Home / കുടുംബം / വൈവാഹിക ജീവിത പരാജയം: പത്ത് കാരണങ്ങള്‍

വൈവാഹിക ജീവിത പരാജയം: പത്ത് കാരണങ്ങള്‍

Divorce-settlementsBy ഫാത്വിമ ഭീഖു ശാഹ് , Source : Islampadasala Link: http://goo.gl/by1Uhv

എല്ലാതരത്തിലുമുള്ള മനുഷ്യബന്ധങ്ങളില്‍ തികവുറ്റതായി ഏതെങ്കിലുമുള്ളതായി നമുക്ക് ഉറപ്പിച്ചുപറയാന്‍ കഴിയില്ല. മാതൃ-പിതൃ-സഹോദര-സുഹൃദ് ബന്ധങ്ങളിലെന്ന പോലെ അപൂര്‍ണത വൈവാഹിക ബന്ധത്തിലും സ്വാഭാവികമാണ്. ഏറെക്കാലം വളരെ സന്തോഷപ്രദമായി തുടര്‍ന്നു വന്ന ദാമ്പത്യങ്ങള്‍ പോലും മക്കളുടെ വിവാഹഘട്ടത്തിലോ അതിനുശേഷമോ ഉലച്ചില്‍ തട്ടിയതിന്റെ ചരിത്രം ചിലപ്പോള്‍ നമ്മുടെ പരിചിത വൃത്തത്തില്‍ ഉണ്ടായിരിക്കാം.

സംതൃപ്ത ദാമ്പത്യജീവിതം എന്നത്   ദിനേന ചെയ്യേണ്ട ഹോംവര്‍ക്കാണ് എന്ന് ഈ രംഗത്തെ വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. കുടുംബത്തോടുള്ള ആത്മാര്‍ഥത,സദാ വിലയിരുത്തിക്കൊണ്ടുള്ള പെരുമാറ്റ സംസ്‌കരണം, പരസ്പരമുള്ള ശരിയായ ആശയവിനിമയം എന്നിവ അതിന്റെ ഭാഗമാണ്. കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമെന്ന് തോന്നിയേക്കാം. പക്ഷേ, ശ്രദ്ധിച്ചാല്‍ ആര്‍ക്കും സംതൃപ്തമാക്കാവുന്ന ഒന്നാണ് ദാമ്പത്യം.

നിരവധി മാര്യേജ്‌ തെറാപിസ്റ്റുകളുമായി  സംസാരിച്ചതില്‍നിന്ന് എനിക്ക് വ്യക്തമായ ഒരു കാര്യം ദാമ്പത്യം തകര്‍ത്തെറിയുന്ന വിശ്വാസ വഞ്ചന, ലഹരിയുപയോഗം എന്നീ ഗുരുതരപ്രശ്‌നങ്ങളോടൊപ്പംതന്നെ  നന്നേ നിസ്സാരമായ ഏവര്‍ക്കും പരിഹരിക്കാന്‍ കഴിയുന്ന പെരുമാറ്റ വൈകല്യങ്ങളും  വില്ലനായി കടന്നുവരുന്നുവെന്നതാണ്.

