Home / വിവാഹം / ഇണയെ തെരഞ്ഞെടുക്കേണ്ടതെങ്ങനെ ?

ഇണയെ തെരഞ്ഞെടുക്കേണ്ടതെങ്ങനെ ?

advertised-selectionBy:മര്‍വ അബ്ദുല്ല Source: Islampadasala Link: http://goo.gl/8UkFSa

ഏതൊരാളുടെയും ജീവിതത്തില്‍ ഒരേസമയം വലിയ പ്രതീക്ഷകളും ആവേശവും  അതോടൊപ്പം ആശങ്കകളും  ഉയര്‍ത്തുന്ന സന്ദര്‍ഭമാണ് ജീവിതപങ്കാളിയെത്തേടുന്ന ഘട്ടം. തന്റെ ജീവിതത്തിലേക്ക് താനതുവരെ കാണാത്ത പരിചയപ്പെടാത്ത ഒരാള്‍ കടന്നുവരുന്നതിനാല്‍ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത് പരമ പ്രധാനമായ ഒരു സംഗതിയാണ്.

പക്ഷേ , ഇക്കാലത്ത് വ്യത്യസ്ത സാംസ്‌കാരിക പരിസരങ്ങളില്‍ ജീവിക്കുന്ന സമൂഹങ്ങളിലെ വ്യക്തികളെ സംബന്ധിച്ചിടത്തോളം വിവാഹാലോചനയുടെ നടപടി ക്രമങ്ങളില്‍ പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ വെച്ചു പുലര്‍ത്തുന്നതായി മനസ്സിലാകുന്നു.
വിവാഹ ആലോചനയ്ക്കായി തയ്യാറെടുക്കുമ്പോള്‍ എന്തൊക്കെ ആവാം  എന്തൊക്കെ ആയിരിക്കരുത് എന്നതാണ് ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നത്.
അനസ് (റ)ല്‍ നിന്ന് , മുഹമ്മദ് നബി(സ) പറഞ്ഞു: ഒരാള്‍ വിവാഹിതനാകുന്നതോടെ തന്റെ ദീനിന്റെ പാതി അവന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബാക്കിയുള്ള പാതിയില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ.(ബൈഹഖി)

1. കൃത്യമായ കാഴ്ചപ്പാടുണ്ടായിരിക്കുക
നബി (സ) നമ്മെ പഠിപ്പിക്കുന്നത് എല്ലാ കര്‍മങ്ങളും അതിന്റെ ഉദ്ദേശ്യ ശുദ്ധിയനുസരിച്ചാണ് എന്നാണ്. വിവാഹം  ഒരു കര്‍മമെന്ന നിലക്ക് അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ ആശ്രയിച്ചാണ് പ്രതിഫലാര്‍ഹമാകുന്നത്.  വിവാഹം ഒരു കളി തമാശയല്ല. അത് ജീവിതത്തിലെ നിര്‍ണായക ഘട്ടത്തിന്റെ ഒരുതുടക്കമാണ്. രണ്ടു വിഭിന്ന തലത്തില്‍നിന്നുള്ള വ്യക്തികള്‍ കൂടുതല്‍ ഉത്തമമായതിലേക്ക് പരസ്പരം സ്‌നേഹം പങ്കുവെച്ച് മുന്നേറുന്നവരും പരിശ്രമിക്കുന്നവരുമാണ്.

2. അന്യോന്യം ആശയവിനിമയം ചെയ്യുന്നതില്‍ ദീനീകല്‍പന ലംഘിക്കരുത്
അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചത്. അവന് നമ്മുടെ പ്രകൃതത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവനാണ്. അതിനാല്‍ മറ്റുള്ളവരുമായി ആശയവിനിമയംനടത്തുന്നതില്‍ പ്രത്യേകിച്ചും വിവാഹാലോചനയില്‍ ഇസ്‌ലാമിക മര്യാദ പാലിക്കേണ്ടതുണ്ട്. അവ്വിധം ചെയ്യുമ്പോള്‍ അതില്‍ അല്ലാഹുവിന്റെ അനുഗ്രഹവും ബര്‍കത്തും നമുക്കുറപ്പാക്കാം. കല്യാണാലോചനയുടെ ഭാഗമായി  പെണ്‍കുട്ടിയുമായുള്ള കൂടിക്കാഴ്ച പെണ്ണിന്റെ രക്ഷിതാവിന്റെ  സാന്നിധ്യത്തിലായിരിക്കണം നടത്തേണ്ടത്.  അതൊരിക്കലും ചെക്കനും പെണ്ണും തനിച്ചുള്ളപ്പോഴോ ഉത്തരവാദിത്തപ്പെട്ടവരുടെ അസാന്നിധ്യത്തിലോ നടത്താന്‍ പാടുള്ളതല്ല.

