Home / വിവാഹ മോചനം / എങ്ങനെയാവണം ത്വലാഖ്‌

എങ്ങനെയാവണം ത്വലാഖ്‌

ഭാര്യയോട് ഞാന്‍ നിന്നെ മൊഴി ചൊല്ലി, വേര്‍പിരിച്ചു, വിട്ടയച്ചു എന്നിങ്ങനെയുള്ള വ്യക്തമായ പദ പ്രയോഗങ്ങളാലോ അര്‍ഥം വ്യക്തമാകുന്ന വിധത്തിലുള്ള സൂചനാ പ്രയോഗങ്ങളിലൂടെയോ വിവാഹമോചനം ആകാവുന്നതാണ്. രേഖാമൂലം എഴുതി അറിയിക്കുകയും ചെയ്യാം. സംസാരിക്കാന്‍ കഴിയാത്തവന് ആംഗ്യത്തിലൂടെ കാര്യം വ്യക്തമാക്കാം. അകലെയുള്ള ഭാര്യയുടെ അടുത്തേക്ക് സന്ദേശ വാഹകനെ അയക്കുകയും ചെയ്യാമെന്ന് പണ്ഡിതര്‍ക്ക് അഭിപ്രായമുണ്ട്.

ഭാര്യയെ ത്വലാഖ് ചെയ്താല്‍ ഇദ്ദ കാലം തീരുന്നതിനു മുമ്പ് അവളെ തിരിച്ചെടുക്കാന്‍ അനുവദിക്കപ്പെട്ടത് രണ്ട് തവണ ത്വലാഖ് ചെയ്യുന്നതു വരെ മാത്രമാണ്. മൂന്നാം തവണയും ത്വലാഖ് ചെയ്താല്‍ പിന്നെ അവളെ അവന് തിരിച്ചെടുക്കാന്‍ പാടില്ല. വിവാഹാനന്തരം ഒത്തു പോകില്ലെന്ന് ദമ്പതികള്‍ക്ക് ബോധ്യമായാല്‍ കൂടിയാലോചനക്ക് ശേഷം ത്വലാഖ് ചൊല്ലുക. ഇദ്ദ കാലത്ത് തിരിച്ചെടുക്കുകയോ ഇദ്ദയ്ക്ക് ശേഷം പുനര്‍വിവാഹം ചെയ്യുകയോ ചെയ്യുക. വീണ്ടും പൊരുത്തക്കേടുണ്ടാകുമ്പോള്‍ ത്വലാഖ് ചൊല്ലുക. എന്നിട്ട് ഇദ്ദ കാലത്ത് തിരിച്ചെടുക്കുകയോ ഇദ്ദ കാലത്തിന് ശേഷം പുനര്‍വിവാഹം ചെയ്യുകയോ ആവാം. എന്നിട്ടും വിയോജിപ്പിലാകുമ്പോള്‍ വിവാഹമോചനം ചെയ്യുക. മൂന്നാം തവണ ത്വലാഖ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ അവളെ തിരിച്ചെടുക്കാനോ പുനര്‍വിവാഹം ചെയ്യാനോ പാടുള്ളതല്ല. എന്നാല്‍ മറ്റൊരു പുരുഷന്‍ സ്വാഭാവിക നിലയില്‍ അവളെ വിവാഹം ചെയ്യുകയും അവന്‍ ന്യായമായ കാരണങ്ങളാല്‍ വിവാഹ മോചനം നേടുകയും ചെയ്താല്‍ ആദ്യ ഭര്‍ത്താവിന് ആവശ്യമെങ്കില്‍ അവളെ വിവാഹം ചെയ്യാന്‍ അനുവാദമുണ്ട്.

എന്നാല്‍ അതിനായി മറ്റൊരാള്‍ താല്‍ക്കാലികമായി വിവാഹം ചെയ്യാനും എന്നിട്ട് മൊഴി ചൊല്ലാനും പാടില്ല. ‘ചടങ്ങു നില്‍ക്കല്‍ ‘ എന്ന ഈ നാട്ടാചാരം അനിസ്‌ലാമികമാണ്. കോപിഷ്ഠന്‍, ലഹരി ബാധിതന്‍, നിര്‍ബന്ധിതന്‍, രോഗികള്‍, പടുവൃദ്ധര്‍ എന്നിവരുടെയൊന്നും വിവാഹ മോചനം സാധൂകരിക്കപ്പെടുകയില്ല.

Check Also

ത്വലാക്കിനോടടുക്കുമ്പോള്‍

ലോകമാകമാനം വിവാഹ മോചനങ്ങള്‍ അധികരിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴും ആളുകള്‍ പറയുന്നത് എങ്ങിനെ ഒരു വിജയകരമായ ദാമ്പത്യം പടുത്തുയര്‍ത്താം എന്നതിനെപ്പറ്റിയാണ്. ശുഭാപ്തി വിശ്വാസമാണ് ആ ഒരു ചിന്തക്കും ചോദ്യത്തിനും പിന്നില്‍ എന്നറിയാം. അതെ സമയം കൂടി വരുന്ന വിവാഹ മോചന നിരക്കിനെ നേരെ കണ്ണടക്കാന്‍ നമുക്ക് കഴിയുകയില്ല.