1. ദാമ്പത്യ പുതുക്കത്തിലെ പ്രണയം:  അധിക യുവമിഥുനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. ഇണകള്‍ പരസ്പരം തങ്ങളുടെ പങ്കാളികളില്‍ കണ്ട നല്ല ആകര്‍ഷണവശങ്ങളെ  ക്രമേണ മടുപ്പും വിരസതയും  ആരോപിച്ച് വെറുക്കുന്നു. പങ്കാളിയില്‍ പുതിയ എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് അതിയായി കൊതിക്കുന്നു. പലപ്പോഴും അത്തരത്തില്‍ ആകാന്‍ സമ്മര്‍ദ്ദംചെലുത്തുന്നു. എന്നാല്‍ അത് അസാധ്യമാകയാല്‍  മനസ്സില്‍ പങ്കാളിയോട് വെറുപ്പും  അകല്‍ചയും വെച്ചുപുലര്‍ത്തുന്നു. അത്രയൊന്നും വൃത്തിയും അച്ചടക്കവും ശീലിച്ചിട്ടില്ലാത്ത ഒരു വ്യക്തിയെയാണ്  പങ്കാളിയായി സ്വീകരിച്ചിരിക്കുന്നതെങ്കില്‍  നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും അയാള്‍ തന്റെ സ്വഭാവത്തില്‍ കാര്യമായ  പരിവര്‍ത്തനമൊന്നും ഉണ്ടാക്കാനാകില്ല. മനസ്സിലാക്കേണ്ട കാര്യം നിങ്ങള്‍ക്കു വേണമെങ്കില്‍ നിങ്ങളെ മാറ്റിയെടുക്കാം. അതുകൊണ്ട് അത്തരം പങ്കാളിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ചെയ്യാനാകുന്നത് നിങ്ങളുടെ പ്രതികരണശൈലി മാറ്റുകയെന്നതുമാത്രമാണ്.

2. സംസാരവും ആശയവിനിമയവും
ദാമ്പത്യത്തില്‍ ഇണകള്‍ തെറ്റുധരിച്ചിരിക്കുന്ന പ്രധാന വസ്തുത അന്യോന്യം വര്‍ത്തമാനം പറയുന്നതാണ് ആശയവിനിമയമെന്നാണ്. തന്റെ ആവലാതികള്‍ പറയുന്നതോ, പങ്കാളിയെ വിമര്‍ശിക്കുന്നതോ, വൈകാരിക തലത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടുത്തുന്നതോ ആശയവിനിമയത്തിനുള്ള രീതിയായി മനസ്സിലാക്കരുത്. അതൊക്കെ ദാമ്പത്യത്തിന്റെ ഒരു പ്രത്യേക ദശാസന്ധിയില്‍ മാത്രം പ്രയോജനപ്പെടുന്നതാണെന്നു മാത്രം. ശരിയായ ആശയവിനിമയം എന്നുപറയുന്നത് പങ്കാളി പറയുന്നത് കേള്‍ക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്നതിനെയാണ്. പങ്കാളിയുടെ സ്ഥാനത്തുനിന്നുകൊണ്ട് അവര്‍ പറയുന്നതിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമ്പോഴാണ് അത് സാധ്യമാകുന്നത്. നാം കേള്‍ക്കുകയും തുടര്‍ന്നു നയപരമായി സംസാരിക്കുകയുമാണെങ്കില്‍ ആശയ വിനിമയം നടക്കുന്നുവെന്ന് പറയാം.

3. ടൈം മാനേജ്‌മെന്റ്:  ആധുനിക യുഗത്തിലെ ജീവിതമെന്നു പറയുന്നത് കടുത്ത സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതാണ്. സമയം വളരെ നിര്‍ണായകമായതിനാല്‍ അധിക ദമ്പതികള്‍ക്കും അത് പലപ്പോഴും ഫലവത്തായി ഉപയോഗപ്പെടുത്താന്‍ കഴിയാറില്ല. പരസ്പരം അടുക്കുന്ന സാഹചര്യത്തേക്കാള്‍ പലവിധ തിരക്കുകള്‍ മറയാക്കി അകലുന്ന സാഹചര്യം കൂടിവരുന്നു. ഒരു ദിവസം അഞ്ചുമിനിറ്റ് നേരമേ കിട്ടുന്നുള്ളൂവെങ്കില്‍പോലും ദാമ്പത്യത്തെ സംബന്ധിച്ചിടത്തോളം പ്രസ്തുത സമയം ആസൂത്രണത്തോടെ ഉപയോഗിച്ചേ മതിയാകൂ. ഓരോ ദിവസവും അവസാനിക്കുംമുമ്പ് പങ്കാളികള്‍  തങ്ങള്‍ പരസ്പരം അതിനെ എവ്വിധം  ഉപയോഗപ്പെടുത്തി എന്ന് അന്യോന്യം വിലയിരുത്തേണ്ടതാണ്.

4. ഗാഢസ്‌നേഹബന്ധം: അറിയപ്പെട്ട ഫാമിലിതെറാപിസ്റ്റായ നാദിറ ആങ്കെല്‍ പറയുന്നത് മുസ്‌ലിംദാമ്പത്യത്തകര്‍ച്ചയുടെ പ്രധാനഹേതു ഗാഢമായ സ്‌നേഹബന്ധത്തിന്റെ അഭാവമാണത്രേ. അതില്‍ സെക്‌സ് എന്ന് പറയുന്നത് ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നാണവര്‍ പറയുന്നത്. ഇണക്കുരുവികളെപോല്‍ കൊക്കുരുമ്മി ഇരിക്കുന്നതിനുമപ്പുറത്താണ് കാര്യങ്ങള്‍ എന്നര്‍ഥം. തന്റെ പങ്കാളിയുമായി ആത്മീയമായും മാനസികമായും ശാരീരികമായും വൈകാരികമായും സദാ ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ സ്‌നേഹബന്ധം. ഈ സ്‌നേഹബന്ധത്തെ സദാ ജ്വലിപ്പിച്ചു നിര്‍ത്തുകയെന്നിടത്ത് പലപ്പോഴും ദമ്പതികള്‍ പരാജയപ്പെടുന്നുണ്ട്. ഈ സ്‌നേഹ ബന്ധം പക്ഷേ നമ്മുടെ ലക്ഷ്യമല്ല; പക്ഷേ ദാമ്പത്യ ജീവിതം മുഴുക്കെ നീണ്ടുനില്‍ക്കുന്ന യാത്രയാണത്.

5. വഴിമാറുന്ന പരിഗണന:  കുട്ടികളായിക്കഴിയുമ്പോള്‍ തന്റെ ഭാര്യയുടെ പരിഗണന വേണ്ടത്ര കിട്ടുന്നില്ലെന്ന പുരുഷന്റെ പരാതി മുഖ്യപ്രശ്‌നമാകുന്നുണ്ട് പലപ്പോഴും. താന്‍ അവഗണിക്കപ്പെട്ടവനാണെന്ന തോന്നല്‍ തിരമാലപോലെ അവന്റെ മനസ്സില്‍ സദാ ഇരമ്പിക്കയറും. ഇത് തന്റെ പങ്കാളിയുമായുള്ള സ്‌നേഹബന്ധത്തെ ഗുരുതരമായി ബാധിക്കുന്നു. മൊബൈല്‍, ടാബ് പോലുള്ള ആശയവിനിമയോപാധികള്‍ ഭക്ഷണസമയത്തും ,സായാഹ്നസവാരികളിലും മറ്റും പങ്കാളിയുടെ ശ്രദ്ധയും പരിഗണനയും തട്ടിയെടുക്കുന്നത് പലര്‍ക്കും  അസഹനീയമായിത്തീരുന്നുവെന്ന് നാം തിരിച്ചറിഞ്ഞേ മതിയാകൂ. പങ്കാളിയെ തൊട്ടുരുമ്മിയിരുന്നുകൊണ്ട് ടാബ് ലെറ്റ് ഫോണില്‍ അതുമിതും സെര്‍ച്ച് ചെയ്തുകൊണ്ടിരുന്നാല്‍ സ്‌നേഹബന്ധം ഊഷ്മളമാവില്ലെന്ന് മനസ്സിലാക്കുക.

