Home / ആരോഗ്യം / ആദ്യഗര്‍ഭം എപ്പോള്‍ ?

ആദ്യഗര്‍ഭം എപ്പോള്‍ ?

delivryവിവാഹം കഴിഞ്ഞ് ആദ്യ വര്‍ഷങ്ങള്‍ ‘ലോംഗ് ഹണി മൂണി’നായി മാറ്റിവയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്  യുവതീ യുവാക്കളിലേറെയും. എന്നാല്‍ ആദ്യ കാലത്ത് കുഞ്ഞ് ‘വേണ്ടെന്നു വയ്ക്കുന്ന’വര്‍ പിന്നീട് വന്ധ്യതാ ചികിത്സകരുടെ ഒരിക്കലും അവസാനിക്കാത്ത ഗവേഷണങ്ങള്‍ക്ക് ഇരയാകുന്നത് ഇക്കാലത്തെ പതിവു കാഴ്ചയാണ്. യുവാവും യുവതിയുമെന്ന രണ്ടു വ്യക്തികള്‍ ദമ്പതികളെന്ന ഒറ്റ സ്വത്വത്തിലേക്കുള്ള മാറ്റത്തിന് അല്‍പകാലം എടുക്കുമെന്നത് സ്വാഭാവികം. എങ്കിലും അതിനു ശേഷം കടന്നു വന്നേക്കാവുന്ന ശൂന്യതയെ ആഘോഷമാക്കാനും ‘കുടുംബ’ത്തിന്റെ സൃഷ്ടിക്കും ഒരു കുഞ്ഞിന്റെ കടന്നു വരവ് എത്രമാത്രം പ്രധാനമാണെന്ന് അതില്ലാത്ത ഏതെങ്കിലും ഒരു കുടുംബത്തിന്റെ മാത്രം ഉദാഹരണമെടുത്താല്‍ മനസ്സിലാകും.
വളരെ ചുരുങ്ങിയ ഇടവേളകളില്‍ തുടരെത്തുടരെയുള്ള ഗര്‍ഭധാരണവും പ്രസവവും മുലയൂട്ടലും മാതാവിന്റെ ആരോഗ്യത്തെ മാത്രമല്ല, അതിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ആവശ്യമായ ഇടവേളകളില്ലാത്ത പ്രസവം രക്തവാര്‍ച്ചയുണ്ടാക്കുകയും ഗര്‍ഭാശയഭിത്തികളെ ദുര്‍ബലമാക്കുകയും തദ്ഫലമായി ഗര്‍ഭാശയ ഭിത്തി പൊട്ടിത്തകരുകയും ചെയ്യുന്നതിന് കാരണമാകാനുമിടയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗര്‍ഭധാരണ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കാം.

ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: ”നബിയുടെ കാലത്ത് ഞങ്ങള്‍ അസ്ല്‍ (സംഭോഗവേളയില്‍ ശുക്ലം യോനിയില്‍ പതിക്കാതെ പുറത്ത് ഒഴിവാക്കല്‍ ) ചെയ്തിരുന്നു. തിരുമേനി അറിഞ്ഞിട്ടും അത് നിരോധിച്ചിരുന്നില്ല”(മുസ്‌ലിം).രണ്ടു വയസ്സുവരെയെങ്കിലും കുഞ്ഞിന് മുലയൂട്ടല്‍ നിര്‍ബന്ധമാണെന്നു പറയുന്ന മതം അതുകൊണ്ടു തന്നെ കുട്ടികള്‍ക്കിടയില്‍ ചുരുങ്ങിയത് മൂന്നു വയസ്സെങ്കിലും വ്യത്യാസം ഉണ്ടാവണമെന്നും പരോക്ഷമായി പഠിപ്പിക്കുന്നു. വിവാഹം കഴിഞ്ഞതു മുതല്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമം സംഭവിക്കാനിടയുള്ള പ്രായം വരെ കണക്കാക്കിയാല്‍ അതിനിടയില്‍ ഈ കണക്കനുസരിച്ച് നടത്താവുന്ന സന്താനോത്പാദന തോതു നോക്കിയാല്‍ ഇക്കാര്യത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നു മനസ്സിലാക്കാം.

സ്ത്രീയുടെയും പുരുഷന്റെയും സ്വാഭാവിക ലൈംഗകത ഹോര്‍മോണുകളെയും പ്രകൃതി പരമായ നൈസര്‍ഗികതയെയും നശിപ്പിക്കുന്ന തരത്തിലുള്ള സ്ഥിരമായ സന്താന നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ശരിയല്ല. അതേ സമയം, ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും സ്ത്രീയുടെ ആരോഗ്യനില ഒട്ടും അനുയോജ്യമല്ലെന്ന് ഡോക്ടര്‍ അഭിപ്രായപ്പെടുന്ന പക്ഷം വന്ധ്യംകരണം നിഷിദ്ധമായിരിക്കുകയുമില്ല.

Check Also

വിവാഹത്തിനു മുൻപ് ആരോഗ്യ പരിശോധനകൾ…

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. …