3. താങ്കളുടെ തനിമയെ വ്യക്തമാക്കുക
കല്യാണാലോചനയുമായി ചെല്ലുമ്പോള്‍ ഏറ്റവുംനന്നായി എന്നാല്‍ തനിമ നിലനിര്‍ത്തി നിങ്ങളെ അവതരിപ്പിക്കുക. നിങ്ങളാരാണെന്നും താല്‍പര്യങ്ങളെന്തെന്നും വെളിപ്പെടുത്തുംവിധം സംസാരിക്കുക. കൃത്രിമത്വം വരുത്താതിരിക്കുക. മേക്കപ്പുകള്‍ ഒഴിവാക്കുക. നിറമുള്ള കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കാതിരിക്കുക. ഇതിനര്‍ഥം ഏറ്റവും നന്നായി ആളുകളെ ആകര്‍ഷിക്കും വിധം തയ്യാറെടുപ്പുവേണ്ടയെന്നല്ല. മറിച്ച്  ഇല്ലാത്തത് കെട്ടിവെക്കാന്‍ ശ്രമിക്കരുത് എന്നുമാത്രമാണ്.

4. വഞ്ചനാത്മകമായി കാര്യങ്ങളെ അവതരിപ്പിക്കരുത്
വിവാഹാലോചനയില്‍ പലപ്പോഴും നടക്കുന്ന വഞ്ചനാത്മകമായ വര്‍ത്തമാനങ്ങള്‍ വിവാഹാനന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ട്. അതിനാല്‍ നിങ്ങളുടെ സാമ്പത്തികനില, കുടുംബബന്ധം, ആരോഗ്യം, ജോലി , വിദ്യാഭ്യാസയോഗ്യത തുടങ്ങി അടിസ്ഥാനവിഷയങ്ങളില്‍  ഒരിക്കലും നുണപറയാതിരിക്കുക. നിങ്ങള്‍ പറയുന്നതിലും ചെയ്യുന്നതിലും തഖ്‌വ പുലര്‍ത്തുക.  വിവാഹാലോചന നടത്തുന്ന കക്ഷികളെ തെറ്റുധരിപ്പിക്കാതെയും ചതിക്കാതെയും  കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.

5. വിവാഹാന്വേഷണം ഇന്റര്‍വ്യൂ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക
ഒരിക്കല്‍ വിവാഹാലോചനയുമായി വന്ന ചെക്കനും പെണ്ണിന്റെ കൂട്ടരും സംസാരത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഏതാനും ചോദ്യാവലികള്‍ തയ്യാറാക്കിക്കൊണ്ടുവന്നു. ഇരു കൂട്ടര്‍ക്കും (ചെക്കനും പെണ്ണിനും) പരസ്പരം മനസ്സിലാക്കാന്‍ അത് വളരെ സഹായകരമായിരിക്കുമെന്നാണ് അവര്‍ കരുതിയത്. ചോദ്യങ്ങള്‍ ചോദിക്കാം പക്ഷേ അത് ഇന്റര്‍വ്യൂ ആകരുത്. എന്നല്ല, അത്തരം ചോദ്യാവലികള്‍ ആരുടെയും വ്യക്തിത്വത്തെ മുഴുവനായി വെളിപ്പെടുത്തുമെന്ന് കരുതുന്നത് മൗഢ്യമാണ്. കുറേ വിവരങ്ങളുടെ ശേഖരമല്ല വ്യക്തിത്വം. ഓര്‍ക്കുക! ബന്ധുക്കളുടെ കൂട്ടത്തിലായിരിക്കെ സംസാരിക്കുകയാണെങ്കില്‍ വ്യക്തിത്വം എളുപ്പം പിടികിട്ടും.

