Home / ആരോഗ്യം / തിരുനബിയുടെ ചികിത്സാ രീതികള്‍

തിരുനബിയുടെ ചികിത്സാ രീതികള്‍

Source : Islam Padasala http://goo.gl/jkpTfC

free-pestle-and-morter‘ത്വിബ്ബുന്നബി’ (പ്രവാചക ചികിത്സ) എന്ന പേരുതന്നെ ദുര്‍ വ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്ത ഒരു യൂനാനി കാലഘട്ടമാണിത്. മറ്റു മെഡിക്കല്‍ ഇംഗ്ലീഷ് മരുന്നുകളുടെ നൂതന കണ്ടുപിടിത്തങ്ങള്‍ കാരണം പ്രവാചക ചികിത്സയുടെ പ്രാധാന്യം കുറഞ്ഞു പോവുകയാണ് ഇന്ന്.
അല്ലാഹു അവന്റെ അടിമകള്‍ക്ക് വേണ്ടി അവതരിപ്പിച്ച ജീവിത പദ്ധതിയാണ് ദീനൂല്‍ ഇസ്ലാം. മര്‍ത്യന്‍ ഇരു ലോകത്ത് വിജയം സമ്പാദിക്കുവാനുള്ള സിദ്ധാന്തങ്ങളാണ് അതുള്‍ക്കൊള്ളുന്നത്. മനുഷ്യ വര്‍ഗത്തിന്റെ എക്കാലത്തേക്കുമുള്ള മാര്‍ഗ ദര്‍ശിയായിട്ടാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്ത്വഫാ (സ)യെ അല്ലാഹുനിയോഗിച്ചത്. അത് കൊണ്ട് ജന ജീവിതത്തിലെ മുഴു പ്രശ്‌നങ്ങള്‍ക്കും അവിടന്ന് പരിഹാരം നിര്‍ദേശിച്ചിട്ടുണ്ട്. അതി നിസ്സാരമായ ഒരു കാര്യം പോലും അവഗണിക്കപ്പെട്ടില്ല. രോഗ ചികിത്സാവിഷയത്തിലും അവിടുന്ന് മാതൃക കാണിച്ചു തന്നിട്ടുണ്ട്. രോഗമനുഭവപ്പെടുന്ന സന്തര്‍ഭങ്ങളില്‍ അവിടന്ന് സ്വയം ചികിത്സിക്കാറുണ്ടായിരുന്നു. രോഗശമനം തേടി തിരു സന്നിധിയിലെത്തുന്നവര്‍ക്ക് ചികിത്സാ വിധികള്‍ നിര്‍ദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു. മനുഷ്യര്‍ക്ക് സ്വാഭാവികമായും രോഗം വരും. ഭേദമാകണമെങ്കില്‍ ചികിത്സിക്കണം. രോഗം വരാതിക്കാന്‍ പ്രധിരോധമാര്‍ഗങ്ങള്‍ സ്വീഗരിക്കണം. രോഗം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അല്ലാഹു തന്നെ അതിന് പരിഹാരം വിധിച്ചിട്ടുണ്ട്. പ്രധിവിധിയില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. ചില രോഗങ്ങളുടെ യഥാര്‍ത്ഥ ശമനൗശദങ്ങള്‍ അല്‍പജ്ഞാനികളായ മനുഷ്യര്‍ കണ്ടെത്തിയിട്ടെല്ലെന്ന് മാത്രം. അതുകൊണ്ട് തന്നെയാണ് ചില മാറാ രോഗങ്ങള്‍ അവശേഷിക്കുന്നത്. നിരന്തര ഗവേഷണങ്ങളിലൂടെ ആധുനിക വൈദ്യ ശാസ്ത്രജ്ഞന്മാര്‍ (ആയുര്‍വേദിക്) ഇത്തരം രോഗങ്ങള്‍ക്കും പ്രധിവിധി കണ്ടെത്തുമ്പോഴേക്കും മറ്റുചില പുതിയ മാറാ രോഗങ്ങള്‍ രംഗ പ്രവേശനം ചെയ്യുന്നു. മനുഷ്യന്റെ വിജ്ഞാന പരിമിതിയാണ് ഇതിന് കാരണം എന്ന് ഇതില്‍ നിന്ന് വ്യക്തമാക്കുന്നു. പ്രവാചകര്‍ ഹബീബ് (സ) അരുളിയിരുന്നു: പ്രതിവിധിയില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. (ബുഖാരി). സര്‍വരോഗങ്ങള്‍ക്കും പ്രതിവിധിയുണ്ട്. ഏത് രോഗവും അതിന്റെതായ മരുന്ന് ഉപയോഗിക്കുന്നതായാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സുഖപ്പെടുത്തുക തന്നെ ചെയ്യുന്നതാണ്. (മുസ്‌ലിം). നിശ്ചയം രോഗത്തെയും മരുന്നുകളെയും അല്ലാഹുവിണിറക്കിയത്. ഓരോ രോഗത്തിനും അതിന്റെതായ മരുന്നും അവന്‍ പിടിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ചികിത്സിച്ചു കൊള്ളുക. പക്ഷേ നിരോധിക്കപ്പെട്ട പദാര്‍ത്ഥങ്ങള്‍കൊണ്ട് ചികിത്സ ചെയ്യരുത്. (അബൂദാവൂദ്). മരണമല്ലത്ത മറ്റെല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്ന് അവിടുന്ന് അരുളിയതായി ഹദീസുകളില്‍ കാണാം.