6. പണം,പണം,പണം: ഇക്കാലത്ത് ജീവിതം സമ്പദ് പ്രധാനമായിത്തീര്‍ന്നിരിക്കുന്നു. പങ്കാളികളിലൊരാള്‍ മറ്റെയാളെ വഞ്ചിച്ചാല്‍ അതൊരുപക്ഷേ വിട്ടുവീഴ്ച ചെയ്യപ്പെട്ടേക്കാം.  പക്ഷേ, തന്റെ വൈയക്തിക-ഗാര്‍ഹിക ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാനാവശ്യമായ വരുമാനത്തിന്റെ അഭാവം പലപ്പോഴും ദാമ്പത്യജീവിതത്തെ പ്രശ്‌ന കലുഷിതമാക്കുന്നു. മുസ് ലിംകുടുംബങ്ങളിലും ഇത് കാണപ്പെടാറുണ്ട്. അധികം സാമ്പത്തിക വരുമാനമില്ലാത്ത പുരുഷന്‍ തന്റെ ഭാര്യയുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാകാം. അല്ലെങ്കില്‍ ഭാര്യയും ഭര്‍ത്താവും വരുമാനക്കാരാണെങ്കില്‍ കൂടുതല്‍ വരുമാനം കൊണ്ടുവരുന്നയാളോട് അസൂയയോ വെറുപ്പോ കലര്‍ന്ന പെരുമാറ്റം കാഴ്ചവെക്കുന്നു ഇത് മാത്സര്യ ബുദ്ധിയിലേക്കും പിടിവാശിയിലേക്കും നയിക്കുന്നു.

7.എന്നോട് ക്ഷമിക്കൂ: പരസ്പര സ്‌നേഹത്തിലധിഷ്ഠിതമായ ദാമ്പത്യത്തിന് വിട്ടുവീഴ്ച വളരെ അനിവാര്യമാണ്. പക്ഷേ, കടുത്ത ഈഗോയുടെ ചങ്ങലക്കെട്ടില്‍ ബന്ധിതരാണ് അധിക ദമ്പതികളും. വളരെ നിസ്സാരമായ സംഗതികള്‍ക്കുപോലും ഉദാഹരണത്തിന് തിന്ന പാത്രം കഴുകിവെച്ചില്ല, വസ്ത്രം അടുക്കുംചിട്ടയുമില്ലാതെ അവിടവിടെ ഇട്ടു  എന്ന കാര്യങ്ങള്‍ ഉന്നയിച്ച് അതിനൊക്കെ വഴക്കും ശകാരവും പതിവാക്കിയ പങ്കാളികളുണ്ട്.  പരസ്പരം വിട്ടുവീഴ്ചയെന്ന മനോഭാവം വെച്ചുപുലര്‍ത്താത്ത ദമ്പതികളുടെ ജീവിതം നരക തുല്യമായിരിക്കും. വിട്ടുവീഴ്ച അതിനാല്‍ തന്നെ നിരുപാധികമായിരിക്കണം. ‘ഇനി അയാള്‍ അത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുതരണം എന്നാല്‍ ക്ഷമിക്കാം’ എന്ന നിലപാട് ശരിയല്ലെന്നര്‍ഥം.

8.അഭിനന്ദിക്കാന്‍ മടി: തന്റെ പങ്കാളിയുടെ ഏതെങ്കിലും മേഖലയിലുള്ള കഴിവും വൈഭവവും (ഫോണ്‍/കറണ്ട് ബില്‍ അടച്ചുവീട്ടുന്നതിലെ കൃത്യത, വീട്ടിലേക്ക് നല്ലയിനം പച്ചക്കറികള്‍ കൊണ്ടുവരുന്നത്, പാചകവൈദഗ്ധ്യം, കുട്ടികളില്‍  വ്യക്തിത്വം വളര്‍ത്തിയെടുക്കാനുള്ള പരിശ്രമങ്ങള്‍) അംഗീകരിക്കാനുള്ള മടി പലപ്പോഴും സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കും. അംഗീകരിക്കാനുള്ള മടിയാണ് ദമ്പതികളില്‍ അവിഹിതബന്ധങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നത്. ദമ്പതികള്‍ അന്യോന്യം തന്റെ പങ്കാളിയെ വെറും സേവകനായി കാണുന്നത് കുഴപ്പം ചെയ്യുന്നു. അവള്‍/അവന്‍ എപ്പോഴും തന്റെ കൂടെയുണ്ടാകുമെന്ന് തെറ്റുധരിച്ചിരിക്കുകയാണ് അവര്‍. തന്റെ പങ്കാളിയുടെ നൂറുശതമാനം അഭിനന്ദനങ്ങളും അംഗീകാരവും ലഭിക്കുന്ന ദമ്പതികള്‍ക്കിടയില്‍ കലഹം ഒരിക്കലുമുണ്ടാകില്ല.