6. ഭാവി പങ്കാളിയെപ്പറ്റി  അമിത സങ്കല്‍പങ്ങള്‍ നെയ്തുകൂട്ടരുത്
നിങ്ങളുടെ സങ്കല്‍പത്തിലെ പങ്കാളിയുമായി സാമ്യം തോന്നുന്നില്ലെന്ന് വിചാരിച്ച് വിവാഹാലോചനയുമായി വന്ന കൂട്ടരോട് സംസാരിക്കാന്‍ വിസമ്മതം കാണിക്കരുത്. എല്ലാം തികഞ്ഞ പങ്കാളിയെന്നൊന്നില്ല. ശരിയായ പങ്കാളിയാണ് പ്രായോഗികമാവുന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ശരിയായ പങ്കാളിയെ ലഭിക്കാനാണ് നമ്മുടെ മനസ്സിനെ സജ്ജമാക്കേണ്ടത്. അതിനാല്‍ പൊക്കമുള്ളതോ, കുറിയതോ, മെലിഞ്ഞതോ, ഇരുണ്ടതോ എന്നിങ്ങനെ പങ്കാളിയെപ്പറ്റി  ആലോചനക്കുള്ള മാനദണ്ഡം നിശ്ചയിക്കാതിരിക്കുക. ഇവയെ പറ്റെ അവഗണിക്കുക എന്നുമല്ല പറഞ്ഞതിനര്‍ഥം .മറിച്ച് എല്ലാറ്റിനുമുപരി ആകര്‍ഷകമായ സ്വഭാവ വൈശിഷ്ട്യത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടതെന്നുചുരുക്കും. നമ്മിലാരുംതന്നെ എല്ലാംതികഞ്ഞവരില്ലെന്ന യാഥാര്‍ഥ്യം മറക്കാതിരിക്കുക.

7. സമ്മര്‍ദ്ദങ്ങള്‍ക്ക്  വഴിപ്പെടാതെ ആലോചിച്ച് വിവാഹമുറപ്പിക്കുക

ഒരൊറ്റ കൂടിക്കാഴ്ചയില്‍തന്നെ പങ്കാളിയുമായി വിവാഹമുറപ്പിക്കാനായി സമ്മതം മൂളരുത്. അതേപോലെ തീരുമാനം അറിയിക്കാന്‍ ആഴ്ചകളെടുക്കരുത്. വളരെ ആലോചിച്ച് പങ്കാളിയുടെ ചുറ്റുപാടുകളും അവസ്ഥകളും എല്ലാം കൂട്ടിക്കിഴിച്ച് അനുയോജ്യമെന്ന് ഉറപ്പുവന്നാല്‍ മറുപടി കൊടുക്കുക.

8. കുടുംബാംഗങ്ങളുമായും കൂട്ടുകാരുമായും ചര്‍ച്ച ചെയ്യുക
പലപ്പോഴും  പലരുടെയും വിവാഹാലോചനയില്‍ കാര്യമായി നടക്കാത്തതാണ് തന്റെ ബന്ധുജനങ്ങളുമായും ദീര്‍ഘനാളത്തെ സൗഹൃദം പുലര്‍ത്തുന്ന സുഹൃത്തുക്കളുമായുമുള്ള വിവാഹസംബന്ധിയായ ചര്‍ച്ചകള്‍. നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുള്ള അവര്‍ക്ക് എവ്വിധമുള്ള പങ്കാളിയാണ് നമുക്ക് അനുയോജ്യമായത് എന്നതിനെ സംബന്ധിച്ച്  മാര്‍ഗനിര്‍ദ്ദേശം നല്‍കാനാകും. ശരിയാണ് വിവാഹം കഴിക്കുന്നത് നിങ്ങളാണ്. പക്ഷേ, കുടുംബ ബന്ധുക്കള്‍ വിവാഹശേഷവും നിങ്ങളുടെ ബന്ധത്തില്‍ നിലകൊള്ളുന്നു. എല്ലാവരെയും പരിഗണിച്ചുവെന്നും അവരുടെ അഭിപ്രായങ്ങളെ കേട്ടുവെന്നും നമ്മുടെ നിലപാടു തറ വ്യക്തമാക്കിക്കൊണ്ടുതന്നെ അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