രോഗം ഒരു ദൈവാനുഗ്രഹം
ഒരു യഥാര്‍ത്ഥ മുസല്‍മനെ സംബന്ധിച്ചിടത്തോളം രോഗം എന്നുള്ള ഒരു അനുഗ്രഹമാണ്. ഇഹത്തിലും പരത്തിലും അനുഗ്രഹം തന്നെ. ചില നിസ്സാരമായ രോഗങ്ങള്‍ കാരണം മറ്റു മാരകമായ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ചില ചെറിയ രോഗങ്ങള്‍ മറ്റു വലിയ രോഗങ്ങളെ പ്രതിരോധിക്കും എന്നാണ്. ഇതുകൊണ്ടര്‍ത്ഥമാക്കുന്നത് പ്രവാചകന്‍ (സ) ഇങ്ങനെ പറഞ്ഞിരിക്കുന്നു. ‘കണ്ണു വേദന, ജലദോശം, തുമ്മല്‍ , ചൊറിച്ചില്‍ , എന്നീ നാലു രോഗങ്ങള്‍ ചീത്തയാണെന്നു ധരിക്കരുത്. കാരണം കണ്ണു വേദന അനുഭവപ്പെട്ട് സുഖമായാല്‍ കാഴ്ച ശക്തി നഷ്ടപ്പെടാതിരിക്കുന്നതിനും ജലദോശം കുഷ്ഠ രോഗം വരാതിരിക്കുന്നതിനും തുമ്മല്‍ വാദരോഗം വരാതിരിക്കുന്നതിനും ചൊറി വസൂരി പിടിപെടാതിരിക്കുന്നതിനും സഹായകമാണ്.’ ഈ ഹദീസ് ജാമിഅ് കബീറില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഇതൊക്കെ നാം ജീവിക്കന്ന ദുനിയാവിലെ കാര്യമാണ്. ഇതിനേക്കാള്‍ മേന്മയേറിയതാണ് പാരത്രിക ജീവിതത്തില്‍ ലഭ്യമാകുന്നത്. ഇബ്‌നുമസ്ഊദില്‍ നിന്ന് ചെയ്യുന്നു. തിരുമേനി അതി ശക്തമായ പനി പിടിപെട്ട് കിടക്കുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ തിരുസന്നിദിയില്‍ ചെന്നു. കഠിനമായ ഈ പനി അവിടത്തേക്കു ഇരട്ടി പ്രതിഫലം സിദ്ധിക്കാന്‍ വേണ്ടിയായിരിക്കുമല്ലോ? എന്നു ഞാന്‍ ചോദിച്ചപ്പോള്‍ തിരുമേനി (സ) അരുളി രോഗം ബാധിച്ചാല്‍ മരത്തില്‍നിന്ന് ഇലയുണങ്ങി കൊഴിയുന്നത് പോലെ പാപങ്ങള്‍ അവനില്‍ നിന്നും കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കും.(ബുഖാരി). ഒരു മുസ്‌ലിമിന്റെ കാലില്‍ ഒരു മുള്ള് കുത്തി, അല്ലെങ്കില്‍ അവനല്‍പം ക്ഷീണം ബാധിച്ചു എങ്കില്‍ പോലും അവനില്‍ നിന്ന് പാപങ്ങള്‍ അല്ലാഹു പൊറുക്കുന്നതാണ്.
രോഗബാധിതാവസ്ഥയില്‍ ഏതൊരാളുടെ സ്വഭാവത്തിലും പ്രവര്‍ത്തനത്തിലും പ്രകടമായ വ്യത്യാസം കാണുക സാധാരയാണ്. അനാവശ്യവും അനാശാസ്യവുമായ പല കൃത്യങ്ങളില്‍ നിന്നും പിന്തിരിയുകയും പകരം ഉല്‍കൃഷ്ട ഗുണങ്ങള്‍ അവലംബിച്ചു ജീവിക്കുകയും ചെയ്യാന്‍ രോഗം പലര്‍ക്കും വേദിയൊരുക്കാറുള്ളത് എന്നത് ഒരു സത്യാവസ്ഥയാണ്.
വൈദ്യ ശാസ്ത്രത്തെ ഇസ്ലാം അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരു കാലത്ത് വൈദ്യശാസ്ത്രം മുസ്‌ലിംകളുടെ മാത്രം കുത്തകയായിരുന്നു. മഹാ രഥന്മാരായ അനേകം മുസ്‌ലിം പണ്ഡിതര്‍ ഈ വിഷയത്തില്‍ അതുല്യവും അനശ്വരവുമായ സേവനമുദ്രകള്‍ പതിപ്പിച്ചവരായുണ്ട്. ഇബ്‌നുസീന(അവിസന്ന) ഹകീം അബൂബക്കര്‍ അര്‍റാജി ഇഹ്‌റാവി പോലോത്തവര്‍.

