സ്പര്‍ശം തുടങ്ങിയ മാര്‍ഗങ്ങള്‍ വഴി മറ്റുള്ളവരുടെ ശരീര ഭാഷ മനസ്സിലാക്കാന്‍ കഴിയുന്നു. ഈ സന്ദേശങ്ങളുടെ കാര്യഗ്രഹണത്തില്‍ സംഭവിക്കുന്ന അനാസ്ഥയോ അശ്രദ്ധയോ, പാളിച്ചയോ കാല താമസമോ ആണ് ഇണകളുടെ ലൈംഗികാഭിലാഷങ്ങളെ മനസ്സിലാക്കുന്നതില്‍ പരാജയമുണ്ടാക്കുന്നത്.
ശരീരാവയവങ്ങളിലൂടെയോ ഭാഗങ്ങളിലൂടെയോ മുനുഷ്യര് ലൈംഗികാഭിനിവേശം പുറത്തറിയിക്കുന്നു. ചുമലുകള്‍, താടിയെല്ല്, കവിള്, കണ്ണ്, പുരികം, തലമുടി, പൃഷ്ടഭാഗം, നെഞ്ച്, കൈകള്‍ തുടങ്ങിയ ശരീരഭാഗങ്ങളിലൂടെ ലൈംഗികാഭിലാഷങ്ങളുടെ സൂചനകള്‍ നല്കുന്നു. ഇവ വ്യക്തിയോടും സന്ദര്‍ഭങ്ങളോടും ബന്ധപ്പെട്ട് കിടക്കുന്നു. ലൈംഗിക ബന്ധത്തിന്റെ സന്ദര്‍ഭങ്ങളിലും ഇണ വൈകാരികതയുടെ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ലൈംഗികാനുഭവത്തിലുള്ള ആനന്ദത്തിന്റെ ചിഹ്നങ്ങളാണത്. ചിലപ്പോള്‍ വിരക്തിയുടേയും. തന്റെ ഇണക്ക് ഏത് ലൈംഗിക ചേഷ്ട, അല്ലെങ്കില്‍ വാക്കാണ് ഏറ്റവും പ്രിയപ്പെട്ടതും ആഹ്ലാദകരവുമായിട്ടുള്ളത് എന്നത് അറിയാതെ പോകാന്‍ പാടില്ല. അത് തിരിച്ചറിഞ്ഞ് ഇണയോട് കൂടിച്ചേരുമ്പോഴാണ് ലൈംഗിക ബന്ധം ഇരുവര്‍ക്കും ഇഷ്ടമുള്ളതായി മാറുന്നത്.
ലൈംഗികബന്ധം ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് വിവാഹാനന്തരം ഏതാനും വര്‍ഷങ്ങള്‍ മാത്രം സജീവമായി നിലകൊള്ളേണ്ടതും പിന്നീട് ഉപേക്ഷിക്കേണ്ടതുമായ ഒരു വ്യവഹാരമല്ല. വിവാഹം കഴിഞ്ഞ കാലത്ത്, പ്രായംകൊണ്ടും ശരീരത്തിന്റെയും മനസ്സിന്റെയും കാമനകൊണ്ടും ലൈംഗികജീവിതം കൂടുതല്‍ ആവേശകരവും സജീവവുമായിരിക്കുമെന്നത് ഒരു വസ്തുതയാണ്. വിവാഹാനന്തരം വന്നെത്തുന്ന ജീവിത സാഹചര്യങ്ങള്‍, പരസ്പരം ഇഷ്ടത്തോടെ കഴിയുന്ന ജീവിത പങ്കാളികള്‍ക്കിടയില്‍ പോലും ഈ ലൈംഗികാവേശത്തിന് മാറ്റങ്ങളുണ്ടാക്കും.
കുഞ്ഞ് പിറക്കുമ്പോള്‍ കുഞ്ഞിന്റെ വളര്‍ത്തലില്‍ സജീവമാകുമ്പോള്‍, ജോലി സംബന്ധമായ ഉത്തരവാദിത്തങ്ങളേറുമ്പോള്, ഗൃഹഭരണത്തോടനുബന്ധിച്ച ധര്‍മ നിര്‍വഹണങ്ങളില്‍ മാറ്റമുണ്ടാകുമ്പോള്‍ അതിനപ്പുറം പ്രായമേറുമ്പോള്‍ ലൈംഗികബന്ധത്തിന് ഇടവേളകള്‍ കൂടാനും എണ്ണം കുറയാനും സാധ്യതയുണ്ട്. ഇത് സ്വാഭാവികമാണ്. ഒരു പരിധിവരെ അനിവാര്യവുമാണ്. ഇക്കാര്യം ഭാര്യയും ഭര്‍ത്താവും തിരിച്ചറിയേണ്ടതുണ്ട്. വിവാഹം കഴിഞ്ഞ കാലത്തെ ശാരീരിക ബന്ധത്തിന്റെ ആവേശവും സജീവതയും വെച്ച് പില്ക്കാലത്തെ താരതമ്യം ചെയ്യുന്ന ഭര്ത്താക്കന്മാരുണ്ട്. അവര്‍ ഭാര്യമാരെ കുറ്റപ്പെടുത്തുന്നു. എന്നാല്‍, ശാരീരികമായ കാരണങ്ങളാലും കുടുംബാന്തരീക്ഷത്തില്‍ വരുന്ന മാറ്റങ്ങളാലും വന്നെത്തുന്ന ഈ സ്വാഭാവികമായ മാറ്റത്തെ മനസ്സിലാക്കി, യഥാര്ഥബോധത്തോടെ ലൈംഗിക ജീവിതം ചിട്ടപ്പെടുത്തുകയാണ് വേണ്ടത്.
എണ്ണത്തിനപ്പുറം നടത്തപ്പെടുന്ന ലൈംഗികബന്ധം ഭാര്യാഭര്ത്താക്കന്മാര് കൂടുതല്‍ ആഹ്ലാദകരമാക്കാന് പരസ്പരം ശ്രമിക്കണം. ഒപ്പം തന്നെ പ്രായമല്ല, ശരീരത്തിന്റെ ശക്തിയോ യുവത്വമോ അല്ല, ആഹ്ലാദകരമായ ലൈംഗികബന്ധത്തിന്റെ അടിസ്ഥാനമെന്നും ഇണകള്‍ തിരിച്ചറിയണം. ലൈംഗികബന്ധത്തെ അതിന്റെ ചലനാത്മക സ്വഭാവങ്ങളോടെ വന്നുചേരാവുന്ന മാറ്റങ്ങളോടെ സ്വീകരിച്ച് ഭാര്യാ ഭര്ത്താക്കന്മാര്ക്ക് മരണം വരെ ആന്ദകരവും അവിസ്മരണീയവുമായ കുടുംബജീവിതം നയിക്കാനാവും എന്നതാണ് വസ്തുത.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony