വിവാഹത്തിനു തയ്യാറെടുക്കുന്ന ഏതൊരാളുടെയും മനസ്സിലേക്ക് ആദ്യമെത്തുന്നത് തന്റെ പങ്കാളിയാകേണ്ട ആള്‍ക്ക് വേണ്ടുന്ന സ്വഭാവ ഗുണങ്ങളും സവിശേഷതകളും ആയിരിക്കും. ചിലര്‍ ബാഹ്യ സൌന്ദര്യത്തെപ്പറ്റി ആയിരിക്കും ചിന്തിക്കുന്നത്. തൊലിയുടെ നിറത്തെപ്പറ്റിയും
മറ്റു അഴകളവുകളെയും പറ്റിയായിരിക്കും അവര്‍ ആലോചിക്കുക.
നന്നായി പാചകം അറിയുന്നവരെ ആയിരിക്കും ചിലര്‍ ആഗ്രഹിക്കുക. സ്ത്രീകള്‍ മിക്കവാറും ദീനി ആയ ഒരാളെ ആയിരിക്കും ആഗ്രഹിക്കുന്നത്. അറബി പഠിക്കുന്ന ആളുകളെ ഇണയാക്കുന്ന ഒരു പ്രവണത ഈയിടെ ആയി ആളുകളില്‍ കണ്ടു വരുന്നുണ്ട്.
സ്വന്തം ഭാര്യക്ക്/ഭര്‍ത്താവിനു ഉണ്ടാവേണ്ട ഗുണ ഗണങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ചിലര്‍ ഉണ്ടാക്കുന്നു. ഇണയെ തേടിയുള്ള തിരച്ചിലും ആ ലിസ്റ്റിനനുസരിച്ചായിരിക്കും പിന്നെ നടത്തുന്നതും.
ഒരു നിമിഷം നിങ്ങള്‍ നിങ്ങളില്‍ നിന്ന് തന്നെ മാറി നിന്ന് ചിന്തിച്ചു നോക്കൂ. മറ്റൊരാളായി നിങ്ങളെ വിലയിരുത്തൂ. എന്നിട്ട് സ്വയം ചോദിച്ചു നോക്കുക, നിങ്ങള്‍ നിങ്ങളെത്തന്നെ വിവാഹം കഴിക്കാന്‍ തയാറാവുമോ? ‘ഇന്നത്തെ നിങ്ങള്‍ ’ മറ്റൊരാളുടെ ഇണയായിരിക്കാന്‍ മാത്രം നല്ല ഗുണങ്ങളുള്ള ഒരാളാണോ എന്ന് വിലയിരുത്തുക.
സ്വന്തത്തോട് തന്നെ സത്യസന്ധരാണെങ്കില്‍ ചിലര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയും തന്നില്‍ തന്നെയുള്ള ന്യൂനതകള്‍ . നിങ്ങള്‍ നിങ്ങളുടെ ഇണയില്‍ ആഗ്രഹിക്കുന്ന പ്രത്യേകതകളും നന്മകളും നിങ്ങളില്‍ ഇല്ല എന്നാ സത്യം നിങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്യും.
ഒരുപക്ഷേ നിങ്ങള്‍ക്കറിയാമായിരിക്കാം, വിവാഹം ശരിക്കും പ്രയാസകരമായ ഒന്നാണ്. അതിനെ അനുഭവിക്കുന്നവര്‍ക്ക് നന്നായറിയാം, ഒരു ദാമ്പത്യം ആവശ്യപ്പെടുന്നത് ക്ഷമയും, നയങ്ങളും, വിവേകവും, യുക്തിയും, സഹന ശക്തിയുമൊക്കെയാണ്.
ഈ ഗുണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വിവാഹം കഴിക്കാനുള്ള അര്‍ഹതയില്ല എന്നൊന്നുമല്ല പറഞ്ഞു വരുന്നത്. വിവാഹം കഴിക്കാന്‍ വല്ലാതെ ആഗ്രഹിച്ചു നടക്കുന്ന ചിലരുണ്ട്. പക്ഷെ സ്വാര്‍ഥതയും, പിടിവാശിയുമൊക്കെയായിരിക്കും അവരുടെ മനസ്സിനെ അടക്കി വാഴുന്നത്.
മറ്റുള്ളവരെ വിമര്‍ശിക്കാന്‍ ഇത്തരക്കാര്‍ക്ക് വല്ലാത്ത ഉത്സാഹമായിരിക്കും. അതെ സമയം സ്വന്തം കുറവുകളെ വിമര്‍ശിക്കപ്പെടുവാന്‍ അവര്‍ ആഗ്രഹിക്കുന്നുമുണ്ടാവില്ല. ഇത്തരം കുറവുകളെ നികത്തിയതിനു ശേഷം മാത്രമേ ഒരു വിവാഹ ബന്ധത്തിലേര്‍പ്പെടാവൂ എന്ന വസ്തുതയെ അവര്‍ തള്ളിക്കളയുകയും ചെയ്യും. ഒന്നാലോചിച്ചു നോക്കൂ ഇത്തരത്തിലുള്ള ഒരാളെ നിങ്ങള്‍ വിവാഹം കഴിക്കാന്‍ തയ്യാറാവുമോ? ഇതേ പ്രശ്നങ്ങള്‍ നിങ്ങളിലാണ് ഉള്ളതെങ്കില്‍ നിങ്ങളെ ആരെങ്കിലും ഇണയായി സ്വീകരിക്കുമോ?
വളരെ ഗൗരവമേറിയ ഒരു ബന്ധമാണ് ദാമ്പത്യം. അത് കൊണ്ട് തന്നെ ഇത്തരം മോശം ഗുണങ്ങളുള്ള ഒരാളെ വിവാഹം കഴിച്ചാല്‍ ദാമ്പത്യം വലിയ പരാജയങ്ങളിലേക്കാവും ചെന്നെത്തുക.
എന്ന് വച്ചു ഇത്തരക്കാര്‍ക്ക് വിവാഹം കഴിക്കാന്‍ യുഗങ്ങളോളം കാത്തിരിക്കണമെന്ന് അര്‍ത്ഥമില്ല.
അത്യുന്നതനായ അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ട് മനുഷ്യര്‍ തങ്ങളിലുള്ളതിനെ തിരുത്താതെ അല്ലാഹു മനുഷ്യന്റെ അവസ്ഥയെ മാറ്റുകയില്ല എന്ന്. ഒരു നല്ല പ്രതീക്ഷയെ ആണ് അല്ലാഹു നല്‍കുന്നത് ഇത് വഴി. എന്തൊക്കെ പ്രയാസങ്ങള്‍ അനുഭവിച്ചാലും ഒരു നല്ല നാളെ ഉണ്ടാകുമെന്നാണ് എല്ലാ മനുഷ്യരും പ്രതീക്ഷിക്കുന്നതും.
ഒരു കരാറിലൂന്നിയ പ്രതീക്ഷയാണ് അല്ലാഹു ഈ സൂക്തത്തിലൂടെ നല്‍കുന്നത്. എന്ന് വച്ചാല്‍ നമ്മളിലെ പ്രശ്നം കണ്ടു പിടിക്കുക എന്ന ആദ്യത്തെ ചുവടു വയ്പ്പ് നമ്മള്‍ തന്നെയാണ് നടത്തേണ്ടത്. നമ്മളിലുള്ള ചീത്ത ഗുണങ്ങളെ തിരിച്ചറിയാതെ നമ്മളെ സ്വയം തിരുത്തുവാന്‍ കഴിയില്ല.
തങ്ങളില്‍ തെറ്റ് കുറ്റങ്ങളൊന്നും ഇല്ലെന്നു വാദിക്കുന്ന ആളുകള്‍ക്ക് ഒരിക്കലും തങ്ങളുടെ ചീത്ത വശം മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. ആദ്യം ചെയ്യേണ്ടത് തന്നില്‍ മോശം കാര്യങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കുകയാണ്. ഒരിക്കല്‍ ആ സത്യം അംഗീകരിക്കാന്‍ കഴിഞ്ഞാല്‍ പിന്നീട് ചെയ്യേണ്ടത് ആത്മാര്‍ഥമായി ശ്രദ്ധയോടെ ആ നെഗറ്റീവ് കാര്യങ്ങളെ തകര്‍ക്കുക എന്നതാണ്.
ശ്രദ്ധ , ഇക്കാര്യത്തില്‍ വളരെ അത്യന്താപേക്ഷികമായ ഒന്നാണ്. ശുഷ്കാന്തിയോടെയും അതീവ ശ്രദ്ധയോടെയും ശ്രമിച്ചാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നമ്മളിലുള്ള കുറ്റങ്ങളെ ഇല്ലായ്മ ചെയ്യാന്‍ നമുക്കാവും.
അതുകൊണ്ട് തന്നെ, ഒരു പേനയുമായി ഭാര്യ/ഭര്‍ത്താവിനു ഉണ്ടാകേണ്ട സവിശേഷതകളെ കുറിച്ചു വയ്ക്കുന്നതിനു മുന്‍പേ തന്നില്‍ തന്നെയുള്ള തിരുത്തേണ്ട കാര്യങ്ങളെ ലിസ്റ്റ് ചെയ്തു വക്കുക. എന്നിട്ട് അതിന്മേല്‍ ചെയ്യാനാവുന്ന നടപടികള്‍ സ്വീകരിക്കുക. അല്ലാഹു ഒരു നല്ല ഇണയെ നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നതായിര്‍ക്കും.