By: Selma Cook
ലോകമാകമാനം വിവാഹ മോചനങ്ങള്‍ അധികരിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴും ആളുകള്‍ പറയുന്നത് എങ്ങിനെ ഒരു വിജയകരമായ ദാമ്പത്യം പടുത്തുയര്‍ത്താം എന്നതിനെപ്പറ്റിയാണ്. ശുഭാപ്തി വിശ്വാസമാണ് ആ ഒരു ചിന്തക്കും ചോദ്യത്തിനും പിന്നില്‍ എന്നറിയാം. അതെ സമയം കൂടി വരുന്ന വിവാഹ മോചന നിരക്കിന് നേരെ കണ്ണടക്കാന്‍ നമുക്ക് കഴിയുകയില്ല.
ത്വലാക് അനിവാര്യമാകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അത്തരം ഘട്ടങ്ങളില്‍ എങ്ങിനെ അത് എളുപ്പമാക്കാം എന്നതിനെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. ഒരു വിവാഹം വിജയകരമായി നടത്തുന്നതിനേക്കാള്‍ പ്രയാസകരമാണ് ഒരു വിവാഹ മോചനം വിജയിപ്പിക്കുക എന്നത്. ഒരാള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെങ്കില്‍ അയാളുടെ മനസ്സ് മുഴുവന്‍ പ്രതീക്ഷകളും സന്തോഷങ്ങളും കൊണ്ട് നിറഞ്ഞിരിക്കും. ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായിരിക്കും ഉള്ളു നിറയെ.
പക്ഷെ വിവാഹ ബന്ധത്തില്‍ നിന്ന് പിരിയാന്‍ തുടങ്ങുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ജീവിതം നിരാശകൊണ്ടും വിരക്തി കൊണ്ടും വെറുപ്പ് കൊണ്ടും നിറഞ്ഞിരിക്കുകയായിരിക്കും. ഈ വികാരങ്ങള്‍ മനുഷ്യനെ ഒരു നെഗറ്റിവ് മാനസികാവസ്ഥയില്‍ നിന്നും പുറത്തു വരുന്നതിനെ തടയുന്നു. പോസിറ്റീവ് ആയി ചിന്തിക്കാന്‍ അങ്ങനെ ഉള്ളവര്‍ക്ക് കഴിഞ്ഞെന്നു വരില്ല.വീണ്ടും ഒരു നല്ല ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ അവര്‍ക്ക് പ്രയാസപ്പെടേണ്ടി വരും.
ത്വലാക്കില്‍ ഏര്‍പ്പെടുന്ന ദമ്പതിമാര്‍ മാത്രമല്ല, അവരുടെ മക്കളും കുടുംബക്കാരും അതിന്റെ ഭാഗമാണ്. അവര്‍ക്കും അവരുടെതായ നിലപാടുകള്‍ ഉണ്ടായിരിക്കും. അവയൊക്കെ കൂടിയാകുമ്പോള്‍ ഒരു പക്ഷെ വിവാഹ മോചിതരാകുന്ന രണ്ടു പേരുടെയും മന പ്രയാസങ്ങളെ കൂട്ടുവാനും കാരണമായേക്കാം. കുട്ടികള്‍ യുദ്ധക്കളത്തില്‍ പെട്ട് പോയവരെ പോലെയാണ് വിവാഹ മോചനത്തിന്റെ കാര്യത്തില്‍ .വിവാഹ ബന്ധത്തിനുള്ളില്‍ നിന്നും സ്നേഹവും സമാധാനവും നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ആ ദാമ്പത്യം ഒരു യുദ്ധക്കളം പോലെതന്നെയാണ്. പരസ്പരം വെറുപ്പും വിദ്വേഷവും ഉണ്ടായിക്കഴിഞ്ഞാല്‍ അതിനിടയില്‍ കിടന്നു കുഴങ്ങുന്നത് പക്ഷെ സ്വന്തം മക്കള്‍ തന്നെയായിരിക്കും. നിഷ്കളങ്കരായ കൊച്ചു മക്കളാണ് ഉമ്മ ബാപ്പമാരുടെ ഈ പോരിന്റെ എല്ലാ ചീത്ത വശങ്ങല്ലും അനുഭവിക്കേണ്ടി വരുന്നതും. അതുകൊണ്ട് തന്നെ ഇനി വിവാഹ മോചനത്തില്‍ തന്നെയാണ് ഈ പോര് അവസാനിക്കുന്നതെങ്കില്‍ നഷ്ടത്തിലാകുന്നതു മക്കള്‍ തന്നെയാണ്.