തിരുനബിയുടെ ചികിത്സാരീതികള്‍
തിരുമേനിയുടെ ചികിത്സാരീതികള്‍ അഞ്ചു വിധത്തിലായിരുന്നു. 1 മുന്‍കരുതല്‍ സ്വീകരിക്കാതിരിക്കല്‍ 2 മരുന്നുകള്‍ ഉപയോഗിക്കല്‍ 3 വിശുദ്ധഖുര്‍ആന്‍ സൂക്തങ്ങള്‍ , പ്രത്യേക ദുആകള്‍ എന്നിവ ഓതല്‍ 4 ചില പ്രത്യേക ര്‍മങ്ങള്‍ അനുഷ്ടിക്കല്‍ 5 ചിലപ്രവര്‍ത്തനങ്ങള്‍ വര്‍ജ്ജിക്കല്‍ എന്നിവയാണ്.
പലര്‍ക്കും ഇന്നു തെറ്റിദ്ധാരണയുണ്ട്. ആറാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ മുഹമ്മദ് നബി (സ) നിര്‍ദേശിച്ച ചികിത്സ വിധികള്‍ , 21ാം നൂറ്റാണ്ടിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്ന ഈ കാലഘട്ടത്തിലും പ്രയോഗിക്കാമെന്നു വിശ്വസിക്കുന്നത് പരമ്പര വിഡ്ഢിത്തമല്ലേ? അന്നത്തെ ജനത അജ്ഞരും അപരിഷ്‌കരുമായിരുന്നു. അവരുടെ ജീവിത നിലവാരം വളരെ താഴ്ന്ന നിലയിലായിരുന്നു. ആവശ്യങ്ങള്‍ പരിമിതമായിരുന്നു. വിഭവങ്ങളുടെ ലഭ്യതയും തീരെ കുറവായിരുന്നു. വൈദ്യജ്ഞാന രംഗത്ത് യാതൊരു കാല്‍വെപ്പുമുണ്ടായിരുന്നില്ല. വൈദ്യശാസ്ത്രം മൂര്‍ദ്ധന്യ നിലയിലെത്തിയ ഈ കാലത്ത് ആയിരത്തി അഞ്ഞൂറോളം പഴക്കമുള്ള ചികിത്സകള്‍ അവലംബിക്കുന്നത് യുക്തിക്കു നിരക്കുന്നതാണോ? ഇങ്ങനെ സംശയിക്കുന്നവര്‍ നമുക്കിടയില്‍ തന്നെ പലരുണ്ട്. ഇത്തരം സംശയങ്ങളുണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാന്‍ ശ്രമം നടത്തുന്ന മോസോണിസ്റ്റുകളുടേയും തിരുത്തല്‍ വാദികളുടെയും വാദഗതികളെക്കുറിച്ച് പറഞ്ഞിട്ട കാര്യമില്ല. കാരണം അവര്‍ ഉറക്കം നടിക്കുന്നവരാണ്. ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താനൊക്കുകയില്ല. പക്ഷേ നല്ലവരായ പലരും ഇവരുടെ വലയില്‍ വീണ് പോകാറുണ്ട്. അവരെ അവഗണിക്കാനൊക്കുകയില്ലല്ലോ. ഒരു കാര്യം മനസ്സിലാക്കണം. തിരുനബി (സ) സര്‍വലോകങ്ങള്‍ക്കും അനുഗ്രഹമായി അവതരിക്കപ്പെട്ട പ്രവാചകനാണ്. അത് കൊണ്ട് തന്നെ ജവിതത്തിന്റെ വലുതും ചെറുതുമായ സമസ്ത പ്രശ്‌നങ്ങളിലും പ്രവാചക ചര്യകളേയും നിര്‍ദേശ കല്‍പനകളേയും അനുസരിക്കുക എന്നത് മാത്രമാണ് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അഭികാമ്യമായിട്ടുള്ളത്. അല്ലാഹു പറയുന്നു എന്റെ ദൂതന്‍ നിങ്ങള്‍ക്ക് വിധിച്ചതെന്തോ അത് സ്വീകരിക്കുകയും വിരോധിച്ചതെന്തോ അതുപേക്ഷിക്കുകയും ചെയ്യുക(വി:ഖു:59:7:).
തിരുമേനി (സ)യുടെ ചികിത്സകള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അത് പൂര്‍ണമായി നമ്മുടെ യുക്തിക്ക് പ്രഥമ ദൃശ്ട്യാ യോജിക്കണമെന്നില്ല. അല്ലാഹുവില്‍ നിന്നുള്ള കാര്യങ്ങള്‍ മനുഷ്യന്റെ യുക്തി ചിന്തയുടെ ഉരക്കല്ലില്‍ മാറ്റുനോക്കുന്നതിനേക്കാള്‍ വിഡ്ഢിത്തം മറ്റെന്താണുള്ളത്? മനുഷ്യന്‍ എത്രവലിയവനായാലും അവന്റെ അറിവിന് പരിധികളും പരിമിധികളുമുണ്ട്. അല്‍പജ്ഞാനികള്‍ മാത്രമാണ് മനുഷ്യന്‍. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല.(വി:ഖു, 17:85) ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം നമുക്ക് വ്യക്തമാക്കാം. ഒരീച്ച പാനീയത്തില്‍ വീണാല്‍ അതിനെ പൂര്‍ണമായും മുക്കി പിന്നെ പുറത്തെടുത്തതിന് ശേഷം ആ പാനീയം വീണ്ടും കുടിക്കാം എന്ന് പ്രവാചകന്‍ (സ)നിര്‍ദേശിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതെന്തിനാണെന്ന് അവിടന്ന് വിശദമാക്കിയിട്ടുണ്ട്. ഈച്ചയുടെ ഒരു ചിറകില്‍ വിഷവും മറ്റെ ചിറകില്‍ അതിനുള്ള മരുന്നുമാണുള്ളത്.വിഷമുള്ള ചിറകാണ് ഈച്ച ആദ്യം പാനീയത്തില്‍ മുക്കന്നത്. ബുഖാരി അടക്കമുള്ള പ്രാമാണികമായ എല്ലാ ഹദീസ് ഗ്രന്ദങ്ങളും ഇതുദ്ധരിച്ചിട്ടുണ്ട്.

ദന്ത ചികിത്സ
മനുഷ്യ ശരീരത്തിലുള്ള പല്ലുകള്‍ക്കള്ള സ്ഥാനം വിശദീകരണത്തിനാവശ്യമില്ലാത്തവിധം പരിചിതമാണ്. പ്രവാചകര്‍ (സ)അതിപ്രധാനമായ സ്ഥാനമാണ് അതിന് കല്‍പിച്ചിരിക്കുന്നത്. എന്റെ ഉമ്മത്തിന് വിഷമകരമായി തീരുമെന്ന് ഭയപ്പെട്ടിരുന്നില്ലെങ്കില്‍ എല്ലാനമസ്‌കാരങ്ങള്‍ക്കും വേണ്ടി’മിസ്‌വാക്ക് ‘ ചെയ്യാന്‍ ഞാന്‍ അവരോട് നിര്‍ബന്ധിക്കുമായിരുന്നു എന്ന് അവിടന്ന അരുളിയിട്ടുണ്ട്. ദന്ത ശുചീകരണം ആരോഗ്യ രക്ഷക്കും രോഗ പ്രതിരോധത്തിനും ബഹുമുഖമായ വിധത്തില്‍ പ്രയോചനപ്പെടുന്നു. പല്ലുകളും മോണകളും വായയും വൃത്തിയാകുന്നു, മുഖകാന്തി വര്‍ദ്ധിക്കുന്നു,കാഴ്ച ശക്തി നിലനിര്‍ത്തുന്നു. ശബ്ദം ശ്രവണ സുഖമുള്ളതായിത്തീരുന്നു. ഓര്‍മശക്തി കുറയുകയില്ല. വാര്‍ദ്ധക്യത്തിലും മുതുകൊടിയുകയില്ല, ദഹനശക്തി വര്‍ദ്ധിക്കും, ശരീരത്തിനും മനസ്സിനും ആരോഗ്യമുണ്ടാകും.
‘ നിങ്ങള്‍ പല്ലു കൊണ്ട് സ്വന്തം ശവകുഴി തോണ്ടരുത്’ എന്ന് ലുഖ്മാനുല്‍ ഹഖീം (റ) പ്രസ്താവിച്ചിട്ടുണ്ട്. പല്ലുകള്‍ ശുദ്ധിവരുത്താതെ അവകേട്‌സംഭവിക്കുന്നതുമൂലം അതില്‍നിന്നുരുത്തിരിഞ്ഞുണ്ടാകുന്ന രോഗങ്ങള്‍ അകാലമരണത്തിന് കാരണമായിത്തീരുമെന്നാണതിന്നര്‍ത്ഥം.

