Source : Mathrubhumi http://goo.gl/38pWBN
സ്വാസ്ഥ്യ പൂര്‍ണമായ ജീവിതത്തിന് അവശ്യം വേണ്ട മൂന്നു സംഗതികള്‍ ഹിത ഭക്ഷണം, മതിയായ ഉറക്കം, മിതമായ ലൈംഗികത എന്നിവയാണെന്നു പറയാറുണ്ട്. ഇവ മൂന്നും പരസ്പരം ആശ്രയിച്ചു നിലനില്‍ക്കുന്നവയുമാണ്. ഇണകളുടെ പരസ്പര ധാരണയും വിശ്വാസവുമാണ് ലൈംഗിക ജീവിത വിജയത്തിന് അത്യന്താപേക്ഷിതം. പോഷക സമൃദ്ധമായ സാധാരണ ഭക്ഷണവും മതിയായ വ്യായാമവുമുണ്ടെങ്കില്‍ പ്രശ്‌നങ്ങളേതുമില്ലാതെ സാധാരണ ലൈംഗികജീവിതം പുലര്‍ത്താനാവും.
ലൈംഗികതയുടെ മുഖ്യ ശത്രുവാണ് അമിതവണ്ണം. അതിനാല്‍ അമിതാഹാരവും പൊണ്ണത്തടിയിലേക്കു നയിക്കുന്ന മറ്റു സാഹചര്യങ്ങളും ഒഴിവാക്കണം. ലൈംഗികതാല്‍പര്യങ്ങളുണ്ടെങ്കിലും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അമിതവണ്ണമുള്ളവര്‍ക്കു കഴിയാതെ വരാം. പൊണ്ണത്തടി ആശാസ്യമല്ലെങ്കിലും അത്യാവശ്യം കൊഴുപ്പ് ശരീരത്തിലുണ്ടാവണം. ലൈംഗികതയുമായി ബന്ധപ്പെട്ട ഹോര്‍മോണുകളും മറ്റും ഉല്‍പാദിപ്പിക്കാന്‍ കൊഴുപ്പുകൂടിയേ തീരൂ. വല്ലാതെ മെലിഞ്ഞിരിക്കുന്നത് ലൈംഗികോത്തേജകമല്ല എന്നര്‍ത്ഥം.
മാംസ്യവും ധാതുക്കളും സമൃദ്ധമായി അടങ്ങിയിട്ടുള്ള ഭക്ഷണം തിരഞ്ഞെടുക്കണം. മാംസാഹാരങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍കൊണ്ട് പ്രശ്‌നമൊന്നുമില്ലെങ്കിലും പൊതുവില്‍ സസ്യാഹാരത്തിനു പ്രാധാന്യം കൊടുക്കുന്നതു നന്നായിരിക്കും. നിത്യേന പഴം കഴിക്കുന്നത് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും. നാട്ടില്‍ ലഭ്യമായ വാഴപ്പഴങ്ങള്‍ നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ലൈംഗികജീവിതം ആഹ്ലാദ പൂര്‍ണമാക്കുന്നതില്‍ മാമ്പഴത്തിനുള്ള പ്രാധാന്യം ഏറെപ്രസിദ്ധമാണ്. മാമ്പഴം സമൃദ്ധമായി കഴിക്കുന്നത് നവോന്മേഷവും ഊര്‍ജ്ജവുമേകും. സുലഭമായി ലഭിക്കുന്ന പഴങ്ങളില്‍ പേരയ്ക്കയാണ് ഏറ്റവും നല്ല മറ്റൊരു ലൈംഗികോത്തേജനകാരി.
പുരുഷന്മാര്‍ക്ക് പ്രത്യേകം ഗുണം ചെയ്യുന്നതാണ് ഈന്തപ്പഴം. ശുക്ലവര്‍ദ്ധകവുമാണിത്. പപ്പായ, പൈനാപ്പിള്‍, മുന്തിരി തുടങ്ങിയ പഴങ്ങളും നല്ലതുതന്നെ. പച്ചക്കറികള്‍ സമൃദ്ധമായി കഴിക്കുന്നത് പൊതുവില്‍ ശരീരത്തിന്റെ സുഖാവസ്ഥ നിലനിര്‍ത്താനും ലൈംഗിക ക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായകമാണ്. പച്ചക്കറികളുടെ കൂട്ടത്തില്‍ വെണ്ടക്കായയ്ക്ക് സവിശേഷ പ്രാധാന്യമുണ്ടെന്നു പറയാം. നിത്യവും രണ്ടോ മൂന്നോ വെണ്ടയ്ക്ക പച്ചയ്ക്കു തിന്നാന്‍ കഴിയുമെങ്കില്‍ ഉത്തമം. ഉത്തേജനകാരിയായ മറ്റൊരു വിശേഷ ഇനമാണ് വെള്ളരി. പാവയ്ക്ക, മുരിങ്ങക്കായ, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളും പതിവായി കഴിക്കുന്നതു നന്ന്. വറ്റല്‍മുളകിന് വാജീകരണശേഷിയുണ്ട്.
ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു നുള്ളു മുളകുപൊടി ചേര്‍ത്തു കുടിക്കുന്നതു നല്ലതാണെന്ന് ചിലേടങ്ങളില്‍ ധാരണയുണ്ട്. ഇതിന്റെ ശാസ്ത്രീയത കണ്ടെത്തേണ്ടിയിരിക്കുന്നു. ഉള്ളി പ്രശസ്തമായ വാജീകരണ സസ്യമാണ്. പ്രത്യേകിച്ച് ചെറിയ ഉള്ളി. കറിവെച്ചും കറികളില്‍ ചേര്‍ത്തും ഉള്ളി കഴിക്കാം. കിഴങ്ങുവര്‍ഗങ്ങള്‍ മിക്കവയും വാജീകരണശേഷിയുള്ളവ തന്നെ. ചേമ്പ് ലൈംഗിക ഹോര്‍മോണുകളുടെ നില മെച്ചപ്പെടുത്തും. പുരുഷന്മാരില്‍ ശുക്ലവര്‍ദ്ധനയ്ക്കും ശുക്ലത്തിന്റെ ഗുണം മെച്ചപ്പെടുത്താനും ചേമ്പു നല്ലതാണ്. എന്നാല്‍ ഇത് അധികം കഴിക്കുന്നത് മൂത്രാശയക്കല്ലിനു കാരണമാകാം.
കാച്ചിലില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ വാജീകരണ ഔഷധങ്ങളുടെ നിര്‍മിതിയില്‍ പ്രധാനമാണ്. ലൈംഗിക ശേഷി നിലനിര്‍ത്താനും ശീഘ്രസ്ഖലനം തടയാനും കൂര്‍ക്ക ഉത്തമമാണെന്നു കാണുന്നു. കാരറ്റിന് ഇക്കാര്യത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. യുനാനി ചികിത്സയില്‍ വാജീകരണത്തിന് കാരറ്റ് പല രൂപത്തില്‍ ഉപയോഗിക്കാറുണ്ട്. ശുക്ലത്തിന്റെ ഗുണം വര്‍ദ്ധിപ്പിക്കാനും ഇത് ഉത്തമമത്രെ.
കാരറ്റ് ഹല്‍വയും ഒരു വിശേഷ ഇനമാണ്.
ജാതിക്കായും ജാതി പത്രയും ലൈംഗികോത്തേജകമാണ്. ഏതു തരത്തിലായാലും ഇവ കഴിക്കുന്നതു നല്ലതുതന്നെ. സുഗന്ധ വ്യഞ്ജനങ്ങളും മസാലകളും പൊതുവെ ലൈംഗികശേഷി കൂട്ടും. ഇവയുടെ കൂട്ടത്തില്‍ കായത്തിന് പ്രത്യേക സ്ഥാനമാണുള്ളത്.
ധാന്യങ്ങളില്‍ അരിയും ഗോതമ്പും തമ്മില്‍ കാര്യമായ ഭേദമൊന്നുമില്ലെന്നു പറയാം. യവം ഉത്തമമാണെന്ന് ആയുര്‍വേദം അഭിപ്രായപ്പെടുന്നുണ്ട്. തവിട് പൂര്‍ണമായും നീക്കാത്ത ധാന്യങ്ങളാണ് നല്ലത്. കടല വര്‍ഗങ്ങള്‍ , ബദാം, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ നിത്യവും മിതമായി ഉപയോഗിക്കുന്നത് ഗുണകരമായിരിക്കും.
മാംസങ്ങളില്‍ പക്ഷികളുടെ ഇറച്ചിയാണ് കൂടുതല്‍ നല്ലത്. താറാവ്, കോഴി, കൊക്ക് തുടങ്ങിയ പക്ഷികള്‍ . നാടന്‍കോഴിയുടെ മുട്ട കഴിക്കുന്നതും നല്ലതാണ്. ലൈംഗികോത്തേജനത്തിന് വിശേഷമായി പറയുന്ന ഒരിനമാണ് കാട. കാടപ്പക്ഷിയുടെ മുട്ടയും ഇറച്ചിയും നല്ലതുതന്നെ. എന്നാല്‍ , നല്ല ആരോഗ്യവും ദഹനശേഷിയും ഇല്ലാത്തവര്‍ കാടമുട്ടയും ഇറച്ചിയുമൊക്കെ അധികം കഴിക്കുന്നതു ദഹനപ്രശ്‌നങ്ങളുണ്ടാക്കാം.
ചെമ്മീന്‍, കൊഞ്ച് തുടങ്ങിയ ഇനങ്ങളും ലൈംഗികോത്തേജകങ്ങളാണ്. എന്നാല്‍ ഇവ പലരിലും അലര്‍ജിയുണ്ടാക്കാറുണ്ട്. അലര്‍ജിയില്ലെങ്കിലും ഗുരുത്വമേറിയ ഇത്തരം ഭക്ഷ്യവസ്തുക്കള്‍ അധികം കഴിക്കുന്നത് ഗുണകരമാവണമെന്നില്ല.
കഞ്ഞിയില്‍ അല്‍പം നെയ്യ് ഒഴിച്ചു കഴിക്കുന്നതും പരിപ്പില്‍ നെയ്യു ചേര്‍ത്തു കഴിക്കുന്നതും ഒക്കെ വാജീകരണ സമര്‍ഥമാണ്. തൈര് ധാരാളം കഴിക്കുന്നതും തൈരില്‍ പഞ്ചസാര ചേര്‍ത്തുണ്ടാക്കുന്ന ലസ്സിയും ലൈംഗികോത്തേജകമാണെന്ന് നമ്മുടെ പഴമക്കാര്‍ വിദഗ്ധര്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍, തൈരും നെയ്യുമൊക്കെ അധികം കഴിക്കുന്നത് ദഹനം തകരാറിലാക്കാനുള്ള സാധ്യത കണക്കിലെടുത്തേ തീരൂ.
ചായ, കാപ്പി, പഴങ്ങളില്‍ നിന്നുണ്ടാക്കുന്ന വീര്യം കുറഞ്ഞ വീഞ്ഞ് എന്നിവ ഉത്തേജനത്തിനു നല്ലതാണ്. എന്നാല്‍ , ലഹരിയുണ്ടാക്കുന്ന മദ്യം ലൈംഗിക ജീവിതത്തില്‍ സഹായകമാവില്ല. പ്രാരംഭത്തില്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന മദ്യം ലൈംഗിക മോഹമുണര്‍ത്തുമെങ്കിലും അതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ശേഷി ഇല്ലാതാക്കുകയാണു ചെയ്യുക.
താല്‍ക്കാലികമായി ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന പ്രത്യേക ഔഷധങ്ങളും ഹോര്‍മോണ്‍ ഘടകങ്ങളടങ്ങിയ വസ്തുക്കളും കഴിക്കുന്നത് പലപ്പോഴും ഗുണകരമാവണമെന്നില്ല. ഇവ പിന്നീട് ദോഷഫലങ്ങളുണ്ടാക്കിയേക്കാം. ശരീരത്തിന്റെ പൊതുവായ ആരോഗ്യ സ്ഥിതിയും മാനസികസുസ്ഥിതിയും നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിക്കുക.
പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗാവസ്ഥകള്‍ ലൈംഗിക ശേഷി തളര്‍ത്തുന്ന സാധാരണ പ്രശ്‌നങ്ങളാണ്; ഭക്ഷണചര്യകള്‍ ക്രമപ്പെടുത്തുന്നതിലൂടെ നിയന്ത്രിക്കാവുന്ന പ്രശ്‌നങ്ങള്‍ . ഭക്ഷണം ചിട്ടപ്പെടുത്തിയും കൃത്യമായി വ്യായാമം ചെയ്തും ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളെയും പ്രതിരോധിക്കുന്നത് ആരോഗ്യപൂര്‍ണമായ ലൈംഗികതയുടെ കാര്യത്തില്‍ അതിപ്രധാനമാണ്.
ലൈംഗികതയുടെ കാര്യത്തില്‍ ഭക്ഷണം പ്രധാനം തന്നെ. എങ്കിലും അതിനെക്കാള്‍ പ്രാധാന്യം മാനസികാവസ്ഥയ്ക്കാണ്. മിതവും ഹിതവുമായ ഭക്ഷണം ശരീരത്തിനും മനസ്സിനുമേകുന്ന സ്വാസ്ഥ്യം ലൈംഗികതയെ കൂടുതല്‍ ആസ്വാദ്യമാക്കുന്നു.