9. ഇസ്തിഖാറത്തിന്റെ നമസ്‌കാരം നിര്‍വഹിക്കുക
വിശ്വാസിക്ക് ഏതു നിര്‍ണായകവിഷയത്തിലും തീരുമാനമെടുക്കുംമുമ്പ് ശരിയായ വഴികാണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നമസ്‌കാരത്തിലൂടെ അല്ലാഹുവിനോട് പ്രാര്‍ഥിക്കേണ്ടതുണ്ട്. അല്ലാഹുവിനു മാത്രമേ നമ്മുടെ നന്‍മയും തിന്‍മയും  ആത്യന്തികമായി അറിയാനാകുകയുള്ളൂ. അതിനാല്‍  അവന്റെ ആശ്രയത്തെ എല്ലായ്‌പോഴും അവലംബമാക്കുക.

10. പ്രാര്‍ഥന അധികരിപ്പിക്കുക
തനിക്ക് പരിചിതമായ ഒരു സാഹചര്യത്തില്‍നിന്ന് എന്നെന്നേക്കുമായി തന്റെ ഭാവിജീവിതത്തെ രൂപപ്പെടുത്താന്‍ ഒരാള്‍ വരികയാണ് . അതിനാല്‍ വളരെ ആകാംക്ഷയുണ്ടാക്കുന്ന വിവാഹാലോചന സംരംഭം ആരംഭിക്കുന്നതിനുമുന്നോടിയായി പ്രാര്‍ഥന അധികരിപ്പിക്കുക.
ഈയിടെ വിവാഹം കഴിഞ്ഞ ഒരു പെണ്‍കുട്ടിയുമായി ഞാന്‍ സംസാരിക്കാനിടയായി. പ്രാര്‍ഥനയുടെ പ്രാധാന്യത്തെപ്പറ്റി അവരോടു പറഞ്ഞപ്പോള്‍ അവരെനിക്ക് ഒരു പുസ്തകം എടുത്തുകാണിച്ചുതന്നു. ‘ക്ഷമയും പ്രാര്‍ഥനയും’ എന്നതായിരുന്നു ആ  പുസ്തകം.  ഒട്ടേറെ ആളുകള്‍ ഉപയോഗിച്ചതുപോലെ അതിന്റെ പേജുകള്‍ മുഷിഞ്ഞ്  വക്കുകള്‍ മടങ്ങിയിരുന്നു.’ഈ പുസ്തകം ഞാന്‍ വായിച്ചു. എല്ലാറ്റിനുമുപരി പ്രാര്‍ഥനയാണ് പ്രധാനം എന്നെന്നെ പഠിപ്പിച്ചു.

‘പടച്ചവനേ! ഈ വിവാഹം നടക്കുന്നത് എനിക്ക് നന്‍മ വരുത്തുമെങ്കില്‍  അത് നടക്കാന്‍ തൗഫീഖുചെയ്യേണമേ’, എന്ന് പ്രാര്‍ഥിച്ചതോടൊപ്പം കാത്തിരിപ്പു തുടര്‍ന്നു. ഒത്തിരി സമയമെടുത്തു. നിങ്ങള്‍ ഒരു സംഗതിയെപ്പറ്റി നിരന്തരം പ്രാര്‍ഥിക്കുമ്പോള്‍ അത് സഫലമാകാന്‍ സമയമെടുക്കും. ക്ഷമ കൈക്കൊള്ളേണ്ടിവരും. അവസാനം എന്റെ പ്രാര്‍ഥന ഫലിച്ചു.’ പുഞ്ചിരിയോടെ ആ പെണ്‍കുട്ടി പറഞ്ഞുനിര്‍ത്തി.

(അമേരിക്കയിലെ ജോര്‍ജ് ടൗണിലുള്ള സൗത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പൊളിറ്റികല്‍സയന്‍സില്‍ ബിരുദധാരിയാണ് മര്‍വ അബ്ദുല്ല. റേഡിയോ-ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ ഇസ് ലാമിനെപ്പറ്റിയും അമേരിക്കന്‍ മുസ്‌ലിംകളെപ്പറ്റിയും  സംസാരിക്കാറുണ്ട്).

Check Also

ദാമ്പത്യത്തിന്റെ വിജയ രഹസ്യം.

“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു. എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.