നയന സംരക്ഷണം
മനുഷ്യ ശരീരത്തിലെ അമൂല്യമായ അവയവങ്ങളാണ് കണ്ണുകള്‍ . കണ്ണ്‌ നഷ്ടപ്പെട്ടവര്‍ക്ക് മാത്രമെ കണ്ണിന്റെ മഹത്വം അറിയുകയുള്ളൂ. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തില്‍ പെട്ടതാണ് നയനങ്ങള്‍ . അവയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തേണ്ടതാണ്.
സുറുമ ഇടുന്നത് മൂലം കണ്ണുകള്‍ക്ക് തിളക്കം കൂടുകയും കാഴ്ച ശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു. പുരികങ്ങളുടെ നീളം കൂടുന്നു. പല നേത്രരോഗങ്ങളില്‍ നിന്നും അഭയം നല്‍കുന്നു.
സുറുമകള്‍ പലവിധത്തിലുണ്ട്. അതില്‍ ഉത്തമമായത് ‘ഇസ്മുത്’ എന്നയിനമാണ്. ഇതായിരുന്നു തിരുമേനിക്ക് ഏറ്റവും പ്രിയം. ‘ഇസ്ബഹാന്‍’ പ്രദേശത്തെ അജ്ഞനക്കല്ലുകളില് നിന്ന് തയ്യാറാക്കപ്പെടുന്നതാണത്. ചുവപ്പും കറുപ്പും കലര്‍ന്ന നിറത്തിലുള്ള ഈ സുറുമ വിശ്വ പ്രസിദ്ധമാണ്.
നേത്രരോഗത്തന് തിരുമേനി നിര്‍ദേശിച്ച മറ്റൊരൗഷദമാണ് കൂണ്‍(കുമിള്‍). ഉഷ്ണത്താലുണ്ടാവുന്ന നേത്ര വ്യാധികള്‍ക്കും കൂണ്‍ പിഴിഞ്ഞെടുക്കുന്ന നീര് കണ്ണിലൊഴിച്ചാല്‍ സുഖപ്പെടും. ശൈത്യ കാലത്തുണ്ടാകുന്ന കണ്ണു രോഗത്തിന് കൂണ്‍ നീരില്‍ സുറുമ ഇട്ട് നാല്‍പത് ദിവസത്തിനു ശേഷം കണ്ണിലൊഴിച്ചാല്‍ സുഖപ്പെടാവുന്നതാണ്.