ഓര്‍ക്കുക, ത്വലാക്കില്‍ ഒരിക്കലും വിജയികള്‍ ഇല്ല. എല്ലായ്പോഴും അല്ലാഹുവിനെ സ്മരിക്കുക. എല്ലാത്തിനെയും നേരിടാനും മറികടക്കാനുമുള്ള ശക്തി തരണേ എന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും മനസ്സിനെ ഉറപ്പുള്ള ഒന്നാക്കി മാറ്റുകയും ചെയ്യുക. അങ്ങിനെ വരുമ്പോള്‍ സംയമനത്തോടെ കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകുവാന്‍ വിവാഹ മോചനത്തില്‍ എര്‍പെടുന്നവര്‍ക്ക് കഴിയും. പിരിയുമ്പോഴും പരസ്പരം കാരുണ്യത്തിലായിരിക്കുക. അതുവഴി സമാധാനപരമായ ഒരു ത്വലാക്ക് സാധ്യമാകും. തുടര്‍ന്നുള്ള ജീവിതത്തില്‍ സന്തോഷം കണ്ടെത്തുവാനും പരസ്പരം സഹകരിക്കുവാനും കഴിയും. അതിന്റെ നല്ല ഗുണങ്ങള്‍ ലഭിക്കുന്നത് മക്കള്‍ക്ക് തന്നെ ആയിരിക്കും. നമ്മളെത്തന്നെ സ്വയം അറിയലാണ് ഏതൊരു ബന്ധവും നല്ല രീതിയില്‍ കൊണ്ട് പോകുവാനുള്ള ഏറ്റവും നല്ല വഴി. നാം നമ്മോടു തന്നെ സത്യസന്ധരായിരുന്നാല്‍ മറ്റുള്ളവരോടും അങ്ങനെയാകുവാന്‍ നമ്മളെക്കൊണ്ടാകും.
തന്റെ ബന്ധം തകര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ഒരാള്‍ക്ക് മനസ്സിലായി കഴിഞ്ഞാല്‍ തിരിച്ചറിവായി മനസ്സില്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങള്‍ക്ക് ഭാര്യയെ /ഭര്‍ത്താവിനെ സ്നേഹിക്കുവാന്‍ കഴിയുന്നില്ല, അയാളുമൊത്തുള്ള ബന്ധം മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയില്ല എന്ന് കണ്ടെത്തുമ്പോള്‍ അയാള്‍ ഒന്നിനും കൊള്ളാത്ത, തീര്‍ത്തും മൂല്യമില്ലാത്ത ഒരാളാണെന്ന് കരുതി വക്കരുത്. നല്ല വശങ്ങളൊന്നുമില്ലാത്ത ഒരു മോശം വ്യക്തിയാണ് അയാളെന്നു വിചാരിക്കരുത്. അങ്ങിനെ ചിന്തിച്ചാല്‍ ഒരിക്കലും സ്വസ്ഥത ലഭിക്കുകയില്ല രണ്ടു പേര്‍ക്കും. അല്ലാഹുവിനെ കണ്ടു മുട്ടേണ്ടവരാണ് രണ്ടു പേരും എന്ന വസ്തുത മനസ്സിലാക്കി വക്കുക.
ഒരു പക്ഷെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം വാക്കുകള്‍ കൊണ്ട് മുറിവേല്പിച്ചിരിക്കാം. ‘അവള്‍ അങ്ങിനെ പറഞ്ഞു, അയാള്‍ അങ്ങിനെ ചെയ്തു ‘ എന്നൊക്കെ ആവര്‍ത്തിക്കുന്നതിനു പകരം പരസ്പരം പൊറുക്കുകയും വിട്ടു വീഴ്ച ചെയ്യുകയും ചെയ്യുക. തെറ്റ് മനുഷ്യ സഹജമാണ്. പക്ഷെ പൊറുക്കുക എന്നത് ദൈവീകമായ ഒരു കാര്യമാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനാണ്. അതുകൊണ്ട് തന്നെ പൊറുക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയും ചെയ്യും. തങ്ങള്‍ പിരിയുമ്പോള്‍ തങ്ങളുടെ നിഷ്കളങ്കരായ മക്കളുടെ മുഖത്തേക്ക് നോക്കി നിങ്ങളെ അല്ല ഞങ്ങള്‍ പിരിയുന്നതെന്ന ഉറപ്പു കൊടുക്കുവാനും നിങ്ങള്‍ക്ക് കഴിയണം.
ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ മാത്രമേ മാറ്റം വരുന്നുള്ളൂ. മാതാപിതാക്കള്‍ എന്ന സ്ഥാനത്തിനു ഒരു മാറ്റവും വന്നു കൂടാ. വളര്‍ന്നു കഴിയുമ്പോള്‍ സ്വന്തം മക്കളെ നിങ്ങള്‍ക്കെതിരിലാക്കുന്ന ഒന്നും തന്നെ നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ. കുട്ടികള്‍ക്കൊരിക്കലും സ്വന്തം മാതാ പിതാക്കളെ പിരിയുവാന്‍ കഴിയുകയില്ല.അത് കൊണ്ട് തന്നെ പരസ്പരമുള്ള ദേഷ്യവും വെറുപ്പും മൂലം നിങ്ങള്‍ നിങ്ങളുടെ മുന്‍ ഭാര്യയെ/ഭര്‍ത്താവിനെ സ്വന്തം കുട്ടി കാണരുതെന്ന് ശഠിക്കുന്നത് ശരിയല്ല. കുട്ടികളുടെ മുന്‍പില്‍ മറ്റേ ആളെ മോശമാക്കി സംസാരിക്കുന്നതും ഉചിതമല്ല. അത് നിങ്ങളില്‍ തന്നെയാണ് ദോഷം ഉണ്ടാക്കുക.അത് കുട്ടിയെ മോശമായി ബാധിക്കുകയും ചെയ്യും. സ്വന്തം പിതാവ്/മാതാവ് മോശമാണെന്ന് അറിഞ്ഞാല്‍ താനും മോശക്കാരനാനെന്നു കുട്ടി ചിന്തിക്കാനിടയുണ്ട്. അങ്ങിനെ ഉണ്ടായിക്കൂടാ. മറ്റേ ആളെ പുകഴ്ത്തുക വഴി സ്വയം ഇകഴ്ത്തുകയാണെന്നു നിങ്ങള്‍ക്ക് തോന്നിയേക്കാം.അത് ശരിയല്ല.
അല്ലാഹു പറയുന്നു: നല്ലതും ചീത്തയും സമമാവുകയില്ല.ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക..(41:34) സൗഹൃദത്തിലും വിവാഹത്തിലും മാത്രമല്ല, വിവാഹ മോചനത്തിന്റെ കാര്യത്തിലും അത് സത്യം തന്നെയാണ്. ത്വലാക്കിനു ശേഷമുള്ള ഇരുവരുടെയും പരസ്പരം ബന്ധം എങ്ങിനെ ആയിരിക്കും. കുഞ്ഞുങ്ങളെപ്പറ്റിയും, അവരുടെ പരിചരണത്തെയും പറ്റിയൊക്കെ പരസ്പരം ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും. പരസ്പരം സഹകരിച്ചു കൊണ്ട് പ്രശ്നങ്ങളെ നേരിടുവാന്‍ തയ്യാറാവുകയും ചെയ്യുന്നതാകും നല്ലത്. അത് കുട്ടികള്‍ക്ക് നല്ലൊരു മാതൃകയാവുകയും ചെയ്യും. വിവാഹ മോചിതരായവരുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല രീതിയില്‍ വളരാന്‍ കഴിയും. വിവാഹ മോചിതരായ രണ്ടു പേര്‍ക്കും പരസ്പരം പൊറുക്കുവാനും ജീവിതത്തില്‍ മുന്നോട്ട് പോകുവാനും കഴിയും. അവര്‍ പരസ്പരം നന്മകളെ തിരിച്ചറിയുകയും അത് മക്കളോട് പങ്കു വെക്കുകയും ചെയ്യണം. അത് പിരിഞ്ഞ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യവുമാണ്…