ഡോ. ഹുസൈന്‍ രണ്ടത്താണി, Source: Mathrubhumi http://goo.gl/LKFssD
”പിന്നെ പേറ്റു നോവുണ്ടായപ്പോള്‍ അവര്‍ ഒരീന്തപ്പനയുടെ അടുത്തേക്ക് പോയി. അവര്‍ പറഞ്ഞു: ‘എന്റെ കഷ്ടമേ! ഇതിന്റെ മുമ്പേ ഒന്ന് മരിച്ചു കിട്ടിയെങ്കില്‍. എന്റെ ഓര്‍മപോലും ഒന്ന് മാഞ്ഞു കിട്ടിയിരുന്നെങ്കില്‍ !’ അപ്പോള്‍ താഴ്ഭാഗത്തുനിന്ന് അവരോട് വിളിച്ചുപറഞ്ഞു: ‘നീ ദുഃഖിക്കണ്ട. നിന്റെ നാഥന്‍ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു. നീ ആ ഈന്തപ്പന മരമൊന്ന് പിടിച്ചുകുലുക്കുക. അത് നിനക്ക് പഴുത്ത് പാകമായ പഴം തരും. അത് തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക’ (19/ 23-26)
മറിയം പുത്രന്‍ ഈസാ നബിയെ പ്രസവിക്കുന്ന സന്ദര്‍ഭത്തിലുണ്ടായ അസഹ്യമായ വേദനയ്ക്ക് മരുന്നായി ദൈവം കാരക്കയും വെള്ളവും നിര്‍ദേശിക്കുകയാണ്. ഒപ്പം പ്രസവ നേരത്ത് മരം പിടിച്ചുകുലുക്കാനുള്ള ഒരു വ്യായാമവും. ഖുര്‍ആനില്‍ പലയിടത്തും സ്വര്‍ഗീയാനുഗ്രഹമായാണ് കാരക്കയെ വാഴ്ത്തുന്നത് (55/ 68). കാരക്ക ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്നു.
ശരീരത്തിന് ഊര്‍ജസ്വലതയും ആരോഗ്യവും നല്‍കുന്ന പത്ത് ഘടകങ്ങള്‍ കാരക്കയിലടങ്ങിയിട്ടുണ്ട്. കാരക്കയും വെള്ളവും മാത്രം തിന്നുകൊണ്ട് ജീവിക്കാന്‍ ഒരു പ്രയാസവുമില്ല. ഒരു ഗ്ലാസ് പാലും ഒരു കാരക്കയും മതി ഒരു ദിവസത്തേക്ക്. കാരക്കയിലടങ്ങിയ പ്രോട്ടീന്‍, കാല്‍സ്യം, അമിനോ ആസിഡ്, സള്‍ഫര്‍, അയേണ്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നീ പോഷകങ്ങള്‍ കൂടാതെ ഫൈബര്‍, ജീവകം എ1, ബി1, ബി2, ബി3, ബി5, ബി9 എന്നിവയും ധാരാളമുണ്ട്. വയര്‍ , ഹൃദയ സംബന്ധമായ രോഗങ്ങള്‍ , ലൈംഗികക്ഷീണം, വയറിലെ കാന്‍സര്‍ , എന്നിവയ്ക്ക് കാരയ്ക്ക മരുന്നാണ്. മസിലുകള്‍ വളരാനും സഹായിക്കുന്നു. ഒരു കപ്പ് കാരക്കയില്‍ 415 കലോറി ഊര്‍ജവും 95 ഗ്രാം ഷുഗറും, 110 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ജലത്തിന്റെ അളവ് സന്തുലിതമാക്കുന്നതിനാവശ്യമായ പൊട്ടാസ്യം കാരക്ക നല്‍കുന്നു. ഓക്‌സിജന്‍ ശരിയാംവിധം തലച്ചോറിലെത്തിക്കാനും രക്തത്തിലെ വിസര്‍ജ്യങ്ങളെ തള്ളാനും പൊട്ടാസ്യം ആവശ്യമാണ്. കിഡ്‌നിയുടെ പ്രവര്‍ത്തനം, എല്ലുകളുടെ വളര്‍ച്ച എന്നിവ കാര്യക്ഷമമാക്കാന്‍ കാരക്കയ്ക്ക് കഴിയും. രക്തത്തില്‍ ഇരുമ്പിന്റെ കുറവ് പരിഹരിക്കാം. ജീവകം ബി5, ബി9 എന്നിവ നാഡീഞരമ്പുകള്‍ക്ക് ശക്തി നല്‍കും. മധുരമുള്ളതാണെന്നുവച്ച് പ്രമേഹരോഗികള്‍ കാരക്ക ഒഴിവാക്കേണ്ട കാര്യമില്ല. അതിന്റെ മറ്റ് ഗുണങ്ങള്‍ വളരെ ഗുണം ചെയ്യും. കരിമ്പിന്റെ പഞ്ചസാരയുടെ അത്ര ദോഷകരമല്ല ഈന്തപ്പനയിലെ പഞ്ചസാര. അജ്‌വ ഇനത്തില്‍ പെട്ട കാരക്ക പ്രമേഹത്തിനുള്ള ഔഷധം കൂടിയാണെന്ന് അഭിപ്രായമുണ്ട്. ഈ ഇനം പ്രവാചകന് കൂടി ഇഷ്ടമായിരുന്നു.
ഗര്‍ഭിണികള്‍ക്കും പ്രസവിച്ചു കിടക്കുന്നവര്‍ക്കും ഏറ്റവും നല്ല ആഹാരമാണിത്. കാരക്ക പ്രസവസമയത്ത് കഴിക്കുന്നത് ക്ഷീണിതയായ ഗര്‍ഭിണിയുടെ മസിലുകള്‍ക്ക് ശക്തിയും ഉന്മേഷവും നല്‍കും. കാരക്കയിലെ ഓക്‌സിറ്റോസിന്‍ എന്ന ഘടകമാണ് പ്രസവം എളുപ്പമാക്കുന്നത്. മുലപ്പാല്‍ വര്‍ധിപ്പിക്കും. രക്തം പുറത്തു പോവുന്നതുകൊണ്ട് പ്രസവസമയത്ത് പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ദവും കുറഞ്ഞു പോവാതിരിക്കാന്‍ കാരക്ക നന്ന്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും ഇതില്‍നിന്ന് ലഭിക്കും.