ഉപ്പ്
കുടില്‍ തൊട്ട് കൊട്ടാരം വരെ ലോകത്ത് നാനാഭാഗത്തും ജനങ്ങള്‍ സാര്‍വ്വത്രികമായി ഉപയോഗിച്ചു വരുന്ന ഒരു പദാര്‍ത്ഥമാണ് കറിയുപ്പ്. കമ്പോളത്തില്‍ വില കുറവാണെങ്കിലും അതിന്റെ ഉപയോഗം വളരെ കൂടുതലാണ്.
മനുഷ്യന്റെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ ഉപ്പിനുള്ള പ്രാധാന്യത്തെയും അതിന്റെ അഭാവത്തില്‍ അനുഭവപ്പെടുന്ന അനര്‍ത്ഥങ്ങളെയും കുറിച്ച് പുരാതന കാലംമുതല്‍ തന്നെ വൈദ്യ ശാസ്ത്രം അറിവ് നല്‍കിയിട്ടുണ്ട്.
ഭക്ഷണം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതും ഉപ്പ് കൊണ്ടായിരിക്കണമെന്ന് പ്രവാചകര്‍ അരുളിയിട്ടുണ്ട്. വാതം പിത്തം കഫം രക്ത ദൂഷ്യം ആമാശയരോഗങ്ങള്‍, വീക്കം തരിപ്പ് നീര്‍ ദോഷങ്ങള്‍ മുറിവുകള്‍ എന്നിങ്ങനെ അനേകം രോഗങ്ങള്‍ക്കും പ്രതിവിധിയാണ്.
വയറ്റില്‍ ശൈത്യംകാരം കൂടുതലായി അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ തിരുമേനി (സ)വെള്ളരിക്ക ഉപ്പില്‍ തൊട്ടു കഴിക്കാറുണ്ടായിരുന്നുവെന്ന് ഹദീസ് അബൂനഈം തന്റെ വൈദ്യഗ്രന്ദത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണത്തിന് രുചി കൂട്ടാന്‍ മാത്രമല്ല അതിനെ വേഗത്തില്‍ ദഹിപ്പിക്കാനും ഉപ്പിനു കഴിവുണ്ട്. അത് ശരീരത്തിന്റെ യഥാര്‍ത്ഥ നിറത്തിനു മാറ്റം വരാതെ സൂക്ഷിക്കുന്നു.
തേനും സുര്‍ക്കയും കലര്‍ത്തിയ മിശ്രിതത്തില്‍ ഉപ്പ് ചേര്‍ത്തുകഴിക്കുന്നത് പല വിഷബാധക്കും പരിഹാരമാണ്.

പനി
നമുക്ക് പലപ്പോഴും അനുഭവപ്പെടാറുള്ള സര്‍വ്വ സാധാരണയായൊരു രോഗമാണ് പനി. പനി പിടിപെട്ടവര്‍ കളിക്കുകയോ തണുത്തവെള്ളം കുടിക്കുകയോ ചെയ്യരുത് എന്നാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ ഉഷ്ണ സംബന്ധമായ പനി ബാധിച്ചവര്‍ തണുത്ത വെള്ളത്തില്‍ ദിവസങ്ങളോളം കുളിക്കുന്നതാണ് അതിനുള്ള പരിഹാരം. ഇതു വെറുതെ പറയുന്നതല്ല. തിരുമെനി അങ്ങനെയാണ് ചികിത്സിച്ചിട്ടുള്ളത്. ‘പനി ചൂട് നരാകാഗ്‌നിയുടെ ചൂടിന്റെ ഭാഗമാണ്.’ (ഹദീസ്). അതിനാല്‍ സൂര്യോദയത്തിന് മുമ്പ് ഒഴുക്കുള്ള വെള്ളത്തില്‍ കുളിച്ച് അതിനെ തണുപ്പിക്കുക. പ്രാര്‍ത്ഥിച്ച് കൊണ്ട് മൂന്ന്പ്രാവശ്യം മുങ്ങിക്കുളിക്കുളിക്കുക. ഇങ്ങനെ മൂന്ന് ദിവസം തുടര്‍ച്ചയായി കുളിച്ചിട്ടും പനി മാറിയില്ലെങ്കില്‍ അഞ്ചുദിവസവും അതുകൊണ്ട് മാറിയില്ലെങ്കില്‍ ഒമ്പതാം ദിവസം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സുഖപ്പെടുന്നതാണ് എന്ന് തിരുമേനി (സ) അരുളിയിട്ടുണ്ട്.

Check Also

വിവാഹത്തിനു മുൻപ് ആരോഗ്യ പരിശോധനകൾ…

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. …