സാമ്പത്തിക ബാധ്യതയടക്കം പല കാരണങ്ങളുടെ പേരിൽ ഗർഭം അലസിപ്പിക്കനൊരുങ്ങുന്നവർക്ക് ചിന്തിച്ച് മനസിലാക്കാൻ ഒരു സംഭവം കൂടി.
ഫുട്ബോള്‍ കളത്തിലെ മിന്നുന്ന നീക്കങ്ങളിലൂടെ കളി ആരാധകരുടെ ഇഷ്ടതാരമായി മാറിയ പറങ്കിപ്പടയുടെ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഗര്‍ഭാവസ്ഥയില്‍ തന്നെ വധിക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായി മാതാവ് ഡൊളോറെസ് അവീറോയുടെ വെളിപ്പെടുത്തല്‍. കടുത്ത സാമ്പത്തിക ബാധ്യതകള്‍ മൂലമാണ് അഞ്ചാമത്തെ കുഞ്ഞായിരുന്ന റൊണാള്‍ഡോയെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നും ആ അമ്മ പറയുന്നു. ഇന്ന് പുറത്തിറങ്ങിയ ജീവചരിത്രമായ ‘മദര്‍ കറേജ്’ ലാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യം അവീറോ ലോകത്തോട് തുറന്നു പറഞ്ഞത്. റോണോയ്ക്ക് ഇക്കാര്യം അറിയാമെന്നും സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ മൂലം അമ്മ ഇല്ലാതാക്കാന്‍ ശ്രമിച്ച തനിക്ക് ഇന്ന് കുടുംബത്തിന്‍റെ രക്ഷകനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അവന്‍ പരിഹാസരൂപേണ പറയാറുണ്ടെന്നും പുസ്തകം പറയുന്നു.
റോണോയെ ഗര്‍ഭത്തിലിരിക്കെ കുഞ്ഞിന് ജന്മം നല്‍കരുതെന്ന തോന്നലുണ്ടായിരുന്നതിനാല്‍ ഗര്‍ഭഛിദ്രം നടത്തിത്തരാന്‍ ആവശ്യപ്പെട്ട് ഡോക്ടറെ കണ്ടിരുന്നു. എന്നാല്‍ ഈ അഭ്യര്‍ഥനക്ക് വഴങ്ങാന്‍ ഡോക്ടര്‍ തയ്യാറായില്ല. ഇതോടെ മറ്റൊരാളുടെ ഉപദേശം കേട്ട് ആവശ്യത്തിലധികം ബിയര്‍ കഴിച്ച് നിര്‍ത്താതെ ഓടിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ആ അമ്മയുടെ മനം മാറിയത് അനുഗ്രഹമായത് ഫുട്ബോള്‍ ലോകത്തിനാണ്. എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാളായി കുഞ്ഞു റോണോ വളര്‍ന്നു. ആ മാതാവിന് മാത്രമാല്ല കാല്‍പന്ത് കളിക്ക് തന്നെ അഭിമാനമായി മാറി. പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ റൊണാള്‍ഡോ പങ്കെടുത്തിരുന്നില്ല.
റൊണാള്‍ഡോയുടെ മകന്‍ റൊണാള്‍ഡോ ജുനിയറിനെ കുറിച്ചും പുസ്തത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. റൊണാള്‍ഡോ പറഞ്ഞതനുസരിച്ച് ഫ്ലൊറിഡയിലെ ഒരു ക്ലിനിക്കില്‍ നിന്നുമാണ് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കുഞ്ഞിനെ കൊണ്ടുവന്നതെന്ന് അവീറോ വ്യക്തമാക്കുന്നു.