9. നിയന്ത്രണം തെറ്റിയ വൈകാരികബന്ധങ്ങള്‍: ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തില്‍ ആധുനികഉപകരണങ്ങളുടെ അടിമകളായ ജനസമൂഹത്തില്‍ തന്റെ പങ്കാളിയെക്കാള്‍ ഗാഢമായി അന്യരോട് വൈകാരികബന്ധം പുലര്‍ത്തുന്ന ദമ്പതികളുടെ എണ്ണം ഏറിവരുന്നതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ലൈംഗികത കൊതിച്ചുകൊണ്ടുള്ളതല്ലെന്നതാണ് വസ്തുത. തന്റെ പങ്കാളിയുടെ വൈകാരിക താല്‍പര്യങ്ങളെ പരിഗണിക്കുകയും അവയെ കേള്‍ക്കാനും പരിഹരിക്കാനും ആത്മാര്‍ഥമായി ശ്രമിക്കുകയാണ് ദമ്പതികള്‍ ചെയ്യേണ്ടത്.

10. അധികാര വടംവലി: കേവലം ഭൗതികവിഭവങ്ങള്‍ വീടകത്തെത്തിച്ചതിന്റെ പേരില്‍  അധികാരസ്വരം മുഴക്കുന്ന ദമ്പതികള്‍ അപൂര്‍വകാഴ്ചയല്ല. എന്നാല്‍ ആത്മീയ തലങ്ങളില്‍പോലും മത്സരബുദ്ധ്യാ നീങ്ങുകയും പങ്കാളിയുടെ അവകാശങ്ങള്‍ ഹനിക്കുമാറ് സാമൂഹികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നത് ഉത്തരവാദിത്തനിര്‍വഹണത്തില്‍ വീഴ്ചവരുത്തിക്കൊണ്ട് അധികാര വടംവലിക്ക് വേദിയൊരുക്കുന്നുണ്ട്. തന്റെ പങ്കാളിയെ ചിത്രത്തില്‍നിന്ന് ബഹിഷ്‌കൃതനാക്കാനുള്ള ശ്രമം ദാമ്പത്യത്തെ കലമുടച്ച അവസ്ഥയിലേക്കെത്തിക്കുകയാണ് പലപ്പോഴും.
കൂടുതല്‍ ആര്‍ജ്ജിക്കുന്നതും കഴിവുകള്‍ വളര്‍ത്തുന്നതും എല്ലാവരുടെയും അവകാശം തന്നെ. പക്ഷേ, സ്‌നേഹത്തിലൂന്നി ഒരുമിച്ച രണ്ടുവ്യക്തികളുടെ കുടുംബം എന്ന പ്രസ്ഥാനത്തിന്റെ അടിത്തറ മാന്തുവോളം അവകാശം വലുതായി ക്കഴിഞ്ഞാല്‍  ദാമ്പത്യം പൊള്ളയായി പുതലിച്ചുപോകുന്നു. ബന്ധങ്ങള്‍ എന്നത് വളരെ സങ്കീര്‍ണമായ ഒന്നാണ്. അല്ലാഹു കനിഞ്ഞരുളിയതാണ് തന്റെ പങ്കാളിയെന്നു മനസ്സിലാക്കി സ്‌നേഹം ഉപാധികളില്ലാതെ അവര്‍ക്ക്  കൊടുക്കാന്‍ തയ്യാറാകുന്നതിലൂടെ അല്ലാഹുവിനോട് നന്ദി കാണിക്കാന്‍ ശ്രമിച്ചാല്‍ ദാമ്പത്യം സംതൃപ്തമായിരിക്കും.

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം