വിവേകവും വിവേചന ശേഷിയുമുള്ള മനുഷ്യന് ജന്തു ജാലങ്ങളെ പോലെ ഇണ ചേരണമെന്നു തോന്നുമ്പോള്‍ പ്രകടിപ്പിക്കുന്ന മൃഗീയ തൃഷ്ണയല്ല മനുഷ്യരിലെ ലൈംഗികതയെന്നും അത് അംഗീകൃതവും നീതി യുക്തവും വിവേചന പരമായും ക്രമപ്പെടുത്തിയ ഉദാത്തമായ ഒരു ചോദനയാണെന്നും ഇസ്ലാം വിലയിരുത്തുന്നു. അതുകൊണ്ടു തന്നെയാണ് ഇണ ചേരല്‍ ദൈവത്തിന്റെ പക്കല്‍ പ്രതിഫലാര്‍ഹമായ പുണ്യമാണെന്ന് പ്രവാചകന് (സ) അറിയിച്ചത്. ”നിങ്ങളുടെ ഇണ ചേരലിലും പുണ്യമുണ്ട്.”
ലൈംഗിക ബന്ധത്തിലെ പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങളാണ് സംഭോഗവും സംഭോഗപൂര്‍വ ലീലകളും സംഭോഗാനന്തര ലീലകളുമാണ്. അവയോരോന്നിന്റെയും പ്രാധാന്യത്തെ വിലയിരുത്തുന്ന നിരവധി മഹദ് വചനങ്ങളുണ്ട്. ”നിങ്ങളിലാരെങ്കിലും തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ പക്ഷികളെപ്പോലെയാകരുത്. സാവകാശം കാണിക്കുകയും ക്ഷമ പാലിക്കുകയും ചെയ്യുക.” (ത്വൂസി).
മറ്റൊരിക്കല്‍ നബി (സ) പറഞ്ഞു. ”നിങ്ങള്‍ മൃഗങ്ങളെപ്പോലെ പെട്ടെന്ന് ചാടിക്കയറി സംഭോഗം നടത്തരുത്. ആദ്യം ഒരു ദൂതന് ഇടയില്‍ പ്രവര്‍ത്തിക്കണം.” അനുചരന്മാരിലൊരാള് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ആരാണാ ദൂതന്? നബി പറഞ്ഞു, ”ചുംബനവും പ്രേമസല്ലാപവും.” ഇത് ലൈംഗികമായി ഇണയെ തൃപ്തിപ്പെടുത്താനും സ്വയം ആസ്വദിക്കാനും സംഭോഗ പൂര്‍വ ലീലകളായ ചുംബനം, പ്രേമ സല്ലാപം, തലോടല്‍ തുടങ്ങിയവയെല്ലാം പ്രധാനമാണെന്ന് അര്‍ഥമാക്കുന്നു. ഒരിക്കല്‍ നബി (സ) പറഞ്ഞതായി അനസ്ബ്നു മാലിക് നിവേദനം ചെയ്തു. ”നിങ്ങളിലൊരാള്‍ സ്ത്രീയുമായി ശയിക്കുമ്പോള്‍ അവള്‍ക്കു കുറേ ദാനമായി നല്‍കണം. തന്റെ ആവശ്യം ആദ്യം പൂര്‍ത്തിയായാല്‍ പിന്നീട് ധൃതി കാണിക്കരുത്. അവളുടെ ആവശ്യം അവള്‍ക്കും പൂര്‍ത്തിയാവട്ടെ.”
ലൈംഗിക വേഴ്ചയുടെ രീതിയെക്കുറിച്ചും മൈഥുന സ്വഭാവത്തെക്കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്. ”നിങ്ങളുടെ സ്ത്രീകള്‍ നിങ്ങള്‍ക്ക് കൃഷി സ്ഥലമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നിങ്ങളുടെ കൃഷി സ്ഥലത്തെ പ്രാപിച്ചുകൊള്ളുക”(2: 223).
ഇസ്ലാം അനുവദിച്ച പരിധിയില്‍ നിന്നുകൊണ്ട് ലൈംഗിക സംതൃപ്തി നേടാനും ലൈംഗിക സുഖം ആസ്വദിക്കാനുള്ള അനുവാദവും സ്വാതന്ത്ര്യവും ദമ്പതിമാര്‍ക്കുണ്ട്. വിവിധ മൈഥുന രീതികളിലൂടെ ലൈംഗിക സംതൃപ്തി നില നിര്‍ത്താന്‍ ദമ്പതിമാര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ”എനിക്ക് വേണ്ടി എന്റെ ഭാര്യ സുന്ദരിയായി അണിഞ്ഞൊരുങ്ങുന്നത് പോലെ അവള്‍ക്കായി ഞാനും അലങ്കാരങ്ങളണിയുന്നു” എന്ന ഇബ്നു അബ്ബാസി(റ)ന്റെ പ്രസ്താവന സൗന്ദര്യ ബോധം സ്ത്രീയെപ്പോലെ തന്നെ പുരുഷനും അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony